'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍‍ നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Tuesday, October 1, 2024

രണ്ടുപേർ



പകൽ ചെന്തീയണച്ച സന്ധ്യ തൻ
കരയിൽ ഞങ്ങളിരുന്നു
രണ്ടുപേർ
ഇരുളിന്റെ കലക്ക വെള്ളവും
കാൽ വിരലിൽ തൊട്ടു നനഞ്ഞു
രണ്ടുപേർ.
മിഴി തന്റെ വെളിച്ച മാത്രയിൽ
കഥ വായിച്ചു രസിച്ചു
രണ്ടുപേർ
മൊഴി ചുണ്ടിലുറഞ്ഞു, ചുംബന
ച്ചുടുനീരാലലിയുന്നു
രണ്ടുപേർ
തുഴ പോയൊരു വഞ്ചി, നെഞ്ചിലെ
ചുഴിയിൽ പെട്ടു വലഞ്ഞ
രണ്ടുപേർ
ഇഴകീറിയ മട്ടിൽ പാവുകൾ
ക്കിടയിൽ തൊട്ടു പടർന്നു
രണ്ടുപേർ
അഴലിന്റെ മനസ്സു കണ്ടവർ
ഇടയിൽ ഞങ്ങളിരുന്നു
രണ്ടുപേർ
അറിയുന്നു പരസ്പരം കഥാ
ഗതിതന്നിലനാഥ ജാതികൾ.

Tuesday, September 10, 2024

പൂപ്പാട്ട്


ഓണത്തിനു നീ വരുമോ
പൊന്നോണത്തിനു പൂ തരുമോ
നാണത്തിലൊളിക്കും തുമ്പ
പ്പൂവേ നീ പോയെവിടേ

ചിങ്ങത്തിലെ ചിന്തേടുകളിൽ
ചന്തത്തിലുറങ്ങുകയോ
ഇന്നെന്റെ പൂപ്പാലികയിൽ
വെൺ ചാരുത നീ തരുമോ

കാലത്തേയുണ്ണികൾ കളിയാൽ
പൂവട്ടികൾ കയ്യിലുമായ്
നീ തൊട്ടുലകാകെയുണർന്നൂ
പൂവ്വെത്ര! നിറങ്ങളുമായ്

പൂ നുള്ളി പൂമഴയുള്ളിൽ
പൊന്നോണപ്പാട്ടുകളായ്
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി നീ പൂവേ.

Monday, August 12, 2024

രാമായണം ഒരു ഹ്രസ്വാവലോകനം

 രാമായണം വായിക്കേണ്ട പുസ്തകം ആണോ? ചോദ്യം ആരോടാണ്! എന്നോട് തന്നെ. അവനവനോട് തന്നെ ചോദിക്കുന്നതാവും സംശയ നിവാരണത്തിന് നല്ല മാർഗ്ഗം. നമ്മുടെ അദ്ധ്യാപകൻ നമ്മൾ തന്നെ ആണ്.


നിശ്ചയമായും വായിക്കേണ്ടതാണ്. രാമായണത്തിന് ഭക്തിയുടെ ഒരു പുറം ചട്ട ഇല്ലെങ്കിൽ അത് ചപലൻ ആയ ഒരു രാജാവിന്റെ കഥ മാത്രം ആണ്. നിരന്തരമായ വായനയിൽ ആദ്യം രാമനോടുള്ള ഭക്തി പോവും. അപ്പോൾ കരുതും സ്വന്തം ഭാഷ എങ്കിലും വിപുലീകരിക്കപ്പെടുമല്ലോ എന്ന്. പിന്നെ പിന്നെ എഴുത്തച്ഛനോടുള്ള ബഹുമാനം പോവും. അവസാനം രാമായണം വെറും കോമിക് മാത്രം ആവും. എങ്കിലും അത് എഴുതിയ കാലഘട്ടത്തിലെ എഴുത്തച്ഛന്റെ ഭാഷാ നൈപ്പുണ്യം അത്ഭുതാവഹം ആണ്. കൂടാതെ, സമൂഹത്തെ ജാതി വ്യവസ്ഥയിൽ രണ്ടായി ഭാഗിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ഒരു എഴുത്തുകാരന് സവർണ്ണ പ്രശംസ ഇല്ലാതെ പിടിച്ചു നിൽക്കാൻ ആയെന്നു വരില്ല.
രാമായണം അടിമുടി വായിച്ചാൽ നീതിയുടെ ഒരു കണിക അതിൽ കാണില്ല. സർവത്ര അനീതി മാത്രം.
എന്നിട്ടും താങ്കൾ എന്തിനാണിത് വായിക്കുന്നത്? ഞാൻ ഭാഷയുടെ സൗന്ദര്യം ആദ്യമായി ആഘോഷിച്ചത് രാമായണത്തിലൂടെ ആയിരുന്നു. ഇന്നും ചില വരികളുടെ ഭംഗി ഹൃദയം ആഘോഷിക്കുന്നുണ്ട്. പല കാവ്യ ചർച്ചകളിലും മികച്ച കാവ്യങ്ങളെ കുറിച്ച് പറയുമ്പോഴും ഒരാളും രാമായണം പറയാറില്ല. കുമാരസംഭവവും കരുണയും ലീലയും സഹ്യന്റെ മകനും കണ്ണുനീർതുള്ളിയും.. ഒക്കെ ചർച്ചയാവുമ്പോൾ രാമായണം മാറ്റിവെക്കപ്പെട്ടു. എന്തുകൊണ്ട്? അന്നൊക്കെ എനിക്കതിൽ എതിർപ്പ് തോന്നിയിരുന്നു. ഇന്ന്, ഒട്ടും അത്ഭുതം ഇല്ല എന്ന് തോന്നുന്നു. രാമായണം എങ്ങിനെ എഴുതപ്പെട്ടു? കരുണയാണ് അതിന്റെ മൂലം. സർവ്വമാന ജീവജാലങ്ങളിലും ഉള്ള കരുണ. അമ്പേറ്റു വീണ കിളിയെ കണ്ട ഇണയുടെ കണ്ണീരിൽ നനഞ്ഞു എഴുതിയ കൃതി ആണ് എന്നാണ് നമ്മൾ അതിനെ ഉദ്ഘോഷിക്കുന്നത്. പക്ഷെ കരുണ എവിടെ. കരുണ തിരഞ്ഞു അവസാനത്തെ പേജും തീരുമ്പോൾ സ്വയം പറയും, മാനിഷാദ.

എനിക്ക് എന്റെ സുഹൃത്തുക്കളോട് ഒന്നേ പറയാൻ ഉള്ളു, രാമായണത്തെ നിങ്ങൾ ഒരു സാഹിത്യകൃതി ആയിട്ട് സ്വീകരിക്കുക. ഭക്തിക്കുതകുന്ന ഒന്നും തന്നെ നിങ്ങൾക്കതിൽ നിന്നും ലഭിക്കില്ല. അപ്പോൾ നിങ്ങൾക്ക് എത്രയോ മെച്ചപ്പെട്ട രീതിയിൽ അതിനെ ഉൾക്കൊള്ളാനും വിമർശിക്കാനും സാധിക്കും. 

Friday, July 12, 2024

ഗുഡ് ബൈ

ഇന്ന്
ജൂലായ് 12
ചായ സമയം
വേനൽച്ചൂട് ചില്ലുജാലകത്തിനപ്പുറം
അകത്തേക്ക് കൊതിയോടെ നോക്കി.
എന്തൊരു ചായ ആണിത്,
അടുത്തിടെ ഒരാൾ
നല്ല ചായ എങ്ങനെ ഉണ്ടാക്കാം
എന്ന് പഠിപ്പിക്കുന്നത് കണ്ടു.
നല്ല ചായ കുടിക്കാത്ത
ഞങ്ങളെ കുറിച്ചുള്ള അതൃപ്തി
ആ വാക്കിലൂടെ വായിക്കാം.
വടയ്ക്ക് വേണ്ടി കാത്തിരുന്ന ചായ
തണുത്തു മരിച്ചു.
ഘടികാരത്തിന്റെ ഒച്ച
വല്ലപ്പോഴും ഇങ്ങനെ
ഉച്ചത്തിൽ കേൾക്കാം,
ഉച്ച ഇപ്പോഴും മരിച്ചിട്ടില്ല
എന്ന് ആശ്വസിപ്പിക്കും പോലെ.
മരണമില്ലാത്ത വെയിൽ
എന്നെയും ചായയേയും
നോക്കിച്ചിരിക്കുന്നു.
ഇതിലെന്തു ഹാസ്യം!
ഹാസ്യം ഇതിലല്ല
ഒരു രുചിയും ഇല്ലാതെ
ആനയിക്കപ്പെടുന്ന വടയിലാണ്.
എന്തൊരു പ്രതീക്ഷ ആയിരുന്നു,
ഇഷ്ടമില്ലെങ്കിലും
ഒരു വരി കൂടെ എഴുതാം
നാളെ വട വേണ്ട.

Wednesday, June 26, 2024

നിഴൽ

 



നിലക്കടല കൊറിച്ചു രണ്ടുപേർ
നടക്കുന്നു കടുത്ത വേനലിൽ
കുരുക്കുത്തി മുല്ലതൻ മണം
മടിക്കുത്തിലൊളിച്ചു വെച്ചവർ.
ഒരുത്തിക്കു കിനാവു പോൽ വെയിൽ
ചിരിച്ചൊപ്പമിറങ്ങി മറ്റവൾ
ഇരുട്ടിന്റെ കഥക്കു കേൾവിയായ്
തുണക്കൊപ്പമിറങ്ങി വന്നവൾ.
വഴി നീളെ ചിരിച്ചു രണ്ടുപേർ
വഴി നീളെ കരഞ്ഞതും അവർ
ഒരു സ്വപ്നമവർക്കു മാത്രമായ്
ഒരുമിച്ചു കളഞ്ഞു പോയവർ
കരൾ നൊന്തവർ
കാനലിൽ വെന്തവർ
ഒരു വർണ്ണ മിഠായ്ക്കടലാസുപോൽ
വഴിയേറെയലഞ്ഞു മാഞ്ഞവർ.

Thursday, May 30, 2024

ദോശ


അരകല്ലു വീണ്ടും

ഉരയുന്ന ശബ്ദം
അരി തെല്ലു ശീഘ്രം
പുറകേ ഉഴുന്നും
മൊരിയുന്ന ദോശ
ക്കുരുവങ്ങൾ രണ്ടും
തിരയുന്നു നമ്മൾ
മണമുള്ള കാലം.
കടലായിരമ്പും
കഥയായുറങ്ങും
ചുടുദോശ വീണ്ടും
ചെറുതായൊരെണ്ണം?
നറു നെയ്യു ചേരും
നിനവെത്ര സ്നിഗ്ദം
അറിയാതെയുള്ളിൽ
തിരമാല തല്ലും
ഒരു ദോശ വീണ്ടും
പറയുന്നിതുള്ളം.
അറിയാതെയമ്മ
തരുമെന്നു സ്വപ്നം
പകലേ മറക്കു
ഇനി വേണ്ട സ്വപ്നം
അതു നീണ്ട കാലം
പിറകേ മരിച്ചൂ!

Saturday, April 13, 2024

കുരുത്തോല


പണ്ട് പണ്ട് ഒരു മേരിക്കുട്ടി ഒരു ഞായറാഴ്‌ച വെളുത്ത് ചിത്രപ്പണികളോടു കൂടിയ ഷാൾ പുതച്ച് പള്ളിയിൽ നിന്നു വരുമ്പോൾ അവളുടെ കയ്യിൽ കുരുത്തോല കൊണ്ടുണ്ടാക്കിയ ഒരു കുരിശുരൂപം. അമ്മയുടെ കയ്യും പിടിച്ചു പോകുന്ന ഞാൻ മേരിക്കുട്ടിയെ നോക്കി ചിരിച്ചു. മേരിക്കുട്ടി എന്റെ ക്ളാസ്സിലായിരുന്നു പഠിച്ചിരുന്നത്. എന്തേ ഞങ്ങൾക്കും ഇങ്ങനെ ഒരു വിശേഷം ഇല്ലാത്തത് എന്നതായിരുന്നു ചിന്ത. ഇത്രയും കാരുണ്യവാനായ ഒരു ഈശ്വരന്‍ വേറെ ഉണ്ടോ എന്ന് പിന്നീടും സ്വയം ചോദിച്ചു. ഇന്ന് മേരിക്കുട്ടിയെ കണ്ടിരുന്നെങ്കിൽ ഞാന്‍ തീർച്ചയായും ചോദിക്കും, ആ കുരുത്തോല എനിക്ക് തരുമോ.