'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, November 21, 2025

നാടൻ

അതിരാവിലെ തങ്കുട്ടൻ
കൊച്ചിക്കു വിട്ടു,
കൊച്ചിക്കുള്ള ദൂരം!
ഒരു പഴയ സിനിമാപ്പാട്ടു മൂളി
സൈക്കിളിൽ താൻ ചവിട്ടി മറന്ന ദൂരത്തിൽ
ഇതെന്തു ദൂരം.
കൊച്ചിയിൽ എത്തിയാൽ,
എംജി റോഡിൽ
കാലത്തിനോട് പൊരുതി നിന്ന
ചായപ്പീടിക
മധുരം കൂട്ടി ഒരു ചായ
ഒരു റൊട്ടി
കണ്ണു ചിമ്മി ചടഞ്ഞിരുന്ന
പൂച്ചക്കുട്ടിക്കു
ഒരു കഷ്ണം പൊട്ടിച്ചിട്ടു കൊടുത്തു.
തിരിച്ചു ചവിട്ടുമ്പോൾ
കൊച്ചി കണ്ട സന്തോഷം
കൊച്ചിയിൽ നിന്നും
തിരിച്ചു ചവിട്ടുന്ന ആവേശം.

Friday, November 14, 2025

വാട്ടർ കളർ











ഉമ്മകളിൽ
വെള്ളം ചേർത്തുവെന്ന്
പറഞ്ഞ അന്ന്
ഓമനിച്ചു വളർത്തിയിരുന്ന
സ്വർണ്ണമത്സ്യം ചത്തു പൊന്തി.
കിസ്സിനും സിപ്പിനും
ഒരു രുചിയാണെന്ന് പറഞ്ഞവൻ
വെള്ളം ചേർക്കാതെ കുടിച്ചു മരിച്ചു.
വെള്ളം ചേർക്കാത്ത ചുംബനം
എന്നെയും കൊല്ലുമായിരുന്നു,
എങ്കിലും ആ മരണം
കൊതിച്ചതായിരുന്നു.

Thursday, October 2, 2025

വിമാനയാത്രികൻ

വിമാനം കുലുങ്ങുമ്പോൾ
തകർന്ന ഒരു വിമാനം
മനസ്സിൽ നിറയും
മരണത്തിലേക്ക് ഉള്ള യാത്രയെന്ന്
മനസ്സിൽ തോന്നും
അവസാനമായി
എന്തോ പറയാൻ വിട്ടുപോയിരുന്നു,
എല്ലാ പിണക്കങ്ങളും
വേലിയേറ്റങ്ങൾ ആയിരുന്നു
എല്ലാ വേലിയിറക്കങ്ങളും
കുറ്റബോധങ്ങളും
മാപ്പപേക്ഷകളും ആയിരുന്നു.
വിമാനം തകരുമ്പോൾ
ഒരാൾ മാത്രം
ഇറങ്ങിയോടുന്നത് ശരിയായിരുന്നോ?
എന്റെ വിധിയോട്
എനിക്കങ്ങേ അറ്റത്തെ
വെറുപ്പ്‌ തോന്നുന്നു
ആളേതെന്നറിയാതെ പോയ
പലരിൽ ഒരാളാവുന്നു ഞാൻ
മനസ്സിലെങ്കിലും ഞാൻ
വിധിയെ തോൽപ്പിക്കുന്നു.

Tuesday, September 2, 2025

രാത്രി



















ഇരുട്ടിൽ
നിന്റെ പൂക്കളിൽ
ഇറുത്തൊന്നെടുത്തു
പൂമണം
ഒഴുക്കുന്നോ!
ചന്ദ്രികക്കു ഞാൻ
മണക്കാൻ
കാറ്റു വീശി പോൽ.
മനസ്സിൽ
നീല നിശ്ചലം
നിലാവാറ്റിൻ മണൽപ്പുറം
പുഴപ്പാട്ടിന്റെ താളത്തിൽ
തുടിക്കുന്നുള്ളു
സാഗരം.

Sunday, August 10, 2025

ഇല്ല


 

ഞാൻ ഒരില

ഏതോ മരക്കൊമ്പു മോഹിച്ച
കൂമ്പില
ഞാൻ ഒരില
ഏതോ കുളിർക്കാറ്റു ലാളിച്ച
തളിരില,
ഞാൻ ഒരില
ഏതോ ദിവാസ്വപ്ന ലോകത്തു
പച്ചില,
ഞാൻ ഒരില
ഏതോ കൊടും കാനൽ പൊള്ളിച്ച
പഴുക്കില
ഞാൻ ഒരില
ഏതോ മണൽത്തട്ടിൽ ഞെട്ടറ്റ
കരിയില
ഞാൻ ഒരില
പാഴില

ഞാൻ ഇല്ല.

Saturday, August 2, 2025

വനവാസം




പുറകെ വേഗം
കടന്നു വേണം പുഴ
കരുതി വച്ചിരിക്കുന്നു
സുസ്വാഗതം
അതിഥി ദേവോ ഭവ
എത്ര ശാന്തമീ
നികടമാർക്കായ് 
തുറന്നു വച്ചീടുന്നു

കരളു വെട്ടിപ്പിളർന്ന
വാക്കിൽ തുടം
നനവു തേടിത്തളർന്ന
ദൈന്യങ്ങളിൽ
വരികയിന്നീ വിശാലമാം
കാടുകൾ, കനികൾ,
കാട്ടു ചോലക്കൊക്കുമുണ്മകൾ
കുതികുതിച്ചു പായുന്നു
മേന്മേലെന്റെ യൗവ്നം
വറുതി കൊണ്ടു
നിണം വാർന്നു പോകിലും.
കരുതി വക്കുന്നു
നീരുറ്റ ചോലകൾ
മലകൾ
മാടിപ്പുണർന്നു
പൂമേടുകൾ
പുടവ തന്നോ!
നിനക്കാരു ഭൂമിതൻ
കനിവു കാട്ടിത്തരുന്നു
ഹാ.. ജീവിതം
വകയിരുത്താമൊരൊറ്റ
യാത്രയ്ക്കു നാം മാത്രമായ്
മലകയറ്റം,
മടുത്തു കാലം സഖീ.

ഒരു മുകിൽപ്പക്ഷി പായുന്നു,
കാറ്റു വേഴാമ്പലിൻ
നീർപ്പാട്ടു മൂളുന്നു
ശലഭഭൂമിക്കു പേരെന്തു
നിന്റെ പേർ,
ഒരു വിളിപ്പാടു ദൂരെ
നിൽപ്പുണ്ടു ഞാൻ.

അഴകു വറ്റാത്തൊരാരണ്യ
കാണ്ഡമേ
ചെറിയൊരീ വനവാസത്തെ മാത്രമായ് 
തരിക,
വേണം നമ്മൾ മാത്രമായ്
കരുണ വറ്റാത്ത
കാടല്ലോ യൗവ്നം.

ഇരപിടിച്ചും
അലഞ്ഞു ജീവിച്ചുമീ
പ്രണയകാണ്ഡം
കടന്നു പോകുന്നു നാം
ഇവിടെ ഉണ്ടായിരുന്നു
നാം എങ്കിലും
ഇവിടെ ഇല്ലായിരുന്നു
ഒന്നോർക്കുകിൽ!

Tuesday, April 1, 2025

സൗഹൃദങ്ങൾ










അവളുടെ സൗഹൃദങ്ങൾ
വ്യത്യസ്തമാണ്.
കറവക്കാരൻ
പാൽക്കാരൻ
പത്രക്കാരൻ
ഹോം ഡെലിവറി ചെയ്യുന്നവർ
ഉത്പന്നങ്ങൾ വീടുതോറും
കൊണ്ടു നടന്നു വിൽക്കുന്നവർ
ഹരിത കർമ്മസേനക്കാർ
ആശാവർക്കർ
മാക്സി വിൽപ്പനക്കാരി
ഗ്യാസ് കൊണ്ടു വരുന്നവർ.....
ഒരു നീണ്ട നിര തന്നെയുണ്ട് അവർ.
അവൾ അവളുടെ ഒരു ലോകം
കെട്ടിപ്പടുത്തിട്ടുണ്ട്,
ചിലരെ കണ്ടില്ലല്ലോ എന്ന്
ചിലപ്പോൾ
വേവലാതിപ്പെടാറുണ്ട്,
ചിലതെല്ലാം
ആവശ്യമില്ലെങ്കിലും
വാങ്ങിക്കാറുണ്ട്.
ഒട്ടും ഭംഗിയില്ലാത്ത മാക്സികൾ
അടുക്കളയിലെ അലമാരയിൽ
ഉപയോഗിക്കാതെ കിടക്കുന്ന
മൾട്ടി ഗ്രേയ്ൻ ദോശപ്പൊടി,
മില്ലെറ്റ് പൊടി,
ഇറയത്തു കിടക്കുന്ന ചവുട്ടി,
വളരെ ചെറിയൊരു തുക
പ്രീമിയം അടക്കുന്ന
കാൻസർ ഇൻഷുറൻസ്,....
അങ്ങനെ എന്തൊക്കെ.
എന്തിനിതൊക്ക വാങ്ങിക്കുന്നു
എന്ന് ചോദിച്ചാൽ
അവളുടെ മുഖം മ്ലാനമാകും,
എന്തെങ്കിലും കാരണം
ഉണ്ടായിരിക്കണം,
അവളെയും അവരെയും
ഒരുമിപ്പിച്ചു നിർത്തുന്ന
എന്തോ ഒന്ന്.

Tuesday, November 5, 2024

ജലഭ്രമം



















പതിവുപോലെ സോപ്പുപെട്ടി, 
തോർത്തുമുണ്ട് 
സൂര്യൻ കുളിക്കാൻ ഇറങ്ങി.
മണ്ണാത്തി ലക്ഷ്മി ലേശം മാറി നിന്നു
അലക്കു തുടർന്നു.
സുതാര്യമായ ജലത്തിൽ 
പൊടിമീനുകൾ,
അവൻ മീനിനെപ്പോലെ നീന്തി 
അങ്ങിങ്ങു പടർന്നു കിടന്ന 
താമര വള്ളികൾക്കിടയിലൂടെ 
കെട്ടഴിഞ്ഞു അലസമായി തങ്ങിനിന്ന 
കൊതുമ്പു വള്ളത്തിനടിയിലൂടെ 
പരൽമീൻ പോലെ തുടിച്ചു 
ഒരു താമരപ്പൂ വെറുതെ വിരിഞ്ഞു ചിരിച്ചു 
എവിടെപ്പോയിവനെന്നു മണ്ണാത്തി 
എറുകണ്ണിട്ടു നോക്കി, 
കാണാതായ സൂര്യൻ 
കായലിന്റെ മടിത്തട്ടിലൂടെ 
ജലജീവിതം ആഘോഷിച്ചു.
മൂളി വന്നൊരു തെക്കൻ കാറ്റിൽ 
തോർന്ന തുണികളുമായി 
പെണ്ണു കേറിപ്പോയി, 
താമരപ്പൂവിതളുകൾ പൂട്ടി, 
കൊതുമ്പുവള്ളം ഓരം മുട്ടി, 
കാത്തിരുന്നു ചിറി ഉണങ്ങിയ കടവ് 
ഉറങ്ങിപ്പോയി, 
കരക്കു കേറുവാൻ 
തന്നെത്തേടി 
സൂര്യൻ അലഞ്ഞു.

Monday, October 21, 2024

മൂന്ന് കവിതകൾ

ഒന്ന് :

നിന്നെ വറ്റാതെ വേവിക്കുന്നതിലാണ്
എന്റെ ശ്രദ്ധ മുഴുവൻ
വേവൊട്ടും കൂടാതെ ഉപ്പു കൂടാതെ
വാർത്തെടുക്കണം
നിന്നെ തിന്നു തീർക്കുന്നതിലാവും 
ഇനി എന്റെ ശ്രദ്ധ മുഴുവൻ.

രണ്ട് :

കുത്തു കൊണ്ടൊരു കടന്നൽ
കരഞ്ഞോണ്ടു പറന്നുപോയി
നങ്ങേലിപ്പശുവിന്റെ കുത്തുകൊണ്ട
അയ്യപ്പേട്ടന്റെ അതേ ഓട്ടം.

മൂന്ന് :

ഭ്രാന്തനായൊരു മരച്ചില്ല
ഒരു കാറ്റിനെ എടുത്തു വട്ടം കറക്കി
കൈകളിലെടുത്തു അമ്മാനമാടി
ദൂരേക്ക് വലിച്ചെറിഞ്ഞു
അത് ചില്ലകളായ ചില്ലകളിലൂടെ
തേഞ്ഞുരഞ്ഞു....
കരഞ്ഞു പോയി.

Sunday, October 20, 2024

പേര്

 













ആ ഇരട്ടകളുടെ പേരുകൾ

ഓർക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്,
എന്റെ ഓർമ്മയുടെ അതിരുകൾക്കപ്പുറം
അവ ഒളിച്ചിരിക്കുന്നു
എങ്കിലും,
അമ്മുവിനെയും അപ്പുവിനെയും
എനിക്കോർമ്മയുണ്ട്
ഞാനവരോടൊപ്പം
കൊത്തങ്കല്ലു കളിച്ചിട്ടുണ്ട്
സാറ്റ് കളിച്ചിട്ടുണ്ട്
ഇന്നും പിടിക്കപ്പെടാതെ
പുള്ളീം പുള്ളീം എവിടെയൊക്കെയോ
ഒളിച്ചിരിപ്പുണ്ട്.
ഞാൻ നിങ്ങളെ അമ്മുവെന്നും അപ്പുവെന്നും
തന്നെ വിളിക്കും
പേരുകൾ ഓർമ്മകളുടെ
അടയാളങ്ങളാണ്
ഒരു പൂവിന്റെ
ഒരു കിളിയുടെ
ഒരു കാറ്റിന്റെ
ഒരു പുഴയുടെ
ഒരു പുൽനാമ്പിന്റെ.......
ഞാൻ തിരിച്ചൊഴുകുകയാണ്.

Thursday, October 3, 2024

കൊതുകുകൾ


കൊതുകിനെ കൊല്ലുക
രസമാണ്.
ആദ്യം, ഹെലികോപ്റ്ററിനു
ഇറങ്ങാൻ സ്ഥലം ഒരുക്കിയതുപോലെ
ഇരുന്നു കൊടുക്കുക,
ശരീരം വല്ലാതെ അയഞ്ഞു കൊടുക്കുക
അവൻ ആടിയുലഞ്ഞു
ഒന്ന് താണു, ഒന്നു പൊങ്ങി
പിന്നെയും താണു
നിലം തൊടും,
മുൾമുനകൾ
പതുക്കെ ഉള്ളിലേക്കാഴ്ത്തും,
ചിറകുകൾ കുടഞ്ഞുടുക്കും.
നിങ്ങളുടെ മനസ്സ് അറിയുന്ന
സിദ്ധനാണവൻ,
നിർമ്മമനായി നിർവ്വികാരനായി
ഇരുന്നുകൊടുക്കുക,
നിങ്ങളുടെ ചോര അവന്റെ
ഉള്ളിലേക്ക്
പോകുന്നതറിയണം,
ഹൊ! ചോരയുടെ ഭ്രാന്തമായ രുചി,
പാട്ടുകളുമായി
അവൻ വീണ്ടും മൂളിപ്പറക്കും.
മരണം ആഹ്ലാദമാകുന്ന സമയം,
എന്നു സ്വപ്നം കാണാൻ വരട്ടെ.
നിങ്ങളുടെ കണക്കുകൂട്ടലുകളിലാണ്
പ്രശ്നം,
കണക്കില്ലാതൊരു വിജയം ഇല്ല.
എല്ലാ കണക്കുകൂട്ടലുകളും
ശരിയാകുമ്പോൾ
നിങ്ങളുടെ ചോരയിൽ
അവന്റെ ശരീരം
അരഞ്ഞു കിടക്കും.
എങ്കിലും, പിന്നെയും
തലയ്ക്കു മുകളിൽ
ഹെലികോപ്റ്ററുകൾ
പറന്നുകൊണ്ടേയിരിക്കും.

 

Tuesday, October 1, 2024

രണ്ടുപേർ



പകൽ ചെന്തീയണച്ച സന്ധ്യ തൻ
കരയിൽ ഞങ്ങളിരുന്നു
രണ്ടുപേർ
ഇരുളിന്റെ കലക്ക വെള്ളവും
കാൽ വിരലിൽ തൊട്ടു നനഞ്ഞു
രണ്ടുപേർ.
മിഴി തന്റെ വെളിച്ച മാത്രയിൽ
കഥ വായിച്ചു രസിച്ചു
രണ്ടുപേർ
മൊഴി ചുണ്ടിലുറഞ്ഞു, ചുംബന
ച്ചുടുനീരാലലിയുന്നു
രണ്ടുപേർ
തുഴ പോയൊരു വഞ്ചി, നെഞ്ചിലെ
ചുഴിയിൽ പെട്ടു വലഞ്ഞ
രണ്ടുപേർ
ഇഴകീറിയ മട്ടിൽ പാവുകൾ
ക്കിടയിൽ തൊട്ടു പടർന്നു
രണ്ടുപേർ
അഴലിന്റെ മനസ്സു കണ്ടവർ
ഇടയിൽ ഞങ്ങളിരുന്നു
രണ്ടുപേർ
അറിയുന്നു പരസ്പരം കഥാ
ഗതിതന്നിലനാഥ ജാതികൾ.

Friday, July 12, 2024

ഗുഡ് ബൈ

ഇന്ന്
ജൂലായ് 12
ചായ സമയം
വേനൽച്ചൂട് ചില്ലുജാലകത്തിനപ്പുറം
അകത്തേക്ക് കൊതിയോടെ നോക്കി.
എന്തൊരു ചായ ആണിത്,
അടുത്തിടെ ഒരാൾ
നല്ല ചായ എങ്ങനെ ഉണ്ടാക്കാം
എന്ന് പഠിപ്പിക്കുന്നത് കണ്ടു.
നല്ല ചായ കുടിക്കാത്ത
ഞങ്ങളെ കുറിച്ചുള്ള അതൃപ്തി
ആ വാക്കിലൂടെ വായിക്കാം.
വടയ്ക്ക് വേണ്ടി കാത്തിരുന്ന ചായ
തണുത്തു മരിച്ചു.
ഘടികാരത്തിന്റെ ഒച്ച
വല്ലപ്പോഴും ഇങ്ങനെ
ഉച്ചത്തിൽ കേൾക്കാം,
ഉച്ച ഇപ്പോഴും മരിച്ചിട്ടില്ല
എന്ന് ആശ്വസിപ്പിക്കും പോലെ.
മരണമില്ലാത്ത വെയിൽ
എന്നെയും ചായയേയും
നോക്കിച്ചിരിക്കുന്നു.
ഇതിലെന്തു ഹാസ്യം!
ഹാസ്യം ഇതിലല്ല
ഒരു രുചിയും ഇല്ലാതെ
ആനയിക്കപ്പെടുന്ന വടയിലാണ്.
എന്തൊരു പ്രതീക്ഷ ആയിരുന്നു,
ഇഷ്ടമില്ലെങ്കിലും
ഒരു വരി കൂടെ എഴുതാം
നാളെ വട വേണ്ട.

Wednesday, June 26, 2024

നിഴൽ

 



നിലക്കടല കൊറിച്ചു രണ്ടുപേർ
നടക്കുന്നു കടുത്ത വേനലിൽ
കുരുക്കുത്തി മുല്ലതൻ മണം
മടിക്കുത്തിലൊളിച്ചു വെച്ചവർ.
ഒരുത്തിക്കു കിനാവു പോൽ വെയിൽ
ചിരിച്ചൊപ്പമിറങ്ങി മറ്റവൾ
ഇരുട്ടിന്റെ കഥക്കു കേൾവിയായ്
തുണക്കൊപ്പമിറങ്ങി വന്നവൾ.
വഴി നീളെ ചിരിച്ചു രണ്ടുപേർ
വഴി നീളെ കരഞ്ഞതും അവർ
ഒരു സ്വപ്നമവർക്കു മാത്രമായ്
ഒരുമിച്ചു കളഞ്ഞു പോയവർ
കരൾ നൊന്തവർ
കാനലിൽ വെന്തവർ
ഒരു വർണ്ണ മിഠായ്ക്കടലാസുപോൽ
വഴിയേറെയലഞ്ഞു മാഞ്ഞവർ.

Thursday, May 30, 2024

ദോശ


അരകല്ലു വീണ്ടും

ഉരയുന്ന ശബ്ദം
അരി തെല്ലു ശീഘ്രം
പുറകേ ഉഴുന്നും
മൊരിയുന്ന ദോശ
ക്കുരുവങ്ങൾ രണ്ടും
തിരയുന്നു നമ്മൾ
മണമുള്ള കാലം.
കടലായിരമ്പും
കഥയായുറങ്ങും
ചുടുദോശ വീണ്ടും
ചെറുതായൊരെണ്ണം?
നറു നെയ്യു ചേരും
നിനവെത്ര സ്നിഗ്ദം
അറിയാതെയുള്ളിൽ
തിരമാല തല്ലും
ഒരു ദോശ വീണ്ടും
പറയുന്നിതുള്ളം.
അറിയാതെയമ്മ
തരുമെന്നു സ്വപ്നം
പകലേ മറക്കു
ഇനി വേണ്ട സ്വപ്നം
അതു നീണ്ട കാലം
പിറകേ മരിച്ചൂ!

Tuesday, February 6, 2024

മഴക്കുട്ടി

വേഷം: കറുത്ത കരയുള്ള താറുടുത്ത് കഴുത്തിലും കൈത്തണ്ടിലും കറുത്ത ചരടു ചുറ്റി പാളത്തൊപ്പി വെച്ച്..... 

മഴക്കുട്ടി

ഇടവത്തിൽ ഇടി വെട്ടി 
പടവാളിൻ ഒളി വെട്ടി
കരി മേഘത്തിടമ്പേറ്റി
വരുന്നുണ്ടേ മഴക്കുട്ടി. 
കുംഭത്തിൽ കുടം പൊട്ടി 
കുളിരിന്റെ നുകം കെട്ടി 
പുഴ നിറഞ്ഞണ നിറ-
ഞ്ഞതി ഹർഷം മഴക്കുട്ടി. 
ആകാശ കർക്കിടക
ക്കരിഞ്ചേല അഴിഞ്ഞെത്തി
ഇരുട്ടിന്റെ അകം പൊട്ടി 
മുളപ്പിക്കും മഴക്കുട്ടി. 
പറ നിറഞ്ഞറനിറ-
ഞ്ഞടവിതൻ തടം നിറ
ഞ്ഞൊടുവിലീ കടവിന്റെ
പടവിങ്കൽ മഴക്കുട്ടി
തവളകള്‍ കഥ ചൊല്ലി 
തുലാവര്‍ഷം തകധിമി
പിടഞ്ഞോടും കുളക്കോഴി
പ്പിടയെന്തോ പറഞ്ഞോടീ. 
സമസ്ത ജീവിതങ്ങൾക്കും
മിടിപ്പായും തുടിപ്പായും
നമുക്കു പ്രകൃതി നൽകും
ഉയിർപ്പാണീ മഴക്കുട്ടി.

Thursday, November 24, 2022

ഗോൾ

ഞങ്ങടെ കളിയിൽ സ്റ്റാര്‍ സ്റ്റ്രൈക്കർ അമ്മയായിരുന്നു. ഞങ്ങൾ തോൽക്കുന്നോടൊത്തൊക്കെ അമ്മ കേറിക്കളിച്ചു. എതിരാളികളുടെ ഫൗളുകളെ അതിജീവിക്കാൻ അമ്മ പാടു പെട്ടു. ഞങ്ങടെ പാസുകളുടെ കുഴപ്പമോ എന്തോ, ഒരു പന്തും അമ്മക്കങ്ങനെ ഗോളാക്കാൻ കഴിഞ്ഞില്ല. എങ്കിലും ജീവിതത്തോട് അമ്മ ഡ്രോ പിടിച്ചു. ഓരോ കളി കഴിയുമ്പോഴും അടുത്തത് ജയിക്കും എന്ന് ഞങ്ങളെ  പ്രതീക്ഷകളോടെ ജീവിക്കാൻ പഠിപ്പിച്ചു. ഇന്ന് ഞങ്ങൾ പിടിച്ചു നിൽക്കുന്നത് ആ ഒരു പവറിലാണ്. അമ്മ ക്യാപ്റ്റനായ ഒരു ടീമിൽ കളിക്കാൻ സാധിച്ചു എന്നതാണ് ഞങ്ങളുടെ ഭാഗ്യം. ഞങ്ങളുടെ ടീമിനൊപ്പം നിന്നു എന്നതാണ് നിങ്ങൾ കാണികളിൽ ഞങ്ങളറിഞ്ഞ സ്നേഹോദാരത. അത് അമ്മയോടുള്ള സ്നേഹമായി ഇന്നും അറിയുന്നു. ആരെയും തോല്പിക്കാതെയും ജയിക്കാനാകുമെന്ന് അമ്മ ഞങ്ങൾക്ക് കാണിച്ചു തന്നു. അതു തന്നെയാണ്  അറിഞ്ഞിരിക്കേണ്ട പാഠവും.

Wednesday, October 26, 2022

ഇരുട്ട്

ഇരുട്ടുകാണുവാൻ
ഒരിക്കൽ ഞാനുമെൻ
മരിച്ചൊരച്ഛനും
തിരക്കി യാത്രയായ്. 
കറുത്ത കമ്പളം
പുതച്ചു വന്നൊരാൾ
അവന്നു പേരുമായ്
ഇരുട്ടിതെന്നു ഞാന്‍.
കരഞ്ഞു കണ്ണുകൾ
കലങ്ങി നിന്നവൾ
ഒരുവൾ നെഞ്ചിലെ
ചിത എരിഞ്ഞവൾ.
പതിയെ ഞങ്ങളാ
അരികു പറ്റി കാർ
മുകിലുകൾ മൂടും
മുഖമുയർത്തിയാൾ 
വിശപ്പിതെന്നവൾ
കിതച്ചു, കീറിയോ
രുടുപ്പിൽ തൊങ്ങലായ് 
മുറിഞ്ഞ പാടുകൾ. 
ഇവൾക്കു പോകുവാ
നിടമിതേതു ഞാന്‍ 
അടച്ചു കണ്ണുകൾ 
നിമിഷമച്ഛനും.
ഇരുട്ടു കണ്ടുവോ
തൊടുത്തു ചോദ്യമായ്
എനിക്കൊരത്ഭുതം
ഇരുട്ടു കണ്ടതായ്. 
നടന്നു ഞങ്ങളാ 
പെരുവഴിയതിൽ
ഇരുട്ടിലന്യോന്യം
തിരക്കി ആരൊരാൾ
ഇവൾക്കു താങ്ങുമായ്
ഇരുട്ടുമാത്രമെ
ന്നുറക്കെയച്ഛനും
തരിച്ചു നിന്നു ഞാന്‍.

Wednesday, July 13, 2022

കടൽ

കരയിലെത്തുമ്പോൾ
കടലേ നിന്നെ ഞാന്‍
മറവിയെന്നൊരു
നനവിൽ മൂടുന്നു 
അലകളാൽ നിന്റെ
കരയെടുക്കുന്നു
നിലയെഴാത്തൊരു
നിനവിലാഴ്ത്തുന്നു. 

കരയിലെത്തുമ്പോൾ
നിറയുമുന്മാദ-
ച്ചിറകുകൾ വീശി
കിളി പറക്കുന്നു
ഇനിയുമെത്താത്ത
ഇരുളിനെ നോക്കി
അരുണരാജി തൻ
നിണമൊഴുക്കുന്നു.

കരയിലെത്തുമ്പോൾ
അകലെയാലസ്യ
ചലിത നൗകകൾ
കനവെടുക്കുന്നു
കടലേ നിന്നെ ഞാന്‍ 
കടമെടുക്കുന്നു
അലകളായ് തെന്നി 
സ്വയമൊഴുക്കുന്നു.

Monday, June 20, 2022

അബ്സ്ട്രാക്റ്റ്

മൗനിയായി
ധ്യാനനിമഗ്നനായി
നെരിപ്പോടിൽ ഊതി ഊതി
പരിവർത്തനം ചെയ്യാനുള്ള
ശ്രമത്തിലായിരുന്നു. 
ശ്വാസകോശത്തിൽ
ഒരു പ്രാവ് കുറുകുന്നുണ്ട്.
അശ്രദ്ധ അറിയാതെ വന്നുചേർന്ന
ശീലമായിരിക്കുന്നു,
കണ്ണട എവിടെ
വിശപ്പെവിടെ, രുചി എവിടെ
ഇസ്തിരിയിട്ടോ, അഴുക്കു പിടിച്ചുവോ
വസ്ത്രങ്ങൾ,
മുടി ചീകിയില്ലെന്നത്
ഉച്ചവെയിലിൽ വെന്തു നീറിയ
വിയർപ്പു തുടച്ചപ്പോഴാണ് അറിയുന്നത്.
എന്റെ സുഹൃത്തേ 
ജീവിതം ഒരു കലയാണ്, 
തികച്ചും അബ്സ്ട്രാക്റ്റ്. 
കലയറിയാത്ത നിങ്ങൾ
എങ്ങിനെ അത് ആസ്വദിക്കും.
എനിക്കും എനിക്കും ഇടയിലെ വിടവ് 
കൂടിക്കൂടി വരുന്നു. 
അഴിച്ചിട്ട വസ്ത്രം പോലെ 
തിളച്ചു വറ്റിയ പാത്രം പോലെ 
സ്വയം ശൂന്യമാവുന്നത് ഞാന്‍ അറിയുന്നു. 
ധ്യാനനിമഗ്നനായ ഞാന്‍ 
ഉടഞ്ഞുപോയൊരു പ്രതിമയെ 
സ്വപ്നം കാണുന്നു.
അല്പമൊന്നു ശാന്തമായിരിക്കാമോ എന്ന് ഞാൻ കേണപേക്ഷിക്കുന്നു,
എന്തൊരു ശബ്ദമാണ്,
സൈലന്‍സ്.... 
എന്റെ കഥ എന്റെ മാത്രമാണ്, 
ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയി 
യാതൊരു ബന്ധവുമില്ല.