'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍‍ നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Thursday, May 30, 2024

ദോശ


അരകല്ലു വീണ്ടും

ഉരയുന്ന ശബ്ദം
അരി തെല്ലു ശീഘ്രം
പുറകേ ഉഴുന്നും
മൊരിയുന്ന ദോശ
ക്കുരുവങ്ങൾ രണ്ടും
തിരയുന്നു നമ്മൾ
മണമുള്ള കാലം.
കടലായിരമ്പും
കഥയായുറങ്ങും
ചുടുദോശ വീണ്ടും
ചെറുതായൊരെണ്ണം?
നറു നെയ്യു ചേരും
നിനവെത്ര സ്നിഗ്ദം
അറിയാതെയുള്ളിൽ
തിരമാല തല്ലും
ഒരു ദോശ വീണ്ടും
പറയുന്നിതുള്ളം.
അറിയാതെയമ്മ
തരുമെന്നു സ്വപ്നം
പകലേ മറക്കു
ഇനി വേണ്ട സ്വപ്നം
അതു നീണ്ട കാലം
പിറകേ മരിച്ചൂ!

Saturday, April 13, 2024

കുരുത്തോല


പണ്ട് പണ്ട് ഒരു മേരിക്കുട്ടി ഒരു ഞായറാഴ്‌ച വെളുത്ത് ചിത്രപ്പണികളോടു കൂടിയ ഷാൾ പുതച്ച് പള്ളിയിൽ നിന്നു വരുമ്പോൾ അവളുടെ കയ്യിൽ കുരുത്തോല കൊണ്ടുണ്ടാക്കിയ ഒരു കുരിശുരൂപം. അമ്മയുടെ കയ്യും പിടിച്ചു പോകുന്ന ഞാൻ മേരിക്കുട്ടിയെ നോക്കി ചിരിച്ചു. മേരിക്കുട്ടി എന്റെ ക്ളാസ്സിലായിരുന്നു പഠിച്ചിരുന്നത്. എന്തേ ഞങ്ങൾക്കും ഇങ്ങനെ ഒരു വിശേഷം ഇല്ലാത്തത് എന്നതായിരുന്നു ചിന്ത. ഇത്രയും കാരുണ്യവാനായ ഒരു ഈശ്വരന്‍ വേറെ ഉണ്ടോ എന്ന് പിന്നീടും സ്വയം ചോദിച്ചു. ഇന്ന് മേരിക്കുട്ടിയെ കണ്ടിരുന്നെങ്കിൽ ഞാന്‍ തീർച്ചയായും ചോദിക്കും, ആ കുരുത്തോല എനിക്ക് തരുമോ.

Tuesday, February 6, 2024

മഴക്കുട്ടി

വേഷം: കറുത്ത കരയുള്ള താറുടുത്ത് കഴുത്തിലും കൈത്തണ്ടിലും കറുത്ത ചരടു ചുറ്റി പാളത്തൊപ്പി വെച്ച്..... 

മഴക്കുട്ടി

ഇടവത്തിൽ ഇടി വെട്ടി 
പടവാളിൻ ഒളി വെട്ടി
കരി മേഘത്തിടമ്പേറ്റി
വരുന്നുണ്ടേ മഴക്കുട്ടി. 
കുംഭത്തിൽ കുടം പൊട്ടി 
കുളിരിന്റെ നുകം കെട്ടി 
പുഴ നിറഞ്ഞണ നിറ-
ഞ്ഞതി ഹർഷം മഴക്കുട്ടി. 
ആകാശ കർക്കിടക
ക്കരിഞ്ചേല അഴിഞ്ഞെത്തി
ഇരുട്ടിന്റെ അകം പൊട്ടി 
മുളപ്പിക്കും മഴക്കുട്ടി. 
പറ നിറഞ്ഞറനിറ-
ഞ്ഞടവിതൻ തടം നിറ
ഞ്ഞൊടുവിലീ കടവിന്റെ
പടവിങ്കൽ മഴക്കുട്ടി
തവളകള്‍ കഥ ചൊല്ലി 
തുലാവര്‍ഷം തകധിമി
പിടഞ്ഞോടും കുളക്കോഴി
പ്പിടയെന്തോ പറഞ്ഞോടീ. 
സമസ്ത ജീവിതങ്ങൾക്കും
മിടിപ്പായും തുടിപ്പായും
നമുക്കു പ്രകൃതി നൽകും
ഉയിർപ്പാണീ മഴക്കുട്ടി.

Thursday, November 24, 2022

ഗോൾ

ഞങ്ങടെ കളിയിൽ സ്റ്റാര്‍ സ്റ്റ്രൈക്കർ അമ്മയായിരുന്നു. ഞങ്ങൾ തോൽക്കുന്നോടൊത്തൊക്കെ അമ്മ കേറിക്കളിച്ചു. എതിരാളികളുടെ ഫൗളുകളെ അതിജീവിക്കാൻ അമ്മ പാടു പെട്ടു. ഞങ്ങടെ പാസുകളുടെ കുഴപ്പമോ എന്തോ, ഒരു പന്തും അമ്മക്കങ്ങനെ ഗോളാക്കാൻ കഴിഞ്ഞില്ല. എങ്കിലും ജീവിതത്തോട് അമ്മ ഡ്രോ പിടിച്ചു. ഓരോ കളി കഴിയുമ്പോഴും അടുത്തത് ജയിക്കും എന്ന് ഞങ്ങളെ  പ്രതീക്ഷകളോടെ ജീവിക്കാൻ പഠിപ്പിച്ചു. ഇന്ന് ഞങ്ങൾ പിടിച്ചു നിൽക്കുന്നത് ആ ഒരു പവറിലാണ്. അമ്മ ക്യാപ്റ്റനായ ഒരു ടീമിൽ കളിക്കാൻ സാധിച്ചു എന്നതാണ് ഞങ്ങളുടെ ഭാഗ്യം. ഞങ്ങളുടെ ടീമിനൊപ്പം നിന്നു എന്നതാണ് നിങ്ങൾ കാണികളിൽ ഞങ്ങളറിഞ്ഞ സ്നേഹോദാരത. അത് അമ്മയോടുള്ള സ്നേഹമായി ഇന്നും അറിയുന്നു. ആരെയും തോല്പിക്കാതെയും ജയിക്കാനാകുമെന്ന് അമ്മ ഞങ്ങൾക്ക് കാണിച്ചു തന്നു. അതു തന്നെയാണ്  അറിഞ്ഞിരിക്കേണ്ട പാഠവും.

Wednesday, October 26, 2022

ഇരുട്ട്

ഇരുട്ടുകാണുവാൻ
ഒരിക്കൽ ഞാനുമെൻ
മരിച്ചൊരച്ഛനും
തിരക്കി യാത്രയായ്. 
കറുത്ത കമ്പളം
പുതച്ചു വന്നൊരാൾ
അവന്നു പേരുമായ്
ഇരുട്ടിതെന്നു ഞാന്‍.
കരഞ്ഞു കണ്ണുകൾ
കലങ്ങി നിന്നവൾ
ഒരുവൾ നെഞ്ചിലെ
ചിത എരിഞ്ഞവൾ.
പതിയെ ഞങ്ങളാ
അരികു പറ്റി കാർ
മുകിലുകൾ മൂടും
മുഖമുയർത്തിയാൾ 
വിശപ്പിതെന്നവൾ
കിതച്ചു, കീറിയോ
രുടുപ്പിൽ തൊങ്ങലായ് 
മുറിഞ്ഞ പാടുകൾ. 
ഇവൾക്കു പോകുവാ
നിടമിതേതു ഞാന്‍ 
അടച്ചു കണ്ണുകൾ 
നിമിഷമച്ഛനും.
ഇരുട്ടു കണ്ടുവോ
തൊടുത്തു ചോദ്യമായ്
എനിക്കൊരത്ഭുതം
ഇരുട്ടു കണ്ടതായ്. 
നടന്നു ഞങ്ങളാ 
പെരുവഴിയതിൽ
ഇരുട്ടിലന്യോന്യം
തിരക്കി ആരൊരാൾ
ഇവൾക്കു താങ്ങുമായ്
ഇരുട്ടുമാത്രമെ
ന്നുറക്കെയച്ഛനും
തരിച്ചു നിന്നു ഞാന്‍.