രാവുണ്ണിക്കോളേജെന്ന സ്നഹവിദ്യാലയം. എല്ലാ ടീച്ചര്‍മാരും അമ്മമാരെപ്പോലെ, വിദ്യാർത്ഥികളായ ഞങ്ങൾ മക്കളെപ്പോലെ.
ചുറ്റും കുറുക്കനും പാമ്പും പഴുതാരയും ലോകം പങ്കിട്ടെടുക്കുന്ന കോങ്ങാട്ടിക്കാടിന്റെ വന്യത. വേനലിൽ വെള്ളരിയും കുമ്പളവും കക്കരിയും മത്സരിച്ച് പടർന്നു കയറിയ പുഞ്ചനിലങ്ങൾ. പാടത്തൂടെ നടക്കുമ്പോൾ എള്ളുമണം കൊതിപ്പിച്ച ഒറ്റയടിപ്പാതകൾ. നീർക്കോലിയും പൂച്ചൂട്ടിയും ബാല്യവിസ്മ- യങ്ങളായ കലുങ്കുകൾ. അരയോളം നനഞ്ഞു കയറുന്ന സ്കൂൾ യാത്രകൾ. ജീവിതത്തിന്റെ ലാവണ്യം മുഴുവൻ നെഞ്ചേറ്റിയ ഇന്നലെയുടെ ബാക്കിപത്രങ്ങൾ.
സ്കൂളിൽ നിന്നു നോക്കിയാൽ കാണുന്ന അമ്മയുടെ ശാന്തി ഹോമിയോ ക്ലീനിക്ക്.
ഉച്ചക്ക് വിട്ടാൽ ഓടി അമ്മേടെ അടുത്തെത്താം. അന്ന് ഇല്ലായ്മയറിയിക്കാതെ അമ്മ വാരിത്തന്ന ചോറിന്റെ ഉച്ചമണം.
ഹാ ജീവിതമേ... തോല്‍വിയുടെ നെടുമ്പാതകളിൽ നന്നാറി സർബത്തിന്റെ ആശ്വാസമായ തണൽപ്പന്തലുകൾ.
അമ്മ ആരെങ്കിലും പിച്ചക്കാർ വന്നു വിശക്കുന്നെന്ന് പറഞ്ഞാൽ അമ്മേടെ ചോറെടുത്തു കൊടുക്കും, എന്നിട്ട് വിശക്കുന്നില്ല എന്നു പറയും. ഉച്ചക്ക് വിട്ടു വന്നപ്പോൾ അമ്മക്ക് ചോറില്ല. ഞാന്‍ ഓടി, വീട്ടിലേക്ക്. ഇന്നത്തെ ലെമർ സ്കൂളിന്റെ അടുത്താണ് വീട്, ആ കഥ പിന്നെ. നല്ല മഴയാണ്. അമ്മാമേടെ കയ്യീന്ന് ചോറ് വാങ്ങി തിരിച്ചോട്ടം. അന്ന് തൃപ്രയാറിൽ കണ്ണു വൈദ്യശാല എന്നൊരു കട ഉണ്ടായിരുന്നു. ആ കെട്ടിടത്തിലെ ഒരു വാച്ചുകടയുടെ മുറ്റം സിമന്റിട്ടതായിരുന്നു. ഓട്ടം പിഴച്ചു. തറയിൽ വഴുക്കി വീണു. ചോറാകെ ചിതറി. മഴയിൽ ചെളിയിൽ നനഞ്ഞൊട്ടിയ ഞാന്‍. ലോകം മുഴുവൻ നഷ്ടമായ സങ്കടം. കണ്ണീരിന്റെ ഏങ്ങലുകൾക്കിടയിലെ ചില സാന്ത്വനങ്ങൾ. ഉള്ളിൽ അമ്മയുടെ മുഖം. സാരമില്ലെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു തന്ന ഉമ്മ.
ആത്മാന്വോഷണത്തിന്റെ ഏകാന്തശൈലങ്ങൾ കയറുമ്പോൾ ചില പുൽക്കൊടികൾ പിടിച്ചുകയറാൻ ഉരുക്കുവടങ്ങളാവും, എങ്കിലും കഥയിൽ സ്വയം നഷ്ടമാവും!
No comments:
Post a Comment