'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍ നി-
ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "
Monday, July 5, 2021
Tuesday, June 29, 2021
അമാവാസി
കാറിനെന്തേ ചേറ് മണം
കാറു കൊണ്ട കാററിനെന്തേ
ചാവു തീണ്ടും തൊണ്ടു മണം
കൈതോല ചേല ചുററി
തൈ മുല്ല പൊട്ടു കുത്തി
ചേലൊത്തൊരമ്പിളിപ്പെ-
ണ്ണെങ്ങു പോയി, കണ്ടതില്ല
കൊന്നതാണോ ചത്തതാണോ
പേമഴയിൽ മുങ്ങിയാണ്ടോ
കണ്ടവന്റെ മുണ്ടകത്തിൽ
പൊന്തിയെന്നോ പെണ്ണു പാവം
കണ്ണിലില്ല വെള്ളി വെട്ടം
കാതിലില്ലാ മുല്ല മൊട്ടും
ഏറുമാടം ചോർന്നൊലിച്ചു
കാളി നെഞ്ചത്താഞ്ഞടിച്ചു
ആരാന്റെ അമ്മമാർക്ക്
പ്രാന്തെടുത്താൽ എന്തു ചന്തം
പൊന്നു കൊണ്ട് മൂടി വിട്ട
പെണ്ണിനെന്തു പററി പാവം
കണ്ണു കൊണ്ടോ രാവിറമ്പിൽ
കാളമേഘം കൊണ്ടു പോയോ
കണ്ടവന്റെ ആട്ടുകൊള്ളാൻ
എന്തിനായി പോയി നീയും
പെണ്ണു കണ്ട കണ്ണു കൊണ്ട്
കണ്ട ലോകം എന്തു ചന്തം
പെണ്ണു ചൊന്ന വാക്കിനുള്ളിൽ
കൊണ്ട സ്നേഹം എന്തനന്തം
എങ്കിലും നീ കൊണ്ടു പോയി
കൊന്നു തിന്നോ പെൺകൊടിയെ
തെണ്ടി നിന്നെ തൊണ്ടു തല്ലി
തന്നെയിന്നീ കാറു നീക്കും
പെണ്ണിരിക്കും നാട്ടിലല്ലോ
വാക്കു പൂക്കും തേനരിക്കും
പെണ്ണൊരുക്കും വീട്ടിലല്ലോ
കൊണ്ട ദൈവം വന്നിരിക്കും.
Wednesday, June 2, 2021
വെള്ള
ആശയാണ്
ആശ്രയവുമാണ്,
ശൂന്യതയിലെ വിശുദ്ധി!
പ്രപഞ്ചത്തിന്റെ നിറം
വെള്ളയാണെന്നറിഞ്ഞപ്പോൾ
ചോദ്യങ്ങളെ ചുമരിലേററാൻ
കണ്ട സ്വപ്നങ്ങളും
പറഞ്ഞ കഥകളും
വരച്ച ചിത്രങ്ങളും
നടന്ന വഴികളും
ഞാനും നീയും....
വരി നിന്നു.
ഞാനും നീയും പരസ്പരം മായ്ക്കാതെ
കിനാവുകള്‍ കണ്ടു,
എനിക്കൊരു കാർമേഘവും
നിനക്കൊരു തടാകവും
എങ്ങനെ വരക്കും
സ്വപ്നത്തിലെ ആന്തൂറിയം
എവിടെ പൂക്കും!
എങ്കിലും
നീ എവിടെയോ ഉണ്ട്, ഞാനും!
വെള്ളയുടെ വിശുദ്ധിയില്‍
അടയാളപ്പെടുത്താൻ
മറന്നു പോയി,
സത്യം.
Saturday, May 29, 2021
പുഴ നടത്തം
Sunday, February 14, 2021
അടുക്കം
ഇത്തിരി നടക്കണം
നമ്മളിന്നൊരുമിച്ചാ
തിണ്ണയില്‍
മടിത്തട്ടില്‍
മൗനത്തില്‍
ഓളങ്ങളില്‍.
ഇന്നലെ പൂത്ത
നിന്റെ ചെമ്പകം
ഇലക്കിടെ
നെഞ്ചിലെ കൂടൊന്നില്‍ നീ
വിരിച്ച പകല്‍ത്തുടം.
തന്നു പോയ്
സന്ധ്യാമൂകമാരുതന്‍
കവര്‍ന്ന നിന്
കണ്ണിലെ ചെടിപ്പുകള്‍,
പൂവിലെ തേൻതുള്ളികള്.
കളിയായ് അടക്കുന്നേന്‍
കണ്ണുകള്‍
എനിക്കല്പം മയക്കം,
നിന്നോടൊപ്പമെന്റെയീ
നിഴല്‍ തേറ്റം.
എനിക്കും നിനക്കുമായ്
പകുക്കാനില്ലാ
നമ്മളൊരുക്കും മഹാകാവ്യ
മുള്ളിലെ പുകില് മണം.
Monday, February 8, 2021
ഏറ്റവും ദുഃഖം
ഏറ്റവും ദുഃഖമെന്തായിരുന്നു!
ജീവിതം
തോറ്റിടുന്നതാണേറ്റവും ദുഃഖം,
തോറ്റു നിന്നിലേക്കെത്തിനോക്കുമ്പോൾ
ചാറ്റലുള്ളിൽ,
മഴയായി ദുഃഖം.
ആരടച്ചു പടിവാതിലുള്ളിൽ
ആരിരുട്ടിൻ ഇടപൂണ്ടൊളിച്ചു
ആർത്തിരമ്പും കടലായി ദുഃഖം
ആർപ്പിടുന്നു നിലവിളിയുച്ചം .
തീ പിടിക്കും
തലയോട്ടിനുള്ളിൽ
നീ തുരക്കും
ഇരുട്ടായിരുന്നും
പേപിടിക്കാനുറക്കെച്ചിരിക്കാൻ
ഈയിറക്കം
കൊടും കുത്തിറക്കം.
ആരുറങ്ങാതിരിക്കുന്നിതുള്ളിൽ
ആരൊളിച്ചു കളിക്കുന്നിതുള്ളിൽ
ആതുരമീ നിമിഷങ്ങളെപ്പോൽ
ഭീതുരം നീയൊളിക്കുന്നു നിന്നിൽ.
ഏറ്റവും ദുഃഖമെന്തായിരുന്നു!
കൂർത്ത മുള്ളാൽ
കടന്നലിൻ കൂട്ടം ....
(ഓർക്ക വയ്യ )
മടുപ്പാണു സത്യം
ചേർത്തു വെച്ച
കറുപ്പാണു ചിത്രം!