'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില് നി-
ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "
Monday, October 21, 2024
മൂന്ന് കവിതകൾ
നിന്നെ വറ്റാതെ വേവിക്കുന്നതിലാണ്
എന്റെ ശ്രദ്ധ മുഴുവൻ
വേവൊട്ടും കൂടാതെ ഉപ്പു കൂടാതെ
വാർത്തെടുക്കണം
നിന്നെ തിന്നു തീർക്കുന്നതിലാവും
ഇനി എന്റെ ശ്രദ്ധ മുഴുവൻ.
രണ്ട് :
കുത്തു കൊണ്ടൊരു കടന്നൽ
കരഞ്ഞോണ്ടു പറന്നുപോയി
നങ്ങേലിപ്പശുവിന്റെ കുത്തുകൊണ്ട
അയ്യപ്പേട്ടന്റെ അതേ ഓട്ടം.
മൂന്ന് :
ഭ്രാന്തനായൊരു മരച്ചില്ല
ഒരു കാറ്റിനെ എടുത്തു വട്ടം കറക്കി
കൈകളിലെടുത്തു അമ്മാനമാടി
ദൂരേക്ക് വലിച്ചെറിഞ്ഞു
അത് ചില്ലകളായ ചില്ലകളിലൂടെ
തേഞ്ഞുരഞ്ഞു....
കരഞ്ഞു പോയി.
Sunday, October 20, 2024
പേരുകൾ
ഓർക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്,
എന്റെ ഓർമ്മയുടെ അതിരുകൾക്കപ്പുറം
അവ ഒളിച്ചിരിക്കുന്നു
എങ്കിലും,
അമ്മുവിനെയും അപ്പുവിനെയും
എനിക്കോർമ്മയുണ്ട്
ഞാനവരോടൊപ്പം
കൊത്തങ്കല്ലു കളിച്ചിട്ടുണ്ട്
സാറ്റ് കളിച്ചിട്ടുണ്ട്
ഇന്നും പിടിക്കപ്പെടാതെ
പുള്ളീം പുള്ളീം എവിടെയൊക്കെയോ
ഒളിച്ചിരിപ്പുണ്ട്.
ഞാൻ നിങ്ങളെ അമ്മുവെന്നും അപ്പുവെന്നും
തന്നെ വിളിക്കും
പേരുകൾ ഓർമ്മകളുടെ
അടയാളങ്ങളാണ്
ഒരു പൂവിന്റെ
ഒരു കിളിയുടെ
ഒരു കാറ്റിന്റെ
ഒരു പുഴയുടെ
ഒരു പുൽനാമ്പിന്റെ.......
ഞാൻ തിരിച്ചൊഴുകുകയാണ്.
Thursday, October 3, 2024
കൊതുകുകൾ
കൊതുകിനെ കൊല്ലുക
രസമാണ്.
ആദ്യം, ഹെലികോപ്റ്ററിനു
ഇറങ്ങാൻ സ്ഥലം ഒരുക്കിയതുപോലെ
ഇരുന്നു കൊടുക്കുക,
ശരീരം വല്ലാതെ അയഞ്ഞു കൊടുക്കുക
അവൻ ആടിയുലഞ്ഞു
ഒന്ന് താണു, ഒന്നു പൊങ്ങി
പിന്നെയും താണു
നിലം തൊടും,
മുൾമുനകൾ
പതുക്കെ ഉള്ളിലേക്കാഴ്ത്തും,
ചിറകുകൾ കുടഞ്ഞുടുക്കും.
നിങ്ങളുടെ മനസ്സ് അറിയുന്ന
സിദ്ധനാണവൻ,
നിർമ്മമനായി നിർവ്വികാരനായി
ഇരുന്നുകൊടുക്കുക,
നിങ്ങളുടെ ചോര അവന്റെ
ഉള്ളിലേക്ക്
പോകുന്നതറിയണം,
ഹൊ! ചോരയുടെ ഭ്രാന്തമായ രുചി,
പാട്ടുകളുമായി
അവൻ വീണ്ടും മൂളിപ്പറക്കും.
മരണം ആഹ്ലാദമാകുന്ന സമയം,
എന്നു സ്വപ്നം കാണാൻ വരട്ടെ.
നിങ്ങളുടെ കണക്കുകൂട്ടലുകളിലാണ്
പ്രശ്നം,
കണക്കില്ലാതൊരു വിജയം ഇല്ല.
എല്ലാ കണക്കുകൂട്ടലുകളും
ശരിയാകുമ്പോൾ
നിങ്ങളുടെ ചോരയിൽ
അവന്റെ ശരീരം
അരഞ്ഞു കിടക്കും.
എങ്കിലും, പിന്നെയും
തലയ്ക്കു മുകളിൽ
ഹെലികോപ്റ്ററുകൾ
പറന്നുകൊണ്ടേയിരിക്കും.
Tuesday, October 1, 2024
രണ്ടുപേർ
കരയിൽ ഞങ്ങളിരുന്നു
രണ്ടുപേർ
ഇരുളിന്റെ കലക്ക വെള്ളവും
കാൽ വിരലിൽ തൊട്ടു നനഞ്ഞു
രണ്ടുപേർ.
മിഴി തന്റെ വെളിച്ച മാത്രയിൽ
കഥ വായിച്ചു രസിച്ചു
രണ്ടുപേർ
മൊഴി ചുണ്ടിലുറഞ്ഞു, ചുംബന
ച്ചുടുനീരാലലിയുന്നു
രണ്ടുപേർ
തുഴ പോയൊരു വഞ്ചി, നെഞ്ചിലെ
ചുഴിയിൽ പെട്ടു വലഞ്ഞ
രണ്ടുപേർ
ഇഴകീറിയ മട്ടിൽ പാവുകൾ
ക്കിടയിൽ തൊട്ടു പടർന്നു
രണ്ടുപേർ
അഴലിന്റെ മനസ്സു കണ്ടവർ
ഇടയിൽ ഞങ്ങളിരുന്നു
രണ്ടുപേർ
അറിയുന്നു പരസ്പരം കഥാ
ഗതിതന്നിലനാഥ ജാതികൾ.