'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍ നി-
ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "
Sunday, March 14, 2010
പുഴ
എത്രയോ ചോദ്യങ്ങള്‍, ഉത്തരങ്ങളും പിന്നെ
എത്രയോ പൂരണം ചെയ്യേണ്ടുന്നതാം സമസ്യകള്‍
ഇത്തിരി നേരം കൂടിത്തന്നിടാമെനിക്കെങ്കില്‍
മല്‍ച്ചെറു ലോകത്തിന്റെ കയ്പുനീര്‍ പകര്‍ന്നീടാം
സ്വച്ഛമായ് നമുക്കല്പമിരുന്നീ മണല്‍ത്തട്ടില്‍
തുച്ഛമാം ജീവല്‍ക്കാല ചിത്രമാലേഖ്യം ചെയ്യാം
സ്വര്‍ഗ്ഗ ചാരുത തന്റെ പെരുമ പകര്‍ന്നൊരീ
മണ്ണിലെ ഞരമ്പിലൂടല്ലിന്‍ നീരോട്ടം കാണാം
കണ്ണുനീരല്ല, കാലം തള്ളിടാന്‍ നമുക്കല്പമെങ്കിലും
ഗംഗാതീര്‍ത്ഥം ഓര്‍ത്തുവെച്ചില്ലെന്നാലും
ഇന്നൊരീ മണല്‍പ്പരപ്പെന്റെയും, നിന്റേതുമാം
നഷ്ടസ്വപ്നത്തിന്‍ ചിതാകുണ്ഡമായെരിഞ്ഞിടും.
ഒന്നു നീയോര്‍ത്തേ നോക്കു, ജീവിതം മറന്നിട്ടോ
നമ്മളില്‍ സംഗീതത്തിന്‍ ലാളനമണഞ്ഞിട്ടോ
ഈവിധം ജരാനര പടര്‍ന്നീ പുഴവക്കില്‍
ജീവിതം ഒഴുക്കുവാന്‍ നമ്മളിങ്ങണയുമ്പോള്‍
കാലമേ മറക്കുവാനാവുകില്ലെനിക്കെന്റെ
കാതിലെ കിലുക്കങ്ങളീപ്പുഴ തന്റേതല്ലേ!
കാലടിപ്പാടാല്‍ പുഴയലകള്‍ രചിക്കയോ
കാളിടും ചൂടാല്‍ കാറ്റു തീമഴ പൊഴിക്കയോ
വിണ്ടുകീറിയും വിരിമാറു കുത്തിക്കോരിയും
മണ്ണിലീ പുഴ പോലെ നമ്മളും മരിക്കയോ!
യാതനാഭരമല്ലൊ ജീവിതം, യവനിക
തെല്ലു ചാഞ്ഞിടുമ്പൊഴീ യാഗഭൂമിയില്‍ നമ്മള്‍
ഏകരായല്ലൊ, പുഴയേറെ മാറിയോ വഴി
നമ്മളിന്നറിയാതെ പുഴതന്നില്‍ നാമലിഞ്ഞുവോ!
Subscribe to:
Post Comments (Atom)
No comments:
Post a Comment