'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Saturday, August 23, 2025

കോളാമ്പിപ്പൂക്കൾ

 











രാവുണ്ണി കോളേജിന്റെ പടിവാതിക്കൽ ഇതുപോലൊരു പൂവുണ്ടായിരുന്നു, ഞങ്ങൾ അതിനെ കോളാമ്പിപ്പൂവ് എന്ന് വിളിച്ചു. എല്ലാ പൂവുകളും സുന്ദരികളായതിനാൽ ആവും നമ്മൾ പൂവിനെ പൂവെന്ന് വിളിച്ചത്.

കർക്കിടകത്തിന്റെ പെരുമഴയത്തും മേടത്തിലെ പൊരിവെയിലത്തും ഈ പൂവ് ഞങ്ങൾ കുട്ടികളെ കാത്തു നിന്നു. ഒരു പോപ്പിൻസ് കുടയുടെ കീഴിൽ രണ്ടും മൂന്നും കൂട്ടുകാർ ഞങ്ങൾ നനഞ്ഞൊട്ടി വരുമ്പോഴും സ്കൂളിന്റെ മുന്നിലെ വെള്ളക്കെട്ടിലൂടെ പുസ്തകക്കെട്ടും തലയിൽ വെച്ചു നിന്തുമ്പോഴും ഒരു കണ്ണിമാങ്ങ  അയ്യായിരം പേർക്കെന്നപോൽ വീതിച്ചു തിന്നുമ്പോഴും ഈ  പൂവതു കണ്ടു പുഞ്ചിരിച്ചു നിന്നു. വിനിയാവതി ടീച്ചറുടെ അടി കൊണ്ട് വീർത്ത കൈത്തടത്തിൽ ഈ പൂവ് സ്നേഹത്താൽ തലോടി. പുഷ്പാർജ്ജിനി ടീച്ചർ ഈ പൂവ് കാട്ടി F-L-O-W-E-R എന്നു പഠിപ്പിച്ചു. കവിതയുടെയും ഗീതയുടെയും ഒക്കെ മുടിയിഴകൾക്കിടയിൽ ഇരുന്ന് ഈ പൂവ് ഞങ്ങളെ നോക്കി ചിരിച്ചു. സരസ്വതി ടീച്ചറുടെ വാടാത്ത ചിരി ഈ പൂവിൽ ഞങ്ങൾ കണ്ടു, എ. ഇ. ഒ. വരുന്നതും പ്രമാണിച്ച് ചുമരുകൾ ചിത്രങ്ങളെക്കൊണ്ട് നിറയുമ്പോൾ അവക്കിടയിലിരുന്നു ഈ പൂവ് ഞങ്ങളുടെ പ്രതിനിധി ആയി. പെൺകുട്ടികൾ പ്രാർത്ഥന ചൊല്ലുമ്പോൾ ഈ പൂവിനെ അവർക്കിടയിൽ തിരഞ്ഞു, അവളുടെ മുല്ലമൊട്ടു കോർത്ത ചിരി ഓർമ്മയുടെ വരമ്പത്തു എന്റെ പ്രണയ ജാതകം കുറിച്ചു. ശരിക്കും നീ ആരായിരുന്നു. എന്റെ പൂവേ നീ ഞങ്ങളുടെ മനോഹരിയായ പൂവായിരുന്നു. എന്റെയും കൂടി പൂവായിരുന്നു.

Sunday, August 10, 2025

ഇല്ല


 

ഞാൻ ഒരില

ഏതോ മരക്കൊമ്പു മോഹിച്ച
കൂമ്പില
ഞാൻ ഒരില
ഏതോ കുളിർക്കാറ്റു ലാളിച്ച
തളിരില,
ഞാൻ ഒരില
ഏതോ ദിവാസ്വപ്ന ലോകത്തു
പച്ചില,
ഞാൻ ഒരില
ഏതോ കൊടും കാനൽ പൊള്ളിച്ച
പഴുക്കില
ഞാൻ ഒരില
ഏതോ മണൽത്തട്ടിൽ ഞെട്ടറ്റ
കരിയില
ഞാൻ ഒരില
പാഴില

ഞാൻ ഇല്ല.

Saturday, August 2, 2025

വനവാസം




പുറകെ വേഗം
കടന്നു വേണം പുഴ
കരുതി വച്ചിരിക്കുന്നു
സുസ്വാഗതം
അതിഥി ദേവോ ഭവ
എത്ര ശാന്തമീ
നികടമാർക്കായ് 
തുറന്നു വച്ചീടുന്നു

കരളു വെട്ടിപ്പിളർന്ന
വാക്കിൽ തുടം
നനവു തേടിത്തളർന്ന
ദൈന്യങ്ങളിൽ
വരികയിന്നീ വിശാലമാം
കാടുകൾ, കനികൾ,
കാട്ടു ചോലക്കൊക്കുമുണ്മകൾ
കുതികുതിച്ചു പായുന്നു
മേന്മേലെന്റെ യൗവ്നം
വറുതി കൊണ്ടു
നിണം വാർന്നു പോകിലും.
കരുതി വക്കുന്നു
നീരുറ്റ ചോലകൾ
മലകൾ
മാടിപ്പുണർന്നു
പൂമേടുകൾ
പുടവ തന്നോ!
നിനക്കാരു ഭൂമിതൻ
കനിവു കാട്ടിത്തരുന്നു
ഹാ.. ജീവിതം
വകയിരുത്താമൊരൊറ്റ
യാത്രയ്ക്കു നാം മാത്രമായ്
മലകയറ്റം,
മടുത്തു കാലം സഖീ.

ഒരു മുകിൽപ്പക്ഷി പായുന്നു,
കാറ്റു വേഴാമ്പലിൻ
നീർപ്പാട്ടു മൂളുന്നു
ശലഭഭൂമിക്കു പേരെന്തു
നിന്റെ പേർ,
ഒരു വിളിപ്പാടു ദൂരെ
നിൽപ്പുണ്ടു ഞാൻ.

അഴകു വറ്റാത്തൊരാരണ്യ
കാണ്ഡമേ
ചെറിയൊരീ വനവാസത്തെ മാത്രമായ് 
തരിക,
വേണം നമ്മൾ മാത്രമായ്
കരുണ വറ്റാത്ത
കാടല്ലോ യൗവ്നം.

ഇരപിടിച്ചും
അലഞ്ഞു ജീവിച്ചുമീ
പ്രണയകാണ്ഡം
കടന്നു പോകുന്നു നാം
ഇവിടെ ഉണ്ടായിരുന്നു
നാം എങ്കിലും
ഇവിടെ ഇല്ലായിരുന്നു
ഒന്നോർക്കുകിൽ!

Tuesday, April 1, 2025

സൗഹൃദങ്ങൾ










അവളുടെ സൗഹൃദങ്ങൾ
വ്യത്യസ്തമാണ്.
കറവക്കാരൻ
പാൽക്കാരൻ
പത്രക്കാരൻ
ഹോം ഡെലിവറി ചെയ്യുന്നവർ
ഉത്പന്നങ്ങൾ വീടുതോറും
കൊണ്ടു നടന്നു വിൽക്കുന്നവർ
ഹരിത കർമ്മസേനക്കാർ
ആശാവർക്കർ
മാക്സി വിൽപ്പനക്കാരി
ഗ്യാസ് കൊണ്ടു വരുന്നവർ.....
ഒരു നീണ്ട നിര തന്നെയുണ്ട് അവർ.
അവൾ അവളുടെ ഒരു ലോകം
കെട്ടിപ്പടുത്തിട്ടുണ്ട്,
ചിലരെ കണ്ടില്ലല്ലോ എന്ന്
ചിലപ്പോൾ
വേവലാതിപ്പെടാറുണ്ട്,
ചിലതെല്ലാം
ആവശ്യമില്ലെങ്കിലും
വാങ്ങിക്കാറുണ്ട്.
ഒട്ടും ഭംഗിയില്ലാത്ത മാക്സികൾ
അടുക്കളയിലെ അലമാരയിൽ
ഉപയോഗിക്കാതെ കിടക്കുന്ന
മൾട്ടി ഗ്രേയ്ൻ ദോശപ്പൊടി,
മില്ലെറ്റ് പൊടി,
ഇറയത്തു കിടക്കുന്ന ചവുട്ടി,
വളരെ ചെറിയൊരു തുക
പ്രീമിയം അടക്കുന്ന
കാൻസർ ഇൻഷുറൻസ്,....
അങ്ങനെ എന്തൊക്കെ.
എന്തിനിതൊക്ക വാങ്ങിക്കുന്നു
എന്ന് ചോദിച്ചാൽ
അവളുടെ മുഖം മ്ലാനമാകും,
എന്തെങ്കിലും കാരണം
ഉണ്ടായിരിക്കണം,
അവളെയും അവരെയും
ഒരുമിപ്പിച്ചു നിർത്തുന്ന
എന്തോ ഒന്ന്.

Tuesday, November 5, 2024

ജലഭ്രമം


















പതിവുപോലെ സോപ്പുപെട്ടി, 
തോർത്തുമുണ്ട് 
സൂര്യൻ കുളിക്കാൻ ഇറങ്ങി.
മണ്ണാത്തി ലക്ഷ്മി ലേശം മാറി നിന്നു
അലക്കു തുടർന്നു.
സുതാര്യമായ ജലത്തിൽ 
പൊടിമീനുകൾ,
അവൻ മീനിനെപ്പോലെ നീന്തി 
അങ്ങിങ്ങു പടർന്നു കിടന്ന 
താമര വള്ളികൾക്കിടയിലൂടെ 
കെട്ടഴിഞ്ഞു അലസമായി തങ്ങിനിന്ന 
കൊതുമ്പു വള്ളത്തിനടിയിലൂടെ 
പരൽമീൻ പോലെ തുടിച്ചു 
ഒരു താമരപ്പൂ വെറുതെ വിരിഞ്ഞു ചിരിച്ചു 
എവിടെപ്പോയിവനെന്നു മണ്ണാത്തി 
എറുകണ്ണിട്ടു നോക്കി, 
കാണാതായ സൂര്യൻ 
കായലിന്റെ മടിത്തട്ടിലൂടെ 
ജലജീവിതം ആഘോഷിച്ചു.
മൂളി വന്നൊരു തെക്കൻ കാറ്റിൽ 
തോർന്ന തുണികളുമായി 
പെണ്ണു കേറിപ്പോയി, 
താമരപ്പൂവിതളുകൾ പൂട്ടി, 
കൊതുമ്പുവള്ളം ഓരം മുട്ടി, 
കാത്തിരുന്നു ചിറി ഉണങ്ങിയ കടവ് 
ഉറങ്ങിപ്പോയി, 
കരക്കു കേറുവാൻ 
തന്നെത്തേടി 
സൂര്യൻ അലഞ്ഞു.

Monday, October 21, 2024

മൂന്ന് കവിതകൾ

ഒന്ന് :

നിന്നെ വറ്റാതെ വേവിക്കുന്നതിലാണ്
എന്റെ ശ്രദ്ധ മുഴുവൻ
വേവൊട്ടും കൂടാതെ ഉപ്പു കൂടാതെ
വാർത്തെടുക്കണം
നിന്നെ തിന്നു തീർക്കുന്നതിലാവും 
ഇനി എന്റെ ശ്രദ്ധ മുഴുവൻ.

രണ്ട് :

കുത്തു കൊണ്ടൊരു കടന്നൽ
കരഞ്ഞോണ്ടു പറന്നുപോയി
നങ്ങേലിപ്പശുവിന്റെ കുത്തുകൊണ്ട
അയ്യപ്പേട്ടന്റെ അതേ ഓട്ടം.

മൂന്ന് :

ഭ്രാന്തനായൊരു മരച്ചില്ല
ഒരു കാറ്റിനെ എടുത്തു വട്ടം കറക്കി
കൈകളിലെടുത്തു അമ്മാനമാടി
ദൂരേക്ക് വലിച്ചെറിഞ്ഞു
അത് ചില്ലകളായ ചില്ലകളിലൂടെ
തേഞ്ഞുരഞ്ഞു....
കരഞ്ഞു പോയി.

Sunday, October 20, 2024

പേരുകൾ

 













ആ ഇരട്ടകളുടെ പേരുകൾ

ഓർക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്,
എന്റെ ഓർമ്മയുടെ അതിരുകൾക്കപ്പുറം
അവ ഒളിച്ചിരിക്കുന്നു
എങ്കിലും,
അമ്മുവിനെയും അപ്പുവിനെയും
എനിക്കോർമ്മയുണ്ട്
ഞാനവരോടൊപ്പം
കൊത്തങ്കല്ലു കളിച്ചിട്ടുണ്ട്
സാറ്റ് കളിച്ചിട്ടുണ്ട്
ഇന്നും പിടിക്കപ്പെടാതെ
പുള്ളീം പുള്ളീം എവിടെയൊക്കെയോ
ഒളിച്ചിരിപ്പുണ്ട്.
ഞാൻ നിങ്ങളെ അമ്മുവെന്നും അപ്പുവെന്നും
തന്നെ വിളിക്കും
പേരുകൾ ഓർമ്മകളുടെ
അടയാളങ്ങളാണ്
ഒരു പൂവിന്റെ
ഒരു കിളിയുടെ
ഒരു കാറ്റിന്റെ
ഒരു പുഴയുടെ
ഒരു പുൽനാമ്പിന്റെ.......
ഞാൻ തിരിച്ചൊഴുകുകയാണ്.