പ്രിയമാണെനിക്കിതു, സാന്ദ്രമാം സ്വപ്നത്തിന്റെ
വഴിയില്‍ ചിലങ്കകള്‍ പദമൂന്നിയോ വീണ്ടും!
പുലരാനിനിയെത്ര നേരമുണ്ടൊരു മാത്ര
കൂടിയെന്‍ മനസ്സിന്റെ തന്ത്രികള്‍ മീട്ടിക്കൊള്‍വിന്‍.
നിനയാതേവം, മോഹശാഖികള്‍ കുലുക്കി നീ
കളിയാ,യെന്നാല്‍ പാതി കാര്യമായ് മൊഴിഞ്ഞതില്‍
പ്രണയാതുരം കുറേ വാക്കുകള്‍, മയക്കത്തിന്‍
പടിവാതിലും ചാരി വന്നതാം ഖദ്യോതങ്ങള്‍.
സുഖമായണച്ചു ഞാനെങ്കിലും, മനസ്സിന്റെ
അഴലാ,യോളം തള്ളി വന്നിടും സന്ദേഹങ്ങള്‍
സഖി,യീ ജന്മത്തിനാലാവുകില്ലയെന്‍ പ്രേമ-
മധുരം നിനക്കു കൈക്കുമ്പിളില്‍ നിവേദിക്കാന്‍.
ഇനിയീ ജന്മത്തിന്റെ പാതിയില്‍, മോഹപ്പൂക്കള്‍
പുതുവര്‍ണ്ണങ്ങള്‍ തീര്‍ത്തു പൂക്കളമൊരുക്കുമ്പോള്‍
അറിയാമൊരു കുഞ്ഞു സ്വപ്നമെന്നാലും, മന-
മറിയാതുറക്കത്തെത്തൊട്ടുണര്‍ത്തുക വേഗം.
" സ്വപ്നം" നല്ല കവിത :)
ReplyDelete