'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Saturday, October 24, 2020

നിങ്ങളിൽ ഒരാൾ

ഇല്ല, ഞാനില്ല

ജീവിതത്തിന്റെയീ
തെല്ലിൽ കണ്ണിമ
പൂട്ടി നില്ക്കുന്നു ഞാൻ.
 
എന്തു കാണ്മൂ , ഇരുട്ടു വെട്ടത്തിലായ്
കല്ലുരുട്ടിക്കളിക്കുന്നു കുട്ടികൾ.
ഒന്നൊരല്പമിടമെനിക്കും കൂടി
നിങ്ങളിൽ ഒരാളാവട്ടെയെന്നു ഞാൻ.
കണ്ണു പായുന്നു, കല്ലു വന്നെന്റെ
നെഞ്ചിലെക്കൂടു ചിന്നിച്ചിതറുന്നു.
പൂക്കൾ
പൂമ്പാറ്റ
പുള്ളിപ്പറവകൾ
ചോറ്റുപാത്രത്തിൽ
ചോണനുറുമ്പുകൾ
ഒക്കെ വീണുടഞ്ഞെങ്കിലും പൂട്ടിയ
കണ്ണുവെട്ടം തുറക്കുകയില്ല ഞാൻ.
 
എന്തു ദുഃഖം!
 
ഇരുളിന്റെ താഴുകൾ
തള്ളി നീക്കിത്തുറക്കുന്ന നാളെയിൽ
നിങ്ങളിൽ ഒരാൾ
ഞാനെന്നുറക്കെയാർ ചൊല്ലുമത്ര-
യുറക്കെ ഞാനും വരും.

No comments:

Post a Comment