എന്റെ കുട്ടിക്കാലത്ത് കണ്ടൻ എന്നും കാളി എന്നും പേരുള്ള ദമ്പതികള്‍ വീടിനടുത്ത് താമസിച്ചിരുന്നു. പണ്ടുപണ്ടേ അവരുണ്ടായിരുന്നു എന്നും ലോകം തുടങ്ങിയതു തന്നെ അവരിലൂടെ ആയിരിക്കുമെന്നും ഞാന്‍ കരുതി. കണ്ടന് വേഷം മുണ്ടും തോളിലൊരു തോർത്തുമുണ്ടും. കാളിക്ക് മുണ്ടും ചുവന്ന ജാക്കറ്റും. അലക്കി വെളുപ്പിച്ച് നല്ല വൃത്തിയിലേ നടക്കൂ രണ്ടാളും, മുഖത്തെപ്പോഴും അലക്കിവെളുപ്പിച്ച ചിരിയും. രണ്ടാളും നന്നായി മുറുക്കും, എപ്പോഴും വായിലുണ്ടാവും. രണ്ടാൾക്കും പഞ്ചായത്തുപണി (റോഡൊക്കെ അടിച്ചുവാരൽ മുതലായവ) ആയിരുന്നെന്ന് ഓർമ്മ.
എന്നും ഇണകളായി പാടവക്കിലൂടെ ചിരിച്ചും പറഞ്ഞും അവരിങ്ങനെ നടന്നു പോവും. വൈകുന്നേരം തിരിച്ചും. എന്റെ മനസ്സിലെ സ്നേഹഭാവന ഉരുത്തുരിയുന്നത് അവരിലൂടെ ആയിരുന്നു. ജീവിതമെന്ന എന്റെ ശുഷ്കഭാവനയിൽ ആദവും ഹവ്വയുമായി അവരിന്നും ജീവിക്കുന്നു.
എട്ടുകാലി മമ്മൂഞ്ഞും മണ്ടൻ മുത്തപയും ആനവാരിയും പൊൻകുരിശും.. ഒക്കെ മനസ്സിൽ കയറിക്കൂടുന്നതിനു മുന്നേ ചില കഥാപാത്രങ്ങൾ ഉള്ളില്‍ കയറിക്കൂടിയ കാലം. ഹലോ അച്ഛനും, വെരിബിസിയും, കംപ്രഷനും, അമ്പതും, കരിങ്കണ്ണനും, ഇടിയനും....... ഒക്കെ കളം നിറഞ്ഞാടിയ കുട്ടിക്കാലം. ഒരാൾക്കൊരു പേരുവരാൻ ഒരു നിമിഷം മതി, എത്രയെത്ര രസകരമായ കഥകൾ. ആദ്യമായി മദിരാശിയിൽ പോയി രണ്ടു ദിവസം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ വഴിയിൽ അച്ഛനെ കണ്ടു 'ഹലോ അച്ഛന്‍' എന്നു സംബോധന ചെയ്ത മകൻ. അന്നുമുതൽ ആ പാവം ഹലോ അച്ഛനായി അറിയപ്പെടുകയും ചെയ്തു. ഈ നാട്ടുമ്പുറത്തിന്റെ ഒരു കാര്യം. 😊
സകലമാന കാര്യങ്ങളിലും ഇടപെട്ട് വെരിബിസിയായി ഒട്ടും ബിസിയല്ലാത്ത വെരിബിസി. ഇവരെക്കുറിച്ചെല്ലാം എഴുതാൻ നമുക്കൊരു ബഷീറില്ലാതെ പോയല്ലോ എന്ന നിർഭാഗ്യം.
സമാനതകളില്ലാത്ത സ്നേഹത്തിന്റെ വിളക്കുമാടം ആയിരുന്നു ഗ്രാമം. പെങ്ങളോട് വൃത്തികേട് പറഞ്ഞ തെമ്മാടിയെ രക്ഷിക്കാന്‍ രാത്രിക്ക് രാത്രി ട്രെയിന്‍ കയറ്റി വിടുന്ന നാട്ടുമ്പുറത്തിന്റെ നിഷ്കളങ്കത, എന്നെങ്കിലും നന്നാവും എന്ന ശുഭാപ്തി വിശ്വാസം. നാട് വികസിക്കുമ്പോൾ നഷ്ടമായിപ്പോയ എത്രയെത്ര കഥകളും കഥാപാത്രങ്ങളും!
No comments:
Post a Comment