'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍ നി-
ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "
Friday, December 18, 2009
പാത
വെയില്‍ മങ്ങുന്നു,
ഭൂമിയിരുളിന്റെ
മുഖം മൂടിയെടുത്തണിയുന്നു,
പഥികരെല്ലാം
ഇരുളിന്റെ മറവില്‍
അഭയകേന്ദ്രങ്ങളില്‍ ശയിക്കുന്നു.
എവിടെ നിന്നോ തളര്‍ച്ചതന്‍-
രാഗവും പാടിയിഴഞ്ഞെത്തുമൊരുവന്റെ
അവസാന കാല്‍പ്പാടിനായി
കറുത്ത കമ്പിളിയുടുപ്പുമണിഞ്ഞുകൊണ്ടപ്പാത
മുഖവും പൊത്തിക്കിടക്കുന്നു.
കൊഴിഞ്ഞൊരേറെ
ദശാബ്ദങ്ങള്‍ തന്നോര്‍മ്മ
കനത്ത കാല്‍പ്പാടു രൂപത്തില്‍
കടുത്ത കാലൊച്ച രൂപത്തില്‍
പീഢിപ്പിക്കുന്നുവെന്നാകിലും…
വിറക്കുന്ന പ്രഭാതത്തിലും
വിയര്‍ക്കുന്ന വെയിലിലും,
ഭയക്കുന്ന നിശയിലും,
അസ്തമയസൂര്യന്റെ
പരിഹാസച്ചിരിയും സഹിച്ച്,
കയറുമായ് പായുന്ന പോത്തിന്റെ
കൂര്‍ത്ത കുളമ്പുണ്ടാക്കുന്ന
ക്ഷതങ്ങളും സഹിച്ച്,
സാത്താന്റെ നൃത്തത്തിലവന്റെ
കരുത്തുറ്റ കാലുകള്‍ തന്‍
പ്രഹരവും സഹിച്ച്,
പാതിരാക്കോഴിയുടെ
ചെവി പൊട്ടിക്കുന്ന
കരച്ചിലും സഹിച്ച്,
ഋതു ഭേദങ്ങളെ പുണര്‍ന്ന്,
രഥഗാഥകള്‍ മറന്ന്,
പകലെന്നോ ഇരുളെന്നോ ഓര്‍ക്കാതെ,
ഓരോ കാല്‍പ്പാടും
തുടക്കമെന്നു നിനച്ച്,
അവസാന കാല്‍പ്പാടിനായി
കറുത്ത കമ്പിളിയുടുപ്പുമണിഞ്ഞുകൊണ്ടപ്പാത
മുഖവും പൊത്തിക്കിടക്കുന്നു. 1986
Subscribe to:
Post Comments (Atom)
ഉല്ലാസ്... നല്ല വരികൾ...!! ആശംസകള്‍...!!
ReplyDelete