തിടുക്കത്തിലൊന്നായ് നിറഞ്ഞന്നു നമ്മള്‍
ഒടുക്കത്തെ രാവും കുടിച്ചങ്ങു തീര്‍ത്തു
നമുക്കിന്നുറങ്ങാന്‍ ഇരുട്ടില്ല, സര്‍വ്വം
വെളിച്ചപ്പെടുന്നീ തുളക്കും നെരുപ്പില്‍.
നിനക്കും എനിക്കും വിയര്‍ക്കുന്ന വാക്കില്‍
വിലപ്പെട്ടതൊന്നാകുമീ സ്നേഹ വായ്പില്‍
തനിച്ചൊന്നിരിക്കാന്‍ നമുക്കിന്നൊരല്പം
കയിപ്പെന്ന സത്യം നുണച്ചൊന്നിറക്കാന്‍.
മറയ്ക്കപ്പെടാനായ് ശ്രമിച്ചെങ്കിലും നാം
അടയ്ക്കപ്പെടുന്നീ മനഃക്കോട്ട തന്നില്‍
അടയ്ക്കാം വെളിച്ചം കടക്കാതെ ചുറ്റും
നമുക്കായി മാത്രം ഇരുള്‍ക്കോട്ട കെട്ടാം
പുളിപ്പും ചവര്‍പ്പും കടും നോവു ചേര്‍ത്തും
നമുക്കിന്നൊരീ തീ വെളിച്ചം കടക്കാം.
'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍ നി-
ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "
Sunday, May 23, 2010
Monday, May 17, 2010
വേനല്‍
ഓര്‍മ്മയുണ്ടാം നിനക്കന്നു തമ്മിലായ്
ഏറെ മിണ്ടാന്‍ കൊതിച്ചിതെന്നാകിലും
ദൂരമുണ്ടാ വഴിക്കന്നു, വേനലിന്‍
കാതമെത്ര കടന്നു നാം മൂകരായ്.
ഓര്‍മ്മയുണ്ടാം ഇടയ്ക്കെങ്കിലും ചില
വേദനപ്പാടൊളിപ്പിച്ച കല്‍വഴി
കാരമുള്ളുകള്‍ കുത്തി നോവിച്ചൊരാ
നീറുമോര്‍മ്മ തിരുത്തുവതെങ്ങിനെ.
ഓര്‍മ്മയുണ്ടാം, വരണ്ട പാടം കട-
ന്നാല്‍ മരത്തണല്‍, മേലേ കിളി കള
കൂജനം പാടിയെന്തായിരുന്നു, നാം
നാളതെത്ര തിരഞ്ഞുവെന്നാകിലും.
ഓര്‍മ്മയുണ്ടാം ഒരിക്കല്‍ നാമന്യോന്യ-
മോതിയെന്തോ, കടത്തു വഞ്ചിക്കിനി
നേരമെത്ര കടക്കണം , ജീവിത-
പ്പാലമെത്താന്‍ തിടുക്കമാര്‍ന്നെങ്കിലും.
ഓര്‍മ്മയുണ്ടാം , വഴിയെവിടേ വെച്ചു
കീറി രണ്ടായ് മുറിഞ്ഞു , നിണമണി-
ഞ്ഞേറെ വേനല്‍ കടന്നു, വിജനമീ
വീഥിയെത്ര മുഖങ്ങള്‍ കവര്‍ന്നൂ.
ഓര്‍മ്മയുണ്ടാം ഇടയ്ക്കെങ്കിലും, ജനല്‍
പാളി നീക്കിക്കടന്നു വരാം വെയില്‍
കാളിടും കൊടും വേനലായെപ്പൊഴും
നാമിടയ്ക്കാ കനല്‍ വഴി താണ്ടുവാന്‍.
ഏറെ മിണ്ടാന്‍ കൊതിച്ചിതെന്നാകിലും
ദൂരമുണ്ടാ വഴിക്കന്നു, വേനലിന്‍
കാതമെത്ര കടന്നു നാം മൂകരായ്.
ഓര്‍മ്മയുണ്ടാം ഇടയ്ക്കെങ്കിലും ചില
വേദനപ്പാടൊളിപ്പിച്ച കല്‍വഴി
കാരമുള്ളുകള്‍ കുത്തി നോവിച്ചൊരാ
നീറുമോര്‍മ്മ തിരുത്തുവതെങ്ങിനെ.
ഓര്‍മ്മയുണ്ടാം, വരണ്ട പാടം കട-
ന്നാല്‍ മരത്തണല്‍, മേലേ കിളി കള
കൂജനം പാടിയെന്തായിരുന്നു, നാം
നാളതെത്ര തിരഞ്ഞുവെന്നാകിലും.
ഓര്‍മ്മയുണ്ടാം ഒരിക്കല്‍ നാമന്യോന്യ-
മോതിയെന്തോ, കടത്തു വഞ്ചിക്കിനി
നേരമെത്ര കടക്കണം , ജീവിത-
പ്പാലമെത്താന്‍ തിടുക്കമാര്‍ന്നെങ്കിലും.
ഓര്‍മ്മയുണ്ടാം , വഴിയെവിടേ വെച്ചു
കീറി രണ്ടായ് മുറിഞ്ഞു , നിണമണി-
ഞ്ഞേറെ വേനല്‍ കടന്നു, വിജനമീ
വീഥിയെത്ര മുഖങ്ങള്‍ കവര്‍ന്നൂ.
ഓര്‍മ്മയുണ്ടാം ഇടയ്ക്കെങ്കിലും, ജനല്‍
പാളി നീക്കിക്കടന്നു വരാം വെയില്‍
കാളിടും കൊടും വേനലായെപ്പൊഴും
നാമിടയ്ക്കാ കനല്‍ വഴി താണ്ടുവാന്‍.
Thursday, May 13, 2010
കുളക്കോഴി
പണ്ടൊരു കുളക്കോഴിയെന്നുടെ അയല്‍ക്കാരി
അന്നൊരാ കുളക്കടവവള്‍ക്കു കളിസ്ഥലം.
സന്ധ്യയിലവള്‍ പാടും സങ്കീര്‍ത്തനമെന്നാളുമെന്‍
സുന്ദരകാണ്ഡങ്ങളില്‍ നിര്‍വൃതി പകര്‍ച്ചകള്‍.
പുഞ്ചകള്‍ വേനല്‍ക്കാറ്റിന്‍ കളിയിലാറാടുമ്പോള്‍
പന്തുകളിക്കാര്‍ ഞങ്ങള്‍ കന്നുകളായീടുമ്പോള്‍
മണ്ണുഴുതേറും പല കളിയാല്‍ കളിക്കൂട്ടം
സങ്കലമാവും രവമെന്തൊരു പെരുങ്കൂട്ടം.
വന്നവളിടയ്ക്കിടെ മൊഴിയും പരാതികള്‍
സങ്കടമത്രേ പാടം സുന്ദരിയവള്‍ക്കത്രേ.
അന്നൊരു മഴക്കാലം നീരജ ലാവണ്യമാല്‍
പുഞ്ചകള്‍ കുളിര്‍കാറ്റിന്‍ തംബുരു മീട്ടീടുമ്പോള്‍
കുഞ്ഞു കുളക്കോഴികള്‍ ഒമ്പതു പേരായ് കൂട്ടം
വന്നിതു പടിഞ്ഞാറ്റേ കൈത വരമ്പത്തൂടെ.
ആരിതു കുഞ്ഞിക്കാളിയല്ലെയിതെന്നായ് കൂട്ടം
കൂടെയിതാരേ കൊച്ചു കിണികള്‍ തുണക്കാരായ്.
***************************
നാളുകള്‍ നെടും കാലമേറെ കടന്നീടുമ്പോള്‍
കാണുവതില്ലാ കുളക്കടവും കിളിപ്പാട്ടും
പാടമിതെങ്ങോ പണ്ടു കാണുവതുണ്ടായ് ചില
താളുകള്‍ പൊടിക്കാട്ടില്‍ മാറാലകള്‍ മൂടിക്കണ്ടായ്,
പാടുവതിന്നായ് കുളക്കോഴിയിതെങ്ങോ ചില
പോതിലിരുന്നാം സ്വയം വേദന തിന്നുന്നുണ്ടാം.
Saturday, April 24, 2010
അച്ഛന്‍
മരണവണ്ടിയേറിയച്ഛനെന്നെയും
വഴിയിതൊന്നിലേകനാക്കിയെങ്കിലും
കനിവു കണ്ടിടാമെനിക്കു, കാറ്റു പോല്‍
വിരലുതന്‍ തലോടലാണു ജീവിതം.
നിഴലു രണ്ടു കണ്ടു ഞാനറിഞ്ഞിതു
പുറകിലുണ്ടു ഭീതി വേണ്ട തെല്ലുമേ,
ചിറകരിഞ്ഞു വാനമന്യമായൊരാ
പറവ തന്റെ ജീവനാണിതെങ്കിലും.
പകലു പാവമാണു പാരമോര്‍ക്കുകില്‍
ഇരവു,തന്‍ മനസ്സു കാര്‍ന്നു നോവിനാല്‍
പിടയുമോര്‍മ്മ തള്ളി വിട്ട കൂരിരുള്‍
ചകിത,മാശുകന്‍ പതിച്ച കൂടുപോല്‍.
ഇല പൊഴിഞ്ഞു, ചേലുകെട്ടു മാമരം
നില മറന്നു പൂ കൊതിച്ചു തേങ്ങിനാന്‍
വരുമൊരിക്കലീ വഴിക്കു സൌരഭം
അവനൊരുക്കിടുന്നെനിക്കു മാധവം.
ചിതയെരിഞ്ഞു കാലമേറെയാകിലും
ചിതലരിച്ചിടുന്നതില്ലയോര്‍മ്മകള്‍
ചില പഥങ്ങള്‍ പിന്നിടുമ്പൊഴാധിയായ്
വരു,മൊരിക്കല്‍ നീ പറഞ്ഞ വാക്കുകള്‍.
മല തിരഞ്ഞു പോക നാ,മൊരിക്കലും
മല തിരഞ്ഞു വന്നിടില്ല നമ്മെയും,
പല മരങ്ങള്‍ പൂക്കളാര്‍ന്നു നില്‍ക്കിലും
ചില മരങ്ങളുണ്ടു പൂത്തിടാതെയും.
വഴിയിതൊന്നിലേകനാക്കിയെങ്കിലും
കനിവു കണ്ടിടാമെനിക്കു, കാറ്റു പോല്‍
വിരലുതന്‍ തലോടലാണു ജീവിതം.
നിഴലു രണ്ടു കണ്ടു ഞാനറിഞ്ഞിതു
പുറകിലുണ്ടു ഭീതി വേണ്ട തെല്ലുമേ,
ചിറകരിഞ്ഞു വാനമന്യമായൊരാ
പറവ തന്റെ ജീവനാണിതെങ്കിലും.
പകലു പാവമാണു പാരമോര്‍ക്കുകില്‍
ഇരവു,തന്‍ മനസ്സു കാര്‍ന്നു നോവിനാല്‍
പിടയുമോര്‍മ്മ തള്ളി വിട്ട കൂരിരുള്‍
ചകിത,മാശുകന്‍ പതിച്ച കൂടുപോല്‍.
ഇല പൊഴിഞ്ഞു, ചേലുകെട്ടു മാമരം
നില മറന്നു പൂ കൊതിച്ചു തേങ്ങിനാന്‍
വരുമൊരിക്കലീ വഴിക്കു സൌരഭം
അവനൊരുക്കിടുന്നെനിക്കു മാധവം.
ചിതയെരിഞ്ഞു കാലമേറെയാകിലും
ചിതലരിച്ചിടുന്നതില്ലയോര്‍മ്മകള്‍
ചില പഥങ്ങള്‍ പിന്നിടുമ്പൊഴാധിയായ്
വരു,മൊരിക്കല്‍ നീ പറഞ്ഞ വാക്കുകള്‍.
മല തിരഞ്ഞു പോക നാ,മൊരിക്കലും
മല തിരഞ്ഞു വന്നിടില്ല നമ്മെയും,
പല മരങ്ങള്‍ പൂക്കളാര്‍ന്നു നില്‍ക്കിലും
ചില മരങ്ങളുണ്ടു പൂത്തിടാതെയും.
Sunday, March 14, 2010
പുഴ

എത്രയോ ചോദ്യങ്ങള്‍, ഉത്തരങ്ങളും പിന്നെ
എത്രയോ പൂരണം ചെയ്യേണ്ടുന്നതാം സമസ്യകള്‍
ഇത്തിരി നേരം കൂടിത്തന്നിടാമെനിക്കെങ്കില്‍
മല്‍ച്ചെറു ലോകത്തിന്റെ കയ്പുനീര്‍ പകര്‍ന്നീടാം
സ്വച്ഛമായ് നമുക്കല്പമിരുന്നീ മണല്‍ത്തട്ടില്‍
തുച്ഛമാം ജീവല്‍ക്കാല ചിത്രമാലേഖ്യം ചെയ്യാം
സ്വര്‍ഗ്ഗ ചാരുത തന്റെ പെരുമ പകര്‍ന്നൊരീ
മണ്ണിലെ ഞരമ്പിലൂടല്ലിന്‍ നീരോട്ടം കാണാം
കണ്ണുനീരല്ല, കാലം തള്ളിടാന്‍ നമുക്കല്പമെങ്കിലും
ഗംഗാതീര്‍ത്ഥം ഓര്‍ത്തുവെച്ചില്ലെന്നാലും
ഇന്നൊരീ മണല്‍പ്പരപ്പെന്റെയും, നിന്റേതുമാം
നഷ്ടസ്വപ്നത്തിന്‍ ചിതാകുണ്ഡമായെരിഞ്ഞിടും.
ഒന്നു നീയോര്‍ത്തേ നോക്കു, ജീവിതം മറന്നിട്ടോ
നമ്മളില്‍ സംഗീതത്തിന്‍ ലാളനമണഞ്ഞിട്ടോ
ഈവിധം ജരാനര പടര്‍ന്നീ പുഴവക്കില്‍
ജീവിതം ഒഴുക്കുവാന്‍ നമ്മളിങ്ങണയുമ്പോള്‍
കാലമേ മറക്കുവാനാവുകില്ലെനിക്കെന്റെ
കാതിലെ കിലുക്കങ്ങളീപ്പുഴ തന്റേതല്ലേ!
കാലടിപ്പാടാല്‍ പുഴയലകള്‍ രചിക്കയോ
കാളിടും ചൂടാല്‍ കാറ്റു തീമഴ പൊഴിക്കയോ
വിണ്ടുകീറിയും വിരിമാറു കുത്തിക്കോരിയും
മണ്ണിലീ പുഴ പോലെ നമ്മളും മരിക്കയോ!
യാതനാഭരമല്ലൊ ജീവിതം, യവനിക
തെല്ലു ചാഞ്ഞിടുമ്പൊഴീ യാഗഭൂമിയില്‍ നമ്മള്‍
ഏകരായല്ലൊ, പുഴയേറെ മാറിയോ വഴി
നമ്മളിന്നറിയാതെ പുഴതന്നില്‍ നാമലിഞ്ഞുവോ!
Thursday, March 11, 2010
രാപ്പകല്‍

ഒരു രാത്രി കൂടി മറഞ്ഞു വീണ്ടും
പകലിന്റെ വെട്ടമുണര്‍ന്നു
തെളിഞ്ഞിടുമ്പോള്‍
രാപകലെന്നു രണ്ടായ്
മുറിഞ്ഞതിലെന്തു കാര്യം
ഇരുളിന്നുറക്കറയിന്നു ശൂന്യം.
പകലന്തിയോളമിരുന്നു ചിന്തി-
ച്ചൊരു പാഴ്ക്കിനാവു
മെനഞ്ഞതു തന്നെ കാര്യം;
മതിയിന്നി, നോവിന്നൊ-
രല്പ ശമത്വമേകാന്‍
ഇരുളിന്നഗാധനിശ്ശബ്ദത
കൊണ്ടസാദ്ധ്യം.
തിരിയൊന്നിതാളിയെരിഞ്ഞു
കഷ്ടം,തിരതല്ലി നിന്ന
മനോവിചാരമണഞ്ഞു സാര്‍ദ്ധം
പരമെന്തു പാരിതി,ലൊന്നു മാത്രം
പെരുകുന്ന ഭ്രാന്തമനുഷ്യചിത്തം.
മൃതിചിന്ത കൊണ്ടു
ചിലര്‍ക്കു ചിലപ്പൊഴെല്ലാം
അഴലിന്നൊഴുക്കില്‍ ഇല-
മേലെയെറുമ്പു പോലായ്
കര കണ്ടുകൊണ്ടു, കയം കടക്കാന്‍
കഴിയുന്നിതത്ഭുതമത്രെ, സത്യം!
ഇനിയെന്തു!രാവു മുറിഞ്ഞു വീഴും
പകലെന്ന പാതിയിരുന്നു വേവും
ഇതു തന്നെ ജീവിതരാഗമോര്‍ക്കില്‍
ഗതികേടിലാണതിമോഹിത
മര്‍ത്ത്യവര്‍ഗ്ഗം.
Wednesday, March 3, 2010
യാത്ര
ഒരു വാക്കു ചൊല്ലുവാനായി നാമിന്നെത്ര
പറയാത്ത വാക്കിന്റെ ദൂരം കടക്കണം
അതിനിന്നൊരായിരം ചിന്തകള്‍ കത്തിച്ചു
കനലാക്കി നോവിന്റെ നീറ്റം കുടിക്കണം
പലപാടു ചൊല്ലുവാനാശിച്ച സ്വപ്നങ്ങള്‍
മിഴിനീരു ചാലിച്ചു മൌനം ഭുജിക്കണം
ഇനിയാര്‍ക്കു വേണ്ടിയാണീ ജന്മമെന്നോര്‍ത്തു
കടുകായ്പിനാഴങ്ങള്‍ നീന്തി തുടിക്കണം
അതിഗൂഢമാകും മനസ്സിന്റെ തന്ത്രിയില്‍
കനിയാത്ത രാഗത്തിനീണം തിരക്കണം
കഠിനാനുരാഗം കറുപ്പിച്ച കാഴ്ചയില്‍
ചുടു ദീര്‍ഘശ്വാസങ്ങളാട്ടിത്തെളിക്കണം
കരളിന്റെയുള്ളിലെ കാണാത്ത നോവുകള്‍
കവിതയ്ക്കു കാഴ്ചവെട്ടങ്ങളായ് തീര്‍ക്കണം
ഒരു വാക്കു മിണ്ടാതെയൊരു ദീര്‍ഘയാത്രയ്ക്കു
വഴിയോര്‍ത്തു കാറ്റിന്റെയീണം പിടിക്കണം
ഇനിയെന്നു കാണുമെന്നറിയാതെ, നിന്നിലായ്
നിറയുന്ന മൌനവാല്മീകങ്ങള്‍ പൂകണം
ഒരു യാത്ര, നിന്നിലെ പ്രണയാര്‍ദ്ര ചിത്തത്തെ
കനവാക്കി ജീവന്റെ കാലം കഴിക്കണം.
Subscribe to:
Posts (Atom)