'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Saturday, July 25, 2026

പ്രക്ഷോഭകാരികൾ


 









കവിതയിതാ വന്നു നിൽക്കുന്നു,

യുവതയുടെ ശബ്ദമായ്
ഭയരഹിത ബോധമായ്
കവലയുടെ നടുവിൽ
കൂട്ടമായെത്തുന്ന
അവരിലൊരുവന്റെ കൈ
പൊങ്ങുന്നു, ചൂണ്ടുന്നു
കവിതയൊരൊറ്റ വാക്കായി
നിന്നലറുന്നു.

കവിതയിന്നൊരു കുഞ്ഞു പൂവല്ല
കവിതയിന്നൊരു കാറ്റിനലയല്ല
കവിതയൊരു കിനാവിലെ
താരാട്ടു പാട്ടല്ല
കവിതയിലെ ഉപ്പു
കുറുക്കുവാനല്ലിവർ
കവലയിൽ ഒരൊറ്റ
മുനമ്പിലേക്കെത്തിയോർ 
കൈവിരലുകൾ തമ്മിലായ് 
കോർത്തവർ, 
ഉള്ളിലെ കനലു പുകഞ്ഞു എരിഞ്ഞു വളർന്നവർ
കവിതയിതാ ചുണ്ടിലൂറുന്നു
മുന്നിലെ
കഠിനതയിൽ കൈകോർത്തു
കവിത ചൊല്ലീടുന്നു
കവിതയിതാ വന്നു നിൽക്കുന്നു
കൂട്ടരായ്
കടലുപോലെത്തിയോർ
പാട്ടേറ്റു പാടുന്നു
കവിതയിലൊരാൾ
ശരമാരിയായ് പെയ്യുന്നു
കവിത വിശപ്പിൽ
പൊതിച്ചോറു നീട്ടുന്നു
കവിതയുടെ തലയോടു പൊട്ടുന്നു
ചോരയിൽ 
കവിതകളൊരായിരം വിരിയുന്നു
നാളെയുടെ വരികളെഴുതുന്നവർ
പ്രക്ഷോഭകാരികൾ.

Friday, July 24, 2026

വാക്കിന്റെ വർണ്ണവിസ്മയം


 










*വാക്കിന്റെ വർണ്ണവിസ്മയം: 'വാട്ടർ കളർ' നൽകുന്ന കാവ്യാനുഭവം*

​അക്ഷരങ്ങൾക്ക് വർണ്ണങ്ങളുണ്ടോ? അവയ്ക്ക് മണക്കാനും നമ്മോട് മന്ത്രിക്കാനും കവിയുമോ? *ഉല്ലാസ് കെ.ഡി.യുടെ ‘വാട്ടർ കളർ’* എന്ന കവിതാസമാഹാരം വായിച്ചുതീരുമ്പോൾ, ഈ ചോദ്യങ്ങൾക്കെല്ലാം ‘ഉവ്വ്’ എന്നാവും നമ്മുടെ മനസ്സ് മറുപടി നൽകുക. കാച്ചിക്കുറുക്കിയ വാക്കുകൾ കൊണ്ട് മനസ്സിൽ ചായക്കൂട്ടുകൾ തീർക്കുന്ന ഒരു അപൂർവ്വ അനുഭൂതിയാണ് ഈ പുസ്തകം  വായനക്കാരന് സമ്മാനിക്കുന്നത്.

*അവതാരിക തയാറാക്കിയ സുധാംശുവിൻ്റെ നീരീക്ഷണം* അതു വ്യക്തമാക്കുന്നു.

​അസ്തിത്വത്തിന്റെ കനൽവഴികളും കാവ്യയാത്രയും

​വേനൽച്ചൂടും തോരാമഴയും താണ്ടി എഴുത്തുവഴികളിൽ വേരുറപ്പിച്ച കവിയാണ് ഉല്ലാസ്. കേവലമൊരു വിനോദത്തിനപ്പുറം ഗൗരവത്തോടെ സാഹിത്യത്തെ സമീപിക്കുന്ന കവിയുടെ ഉള്ളിലെ  തത്ത്വചിന്താപരമായ അന്വേഷണങ്ങളാണ് ഈ കവിതകളുടെ ആത്മാവ്.

എനിക്കും എനിക്കും ഇടയിലുള്ള വിടവ് കൂടിക്കൂടി വരുന്നു..

​*അബ്‌സ്ട്രാക്‌ട്’, ഇല്ല എന്നീ കവിതകളിലൂടെ കവി സ്വന്തം അസ്തിത്വത്തെ തപ്പിയെടുക്കാൻ ശ്രമിക്കുന്നു. ഏതോ മരക്കൊമ്പ് മോഹിച്ച 'കുമ്പിളും' കുളിർകാറ്റ് ലാളിച്ച 'തളിരില'യുമായി മാറി, ഒടുവിൽ കനൽക്കൂട്ടിൽ കരിഞ്ഞുണങ്ങുന്ന 'പാഴില'യായി സ്വയം അടയാളപ്പെടുത്തുമ്പോൾ, അത് വെറുമൊരു കവിവാക്കല്ല; മറിച്ച് മനുഷ്യജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചുള്ള ആഴമേറിയ തിരിച്ചറിവാണ്.

​ഓർമ്മകളുടെ പ്രണയവർണ്ണങ്ങൾ

​ഓർമ്മകളെയും പ്രകൃതിയെയും കടലിനെയുമെല്ലാം കവി ചേർത്തുവെക്കുന്നത് അതിമനോഹരമായ ഭാഷയിലാണ്. കരയെ വിട്ടകലുന്ന കടലും, മറവിയുടെ നനവിൽ മൂടപ്പെടുന്ന അനുഭവങ്ങളും വായനക്കാരുടെ ഉള്ളിൽ നേർത്തൊരു നോവ് ബാക്കി വെക്കുന്നു.

​അതേസമയം, തിരുവോണവും, നിലാവും, പൂവിളിയും നിറഞ്ഞ ചിങ്ങരാവുകളെക്കുറിച്ചുള്ള വരികൾ ഓണസ്സദ്യയുടെ മധുരത്തോടെ മനസ്സിലേക്ക് പെയ്തിറങ്ങുന്നു. വിതറിപ്പോയ നല്ല ഓർമ്മകളുടെ ഒരു പൂക്കളം തന്നെ കവി ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്.

​ഭാഷാസൗന്ദര്യവും,

​ലാളിത്യവും ചേർന്ന ശൈലിയാണ് ഉല്ലാസിന്റെ കവിതകളുടെ ഏറ്റവും വലിയ ആകർഷണം. വലിയ വാചകങ്ങൾക്കപ്പുറം ഉൾക്കാമ്പുള്ള കുഞ്ഞു വരികളാണ് ഈ സമാഹാരത്തിലെ കവിതകളുടെ ശക്തി:

​അനാവശ്യമായ വാഗ്മയങ്ങളില്ലാതെ, ലളിതമായ പദങ്ങൾ കോർത്തിണക്കി ഈണമുള്ള വരികൾ തീർക്കാൻ കവിക്കുള്ള കഴിവ് പ്രത്യേക പരാമർശമർഹിക്കുന്നു.

താളത്തിലുള്ള കവിതകൾക്കൊപ്പം തന്നെ ഒട്ടും വിരസതയില്ലാത്ത ഗദ്യകവിതകളും സമാഹാരത്തിന് മാറ്റുകൂട്ടുന്നു.

​വാക്കുകളുടെ തീവ്രത ,ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയങ്ങൾ ഒളിപ്പിച്ചു വെക്കുന്ന ശൈലി വായനയെ കൂടുതൽ ആഴമുള്ളതാക്കുന്നു.

*ഞാൻ*, എന്ന കവിതയിൽ ആരാണെന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുമ്പോഴും, മറ്റുള്ളവരുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും കാരണം സ്വന്തം വ്യക്തിത്വം നിർവ്വചിക്കാൻ കഴിയാതെ പോകുന്ന ഒരു വ്യക്തിയുടെ ആന്തരിക സംഘർഷമാണ് കവിതയുടെ കാതൽ. 

വിവാഹം കഴിച്ചയച്ച മകളുടെ ആത്മഹത്യയിൽ  ഹൃദയം തകർന്ന അമ്മയാണ് *അമാവാസി* എന്ന കവിത കണ്ണിലെ വെള്ളിവെട്ടം നഷ്ടപ്പെട്ട മകളെ വെള്ളത്തിൽ നിന്ന് എടുക്കുമ്പോൾ കാളിയുടെ മുന്നിൽ കണ്ണ് മൂടി കെട്ടിയതും അമാവാസിയായിരുന്നു ..... ദുഃഖത്തിൻ്റെ അമാവാസിയിൽ വായനക്കാരുടെ ഹൃദയം നൊന്തു പോകുന്നു....

ആദ്യ കവിതയായ

*ഞാൻ മുതൽ കളിമുറ്റം* വരെ

​വാക്കുകൾ കൊണ്ട് മനസ്സിന്റെ ക്യാൻവാസിൽ വിസ്മയം തീർക്കുന്ന ‘വാട്ടർ കളർ’, കവിതയെ പ്രണയിക്കുന്ന ഏവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നാണ്. 

മരുഭൂമിയിൽപ്പോലും വാക്കുകളുടെ നറുവസന്തം തീർക്കാൻ കഴിവുള്ള ഈ തുലികയിൽ നിന്ന് ഇനിയും വികാരനിർഭരവും ചിന്തോദ്ദീപകവുമായ ഒട്ടനവധി നല്ല കവിതകൾ പിറവിയെടുക്കട്ടെ എന്ന്  ആശംസിക്കുന്നു.

ഉല്ലാസ് എന്ന വാഗ്മിയുടെ പദവർണ്ണരാജികൾക്കായി നമുക്കിനിയും കാത്തിരിക്കാം .....🥀🥀🥀

*ഗ്രീൻ ബുക്സ് മംഗളോദയം* പ്രസാധനം ചെയ്ത ഈ കവിതാ സമാഹാരത്തിന്

*₹ 130* ആകുന്നു....

🌹🌹🌹

*റസിയ സുൽത്താന

Sunday, June 21, 2026

വാട്ടർ കളർ എന്ന ശീർഷകം - ശ്രീ. ഉല്ലാസ് എങ്ങൂർ

 “Water Color” എന്ന ശീർഷകം ആദ്യനോട്ടത്തിൽ ചിത്രകലയിൽ ഉപയോഗിക്കുന്ന ജലച്ചായങ്ങളെ ഓർമ്മിപ്പിക്കുന്നുവെങ്കിലും, അതിന്റെ മറ്റൊരു സങ്കേതാർത്ഥം നിറമില്ലാത്ത വെള്ളത്തിന്റെ സാന്നിധ്യമാണ്. വെള്ളത്തിന് സ്വതന്ത്രമായി ഒരു നിറമില്ല. എന്നാൽ അത് സ്പർശിക്കുന്ന ഓരോ വസ്തുവിന്റെയും നിറം പ്രതിഫലിപ്പിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് ഈ കവിതാസമാഹാരവും.

ഇവിടെയുള്ള കവിതകൾ ഒരു നിശ്ചിത നിറത്തിന്റെയോ ആശയത്തിന്റെയോ ചട്ടക്കൂടിൽ ഒതുങ്ങുന്നില്ല. ജീവിതത്തിന്റെ വിവിധ അനുഭവങ്ങളും വികാരങ്ങളും ഓർമ്മകളും സ്വപ്നങ്ങളും സമൂഹത്തിന്റെ പ്രതിഫലനങ്ങളും അതിൽ കലർന്നുചേരുന്നു. നിറമില്ലാത്ത വെള്ളം ഏത് പാത്രത്തിന്റെ രൂപവും സ്വീകരിക്കുന്നതുപോലെ, ഈ കവിതകളും വായനക്കാരന്റെ മനസ്സിൽ അവരവരുടെ അനുഭവങ്ങൾക്കനുസരിച്ച് പുതിയ അർത്ഥങ്ങൾ സൃഷ്ടിക്കുന്നു.

വെള്ളം ശുദ്ധതയുടെയും സുതാര്യതയുടെയും പ്രതീകമാണ്. അതിനാൽ “Water Color” എന്ന ശീർഷകം കവിയുടെ ആത്മസത്യത്തെയും വികാരങ്ങളുടെ നിർമ്മലതയെയും സൂചിപ്പിക്കുന്നതായി കാണാം. നിറങ്ങളില്ലാത്ത വെള്ളം എല്ലാ നിറങ്ങളുടെയും സാധ്യതയെ ഉൾക്കൊള്ളുന്നതുപോലെ, ഈ കവിതാസമാഹാരവും അനന്തമായ വ്യാഖ്യാനങ്ങളുടെയും അനുഭൂതികളുടെയും സാധ്യതകൾ വായനക്കാരന് മുന്നിൽ തുറന്നിടുന്നു.

അങ്ങനെ “Water Color” എന്ന പേര് വെറും ഒരു ശീർഷകമല്ല; നിറമില്ലാത്ത വെള്ളത്തിന്റെ നിശ്ശബ്ദമായ ആഴംപോലെ, ജീവിതത്തിന്റെ പല നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു കാവ്യലോകത്തിന്റെ സാരാംശമാണ്.😊


Saturday, June 6, 2026

ബഷീർ പി എ യുടെ ആശംസ

 ശ്രീ ഉല്ലാസ് കെ ഡി യുടെ രണ്ടാമത് കവിതാ സമാഹാരം 'വാട്ടർ കളർ' പ്രകാശനം ചെയ്യപ്പെട്ടു. എല്ലാവരും കവിതയിൽ നിന്നായിരിക്കും കവിയിലേക്കെത്തുക.എന്നാൽ കവിതക്കു മുൻപോ ശേഷമോ  അതിന്റെ ഇടവേളകളിലോ ഉള്ള  വ്യക്തിയെ / മനുഷ്യനെ അറിയാൻ കഴിഞ്ഞ ഒരാളാണ് ഞാൻ . എഴുത്തൊരു വഴിക്കും ജീവിതം മറ്റൊരു വഴിക്കും എന്ന നമ്മുടെ പരിചിത പരിസരമല്ല ഈ കവിയുടേത്.

'റിമോട്ട് പേരെന്റ്റിംഗ്' എന്ന വിഷയം  അധികമാളുകൾക്കും അറിയാം. ഞാൻ അത് എന്റെ ക്‌ളാസ്സുകളിൽ പറയുന്നതാണ് .എന്നാൽ 'റിമോട്ട് പേരെന്റൽ കെയർ' അഥവാ വിദൂരത്തു നിന്നും രക്ഷിതാക്കളെ കൂട്ടിപിടിക്കുന്ന ഒരു രക്ഷകർത്തൃ രീതി ഞാൻ  സീരിയസ് ആയി പഠിച്ചത് ഈ വ്യക്തിയിൽ  നിന്നാണ്  .അതി രാവിലെഎഴുന്നേറ്റ് എല്ലാവരും  ജോലിക്ക് പോകാനുള്ള  തയ്യാറെപ്പടുപ്പ് നടത്തുമ്പോൾ ആർക്കും മറ്റൊന്നും ശ്രദ്ധിക്കാൻ സമയമുണ്ടാകില്ല. എന്നാൽ ഈ മനുഷ്യന്റെ ദിന ചര്യയിൽ പ്രഥമ സ്ഥാനം അമ്മയുമായുള്ള വീഡിയോ കാൾ ആണ് . ഗോതമ്പിന്റെ പുട്ടും , ഒരു റോബസ്റ്റ് പഴവും ഏതെങ്കിലുമൊരു അവിയലോ  തോരനും പിന്നെ   അമ്മയുമായുള്ള വർത്തമാനങ്ങളും  ഇതാണ്  പ്രാതലിന്റെ അവിഭാജ്യ ഘടകങ്ങൾ . ഗോതമ്പിന്റെ ചിരട്ട പുട്ടിനു ഇത്ര ടേസ്റ്റ് ഉണ്ടായിരുന്നു എന്ന് അന്ന് വരെ ഞാൻ അറിഞ്ഞിരുന്നില്ല  അമ്മയുമായുള്ള ചർച്ചക്കൊടുവിൽ ഭാര്യ പ്രീനയുമായി  ഒരു കുശലം പറച്ചിൽ.  അങ്ങനെയാണ് എല്ലാ ദിവസങ്ങളുടെയും തുടക്കം . വെള്ളിയാഴ്ചകളിൽ  ആ സംഭാഷണം ഏറെ നേരം നീണ്ടു നിൽക്കും .

അകാലത്തിൽ  അച്ഛൻ  മരിക്കുമ്പോൾ അമ്മയെ എന്നെ ഏല്പിച്ചു പോയതാണ്  എന്നാണ് അദ്ദേഹം പറയുക ഞാൻ മാത്രമല്ലല്ലോ അമ്മയുടെ മകൻ, അവരും നോക്കിക്കോളും എന്ന പൊതു ബോധ നിർമിതിയിൽ അഭിരമിക്കാത്ത  ഒരിക്കൽ പോലും ചിന്തിക്കാത്ത ഒരു മകൻ. ഞാൻ ഒരു അമ്മക്കുട്ടി ആണെടോ എന്നെപ്പോഴും പറയുന്ന ഒരാൾ . അദ്ദേഹവുമായി ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞതിനു ശേഷമാണ് ഞാൻ ഇത്തരം ചില നല്ല നടപ്പുകൾ  കാര്യമായി തന്നെ എന്റെ ജീവിതത്തിലേക്ക്  കൂട്ട് പിടിക്കാൻ  ശീലിച്ചത്.  ദശ ലക്ഷക്കണക്കിന് ആളുകൾ വിദേശത്തുള്ള നമ്മുടെ നാട്ടിൽ  വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് തുടങ്ങുമ്പോൾ ഇത്തരം മാതൃകകൾ കൂടി ഉൾപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഗൾഫിൽ ജീവിക്കുന്നവർ സാമാന്യം നല്ല വരുമാനമുണ്ടായിട്ടും തങ്ങളുടെ ഇഷ്ടങ്ങൾ മാറ്റിവെച്ചു അതിദരിദ്ര രായി ജീവിക്കുന്ന കാഴ്ചയാണ് നാം എപ്പോഴും കാണുക. മുന്നിലുള്ള പ്രശ്നങ്ങളുടെ സങ്കീർണതകളിൽ സ്വന്തം താല്പര്യങ്ങളെ മറന്നു പോകുകയോ , മാറ്റി വെക്കുകയോ ചെയ്യും . പ്രവാസികൾ നാട്ടിൽ വന്നു മാത്രം രുചിക്കുന്ന വിഭവങ്ങൾ നിരന്തരമായി തന്റെ അടുക്കളയിൽ സ്വന്തമായി  പാകം ചെയ്ത് വിളമ്പിയത് രുചിക്കാൻ അവസരം എനിക്കുണ്ടായി. നല്ല ഭക്ഷണം കഴിക്കാൻ നാളേക്ക് മാറ്റി വെച്ചാൽ ഒരു പക്ഷെ കഴിഞ്ഞെന്നു വരില്ല എന്നദ്ധേഹം പറയും. 

കുക്കിംഗ് എന്നത് ഒരു കലയാണെന്നും , നിങ്ങൾ കട്ട് ചെയ്യുന്ന വെജിറ്റബിൾ  കഷ്ണത്തിന്റെ യൂണിഫോമിറ്റി ഭക്ഷണത്തിന്റെ ടേസ്റ്റിനെ എങ്ങിനെ ബാധിക്കുമെന്ന് കാണിച്ചു തരികയും ചെയ്തിട്ടുണ്ട് . തികഞ്ഞ വെജിറ്റേറിയൻ രീതി പിന്തുടരുന്ന  ഒരാൾ  ഒരു നോൺ വെജിറ്റേറിയന്റെ താല്പര്യം  മനസിലാക്കി ചിക്കനും ഫിഷും കറി വെച്ച് കഴിപ്പിച്ചിരുന്ന സ്നേഹവായ്പ്പ് അനുഭവിച്ചറിയാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട് 

സമ്പാദ്യത്തെക്കുറിച്ച് പറയുമ്പോൾ , സ്വന്തമായി എനിക്ക് പലതും വേണമെന്ന് കേട്ട് ശീലമുള്ള നമ്മൾ ഞങ്ങൾക്ക് മൂന്ന് പെൺകുട്ടികളാണ് അവരുടെ കാര്യങ്ങൾ ഭംഗിയായി ചെയ്യണ്ടേ എന്നാണ്  പറയുക , അതിൽ രണ്ടു കുട്ടികളിൽ   ഒന്ന് ഉമേഷിന്റെയും  മറ്റേത് സാനുവിന്റേതുമാണ്.

പല കാര്യങ്ങളും ചേട്ടനോട് നേരിട്ട് പറയാൻ പേടിക്കുന്ന അനുജന്മാരുള്ള  അത്രമാത്രം ബഹുമാനിക്കപ്പെടുന്ന ഒരു അച്ഛൻ സ്ഥാനക്കാരനായ ചേട്ടനെ ഈ കാലത്ത് വേറെ എവിടെ കാണാനാകും. 

ആത്മ ബന്ധങ്ങളെ കുറിച്ച് പറയുമ്പോൾ തന്റെ പെങ്ങന്മാരെക്കുറിച്ചു വാചാലനാകുന്ന ഒരു സഹോദരൻ അവരുടെ ഭാഗ്യമാണ്. 

വിശ്വാസത്തിന്റെ കാര്യത്തിൽ ഗുരുവായൂരപ്പനോടുള്ള ഭക്തി , രാമായണ മാസത്തിലെ ഇടതടവില്ലാത്ത പാരായണം - ആ കാര്യത്തിൽ എന്റെ മറ്റൊരു സുഹൃത് ജയപ്രകാശിനെ ( ജെപി ) മാത്രമേ ഞാൻ ഇങ്ങനെ കണ്ടിട്ടുള്ളൂ. എല്ലാ മാസവും ഒന്നാം തിയതി  പ്രാര്ഥനാമുറിയും പരിസരങ്ങളും അടിച്ചു തുടക്കുകയും  ദൈവങ്ങളെ തുടച്ചു വൃത്തിയാക്കി , ചക്കരച്ചോറുണ്ടാക്കി നിവേദിക്കുകയും ചെയ്തിരുന്ന ഉല്ലാസ് ചേട്ടൻ  പ്രാര്ഥനാമുറിക്കപ്പുറം ഒരു തികഞ്ഞ മതേതര വാദിയും കമ്മ്യൂണിസ്റ്റുമാണ് . 

ഒരു പക്ഷേ  രാഷ്ട്രീയം പറയുമ്പോൾ മാത്രമാണ് ഞങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഉടലെടുക്കുക. 

പലരും ചോദിക്കും എങ്ങിനെയാണ് അയാളുടെ കൂടെ ഇത്ര സൗഹൃദത്തിൽ കഴിയുന്നത് ?   കുടുംബങ്ങളെ  അവരുടെ  അഭാവത്തിലും  ഹൃദയത്തിൽ  ചേർത്ത് നിറുത്തുന്ന   ആർദ്രമായ പ്രണയത്തിന്റെ വറ്റാത്ത ഉറവയുള്ള   ഒരു മനുഷ്യ സ്നേഹിയെ   എനിക്ക് കണ്ടെത്താൻ കഴിഞ്ഞു എന്നതാണ് അതിനു കാരണമെന്ന്  തല്പര കക്ഷികളോട് എല്ലാവരോടും  പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. 

കവിതാ പ്രകാശന വേളയിൽ  ശ്രീ ആലങ്കോട് ലീല കൃഷ്ണനും  , ശ്രീ ഗോപി കൃഷ്ണനും  , ശ്രീ സുധാംശുവും  ആശംസിച്ച പോലെ അസ്വസ്ഥ ചിത്തനായ ഒരു മനസുമായി പ്രിയപ്പെട്ട ഉല്ലാസ് ചേട്ടൻ ആയുരാരോഗ്യ സൗഖ്യത്തോടെ തന്റെ ജീവിത നിയോഗത്തിൽ വ്യാപൃതനാകട്ടെ . സമൂഹത്തിന്റെ സാംസ്‌കാരിക പ്രതലത്തിൽ ചലനങ്ങൾ സൃഷ്ടിക്കുന്ന കവിതയുടെ അടരുകൾ അനേകം ഇനിയുമുണ്ടാകട്ടെ. 

ഒരു ഗോതമ്പു പുട്ടിന്റെ രുചി നിറഞ്ഞ ഗൃഹാതുര സ്മരണ പുതുക്കാൻ പുസ്തക പ്രകാശനങ്ങളുടെ ഇടവേളകളിൽ നമുക്ക് അവസരം കണ്ടെത്താം 

സ്നേഹാദരപൂർവം ബഷീർ പി എ

വാട്ടർ കളർ പ്രകാശനം