പകരാന്‍ വയ്യ, പാഞ്ഞു കയറും വാക്കാലെന്റെ
ഹൃദയം മുറിക്കാതെയനുജാ ,നീറ്റും ഈര്‍ച്ച-
പ്പൊടിയില്‍ പിടക്കേണ്ടതല്ലയീ ജന്മം, നമ്മ-
ളറിവാല്‍ മറക്കേണ്ടതല്ലയീ മഹാവൃക്ഷം.
ഹൃദയം പിടക്കുന്നു, നിന്റെ വാക്കിലെ സ്നേഹ-
മലിവും വറ്റിപ്പോയിതെന്നു തോന്നിടും, തെറ്റും
ശരിയും തമ്മില്‍ തമ്മിലിടയും മഹോന്നത
ഹൃദയം പേറും സഹജീവികളല്ലോ നമ്മള്‍.
മറവിക്കൂട്ടില്‍ നമ്മളൊരു തീക്കാലത്തിന്റെ
പുലരിച്ചെന്താമര വിരിയിച്ചെടുക്കുമ്പോള്‍
കഠിനം തന്നേ യാത്ര, തലയില്‍ തീനാമ്പുകള്‍
തണലായ് നമുക്കന്നീ കിഴവന്‍ മരം മാത്രം.
കിളികള്‍ വിരുന്നുകാരായില്ല നമുക്കേതു
തണലിന്‍ തുരുത്തുകള്‍ ഓര്‍ക്കുവാനായിട്ടില്ല
വരളും ഹൃദയത്തിനോമനിക്കുവാനാദ്യ-
മധുരം കനിഞ്ഞതുമീ മധുഫലം തന്നെ.
കളികള്‍, കളിത്തൊട്ടിലാടുവാന്‍ നമുക്കന്നാ
തളരും കയ്യാലെത്ര വേദന സഹിച്ചില്ല!
പ്രണയം തന്നേയെനിക്കവനോടൊരേ വീര്‍പ്പില്‍
പറയാനരുതാത്ത ജീവിത ബന്ധം സത്യം.
ഉയരം കരേറുവാന്‍ ഭയമാണെനിക്കിന്നീ
ഉലകിന്നുദാത്തമാം സ്നേഹമാണഭികാമ്യം
പ്രിയമോടവന്റെയീ ശിഷ്ടകാലത്തെ നമ്മള്‍
പ്രചുരസ്നേഹത്തിന്റെ ശാന്തിയാല്‍ നിറച്ചാലും.
No comments:
Post a Comment