'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍‍ നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Sunday, December 19, 2021

2. പൂച്ചപ്പഴം

കുട്ടികൾ ഊമന്താടികൾ പോലെയാണ്. കാറ്റിന്റെ വഴിയേ പാറിയങ്ങനെ നടക്കും. കണ്ട മാവിലൊക്കെ കല്ലെറിയും കശുമാവണ്ടിയുടെ ചുണ തട്ടി ചുണ്ട് വീർക്കും, കണ്ട തോട്ടിലൊക്ക ചാടും, ഷർട്ടൂരി മീൻ പിടിക്കും, വെള്ളത്തിൽ പുല്ല് പറിച്ചിട്ട് അതിനിടയിൽ വരുന്ന കുറുമ്പാട് എന്ന മീനെ പിടിക്കലായിരുന്നു ഏറ്റവും രസം. പിന്നെ കീശ നിറയെ കശുവണ്ടി, പളുങ്ക്, എലിഞ്ഞിക്കായ, പമ്പരം... മുതൽ കടലമണിവരെ കുട്ടിയുടെ വേൾഡ് ബാങ്കായിരുന്നു ട്രൗസറിന്റെ കീശ. കുടുക്കില്ലാത്ത ട്രസറും. എന്തു ലോകം, അല്ല എന്തു നല്ല ലോകം!

എന്റെ മേശവലിപ്പു നിറയെ പളുങ്കുകൾ ഉണ്ടായിരുന്നു. ഫിക്സഡ് ഡെപ്പോസിറ്റ് രശീതി കാണുന്നൊരു സന്തോഷം ആയിരുന്നു അന്ന്. ഒരിക്കൽ അടുത്തുള്ള രണ്ടു കൂട്ടുകാർ വിരുന്നു വന്ന ഒരു ചെക്കനെ കൂട്ടി വന്ന് സ്നേഹത്തിൽ കളിക്കാൻ വിളിച്ചു. അവൻ ഒരു ഭീകരനായിരുന്നു. ഓരോ തവണ തോൽക്കുമ്പോഴും ഞാന്‍ വാശിക്ക് കളിച്ചു. അവർ മൂന്നാൾ, ഞാൻ ഒറ്റക്ക്. എന്റെ മേശവലിപ്പിൽ ഒന്നിന്റെയും രണ്ടിന്റെയും ചില്ലിക്കാശുകൾ മാത്രം ബാക്കി. അവസാനം അവർ സഞ്ചി കൊണ്ടുവന്ന് എന്റെ പളുങ്കുകൾ കൊണ്ടുപോയി. ആ തോൽവിയുടെ അഘാതം എന്നെ ചിലതൊക്കെ പഠിപ്പിച്ചു. എതിരാളിയുടെ ശക്തി അറിയാതെ ഒന്നിനും ഇറങ്ങി പുറപ്പെടരുത്, ഒന്നും ശാശ്വതമല്ല, നഷ്ടപ്പെട്ടതിനെ ഓർത്ത് ദുഃഖിക്കരുത്. 😀

അക്കാലത്ത് സ്കൂളില്‍ പോകുന്ന വഴിയിൽ വാഴക്കുളം അമ്പലത്തിന്റെ അടുത്ത് ഒരു വീടിന്റെ മുന്നിലെ കുറ്റിക്കാട്ടിൽ ഒരു വെളുത്ത കായ ഞങ്ങൾ കണ്ടെത്തി. അതായിരുന്നു പൂച്ചപ്പഴം. അന്ന് അമൃതിന്റെ രുചി. പിന്നീട് ആ വഴിയിലൂടെ പൂച്ചപ്പഴം ആശിച്ചുള്ള എത്രയെത്ര യാത്രകൾ. ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ട, രുചിച്ച പൂച്ചപ്പഴം ഒരു നൊസ്റ്റാൾജിയ ആയി ഇന്നും മനസ്സിൽ തുടരുന്നു.

Wednesday, December 15, 2021

1. ഓർമ്മകൾ ഓർമ്മകൾ ഓർമ്മകൾ...

രാവുണ്ണിക്കോളേജെന്ന സ്നഹവിദ്യാലയം. എല്ലാ ടീച്ചര്‍മാരും അമ്മമാരെപ്പോലെ, വിദ്യാർത്ഥികളായ ഞങ്ങൾ മക്കളെപ്പോലെ.

ചുറ്റും കുറുക്കനും പാമ്പും പഴുതാരയും ലോകം പങ്കിട്ടെടുക്കുന്ന കോങ്ങാട്ടിക്കാടിന്റെ വന്യത. വേനലിൽ വെള്ളരിയും കുമ്പളവും കക്കരിയും മത്സരിച്ച് പടർന്നു കയറിയ പുഞ്ചനിലങ്ങൾ. പാടത്തൂടെ നടക്കുമ്പോൾ എള്ളുമണം കൊതിപ്പിച്ച ഒറ്റയടിപ്പാതകൾ. നീർക്കോലിയും പൂച്ചൂട്ടിയും ബാല്യവിസ്മ- യങ്ങളായ  കലുങ്കുകൾ. അരയോളം നനഞ്ഞു കയറുന്ന സ്കൂൾ യാത്രകൾ. ജീവിതത്തിന്റെ ലാവണ്യം മുഴുവൻ നെഞ്ചേറ്റിയ ഇന്നലെയുടെ ബാക്കിപത്രങ്ങൾ.

സ്കൂളിൽ നിന്നു നോക്കിയാൽ കാണുന്ന അമ്മയുടെ ശാന്തി ഹോമിയോ ക്ലീനിക്ക്.

ഉച്ചക്ക് വിട്ടാൽ ഓടി അമ്മേടെ അടുത്തെത്താം. അന്ന് ഇല്ലായ്മയറിയിക്കാതെ അമ്മ വാരിത്തന്ന ചോറിന്റെ ഉച്ചമണം. 


ഹാ ജീവിതമേ... തോല്‍വിയുടെ നെടുമ്പാതകളിൽ നന്നാറി സർബത്തിന്റെ ആശ്വാസമായ തണൽപ്പന്തലുകൾ.

അമ്മ ആരെങ്കിലും പിച്ചക്കാർ വന്നു വിശക്കുന്നെന്ന് പറഞ്ഞാൽ അമ്മേടെ ചോറെടുത്തു കൊടുക്കും, എന്നിട്ട് വിശക്കുന്നില്ല എന്നു പറയും. ഉച്ചക്ക് വിട്ടു വന്നപ്പോൾ അമ്മക്ക് ചോറില്ല. ഞാന്‍ ഓടി, വീട്ടിലേക്ക്. ഇന്നത്തെ ലെമർ സ്കൂളിന്റെ അടുത്താണ് വീട്, ആ കഥ പിന്നെ. നല്ല മഴയാണ്. അമ്മാമേടെ കയ്യീന്ന് ചോറ് വാങ്ങി തിരിച്ചോട്ടം. അന്ന് തൃപ്രയാറിൽ കണ്ണു വൈദ്യശാല എന്നൊരു കട ഉണ്ടായിരുന്നു. ആ കെട്ടിടത്തിലെ ഒരു വാച്ചുകടയുടെ മുറ്റം സിമന്റിട്ടതായിരുന്നു. ഓട്ടം പിഴച്ചു. തറയിൽ വഴുക്കി വീണു. ചോറാകെ ചിതറി. മഴയിൽ ചെളിയിൽ നനഞ്ഞൊട്ടിയ ഞാന്‍. ലോകം മുഴുവൻ നഷ്ടമായ സങ്കടം. കണ്ണീരിന്റെ ഏങ്ങലുകൾക്കിടയിലെ ചില സാന്ത്വനങ്ങൾ. ഉള്ളിൽ അമ്മയുടെ മുഖം. സാരമില്ലെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു തന്ന ഉമ്മ. 


ആത്മാന്വോഷണത്തിന്റെ ഏകാന്തശൈലങ്ങൾ കയറുമ്പോൾ ചില പുൽക്കൊടികൾ പിടിച്ചുകയറാൻ ഉരുക്കുവടങ്ങളാവും, എങ്കിലും കഥയിൽ സ്വയം നഷ്ടമാവും!

Friday, November 12, 2021

ആഴം

ആഴമേ നിന്റെ വേരുകൾ
ആരറിഞ്ഞിത്ര! ഞാനൊരാൾ
നീയൊഴിച്ചിട്ട കൂരിരുൾ
താവളത്തിന്റെ നോവുകൾ.
കണ്ണിരുൾ കൊണ്ടു മൂടുമ്പോൾ
നീല നക്ഷത്ര ചാരുത
ഞാനുറങ്ങാത്ത കാലത്തിൻ
കാടു പൂക്കുന്ന വന്യത
കണ്ണു വറ്റാത്ത നീർക്കയം 
തന്നെ നീന്തുന്നു മീനുകൾ
താന്തരാകുന്നൊരായത്തിൽ
ജീവനൊപ്പിട്ടൊരേടുകൾ. 
ആഴമേ നിന്നെയാഴത്തിൽ
തേടി ഞാനെത്ര വേഗമായ്
കണ്ടെടുക്കുന്നു മാളത്തി
ന്നുള്ളിലായ് തെല്ലു ശൂന്യത.

Wednesday, October 27, 2021

ഒഴിവ്

നീർത്തിയിട്ട
ഒഴിഞ്ഞ കസേരകളിൽ 
ഒന്നിൽ ഞാനിരുന്നു
സ്കൂളിൽ ആദ്യമായി ചേർത്ത കുട്ടിയെപ്പോലെ
ഒറ്റക്കാണ് എന്ന് ഇടക്കിടെ തോന്നുമ്പോൾ
കണ്ണടച്ചു പ്രാർത്ഥിച്ചു,
ദൈവമേ എന്റെ അടുത്ത് 
ഒഴിഞ്ഞ കസേരയിൽ ഒന്നിരിക്കണേ.
അഴകില്ലാത്ത മൗനം
പെയ്തു തോരാത്ത മഴയോട്
അലിഞ്ഞു ചേർന്നു.
ഒരു രസത്തിന് ആളില്ലാക്കസേരകൾ ഓരോന്നായി മടക്കി വെച്ചു,
വേണമെങ്കിൽ നിവർത്താമല്ലോ!
ഒടുവിൽ ഒറ്റക്കായ കസേരയിൽ 
ഞാനിരുന്നു.

Tuesday, October 12, 2021

ഗൂഗ്ലി

ഗാലറിയിൽ ഇരിക്കുമ്പോള്‍
എല്ലാവരും കാണികളാണ്, 
പാഞ്ഞുവരുന്ന പന്തുകളിൽ
ചിലതെല്ലാം അതിരുകളും കടന്ന്
പറന്നു പോകും
ഉന്നം പിഴക്കാതെ ഒരെണ്ണം ഗാലറികളെ നിശ്ശബ്ദമാക്കും,
കൊടികൾ താഴും
വാദ്യഘോഷങ്ങൾ മാഞ്ഞു പോവും 
കാണികൾക്കിടയിൽ പഴയൊരു ബാറ്റ്സ്മാൻ
ഉന്നം തെറ്റാതെ വന്ന ഓർമ്മകളെ
തുപ്പലു തൊട്ട് തുടച്ചുമിനുക്കും. 
ഇതെന്തൊരു കളി 
ഇവിടെ പഴയൊരു കളിക്കാരൻ ഉണ്ടായിരുന്നു, 
ഒരാൾ മുന്നിലിരുന്ന് കൂട്ടുകാരോട് കഥ പറയുന്നു, 
ആ കളിക്കാരൻ ഞാനാണ് ഞാനാണ്
ഉറക്കെ പറയാന്‍ തോന്നും. 
വേണ്ട, തിരിച്ചറിയാതെ പോയൊരു ഗൂഗ്ളി, 
വീണുപോയൊരു വിക്കറ്റ്, 
ഒരൊറ്റ ബോൾ! 
എന്നാലും പണ്ടിവിടെ.....

Tuesday, September 14, 2021

കോവിഡ്

കോവിഡ് പിടിച്ചു മരണപ്പെട്ടവനെ
എങ്ങോട്ട് തിരിച്ചു കിടത്തണം
പടിഞ്ഞാറോട്ടായിരുന്നു സൗകര്യം. 
ഒരു തർക്കവുമില്ല! 
ഏതു വഴി പോയാലും
ഒരിടത്തുതന്നെ എത്തുന്ന
ജീവിതത്തിന്റെ സൂത്രവാക്യം, മരണം!
ദൈവം ഉണ്ടോ? 
മൃതന് സന്ദേഹമില്ല. 
കുളിപ്പിക്കാതെ, കർമ്മങ്ങൾ ചെയ്യാതെയും
ഒരാൾക്ക് മുക്തി ലഭിക്കാം. 
ദൈവം ഉണ്ടെന്ന് പറഞ്ഞാൽ
ആകെ കുഴഞ്ഞു മറിയും
ഇല്ലെന്നാണെങ്കിൽ എളുപ്പമാവും. 
ദൈവനാമത്തിലായാലും
ദൃഢപജ്ഞയിലായാലും
മരണം മരണം തന്നെ,
ബന്ധുക്കൾ അയഞ്ഞു
ഒരു കർമ്മവും വേണ്ട
മൃതൻ ഉറച്ചു തന്നെ കിടന്നു. 
പുകക്കുഴൽ ആഞ്ഞു തുപ്പുമ്പോൾ
ദൈവം മുഖം തുടച്ചു, ബന്ധുക്കളും!

Sunday, September 12, 2021

ഞാൻ

ഒഴുകി നീങ്ങുമ്പോള്‍
ഇലയെന്നു ചിലർ
ഇടറി വീഴുമ്പോൾ 
കിളിത്തൂവലെന്നും ചിലർ
കാറ്റിന്നിഴകളിൽ മൗനം
അലഞ്ഞു നീങ്ങുമ്പോൾ
കളിയില്‍ ഊമന്താടിയെന്നു ചിലർ
കരയുവാനായി മറന്നു പോവുമ്പോൾ 
കരളു വറ്റിയ ശിലയെന്നും ചിലർ
വെറുതെയെന്നെ ഞാന്‍ 
തിരഞ്ഞലയുമ്പോൾ
വെയിലു കെട്ടിയ
നിഴലെന്നും ചിലർ.