'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Monday, April 6, 2026

നടത്തം














ജീവിതം നടന്നു തീർക്കേണ്ടതാണെന്ന്
എനിക്ക് മെട്രോയിലേക്കുള്ള നടത്തയിലാണ് തോന്നാറ്.
എവിടെ നിന്നാണ് ഈ ആളുകളൊക്കെ
വരുന്നത്
ഒരു പ്രവാഹം പോലെ
അങ്ങനെ ഒഴുകുകയാണ്
അവരിലേക്കിറങ്ങിയാൽ
നിങ്ങളൊരു നദിയായി.
എല്ലാ നടത്തത്തിനും ഒരു താളമുണ്ട്
പല രൂപങ്ങൾ പല വേഷങ്ങൾ
പല നിറങ്ങൾ ശബ്ദങ്ങൾ
കൊലുന്നതും കുറിയതും
കുണുങ്ങിയതും കുറുകിയതും
ഇവരിലെവിടെയോ
കുട്ടൻ മാരാരുണ്ട്‌
അപ്പു മാരാരുണ്ട്
പാണ്ടിയുണ്ട്
പഞ്ചാരിയുണ്ട്
അന്നയുണ്ട് ആനയുണ്ട്
അങ്ങനെയങ്ങനെ
നടത്തം രസമാണ്
നടത്തത്തിനൊടുക്കം
ഇരുത്തം ആണ്
അതിനപ്പുറം മൃതിത്വം,
ഉപചാരം ചൊല്ലാതെ
ഒരു വിടപറച്ചിൽ;
എങ്കിലും തിരിച്ചും മറിച്ചും തിരിച്ചും
നടത്തം സുന്ദരമാണ്.

Saturday, April 4, 2026

വിത

 










വിത വിത
മേടം വിയർത്തു
വിത്തുകൾ കിളിർത്തു
പാടത്തിൻ വരമ്പുകൾ തോറും
കിളികളായിരം
കളകളാരവം
കുളിർന്ന മണ്ണിന്റെ
മണമൊരാനന്ദം
വരുന്ന ചിങ്ങത്തിൻ
കതിരു കൊയ്യുവാൻ
വരിക ഞങ്ങളീ
നിലമൊരുക്കട്ടെ
ഉഴവു കാളകൾ
നടന്നു തീർക്കട്ടെ
കിളിർന്ന വിത്തുകൾ
വിതയൊരുക്കട്ടെ
വളമെറിയട്ടെ
കള പറിക്കട്ടെ
കനിയുമമ്മത്തൻ
മുല ചുരത്തട്ടെ
അകലെയാരുടേ
തുയർന്ന തേക്കുപാ
ട്ടകമൊരാനന്ദ
ത്തിരയിളകട്ടെ
വരിക മേടത്തിൻ
വിഷുക്കണി കൂടാൻ
വരുന്ന കാലത്തിൻ
നിറപൊലി കൂട്ടാൻ
മറന്നു പോകു നാം
നടന്ന പാതകൾ
പടർന്ന വേരുകൾ
വിടർന്ന പൂവുകൾ
വെറുതെയെങ്കിലും
ഒരു നിമിഷത്തിൻ
ജനിമൃതികളിൽ
കണികകൾ നമ്മൾ
വിത വിത
മേടം വിയർത്തു
വിത്തുകൾ കിളിർത്തു
നാളെയായ്
വളരുക നമ്മൾ.