'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Friday, November 12, 2021

ആഴം

ആഴമേ നിന്റെ വേരുകൾ
ആരറിഞ്ഞിത്ര! ഞാനൊരാൾ
നീയൊഴിച്ചിട്ട കൂരിരുൾ
താവളത്തിന്റെ നോവുകൾ.
കണ്ണിരുൾ കൊണ്ടു മൂടുമ്പോൾ
നീല നക്ഷത്ര ചാരുത
ഞാനുറങ്ങാത്ത കാലത്തിൻ
കാടു പൂക്കുന്ന വന്യത
കണ്ണു വറ്റാത്ത നീർക്കയം 
തന്നെ നീന്തുന്നു മീനുകൾ
താന്തരാകുന്നൊരായത്തിൽ
ജീവനൊപ്പിട്ടൊരേടുകൾ. 
ആഴമേ നിന്നെയാഴത്തിൽ
തേടി ഞാനെത്ര വേഗമായ്
കണ്ടെടുക്കുന്നു മാളത്തി
ന്നുള്ളിലായ് തെല്ലു ശൂന്യത.

Wednesday, October 27, 2021

ഒഴിവ്

നീർത്തിയിട്ട
ഒഴിഞ്ഞ കസേരകളിൽ 
ഒന്നിൽ ഞാനിരുന്നു
സ്കൂളിൽ ആദ്യമായി ചേർത്ത കുട്ടിയെപ്പോലെ
ഒറ്റക്കാണ് എന്ന് ഇടക്കിടെ തോന്നുമ്പോൾ
കണ്ണടച്ചു പ്രാർത്ഥിച്ചു,
ദൈവമേ എന്റെ അടുത്ത് 
ഒഴിഞ്ഞ കസേരയിൽ ഒന്നിരിക്കണേ.
അഴകില്ലാത്ത മൗനം
പെയ്തു തോരാത്ത മഴയോട്
അലിഞ്ഞു ചേർന്നു.
ഒരു രസത്തിന് ആളില്ലാക്കസേരകൾ ഓരോന്നായി മടക്കി വെച്ചു,
വേണമെങ്കിൽ നിവർത്താമല്ലോ!
ഒടുവിൽ ഒറ്റക്കായ കസേരയിൽ 
ഞാനിരുന്നു.

Tuesday, October 12, 2021

ഗൂഗ്ലി

ഗാലറിയിൽ ഇരിക്കുമ്പോള്‍
എല്ലാവരും കാണികളാണ്, 
പാഞ്ഞുവരുന്ന പന്തുകളിൽ
ചിലതെല്ലാം അതിരുകളും കടന്ന്
പറന്നു പോകും
ഉന്നം പിഴക്കാതെ ഒരെണ്ണം ഗാലറികളെ നിശ്ശബ്ദമാക്കും,
കൊടികൾ താഴും
വാദ്യഘോഷങ്ങൾ മാഞ്ഞു പോവും 
കാണികൾക്കിടയിൽ പഴയൊരു ബാറ്റ്സ്മാൻ
ഉന്നം തെറ്റാതെ വന്ന ഓർമ്മകളെ
തുപ്പലു തൊട്ട് തുടച്ചുമിനുക്കും. 
ഇതെന്തൊരു കളി 
ഇവിടെ പഴയൊരു കളിക്കാരൻ ഉണ്ടായിരുന്നു, 
ഒരാൾ മുന്നിലിരുന്ന് കൂട്ടുകാരോട് കഥ പറയുന്നു, 
ആ കളിക്കാരൻ ഞാനാണ് ഞാനാണ്
ഉറക്കെ പറയാന്‍ തോന്നും. 
വേണ്ട, തിരിച്ചറിയാതെ പോയൊരു ഗൂഗ്ളി, 
വീണുപോയൊരു വിക്കറ്റ്, 
ഒരൊറ്റ ബോൾ! 
എന്നാലും പണ്ടിവിടെ.....

Tuesday, September 14, 2021

കോവിഡ്

കോവിഡ് പിടിച്ചു മരണപ്പെട്ടവനെ
എങ്ങോട്ട് തിരിച്ചു കിടത്തണം
പടിഞ്ഞാറോട്ടായിരുന്നു സൗകര്യം. 
ഒരു തർക്കവുമില്ല! 
ഏതു വഴി പോയാലും
ഒരിടത്തുതന്നെ എത്തുന്ന
ജീവിതത്തിന്റെ സൂത്രവാക്യം, മരണം!
ദൈവം ഉണ്ടോ? 
മൃതന് സന്ദേഹമില്ല. 
കുളിപ്പിക്കാതെ, കർമ്മങ്ങൾ ചെയ്യാതെയും
ഒരാൾക്ക് മുക്തി ലഭിക്കാം. 
ദൈവം ഉണ്ടെന്ന് പറഞ്ഞാൽ
ആകെ കുഴഞ്ഞു മറിയും
ഇല്ലെന്നാണെങ്കിൽ എളുപ്പമാവും. 
ദൈവനാമത്തിലായാലും
ദൃഢപജ്ഞയിലായാലും
മരണം മരണം തന്നെ,
ബന്ധുക്കൾ അയഞ്ഞു
ഒരു കർമ്മവും വേണ്ട
മൃതൻ ഉറച്ചു തന്നെ കിടന്നു. 
പുകക്കുഴൽ ആഞ്ഞു തുപ്പുമ്പോൾ
ദൈവം മുഖം തുടച്ചു, ബന്ധുക്കളും!

Sunday, September 12, 2021

ഞാൻ

ഒഴുകി നീങ്ങുമ്പോള്‍
ഇലയെന്നു ചിലർ
ഇടറി വീഴുമ്പോൾ 
കിളിത്തൂവലെന്നും ചിലർ
കാറ്റിന്നിഴകളിൽ മൗനം
അലഞ്ഞു നീങ്ങുമ്പോൾ
കളിയില്‍ ഊമന്താടിയെന്നു ചിലർ
കരയുവാനായി മറന്നു പോവുമ്പോൾ 
കരളു വറ്റിയ ശിലയെന്നും ചിലർ
വെറുതെയെന്നെ ഞാന്‍ 
തിരഞ്ഞലയുമ്പോൾ
വെയിലു കെട്ടിയ
നിഴലെന്നും ചിലർ.

Monday, July 19, 2021

വിരുന്നുകാര്‍

കടന്നു വരാം ആര്‍ക്കും! 
ചിതൽ, തേരട്ട, എട്ടുകാലി, പല്ലി, 
ചിരട്ടപ്പാമ്പ്, പാറ്റ,.......... 
ആരെല്ലാം വിരുന്നുകാർ. 
എല്ലാവർക്കും ഉണ്ണുവാൻ, ഉറങ്ങുവാൻ
കാററനക്കമുള്ള വീട്. 
ഇവർ വിതക്കുന്നില്ല കൊയ്യുന്നില്ല 
നാളേക്കു വേണ്ടി കരുതി വെക്കുന്നുമില്ല
കരുതി വെച്ചത് മുഴുവൻ 
അവർ കൊണ്ടുപോവുന്നു
ഞാൻ നിർബന്ധിതനായ 
നിസ്വാർത്ഥനായ
നിസ്സഹായനാവുന്നു. 

തൂവാനത്തിലൂടെ അകത്തേക്ക് 
ചാഞ്ഞു കയറിയ അശോകത്തിലും ഉണ്ട് 
ഒരു കിളിക്കൂട്, 
പറന്നുപോയ കിളി 
മകളായി തിരികെ വരുന്നു
മുട്ടയിട്ട് അടയിരുന്ന് വിരിയിച്ച്
ഞാൻ മുത്തച്ഛനാവുന്നു. 
ഇവർക്കെല്ലാം അനുവാദമില്ലാതെ കടന്നുവരാൻ
എന്റെ വീട് സുസജ്ജമാകുന്നു എന്നത് ഭാഗ്യം.

ഞാനിപ്പോൾ ഉറങ്ങാറില്ല,
കാവലായോ ഭയമായോ, എന്തും പറയാം, 
പൊട്ടിയ ജനവാതിൽച്ചില്ലിലൂടെ
ഒരു പാമ്പ്, ഏയ്...
(പാമ്പിനോട്) 
ഞാനെത്ര നാളായെന്നോ
ഉറങ്ങിയിട്ട്
തടസ്സമില്ലാത്ത വീട്ടിൽ
തടസ്സമില്ലാതെ വീട്ടില്‍.