ഇലകളിൽ തങ്ങി നിന്ന
ഒരിറ്റു ഹിമകണം
അറിയാതെ അറ്റു വീണു,
എന്തിന്!
അതൊരു തണുപ്പായിരുന്നു.
ചിലപ്പോൾ അങ്ങനെ ആയിരിക്കണം,
എല്ലാ തണുപ്പിനും
നമ്മെ ഉൾക്കൊള്ളാൻ
ആയിക്കൊള്ളണമെന്നില്ല.
'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍ നി-
ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "
മഷി വറ്റുമ്പോൾ
വരി തിങ്ങിയ വാക്കുകൾ
കൂട്ടിയിടിക്കും, ചോര ചിതറും
ചോരയാലും ജീവിതം എഴുതും.
വാക്കിനേതു നിറമെന്നു ചോദിക്കരുത്,
പ്രതീക്ഷകളെ കുറിച്ചോർക്കുമ്പോൾ
ആകാശനീലയാലെഴുതും
ഭയം ഇരുട്ടു തൊട്ടെഴുതും
ഓർമ്മകളെ കാട്ടു പച്ചയാലും
സത്യത്തെ വെള്ളിവെട്ടത്താലും
സ്വപ്നങ്ങളെ നിലാവിനാലും എഴുതും....
വാക്കിനേതു നിറമെന്നു ചോദിക്കരുത്,
വാക്കിൽ നിറങ്ങളേ ഉള്ളു.
അതിരാവിലെ തങ്കുട്ടൻ
കൊച്ചിക്കു വിട്ടു,
കൊച്ചിക്കുള്ള ദൂരം!
ഒരു പഴയ സിനിമാപ്പാട്ടു മൂളി
സൈക്കിളിൽ താൻ ചവിട്ടി മറന്ന ദൂരത്തിൽ
ഇതെന്തു ദൂരം.
കൊച്ചിയിൽ എത്തിയാൽ,
എംജി റോഡിൽ
കാലത്തിനോട് പൊരുതി നിന്ന
ചായപ്പീടിക
മധുരം കൂട്ടി ഒരു ചായ
ഒരു റൊട്ടി
കണ്ണു ചിമ്മി ചടഞ്ഞിരുന്ന
പൂച്ചക്കുട്ടിക്കു
ഒരു കഷ്ണം പൊട്ടിച്ചിട്ടു കൊടുത്തു.
തിരിച്ചു ചവിട്ടുമ്പോൾ
കൊച്ചി കണ്ട സന്തോഷം
കൊച്ചിയിൽ നിന്നും
തിരിച്ചു ചവിട്ടുന്ന ആവേശം.
ഉമ്മകളിൽ
വെള്ളം ചേർത്തുവെന്ന്
പറഞ്ഞ അന്ന്
ഓമനിച്ചു വളർത്തിയിരുന്ന
സ്വർണ്ണമത്സ്യം ചത്തു പൊന്തി.
കിസ്സിനും സിപ്പിനും
ഒരു രുചിയാണെന്ന് പറഞ്ഞവൻ
വെള്ളം ചേർക്കാതെ കുടിച്ചു മരിച്ചു.
വെള്ളം ചേർക്കാത്ത ചുംബനം
എന്നെയും കൊല്ലുമായിരുന്നു,
എങ്കിലും ആ മരണം
കൊതിച്ചതായിരുന്നു.
രാവുണ്ണി കോളേജിന്റെ പടിവാതിക്കൽ ഇതുപോലൊരു പൂവുണ്ടായിരുന്നു, ഞങ്ങൾ അതിനെ കോളാമ്പിപ്പൂവ് എന്ന് വിളിച്ചു. എല്ലാ പൂവുകളും സുന്ദരികളായതിനാൽ ആവും നമ്മൾ പൂവിനെ പൂവെന്ന് വിളിച്ചത്.
കർക്കിടകത്തിന്റെ പെരുമഴയത്തും മേടത്തിലെ പൊരിവെയിലത്തും ഈ പൂവ് ഞങ്ങൾ കുട്ടികളെ കാത്തു നിന്നു. ഒരു പോപ്പിൻസ് കുടയുടെ കീഴിൽ രണ്ടും മൂന്നും കൂട്ടുകാർ ഞങ്ങൾ നനഞ്ഞൊട്ടി വരുമ്പോഴും സ്കൂളിന്റെ മുന്നിലെ വെള്ളക്കെട്ടിലൂടെ പുസ്തകക്കെട്ടും തലയിൽ വെച്ചു നിന്തുമ്പോഴും ഒരു കണ്ണിമാങ്ങ അയ്യായിരം പേർക്കെന്നപോൽ വീതിച്ചു തിന്നുമ്പോഴും ഈ പൂവതു കണ്ടു പുഞ്ചിരിച്ചു നിന്നു. വിനിയാവതി ടീച്ചറുടെ അടി കൊണ്ട് വീർത്ത കൈത്തടത്തിൽ ഈ പൂവ് സ്നേഹത്താൽ തലോടി. പുഷ്പാർജ്ജിനി ടീച്ചർ ഈ പൂവ് കാട്ടി F-L-O-W-E-R എന്നു പഠിപ്പിച്ചു. കവിതയുടെയും ഗീതയുടെയും ഒക്കെ മുടിയിഴകൾക്കിടയിൽ ഇരുന്ന് ഈ പൂവ് ഞങ്ങളെ നോക്കി ചിരിച്ചു. സരസ്വതി ടീച്ചറുടെ വാടാത്ത ചിരി ഈ പൂവിൽ ഞങ്ങൾ കണ്ടു, എ. ഇ. ഒ. വരുന്നതും പ്രമാണിച്ച് ചുമരുകൾ ചിത്രങ്ങളെക്കൊണ്ട് നിറയുമ്പോൾ അവക്കിടയിലിരുന്നു ഈ പൂവ് ഞങ്ങളുടെ പ്രതിനിധി ആയി. പെൺകുട്ടികൾ പ്രാർത്ഥന ചൊല്ലുമ്പോൾ ഈ പൂവിനെ അവർക്കിടയിൽ തിരഞ്ഞു, അവളുടെ മുല്ലമൊട്ടു കോർത്ത ചിരി ഓർമ്മയുടെ വരമ്പത്തു എന്റെ പ്രണയ ജാതകം കുറിച്ചു. ശരിക്കും നീ ആരായിരുന്നു. എന്റെ പൂവേ നീ ഞങ്ങളുടെ മനോഹരിയായ പൂവായിരുന്നു. എന്റെയും കൂടി പൂവായിരുന്നു.