'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍‍ നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Wednesday, August 29, 2012

ഒരു ഓണക്കവിത




















ഇന്നു രാവേതു പൂവിൻ നറുമണം
വെണ്ണിലാവിന്നു ചാലിച്ചു  ലാലസം
മെല്ലെ മൂളിപ്പറന്നു വന്നെത്തുന്ന
കുഞ്ഞു കാറ്റൊന്നു ചൂടുന്നു സൌരഭം.

ഇന്നു പാരിൻ കിളിമരച്ചില്ലയിൽ
തെന്നലാടിക്കളിക്കുന്ന ജാലകം
ഉള്ളു തുള്ളിത്തുളുമ്പുന്നൊരോർമ്മകൾ
പൊന്നുപൂവിട്ടൊരുക്കുന്നു മാനസം.

ഇന്നു കാലം കൊഴിച്ചിട്ട പൂക്കളിൽ
കണ്ണനുണ്ണിക്കിടാവിന്നു പൂക്കളം
കണ്ടുവോണം കിനാവെങ്കിലും ഹാ..
കണ്ണു ചിമ്മിച്ചിരിക്കുന്നു താരകം.

Tuesday, May 22, 2012

ഇലപൊഴിയും കാലം


വനതലങ്ങളിൽ ഇലപൊഴിയുന്നു
സ്മൃതികൾ വേനലിൻ വറുതി കായുന്നു
പിടയുമാർദ്രമാം ഹരിതകാന്തിയിൽ
ശലഭ ഭംഗിതൻ ചിറകു ചായുന്നു.
ഉടലിൽ ആഴമാം മുറിവിലാരെയോ
പരതി ലോലമായ് വിരലു പായുന്നു.
കരളിൽ വറ്റിയോരരുവിയിൽ മുഖം
തിരയുമാലിലക്കുരുവി പാടുന്നു,…..
ചൊടിയിൽ വാക്കുതൻ മറവി തേടിയീ
വനപഥങ്ങളിൽ ഇലകൾ മൂടുന്നു.

Sunday, November 13, 2011

വിമാനം

നീ വിമാനത്തിൽ കയറിയിട്ടുണ്ടോ?
ഞാൻ ആദ്യമായി കയറിയ ഓർമ്മ
എന്റെ കണ്മുന്നിലിന്നും ഉണ്ട്
എന്തൊരു ആവേശവും സന്തോഷവും
ആയിരുന്നു അന്ന്.
നീ വിശ്വസിക്കുമോ ആവോ
ഞാൻ അന്നു മേഘങ്ങളെ കോരിയെടുത്തു
നക്ഷത്രങ്ങളെ ചുംബിച്ചു
അന്നു ഞാൻ ആകാശത്തിലൂടെ
പറന്നു.

നീ വിമാനത്തിൽ കയറിയിട്ടില്ലല്ലോ, ഭാഗ്യം.
എനിക്കിപ്പോൾ അതൊരു ഭയമാണ്.
എന്റെ ശവവും കൊണ്ടുപോവുന്ന ഒരു വിമാനം
ഞാൻ സ്വപ്നം കണ്ടു,
ഞാൻ മേഘങ്ങളെ കണ്ടില്ല,
നക്ഷത്രങ്ങളെ കണ്ടില്ല,
ഒന്നും കണ്ടില്ല…അറിഞ്ഞില്ല…
എനിക്കിപ്പോൾ പറക്കാൻ കൊതിയേയില്ല,
എവിടെയെങ്കിലും ഇരിക്കണം, ഒറ്റക്ക്….
ആകാശത്തൊരു കറുത്ത പൊട്ട്,
ഒരു കിളി
ഒരു കഴുകൻ
ഒരു വിമാനം
ഒളിച്ചിട്ടും കണ്ടുപിടിച്ച്
അതെന്റെ തലയിലൂടെ പറന്നു നടക്കുന്നു.

Monday, October 17, 2011

ഓർമ്മ

ഇനിയൊരിക്കൽ പറന്നുപോകാനൊരീ 
വഴികൾ ഓർമ്മയിലുണ്ടായിരിക്കണം 
പുഴകൾ വറ്റും, കൊഴിഞ്ഞു കാലത്തിന്റെ 
ഇലകൾ മണ്ണോടലിഞ്ഞു മണ്ണായിടും 
തിരയുവാനാരുമില്ല മുഖങ്ങളിൽ 
ചിതലു ചേരും, ചിരി വാർന്നു പോയിടും 
വെറുതെയെന്നാലുമന്നു വാനത്തിന്റെ 
വഴിയിലെന്നോ വരഞ്ഞിട്ട ഭിത്തിയിൽ 
മറവി മൌനം കടഞ്ഞു കണ്ണീരിന്റെ 
കടുമുറിപ്പാടിനർത്ഥം തിരഞ്ഞിടും 
തിരികെയില്ലാത്ത കാലം കടന്നേതു 
തുറമുഖം, ദൂര തീരം തിരക്കിലും 
പുറകിലെന്നോ മറന്നിട്ട മായ്ക്കുവാ- 
നരുതാ, വറ്റാത്ത വാക്കൊന്നെടുക്കുവാൻ 
ഇനിയൊരിക്കൽ പറന്നുപോകാനൊരീ 
വഴികൾ ഓർമ്മയിലുണ്ടായിരിക്കണം.

Friday, August 20, 2010

ഓണം


പാതിരാത്രിയായ് പാലപൂത്ത പൂമണം ചുറ്റും
പാല്‍നുരച്ചാര്‍ത്തില്‍ പാട്ട് മൂളിയെത്തിടും കാറ്റും
പാരു നിദ്രയിലേറെനേരമായ് മിഴി-
ക്കൂടു ചാരിയില്ലാരെയോര്‍ത്തിരുന്നു നീ.
ഏതു കാറ്റല മണിവീണ വാതിലില്‍ മീട്ടി
ഏതു കാഞ്ചനച്ചെപ്പു വാനിലും നീട്ടി
എതൊരുന്മാദ മോഹനിദ്രയില്‍ നിന്‍റെ
മാറിലാനന്ദ ദേവദുന്ദുഭി മുട്ടി.

പാതിയോര്‍മ്മയായെങ്കിലും പഴ-
മ്പാട്ടില്‍ പാതിരാക്കാറ്റു താളത്തില്‍
ആടി,യോര്‍മ്മമുറ്റത്തൊരു പൂക്കളം
തേടി പൂക്കാതെ പോയ ഭാഗ്യത്തില്‍.
ഏതു കണ്ണീര്‍പ്പുഴയ്ക്കുമൊരു കര
ഏതു തോരാമഴയ്ക്കുമിളവെയില്‍
ഏതു സായന്തനത്തിലാത്മാവിനും
ചൂടിവെക്കാനൊരു നറുവെണ്ണിലാ.

ആരു വന്നു വിളിച്ചിതു തോന്നലായ്‌
കാതിലാരോ സ്വകാര്യം പറഞ്ഞിതോ
ചാരെവന്നു കവിള്‍ത്തടം തൊട്ടുവോ
ആരിതിന്നു, വെറും ദിവാസ്വപ്നമോ
ആരു പുഞ്ചിരിക്കൊണ്ടു കാലത്തിന്‍റെ
നോവു തൊട്ടു തലോടുന്ന സാന്ത്വമോ
പൂവിളികളുയര്‍ന്നുവോ, പൂമുഖ-
ത്താരു പൂപൊലിച്ചീടുന്നു, സത്യമോ!

നീയുണരാനുണര്‍ത്തു പാട്ടായവന്‍
നീയൊരുങ്ങാനിളനിലാവായവന്‍
ഈ നിലയ്ക്കാത്ത ജീവിതസ്വപ്‌നങ്ങള്‍
പൂപൊലിച്ചു നിറയ്ക്കുവാനായവന്‍
പാതിരാത്രിയില്‍ പാലപൂത്ത പൂമണം ചുറ്റും
പാല്‍നുരച്ചാര്‍ത്തില്‍ പാട്ട് മൂളിയെത്തിടും കാറ്റും
ചാരെ വന്നു മുകര്‍ന്നു സ്നേഹത്തിന്‍
തുമ്പപ്പൂവുകൊണ്ടു നിനക്കു പൊന്നോണം.