മരണവണ്ടിയേറിയച്ഛനെന്നെയും
വഴിയിതൊന്നിലേകനാക്കിയെങ്കിലും
കനിവു കണ്ടിടാമെനിക്കു, കാറ്റു പോല്‍
വിരലുതന്‍ തലോടലാണു ജീവിതം.
നിഴലു രണ്ടു കണ്ടു ഞാനറിഞ്ഞിതു
പുറകിലുണ്ടു ഭീതി വേണ്ട തെല്ലുമേ,
ചിറകരിഞ്ഞു വാനമന്യമായൊരാ
പറവ തന്റെ ജീവനാണിതെങ്കിലും.
പകലു പാവമാണു പാരമോര്‍ക്കുകില്‍
ഇരവു,തന്‍ മനസ്സു കാര്‍ന്നു നോവിനാല്‍
പിടയുമോര്‍മ്മ തള്ളി വിട്ട കൂരിരുള്‍
ചകിത,മാശുകന്‍ പതിച്ച കൂടുപോല്‍.
ഇല പൊഴിഞ്ഞു, ചേലുകെട്ടു മാമരം
നില മറന്നു പൂ കൊതിച്ചു തേങ്ങിനാന്‍
വരുമൊരിക്കലീ വഴിക്കു സൌരഭം
അവനൊരുക്കിടുന്നെനിക്കു മാധവം.
ചിതയെരിഞ്ഞു കാലമേറെയാകിലും
ചിതലരിച്ചിടുന്നതില്ലയോര്‍മ്മകള്‍
ചില പഥങ്ങള്‍ പിന്നിടുമ്പൊഴാധിയായ്
വരു,മൊരിക്കല്‍ നീ പറഞ്ഞ വാക്കുകള്‍.
മല തിരഞ്ഞു പോക നാ,മൊരിക്കലും
മല തിരഞ്ഞു വന്നിടില്ല നമ്മെയും,
പല മരങ്ങള്‍ പൂക്കളാര്‍ന്നു നില്‍ക്കിലും
ചില മരങ്ങളുണ്ടു പൂത്തിടാതെയും.
'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍ നി-
ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "
Saturday, April 24, 2010
Sunday, March 14, 2010
പുഴ

എത്രയോ ചോദ്യങ്ങള്‍, ഉത്തരങ്ങളും പിന്നെ
എത്രയോ പൂരണം ചെയ്യേണ്ടുന്നതാം സമസ്യകള്‍
ഇത്തിരി നേരം കൂടിത്തന്നിടാമെനിക്കെങ്കില്‍
മല്‍ച്ചെറു ലോകത്തിന്റെ കയ്പുനീര്‍ പകര്‍ന്നീടാം
സ്വച്ഛമായ് നമുക്കല്പമിരുന്നീ മണല്‍ത്തട്ടില്‍
തുച്ഛമാം ജീവല്‍ക്കാല ചിത്രമാലേഖ്യം ചെയ്യാം
സ്വര്‍ഗ്ഗ ചാരുത തന്റെ പെരുമ പകര്‍ന്നൊരീ
മണ്ണിലെ ഞരമ്പിലൂടല്ലിന്‍ നീരോട്ടം കാണാം
കണ്ണുനീരല്ല, കാലം തള്ളിടാന്‍ നമുക്കല്പമെങ്കിലും
ഗംഗാതീര്‍ത്ഥം ഓര്‍ത്തുവെച്ചില്ലെന്നാലും
ഇന്നൊരീ മണല്‍പ്പരപ്പെന്റെയും, നിന്റേതുമാം
നഷ്ടസ്വപ്നത്തിന്‍ ചിതാകുണ്ഡമായെരിഞ്ഞിടും.
ഒന്നു നീയോര്‍ത്തേ നോക്കു, ജീവിതം മറന്നിട്ടോ
നമ്മളില്‍ സംഗീതത്തിന്‍ ലാളനമണഞ്ഞിട്ടോ
ഈവിധം ജരാനര പടര്‍ന്നീ പുഴവക്കില്‍
ജീവിതം ഒഴുക്കുവാന്‍ നമ്മളിങ്ങണയുമ്പോള്‍
കാലമേ മറക്കുവാനാവുകില്ലെനിക്കെന്റെ
കാതിലെ കിലുക്കങ്ങളീപ്പുഴ തന്റേതല്ലേ!
കാലടിപ്പാടാല്‍ പുഴയലകള്‍ രചിക്കയോ
കാളിടും ചൂടാല്‍ കാറ്റു തീമഴ പൊഴിക്കയോ
വിണ്ടുകീറിയും വിരിമാറു കുത്തിക്കോരിയും
മണ്ണിലീ പുഴ പോലെ നമ്മളും മരിക്കയോ!
യാതനാഭരമല്ലൊ ജീവിതം, യവനിക
തെല്ലു ചാഞ്ഞിടുമ്പൊഴീ യാഗഭൂമിയില്‍ നമ്മള്‍
ഏകരായല്ലൊ, പുഴയേറെ മാറിയോ വഴി
നമ്മളിന്നറിയാതെ പുഴതന്നില്‍ നാമലിഞ്ഞുവോ!
Thursday, March 11, 2010
രാപ്പകല്‍

ഒരു രാത്രി കൂടി മറഞ്ഞു വീണ്ടും
പകലിന്റെ വെട്ടമുണര്‍ന്നു
തെളിഞ്ഞിടുമ്പോള്‍
രാപകലെന്നു രണ്ടായ്
മുറിഞ്ഞതിലെന്തു കാര്യം
ഇരുളിന്നുറക്കറയിന്നു ശൂന്യം.
പകലന്തിയോളമിരുന്നു ചിന്തി-
ച്ചൊരു പാഴ്ക്കിനാവു
മെനഞ്ഞതു തന്നെ കാര്യം;
മതിയിന്നി, നോവിന്നൊ-
രല്പ ശമത്വമേകാന്‍
ഇരുളിന്നഗാധനിശ്ശബ്ദത
കൊണ്ടസാദ്ധ്യം.
തിരിയൊന്നിതാളിയെരിഞ്ഞു
കഷ്ടം,തിരതല്ലി നിന്ന
മനോവിചാരമണഞ്ഞു സാര്‍ദ്ധം
പരമെന്തു പാരിതി,ലൊന്നു മാത്രം
പെരുകുന്ന ഭ്രാന്തമനുഷ്യചിത്തം.
മൃതിചിന്ത കൊണ്ടു
ചിലര്‍ക്കു ചിലപ്പൊഴെല്ലാം
അഴലിന്നൊഴുക്കില്‍ ഇല-
മേലെയെറുമ്പു പോലായ്
കര കണ്ടുകൊണ്ടു, കയം കടക്കാന്‍
കഴിയുന്നിതത്ഭുതമത്രെ, സത്യം!
ഇനിയെന്തു!രാവു മുറിഞ്ഞു വീഴും
പകലെന്ന പാതിയിരുന്നു വേവും
ഇതു തന്നെ ജീവിതരാഗമോര്‍ക്കില്‍
ഗതികേടിലാണതിമോഹിത
മര്‍ത്ത്യവര്‍ഗ്ഗം.
Wednesday, March 3, 2010
യാത്ര
ഒരു വാക്കു ചൊല്ലുവാനായി നാമിന്നെത്ര
പറയാത്ത വാക്കിന്റെ ദൂരം കടക്കണം
അതിനിന്നൊരായിരം ചിന്തകള്‍ കത്തിച്ചു
കനലാക്കി നോവിന്റെ നീറ്റം കുടിക്കണം
പലപാടു ചൊല്ലുവാനാശിച്ച സ്വപ്നങ്ങള്‍
മിഴിനീരു ചാലിച്ചു മൌനം ഭുജിക്കണം
ഇനിയാര്‍ക്കു വേണ്ടിയാണീ ജന്മമെന്നോര്‍ത്തു
കടുകായ്പിനാഴങ്ങള്‍ നീന്തി തുടിക്കണം
അതിഗൂഢമാകും മനസ്സിന്റെ തന്ത്രിയില്‍
കനിയാത്ത രാഗത്തിനീണം തിരക്കണം
കഠിനാനുരാഗം കറുപ്പിച്ച കാഴ്ചയില്‍
ചുടു ദീര്‍ഘശ്വാസങ്ങളാട്ടിത്തെളിക്കണം
കരളിന്റെയുള്ളിലെ കാണാത്ത നോവുകള്‍
കവിതയ്ക്കു കാഴ്ചവെട്ടങ്ങളായ് തീര്‍ക്കണം
ഒരു വാക്കു മിണ്ടാതെയൊരു ദീര്‍ഘയാത്രയ്ക്കു
വഴിയോര്‍ത്തു കാറ്റിന്റെയീണം പിടിക്കണം
ഇനിയെന്നു കാണുമെന്നറിയാതെ, നിന്നിലായ്
നിറയുന്ന മൌനവാല്മീകങ്ങള്‍ പൂകണം
ഒരു യാത്ര, നിന്നിലെ പ്രണയാര്‍ദ്ര ചിത്തത്തെ
കനവാക്കി ജീവന്റെ കാലം കഴിക്കണം.
Sunday, February 28, 2010
അവന്‍

പുറകിലുണ്ടവന്‍
ഏകന്‍, അനാദിയാം
വഴിയിലൂടെന്നും
പിന്നാലെയുണ്ടവന്‍.
അകമലിഞ്ഞു തൂ-
മഞ്ഞിന്റെ പ്രേമമാം
മഹിത സന്ദേശ-
മുള്ളാലെ കൊണ്ടവന്‍.
തിരയിളക്കങ്ങ-
ളേറും മനസ്സിലെ
കനലു കാന്തിയാം
കയ്യാലെടുത്തവന്‍.
നുരയെടുക്കുന്ന
മോഹം, മിഴിയിലെ
തെളിമ കൊണ്ടു
തുളുമ്പാതെ കാത്തവന്‍.
മൃദുലമാനസന്‍
കാറില്‍ കറുക്കാത്ത
പ്രണയമന്ത്രം
ഉരുക്കഴിക്കുന്നവന്‍
അരികിലുണ്ടവന്‍
ഏകന്‍,ദയാപരന്‍
മരണമില്ലാത്ത
സ്നേഹാന്ധ ഗായകന്‍.
അവനൊരുത്തന്‍
മഹാന്ധകാരങ്ങളില്‍
കരുണ തന്റെ
വെളിച്ചം വിതച്ചവന്‍.
അകമുണങ്ങാത്ത
നോവിന്നു തൂവലിന്‍
അരിമ കൊണ്ടു
ശമത്വം പകര്‍ന്നവന്‍
അവനൊരുത്തന്‍
നിനക്കുണ്ടു കാവലായ്
ഉലകു ചുറ്റുന്നു
വേവുന്ന നെഞ്ചുമായ്.
അരികിലുണ്ടവന്‍
നീയിന്നു ശാന്തമായ്
പ്രണയ മന്ത്രം
ജപിച്ചങ്ങുറങ്ങുക.
Thursday, February 25, 2010
തീപ്പെട്ടി

ഞാനിപ്പോള്‍
ഒരു തീപ്പെട്ടിക്കൂടിനുള്ളിലാണ്,
വല്ലാതെ ഒറ്റപ്പെട്ടപ്പോള്‍
ഒളിച്ചതായിരുന്നു.
ആദ്യമാദ്യം
മുറിയടച്ചിരുന്നു,
പിന്നെ
കണ്ണും,വായും,ചെവിയുമടച്ചിരുന്നു.
സമാധാനമില്ല.
കൂട് മാറ്റി,
വീണ്ടും വീണ്ടും മാറി,
ഇപ്പോള്‍
ഈ തീപ്പെട്ടിക്കൂട്ടില്‍.
എനിക്കു കൂട്ടിനു
കുറെ കൊള്ളികള്‍,
നെഞ്ചില്‍ തീയുമായി
കുറെ ഓര്‍മ്മകള്‍.
ഒരു ഉരയലിന്റെ വേദന,
തുളയുന്ന വാക്കിന്റെ കനല്‍
എല്ലാം ഭസ്മമാകും.
എങ്കിലും
ഈ തീപ്പെട്ടിക്കൂടില്‍
എനിക്കു…………………….
Wednesday, February 24, 2010
കറുപ്പ്
Subscribe to:
Posts (Atom)
