'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Tuesday, December 4, 2012

മഴ


മഴ ചാർത്തുന്നുണ്ട്
ചിന്തയുടെ കാഷായ വസ്ത്രം
ഓർമ്മയുടെ ജപമാല
നഗ്നമായ മനസ്സിനു
സഹനത്തിന്റെ കുളിർമ്മ.
വിശുദ്ധിയുടെ വെള്ളയാടകളിൽ
മഴക്കാറിന്റെ മൌനം,
വെള്ളിവാളിന്റെ വേദന,
ഇടിമുഴക്കത്തിന്റെ രോദനം;
പെയ്തിറങ്ങിപ്പോയ ദുഃഖം
ത്യാഗത്തിന്റെ പ്രതിഫലം.



Wednesday, August 29, 2012

ഒരു ഓണക്കവിത




















ഇന്നു രാവേതു പൂവിൻ നറുമണം
വെണ്ണിലാവിന്നു ചാലിച്ചു  ലാലസം
മെല്ലെ മൂളിപ്പറന്നു വന്നെത്തുന്ന
കുഞ്ഞു കാറ്റൊന്നു ചൂടുന്നു സൌരഭം.

ഇന്നു പാരിൻ കിളിമരച്ചില്ലയിൽ
തെന്നലാടിക്കളിക്കുന്ന ജാലകം
ഉള്ളു തുള്ളിത്തുളുമ്പുന്നൊരോർമ്മകൾ
പൊന്നുപൂവിട്ടൊരുക്കുന്നു മാനസം.

ഇന്നു കാലം കൊഴിച്ചിട്ട പൂക്കളിൽ
കണ്ണനുണ്ണിക്കിടാവിന്നു പൂക്കളം
കണ്ടുവോണം കിനാവെങ്കിലും ഹാ..
കണ്ണു ചിമ്മിച്ചിരിക്കുന്നു താരകം.

Tuesday, May 22, 2012

ഇലപൊഴിയും കാലം


വനതലങ്ങളിൽ ഇലപൊഴിയുന്നു
സ്മൃതികൾ വേനലിൻ വറുതി കായുന്നു
പിടയുമാർദ്രമാം ഹരിതകാന്തിയിൽ
ശലഭ ഭംഗിതൻ ചിറകു ചായുന്നു.
ഉടലിൽ ആഴമാം മുറിവിലാരെയോ
പരതി ലോലമായ് വിരലു പായുന്നു.
കരളിൽ വറ്റിയോരരുവിയിൽ മുഖം
തിരയുമാലിലക്കുരുവി പാടുന്നു,..
ചൊടിയിൽ വാക്കുതൻ മറവി തേടിയീ
വനപഥങ്ങളിൽ ഇലകൾ മൂടുന്നു.