'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Friday, February 4, 2022

7. ചില ശബ്ദങ്ങള്‍

"ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയെട്ടാല്‍ മതി"

ശ്രീ. പി.പി.രാമചന്ദ്രന്റെ ലളിതം എന്ന കവിതയിലെ വരികളാണ്. ലളിതമായ ജീവിതത്തിന്റെ ചില ഒച്ചയനക്കങ്ങൾ ഇന്ന് പങ്കുവെക്കാം. 

ജീവിതത്തിൽ എല്ലാവർക്കും പറയാന്‍ ഒരു കഥയൊക്കെ കാണും. ഒരു കഥയും ഇല്ലാത്തവൻ എന്ന് എന്നെ അച്ഛമ്മ പറയാറുണ്ടായിരുന്നു. അങ്ങിനെ ജീവിതത്തിന് ഒരു കഥയുമില്ലാത്ത എത്രയോ പേര്‍ നമ്മളിലൂടെ കടന്നു പോവുന്നു. 

"ആറിപ്പോ പണ്ടാറിപ്പോ നന്നായി വരട്ടെ" 

നാടിന്റെയും നാട്ടുകാരുടേയും (ശങ്കുണ്ണിയുടേയും) കാലക്കേട് തീർക്കാൻ ശങ്കുണ്ണി നായാടി തോളിലൊരു തുണി ഭാണ്ഡവും കയ്യില്‍ നെയ്തുകൊണ്ടിരുന്ന വട്ടക്കയറുമായി മലയിറങ്ങും. ശങ്കുണ്ണി എവിടത്തുകാരനാണ് എന്നറിയില്ല. ഏതോ മലയിലാണെന്ന് ഞാന്‍ വിശ്വസിച്ചു. വർഷത്തിൽ ഒരിക്കലേ വരൂ, ഓണത്തിന് മുമ്പാണെന്ന് ഓർമ്മ. അവസാന കാലത്ത് വയ്യാത്ത മോള് മാധവിയും കൂടെ ഉണ്ടാവും. അരിയും നാളികേരവും പഴയ ഉടുപ്പും കാശും ഒക്കെ കൊടുക്കും. എല്ലാം കഴിഞ്ഞ് പോകുമ്പോൾ "ആറിപ്പോ പണ്ടാറിപ്പോ നന്നായി വരട്ടെ" എന്ന് പ്രാകി അനുഗ്രഹിക്കും. അവസാനമായി ഒരിക്കൽ മകൾ ഒറ്റക്ക് വന്നു. ശങ്കുണ്ണി പ്രാകി ഉണർത്തിയ ലോകം ശങ്കുണ്ണിയെ ചെറുതായി കണ്ടു എന്ന് തോന്നിയിട്ടുണ്ട്. 

"എരി വെയില് പൊരിയണ നേരത്ത്
പൊന്നെ ഇരുകണ്ണും പൂട്ടിയുറങ്ങീക്കാ
കരകാണാ കടലിന്റെയുള്ളിൽ നീന്തണ
കരിവെള്ളി മീനെപ്പിടീച്ചീട്ട്
മനിസൻമാർ തിങ്ങുന്നോരങ്ങാടീത്തലെ
അതുവിറ്റ് കായുമായുപ്പേത്തും. 
ഉമ്മാന്റെ പുന്നാര മോനല്ലെ ആലി
ബാപ്പാന്റെ മാണിക്യ കട്ട്യല്ലേ. 
തലവടിച്ചസ്സല് തൊപ്പിയിട്ട് ആലി
ഒരു കൊമ്പന്‍ മീശയും ബെച്ചീട്ട്
ബാപ്പാന്റെ കാവുമെടുത്തേറ്റി ആലി
പറപറന്നങ്ങാടീലെത്ത്വോലാ
നാട്ടാരും ചോയിക്കും ഏതാണീ ബമ്പൻ
കുഞ്ഞിപ്പാത്തൂമ്മാന്റെ മോനല്ലേ ആലി
കുഞ്ഞിപ്പാത്തൂമ്മാന്റെ മോനല്ലേ. "

ആരെഴുതിയതെന്നറിയാത്ത ഈ നാടൻ കവിത അമ്മ ഇടക്കിടെ ഉറങ്ങാൻ കിടക്കുമ്പോൾ പാടിത്തരുമായിരുന്നു. പാത്തുമ്മയുടെ മോനേപ്പോലെ സുന്ദരമായ ഒരു ജീവിത പാത ഞാന്‍ വെട്ടി പടുക്കും എന്ന്  അമ്മ ആശിച്ചിരിക്കണം. 

ബാലവാടിയുടെ വാർഷികം. ഗ്രാമത്തിന്റെ സ്വന്തം ബാലവാടി. വൈലോപ്പിള്ളിയുടെ മാമ്പഴം ആയിരുന്നു കഥാപ്രസംഗം. ആദ്യമായി മാമ്പഴം വായിച്ചു കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയിരുന്നു. രാത്രി ഉറങ്ങാതെ കമിഴ്ന്നു കിടന്നു സങ്കടപ്പെട്ടു. ജീവിതവഴിയിൽ പൂത്തുനിന്ന ഓരോ മാവും കവിതയെ ഓർമ്മിപ്പിച്ചു, ഓർമ്മിപ്പിച്ചു കെണ്ടേയിരിക്കുന്നു.

ഒരിക്കല്‍ വിരുന്നു വന്ന ഒരു ചേട്ടന്റെ കൂടെ പൂരം കാണാന്‍  ഞങ്ങൾ ഒപ്പം കൂടി. ആ ചേട്ടന് അല്പസ്വല്പം മാജിക്ക് ഒക്കെ അറിയാമായിരുന്നു. ബലൂണ്‍ ഒക്കെ വിൽക്കുന്ന ഒരാളുടെ അടുത്ത് ചെന്ന് വിടർത്തുമ്പോൾ പൂവിരിയുന്ന കളിപ്പാട്ടത്തിന് വില ചോദിച്ചു. ഒരെണ്ണം വാങ്ങി ഇത്തിരി നടന്നപ്പോൾ ആ ചേട്ടന്റെ കയ്യിൽ രണ്ടെണ്ണം. വീട്ടിൽ ചെന്ന് ഈ വിവരം അത്ഭുതത്തോടെ പറഞ്ഞു. കേട്ടു നിന്ന ഒരച്ചാച്ചൻ അതു രണ്ടും വാങ്ങി. മാജിക്കുകാരൻ ചേട്ടനേയും ഞങ്ങളേയും കൊണ്ട് പൂരപ്പറമ്പിലേക്ക് നടന്നു. പോകുന്ന വഴിയിൽ ആ ചേട്ടന് രണ്ടെണ്ണം കിട്ടുകയും ചെയ്തു. ബലൂൺകാരന്റെ അടുത്ത് ചെന്ന് അത് തിരിച്ചു കൊടുത്തിട്ട് ആ ചേട്ടനോട് ക്ഷമ പറയാൻ പറഞ്ഞു. ജീവിതത്തിലെ സത്യസന്ധതയുടെ ആദ്യ പാഠവും വലിയ പാഠവും അതു തന്നെ ആയിരുന്നു.

ജീവിതവഴിയില്‍ നമ്മളെ സ്വാധീനിച്ച എത്രയെത്ര ശബ്ദങ്ങള്‍. ഇതൊക്കെ തന്നെയല്ലേ ജീവിതത്തിലെ സന്തോഷങ്ങൾ!

No comments:

Post a Comment