'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Wednesday, July 13, 2022

കടൽ

കരയിലെത്തുമ്പോൾ
കടലേ നിന്നെ ഞാന്‍
മറവിയെന്നൊരു
നനവിൽ മൂടുന്നു 
അലകളാൽ നിന്റെ
കരയെടുക്കുന്നു
നിലയെഴാത്തൊരു
നിനവിലാഴ്ത്തുന്നു. 

കരയിലെത്തുമ്പോൾ
നിറയുമുന്മാദ-
ച്ചിറകുകൾ വീശി
കിളി പറക്കുന്നു
ഇനിയുമെത്താത്ത
ഇരുളിനെ നോക്കി
അരുണരാജി തൻ
നിണമൊഴുക്കുന്നു.

കരയിലെത്തുമ്പോൾ
അകലെയാലസ്യ
ചലിത നൗകകൾ
കനവെടുക്കുന്നു
കടലേ നിന്നെ ഞാന്‍ 
കടമെടുക്കുന്നു
അലകളായ് തെന്നി 
സ്വയമൊഴുക്കുന്നു.

Monday, June 20, 2022

അബ്സ്ട്രാക്റ്റ്

മൗനിയായി
ധ്യാനനിമഗ്നനായി
നെരിപ്പോടിൽ ഊതി ഊതി
പരിവർത്തനം ചെയ്യാനുള്ള
ശ്രമത്തിലായിരുന്നു. 
ശ്വാസകോശത്തിൽ
ഒരു പ്രാവ് കുറുകുന്നുണ്ട്.
അശ്രദ്ധ അറിയാതെ വന്നുചേർന്ന
ശീലമായിരിക്കുന്നു,
കണ്ണട എവിടെ
വിശപ്പെവിടെ, രുചി എവിടെ
ഇസ്തിരിയിട്ടോ, അഴുക്കു പിടിച്ചുവോ
വസ്ത്രങ്ങൾ,
മുടി ചീകിയില്ലെന്നത്
ഉച്ചവെയിലിൽ വെന്തു നീറിയ
വിയർപ്പു തുടച്ചപ്പോഴാണ് അറിയുന്നത്.
എന്റെ സുഹൃത്തേ 
ജീവിതം ഒരു കലയാണ്, 
തികച്ചും അബ്സ്ട്രാക്റ്റ്. 
കലയറിയാത്ത നിങ്ങൾ
എങ്ങിനെ അത് ആസ്വദിക്കും.
എനിക്കും എനിക്കും ഇടയിലെ വിടവ് 
കൂടിക്കൂടി വരുന്നു. 
അഴിച്ചിട്ട വസ്ത്രം പോലെ 
തിളച്ചു വറ്റിയ പാത്രം പോലെ 
സ്വയം ശൂന്യമാവുന്നത് ഞാന്‍ അറിയുന്നു. 
ധ്യാനനിമഗ്നനായ ഞാന്‍ 
ഉടഞ്ഞുപോയൊരു പ്രതിമയെ 
സ്വപ്നം കാണുന്നു.
അല്പമൊന്നു ശാന്തമായിരിക്കാമോ എന്ന് ഞാൻ കേണപേക്ഷിക്കുന്നു,
എന്തൊരു ശബ്ദമാണ്,
സൈലന്‍സ്.... 
എന്റെ കഥ എന്റെ മാത്രമാണ്, 
ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയി 
യാതൊരു ബന്ധവുമില്ല.

Thursday, March 31, 2022

ബോധിസത്വൻ

വലതുകാലിൽ അപ്പിടി നീരാണ്
തീരേ നടക്കാന്‍ വയ്യ
വല്ലാത്ത വേദന
നിൽക്കുന്തോറും നീരുകൂടി
ഷൂ ഇറുകി ഇറുകി
അതീക്കൂടെ എല്ലുകുത്തുന്ന വേദനയും,
വലതുകാലിലെ നീര് ഒന്ന്
ഇടതുകാലിലാക്കിത്തന്നാൽ നന്നായിരുന്നു
പ്രാർത്ഥന ഒരു പരാജയമാണ്,
പ്രാന്തില്ലല്ലോ! 
ഏന്തി വലിഞ്ഞു നടക്കുമ്പോൾ
മനസ്സിൽ നിറയെ മുഖങ്ങളാണ്, 
എല്ലാ ഇഷ്ടങ്ങളും വേദനയാണ്.
എങ്കിലും
ഇന്ന് നിശ്ശബ്ദനാവാനറിയാം
അമർത്തിപ്പിടിക്കാനറിയാം
കടിച്ചിറക്കാനറിയാം
ഇരുട്ടിന്റെ പാതാളങ്ങളിൽ
എക്സറേ മെഷീനിൽ എന്നപോലെ
നിവർന്നു കിടക്കാനറിയാം 
ഇതിനപ്പുറം ഒരു സ്കൂളിന് 
എന്തു തരാൻ സാധിക്കും!

Friday, February 4, 2022

7. ചില ശബ്ദങ്ങള്‍

"ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയെട്ടാല്‍ മതി"

ശ്രീ. പി.പി.രാമചന്ദ്രന്റെ ലളിതം എന്ന കവിതയിലെ വരികളാണ്. ലളിതമായ ജീവിതത്തിന്റെ ചില ഒച്ചയനക്കങ്ങൾ ഇന്ന് പങ്കുവെക്കാം. 

ജീവിതത്തിൽ എല്ലാവർക്കും പറയാന്‍ ഒരു കഥയൊക്കെ കാണും. ഒരു കഥയും ഇല്ലാത്തവൻ എന്ന് എന്നെ അച്ഛമ്മ പറയാറുണ്ടായിരുന്നു. അങ്ങിനെ ജീവിതത്തിന് ഒരു കഥയുമില്ലാത്ത എത്രയോ പേര്‍ നമ്മളിലൂടെ കടന്നു പോവുന്നു. 

"ആറിപ്പോ പണ്ടാറിപ്പോ നന്നായി വരട്ടെ" 

നാടിന്റെയും നാട്ടുകാരുടേയും (ശങ്കുണ്ണിയുടേയും) കാലക്കേട് തീർക്കാൻ ശങ്കുണ്ണി നായാടി തോളിലൊരു തുണി ഭാണ്ഡവും കയ്യില്‍ നെയ്തുകൊണ്ടിരുന്ന വട്ടക്കയറുമായി മലയിറങ്ങും. ശങ്കുണ്ണി എവിടത്തുകാരനാണ് എന്നറിയില്ല. ഏതോ മലയിലാണെന്ന് ഞാന്‍ വിശ്വസിച്ചു. വർഷത്തിൽ ഒരിക്കലേ വരൂ, ഓണത്തിന് മുമ്പാണെന്ന് ഓർമ്മ. അവസാന കാലത്ത് വയ്യാത്ത മോള് മാധവിയും കൂടെ ഉണ്ടാവും. അരിയും നാളികേരവും പഴയ ഉടുപ്പും കാശും ഒക്കെ കൊടുക്കും. എല്ലാം കഴിഞ്ഞ് പോകുമ്പോൾ "ആറിപ്പോ പണ്ടാറിപ്പോ നന്നായി വരട്ടെ" എന്ന് പ്രാകി അനുഗ്രഹിക്കും. അവസാനമായി ഒരിക്കൽ മകൾ ഒറ്റക്ക് വന്നു. ശങ്കുണ്ണി പ്രാകി ഉണർത്തിയ ലോകം ശങ്കുണ്ണിയെ ചെറുതായി കണ്ടു എന്ന് തോന്നിയിട്ടുണ്ട്. 

"എരി വെയില് പൊരിയണ നേരത്ത്
പൊന്നെ ഇരുകണ്ണും പൂട്ടിയുറങ്ങീക്കാ
കരകാണാ കടലിന്റെയുള്ളിൽ നീന്തണ
കരിവെള്ളി മീനെപ്പിടീച്ചീട്ട്
മനിസൻമാർ തിങ്ങുന്നോരങ്ങാടീത്തലെ
അതുവിറ്റ് കായുമായുപ്പേത്തും. 
ഉമ്മാന്റെ പുന്നാര മോനല്ലെ ആലി
ബാപ്പാന്റെ മാണിക്യ കട്ട്യല്ലേ. 
തലവടിച്ചസ്സല് തൊപ്പിയിട്ട് ആലി
ഒരു കൊമ്പന്‍ മീശയും ബെച്ചീട്ട്
ബാപ്പാന്റെ കാവുമെടുത്തേറ്റി ആലി
പറപറന്നങ്ങാടീലെത്ത്വോലാ
നാട്ടാരും ചോയിക്കും ഏതാണീ ബമ്പൻ
കുഞ്ഞിപ്പാത്തൂമ്മാന്റെ മോനല്ലേ ആലി
കുഞ്ഞിപ്പാത്തൂമ്മാന്റെ മോനല്ലേ. "

ആരെഴുതിയതെന്നറിയാത്ത ഈ നാടൻ കവിത അമ്മ ഇടക്കിടെ ഉറങ്ങാൻ കിടക്കുമ്പോൾ പാടിത്തരുമായിരുന്നു. പാത്തുമ്മയുടെ മോനേപ്പോലെ സുന്ദരമായ ഒരു ജീവിത പാത ഞാന്‍ വെട്ടി പടുക്കും എന്ന്  അമ്മ ആശിച്ചിരിക്കണം. 

ബാലവാടിയുടെ വാർഷികം. ഗ്രാമത്തിന്റെ സ്വന്തം ബാലവാടി. വൈലോപ്പിള്ളിയുടെ മാമ്പഴം ആയിരുന്നു കഥാപ്രസംഗം. ആദ്യമായി മാമ്പഴം വായിച്ചു കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയിരുന്നു. രാത്രി ഉറങ്ങാതെ കമിഴ്ന്നു കിടന്നു സങ്കടപ്പെട്ടു. ജീവിതവഴിയിൽ പൂത്തുനിന്ന ഓരോ മാവും കവിതയെ ഓർമ്മിപ്പിച്ചു, ഓർമ്മിപ്പിച്ചു കെണ്ടേയിരിക്കുന്നു.

ഒരിക്കല്‍ വിരുന്നു വന്ന ഒരു ചേട്ടന്റെ കൂടെ പൂരം കാണാന്‍  ഞങ്ങൾ ഒപ്പം കൂടി. ആ ചേട്ടന് അല്പസ്വല്പം മാജിക്ക് ഒക്കെ അറിയാമായിരുന്നു. ബലൂണ്‍ ഒക്കെ വിൽക്കുന്ന ഒരാളുടെ അടുത്ത് ചെന്ന് വിടർത്തുമ്പോൾ പൂവിരിയുന്ന കളിപ്പാട്ടത്തിന് വില ചോദിച്ചു. ഒരെണ്ണം വാങ്ങി ഇത്തിരി നടന്നപ്പോൾ ആ ചേട്ടന്റെ കയ്യിൽ രണ്ടെണ്ണം. വീട്ടിൽ ചെന്ന് ഈ വിവരം അത്ഭുതത്തോടെ പറഞ്ഞു. കേട്ടു നിന്ന ഒരച്ചാച്ചൻ അതു രണ്ടും വാങ്ങി. മാജിക്കുകാരൻ ചേട്ടനേയും ഞങ്ങളേയും കൊണ്ട് പൂരപ്പറമ്പിലേക്ക് നടന്നു. പോകുന്ന വഴിയിൽ ആ ചേട്ടന് രണ്ടെണ്ണം കിട്ടുകയും ചെയ്തു. ബലൂൺകാരന്റെ അടുത്ത് ചെന്ന് അത് തിരിച്ചു കൊടുത്തിട്ട് ആ ചേട്ടനോട് ക്ഷമ പറയാൻ പറഞ്ഞു. ജീവിതത്തിലെ സത്യസന്ധതയുടെ ആദ്യ പാഠവും വലിയ പാഠവും അതു തന്നെ ആയിരുന്നു.

ജീവിതവഴിയില്‍ നമ്മളെ സ്വാധീനിച്ച എത്രയെത്ര ശബ്ദങ്ങള്‍. ഇതൊക്കെ തന്നെയല്ലേ ജീവിതത്തിലെ സന്തോഷങ്ങൾ!

Tuesday, February 1, 2022

ചിരി

ആ ചിരി കണ്ടില്ലേ 

ആ ചിരിയില്‍ ഒരാകാശമുണ്ട്.
അതിലെ ആകാശം നിങ്ങൾ കാണാതെ പോയാല്‍
കയറു പൊട്ടിയൊരു പട്ടം
പെയ്തു തീരാത്തൊരു മഴ
വെയിലു വാട്ടിയൊരു മുഖം
മുറിവിലും വിടാതെ പിന്തുടരുന്നൊരു ചന്ദ്രക്കല
ഒരു കീറു വെട്ടം 
സ്വപനത്തിലേക്ക് പറന്ന് കണാതായൊരു വിമാനം.... 
പിന്നെ ഒന്നുമില്ല. 
ചിരി മാഞ്ഞു പോവും. 

Friday, January 21, 2022

വീണപൂവ്

ഒറ്റ മാത്രയില്‍ 
ഞാൻ ഞെട്ടടർന്നു
ഒറ്റ വീർപ്പിൽ
നിലയറ്റിടുന്നു
എത്ര മാത്രം നിശ്ശബ്ദം
നിസ്സാരം
എത്ര ശാന്തം 
കിനാവസ്തമിച്ചു. 
ഇന്നലേയും പറയാന്‍ കൊതിച്ചു 
ഇന്നു പോലും തേൻ കൂടു വെച്ചു 
എങ്കിലും 
എത്ര ശാന്തമായെന്റെ
അന്തരംഗം പറയാതടച്ചു. 
ചില്ല തോറും പരാഗം പടർത്തും
കുഞ്ഞു കാറ്റിലാ പൂവൊന്നിളകി
ചിന്നി വീഴും ദളങ്ങളെമ്പാടും
ഇല്ല, ഞാൻ വീണപൂവായിടുന്നു. 

Wednesday, January 19, 2022

6. മീനിന്റെ കഥ, കൊറ്റിയുടേയും

ഗന്ധങ്ങളുടെ ഗ്രാമാന്തരീക്ഷം. തഴുകിപ്പോയ ഓരോ കാറ്റും ഓരോ ഗന്ധങ്ങളുടെ കഥ പറഞ്ഞു. എന്തൊക്കെ ഗന്ധങ്ങളായിരുന്നു. നല്ലതെന്നോ ചീത്തയെന്നോ വേർതിരിക്കാതെ അതെല്ലാം ഒന്നുപോലെ നമ്മൾ സ്വീകരിച്ചു. വേനലിന്റെ പൊലിയുടക്കുമ്പോൾ കിട്ടുന്ന ഇരകളെ തിന്നാന്‍ കോഴികളും കിളികളും മത്സരിച്ചു. മണ്ണിന്റെ മണം, പാട്ടേങ്കാവിലെ വെള്ളം ഉച്ചത്തില്‍ തല്ലിയൊഴിക്കുന്ന ശബ്ദം ഇങ്ങ് ഈ മരുഭൂയിൽ ഇരുന്നാലും കേൾക്കാം. ഓരോ അടിക്കും ഓല മടക്കി കണക്കു വെച്ച കാരണവന്മാർ. ലാഭക്കണക്കല്ലാതെ സംതൃപ്തിയുടെ മനക്കണക്കെഴുതി മൺ മറഞ്ഞു പോയവർ. 

ഓർമ്മകളുടെ വഴിയോരങ്ങളിൽ അമ്മാൻ മാരുടെ നീണ്ടനിര. കുഞ്ഞമ്മാൻ, ഉണ്യമ്മാൻ, വേലായമ്മാൻ, ഗോവിന്ദമ്മാൻ, കുമാരമ്മാൻ,... എത്രയെത്ര അമ്മാൻമാർ. കല്ലുരയുന്ന ശബ്ദമുള്ള ഒരമ്മാനെ പുലിയമ്മാനെന്നും വിളിച്ചിരുന്നു. 

അവരിലൊരു രസികൻ അമ്മാൻ ഉണ്ടായിരുന്നു. പാടത്ത് പണിക്ക് വരുന്ന പെണ്ണുങ്ങളുടെ തോളിൽ കയ്യിടും, കൈ പിടിച്ച് കക്ഷത്ത് വെച്ച് നടക്കും. മൂപ്പര് അടുത്തു വരുമ്പോൾ പണിക്കാരികൾ ഓടി മാറുമായിരുന്നു 😊. ഓട്ടം അതിലേറെ രസകരമായിരുന്നു. 

പാടവക്കിലെ കൈതക്കാട്ടിൽനിന്നും കൈതപ്പൂവിന്റെ മണം. പായ നെയ്യാൻ മൂർച്ച ഉള്ള അരിവാൾ തോട്ടി കൊണ്ട് കൈതോല അരിഞ്ഞിട്ട് അടുക്കുന്ന സ്ത്രീകള്‍. ഓലയും ചകിരിയും കുതിർത്ത പൊട്ടക്കുളങ്ങൾ. വൈകുന്നേരങ്ങളിൽ ആയിരുന്നു ഓലമെടയലൊക്കെ. പുത്തനും ചെതുക്കുമായി അകാശത്തേക്ക് പായുന്ന ഓലകൾ. ഓലമേയൽ ഒരുത്സവമായിരുന്നു. 

പേർഷ്യ ഒരു സ്വപ്നമായി ഉണർന്നു വരുന്നേ ഉണ്ടായിരുന്നുള്ളു. കാച്ചിയുടുത്ത് തട്ടമിട്ട് കാതിൽ നിറയെ തോടയും ചുറ്റും അണിഞ്ഞ് കയ്യുമ്മ അയലോക്കങ്ങളിൽ വരും. നീലക്കരവെച്ച് തുന്നിയ നീണ്ട കയ്യുള്ള റൗക്ക അണിഞ്ഞാൽ ഏതു പെണ്ണും സുന്ദരിയാവും. കയ്യിലെ സ്വർണ്ണവാച്ച് പത്രാസിലങ്ങനെ കാണിക്കും. സമയെത്രായി കയ്യുണ്ണിത്ത, പാടത്ത് കളിക്കുന്ന ആരെങ്കിലും ചോദിക്കും. ഓ.., സമയം നോക്കാനറിയാത്ത കയ്യുമ്മ പാടവരമ്പിലൂടെ ഗമയിലങ്ങനെ പോവും. ഞായറാഴ്ച രാവിലെ ഓത്തുപള്ളിയിൽ പോകുന്ന മാപ്പിളക്കുട്ടികൾ. കുഞ്ഞുമുണ്ട്, ഫുൾക്കൈ ഷർട്ട്, നിസ്കാരത്തൊപ്പി,എന്ത് രസമാണു കാണാൻ. കാറ്റിനോട് കഥ പറഞ്ഞ് അവർ പോകുന്ന വഴിയിലൊക്കെ മാവിലെറിഞ്ഞ വടിപോലെ തങ്ങിനിൽക്കും. അണും പെണ്ണും ഭേദങ്ങളില്ലാതെ നാട്ടുവഴികളുടെ ചെത്തവും ചൂരും ആസ്വദിച്ച് അവരിങ്ങനെ പോവുന്നതു കാണുമ്പോൾ അവരാവാൻ കൊതി. കുഞ്ഞുമുണ്ടുടുത്താലും അവരാവില്ല. നമുക്കു നാമാവാനേ തരമുള്ളു എന്നതാണ് പാഠം. 

പാടത്ത് വെള്ളം നിറയുമ്പോൾ നിറയെ കൊറ്റികൾ സ്ഥാനം പിടിക്കും. പാടം നിറയെ ചെറുമീനാണ്. കണ്ടത്തിന്റ വരമ്പിലിരുന്ന് കൊറ്റി മീനുകളോട് നാട്ടുവർത്തമാനം പറയും. അപ്പുറത്തെ കണ്ടത്തില്‍ വെള്ളം നല്ല മധുരമാണ്, അവിടെ പോയാല്‍ സ്വർഗ്ഗാണെന്നൊക്കെ. വേണേൽ ഞാന്‍ കൊണ്ടാക്കാം, കൊക്കു പറയും. പാവം മീനറിയുന്നുണ്ടോ സ്വർഗ്ഗം തേടിപ്പോയവർ എത്തിയതെവിടെയാണെന്ന്! 

ജീവിതത്തിലെ സ്വർഗ്ഗം തേടി ഞങ്ങളെല്ലാം പറിച്ചു നടപ്പെട്ടു. നഷ്ടങ്ങളുടെ കണക്കെടുപ്പ് ബുദ്ധിയല്ല. എങ്കിലും ചിലപ്പോഴെല്ലാം മനക്കണക്ക് കൂട്ടി ഓർമ്മകളിൽ മുങ്ങിത്താഴും.

ശങ്കരന്റെ മോൻ ബാലന് ബാലവാടിയിലെ സെക്രട്ടറി ചേച്ചിയോട് പ്രണയം. ബാലൻ പാടവരമ്പിൽ വെച്ചത് പറഞ്ഞു. പാവം ചേച്ചി കരഞ്ഞ് പിടിച്ച് അമ്മയോട് പറഞ്ഞു. സങ്കടം സഹിക്ക വയ്യ. അമ്മയാണ് പ്രസിഡന്റ്. അമ്മ ബാലനെ വിളിച്ചു പറഞ്ഞു, ബാലാ അതു വേണ്ട. അവള് ജീവിക്കാനുള്ള ഓട്ടത്തിലാണ്. ബാലന് സമ്മതം. അവള് സന്തോഷമായി ജീവിച്ചോട്ടെ. അത്രയേ ഉള്ളു കാര്യം. പ്രണയം ഒരു സാർവ്വലൗകീക വികാരമാണ്, അതിനന്നും ഇന്നും മാറ്റമില്ല. പക്ഷേ അന്ന് ഒരു ജീവിക്ക് മറ്റേ ജീവിയുടെ സന്തോഷമായിരുന്നു പ്രാധാനം. അതിനു തന്നെയായിരിക്കണം പ്രാധാന്യം.