കുട്ടികൾ ഊമന്താടികൾ പോലെയാണ്. കാറ്റിന്റെ വഴിയേ പാറിയങ്ങനെ നടക്കും. കണ്ട മാവിലൊക്കെ കല്ലെറിയും കശുമാവണ്ടിയുടെ ചുണ തട്ടി ചുണ്ട് വീർക്കും, കണ്ട തോട്ടിലൊക്ക ചാടും, ഷർട്ടൂരി മീൻ പിടിക്കും, വെള്ളത്തിൽ പുല്ല് പറിച്ചിട്ട് അതിനിടയിൽ വരുന്ന കുറുമ്പാട് എന്ന മീനെ പിടിക്കലായിരുന്നു ഏറ്റവും രസം. പിന്നെ കീശ നിറയെ കശുവണ്ടി, പളുങ്ക്, എലിഞ്ഞിക്കായ, പമ്പരം... മുതൽ കടലമണിവരെ കുട്ടിയുടെ വേൾഡ് ബാങ്കായിരുന്നു ട്രൗസറിന്റെ കീശ. കുടുക്കില്ലാത്ത ട്രസറും. എന്തു ലോകം, അല്ല എന്തു നല്ല ലോകം!
എന്റെ മേശവലിപ്പു നിറയെ പളുങ്കുകൾ ഉണ്ടായിരുന്നു. ഫിക്സഡ് ഡെപ്പോസിറ്റ് രശീതി കാണുന്നൊരു സന്തോഷം ആയിരുന്നു അന്ന്. ഒരിക്കൽ അടുത്തുള്ള രണ്ടു കൂട്ടുകാർ വിരുന്നു വന്ന ഒരു ചെക്കനെ കൂട്ടി വന്ന് സ്നേഹത്തിൽ കളിക്കാൻ വിളിച്ചു. അവൻ ഒരു ഭീകരനായിരുന്നു. ഓരോ തവണ തോൽക്കുമ്പോഴും ഞാന്‍ വാശിക്ക് കളിച്ചു. അവർ മൂന്നാൾ, ഞാൻ ഒറ്റക്ക്. എന്റെ മേശവലിപ്പിൽ ഒന്നിന്റെയും രണ്ടിന്റെയും ചില്ലിക്കാശുകൾ മാത്രം ബാക്കി. അവസാനം അവർ സഞ്ചി കൊണ്ടുവന്ന് എന്റെ പളുങ്കുകൾ കൊണ്ടുപോയി. ആ തോൽവിയുടെ അഘാതം എന്നെ ചിലതൊക്കെ പഠിപ്പിച്ചു. എതിരാളിയുടെ ശക്തി അറിയാതെ ഒന്നിനും ഇറങ്ങി പുറപ്പെടരുത്, ഒന്നും ശാശ്വതമല്ല, നഷ്ടപ്പെട്ടതിനെ ഓർത്ത് ദുഃഖിക്കരുത്. 😀
അക്കാലത്ത് സ്കൂളില്‍ പോകുന്ന വഴിയിൽ വാഴക്കുളം അമ്പലത്തിന്റെ അടുത്ത് ഒരു വീടിന്റെ മുന്നിലെ കുറ്റിക്കാട്ടിൽ ഒരു വെളുത്ത കായ ഞങ്ങൾ കണ്ടെത്തി. അതായിരുന്നു പൂച്ചപ്പഴം. അന്ന് അമൃതിന്റെ രുചി. പിന്നീട് ആ വഴിയിലൂടെ പൂച്ചപ്പഴം ആശിച്ചുള്ള എത്രയെത്ര യാത്രകൾ. ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ട, രുചിച്ച പൂച്ചപ്പഴം ഒരു നൊസ്റ്റാൾജിയ ആയി ഇന്നും മനസ്സിൽ തുടരുന്നു.
No comments:
Post a Comment