'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Monday, May 17, 2010

വേനല്‍

ഓര്‍മ്മയുണ്ടാം നിനക്കന്നു തമ്മിലായ്
ഏറെ മിണ്ടാന്‍ കൊതിച്ചിതെന്നാകിലും
ദൂരമുണ്ടാ വഴിക്കന്നു, വേനലിന്‍
കാതമെത്ര കടന്നു നാം മൂകരായ്.

ഓര്‍മ്മയുണ്ടാം ഇടയ്ക്കെങ്കിലും ചില
വേദനപ്പാടൊളിപ്പിച്ച കല്‍വഴി
കാരമുള്ളുകള്‍ കുത്തി നോവിച്ചൊരാ
നീറുമോര്‍മ്മ തിരുത്തുവതെങ്ങിനെ.

ഓര്‍മ്മയുണ്ടാം, വരണ്ട പാടം കട-
ന്നാല്‍ മരത്തണല്‍, മേലേ കിളി കള
കൂജനം പാടിയെന്തായിരുന്നു, നാം
നാളതെത്ര തിരഞ്ഞുവെന്നാകിലും.

ഓര്‍മ്മയുണ്ടാം ഒരിക്കല്‍ നാമന്യോന്യ-
മോതിയെന്തോ, കടത്തു വഞ്ചിക്കിനി
നേരമെത്ര കടക്കണം , ജീവിത-
പ്പാലമെത്താന്‍ തിടുക്കമാര്‍ന്നെങ്കിലും.

ഓര്‍മ്മയുണ്ടാം , വഴിയെവിടേ വെച്ചു
കീറി രണ്ടായ് മുറിഞ്ഞു , നിണമണി-
ഞ്ഞേറെ വേനല്‍ കടന്നു, വിജനമീ
വീഥിയെത്ര മുഖങ്ങള്‍ കവര്‍ന്നൂ.

ഓര്‍മ്മയുണ്ടാം ഇടയ്ക്കെങ്കിലും, ജനല്‍
പാളി നീക്കിക്കടന്നു വരാം വെയില്‍
കാളിടും കൊടും വേനലായെപ്പൊഴും
നാമിടയ്ക്കാ കനല്‍ വഴി താണ്ടുവാന്‍.

No comments:

Post a Comment