'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Friday, January 21, 2022

വീണപൂവ്

ഒറ്റ മാത്രയില്‍ 
ഞാൻ ഞെട്ടടർന്നു
ഒറ്റ വീർപ്പിൽ
നിലയറ്റിടുന്നു
എത്ര മാത്രം നിശ്ശബ്ദം
നിസ്സാരം
എത്ര ശാന്തം 
കിനാവസ്തമിച്ചു. 
ഇന്നലേയും പറയാന്‍ കൊതിച്ചു 
ഇന്നു പോലും തേൻ കൂടു വെച്ചു 
എങ്കിലും 
എത്ര ശാന്തമായെന്റെ
അന്തരംഗം പറയാതടച്ചു. 
ചില്ല തോറും പരാഗം പടർത്തും
കുഞ്ഞു കാറ്റിലാ പൂവൊന്നിളകി
ചിന്നി വീഴും ദളങ്ങളെമ്പാടും
ഇല്ല, ഞാൻ വീണപൂവായിടുന്നു. 

Wednesday, January 19, 2022

6. മീനിന്റെ കഥ, കൊറ്റിയുടേയും

ഗന്ധങ്ങളുടെ ഗ്രാമാന്തരീക്ഷം. തഴുകിപ്പോയ ഓരോ കാറ്റും ഓരോ ഗന്ധങ്ങളുടെ കഥ പറഞ്ഞു. എന്തൊക്കെ ഗന്ധങ്ങളായിരുന്നു. നല്ലതെന്നോ ചീത്തയെന്നോ വേർതിരിക്കാതെ അതെല്ലാം ഒന്നുപോലെ നമ്മൾ സ്വീകരിച്ചു. വേനലിന്റെ പൊലിയുടക്കുമ്പോൾ കിട്ടുന്ന ഇരകളെ തിന്നാന്‍ കോഴികളും കിളികളും മത്സരിച്ചു. മണ്ണിന്റെ മണം, പാട്ടേങ്കാവിലെ വെള്ളം ഉച്ചത്തില്‍ തല്ലിയൊഴിക്കുന്ന ശബ്ദം ഇങ്ങ് ഈ മരുഭൂയിൽ ഇരുന്നാലും കേൾക്കാം. ഓരോ അടിക്കും ഓല മടക്കി കണക്കു വെച്ച കാരണവന്മാർ. ലാഭക്കണക്കല്ലാതെ സംതൃപ്തിയുടെ മനക്കണക്കെഴുതി മൺ മറഞ്ഞു പോയവർ. 

ഓർമ്മകളുടെ വഴിയോരങ്ങളിൽ അമ്മാൻ മാരുടെ നീണ്ടനിര. കുഞ്ഞമ്മാൻ, ഉണ്യമ്മാൻ, വേലായമ്മാൻ, ഗോവിന്ദമ്മാൻ, കുമാരമ്മാൻ,... എത്രയെത്ര അമ്മാൻമാർ. കല്ലുരയുന്ന ശബ്ദമുള്ള ഒരമ്മാനെ പുലിയമ്മാനെന്നും വിളിച്ചിരുന്നു. 

അവരിലൊരു രസികൻ അമ്മാൻ ഉണ്ടായിരുന്നു. പാടത്ത് പണിക്ക് വരുന്ന പെണ്ണുങ്ങളുടെ തോളിൽ കയ്യിടും, കൈ പിടിച്ച് കക്ഷത്ത് വെച്ച് നടക്കും. മൂപ്പര് അടുത്തു വരുമ്പോൾ പണിക്കാരികൾ ഓടി മാറുമായിരുന്നു 😊. ഓട്ടം അതിലേറെ രസകരമായിരുന്നു. 

പാടവക്കിലെ കൈതക്കാട്ടിൽനിന്നും കൈതപ്പൂവിന്റെ മണം. പായ നെയ്യാൻ മൂർച്ച ഉള്ള അരിവാൾ തോട്ടി കൊണ്ട് കൈതോല അരിഞ്ഞിട്ട് അടുക്കുന്ന സ്ത്രീകള്‍. ഓലയും ചകിരിയും കുതിർത്ത പൊട്ടക്കുളങ്ങൾ. വൈകുന്നേരങ്ങളിൽ ആയിരുന്നു ഓലമെടയലൊക്കെ. പുത്തനും ചെതുക്കുമായി അകാശത്തേക്ക് പായുന്ന ഓലകൾ. ഓലമേയൽ ഒരുത്സവമായിരുന്നു. 

പേർഷ്യ ഒരു സ്വപ്നമായി ഉണർന്നു വരുന്നേ ഉണ്ടായിരുന്നുള്ളു. കാച്ചിയുടുത്ത് തട്ടമിട്ട് കാതിൽ നിറയെ തോടയും ചുറ്റും അണിഞ്ഞ് കയ്യുമ്മ അയലോക്കങ്ങളിൽ വരും. നീലക്കരവെച്ച് തുന്നിയ നീണ്ട കയ്യുള്ള റൗക്ക അണിഞ്ഞാൽ ഏതു പെണ്ണും സുന്ദരിയാവും. കയ്യിലെ സ്വർണ്ണവാച്ച് പത്രാസിലങ്ങനെ കാണിക്കും. സമയെത്രായി കയ്യുണ്ണിത്ത, പാടത്ത് കളിക്കുന്ന ആരെങ്കിലും ചോദിക്കും. ഓ.., സമയം നോക്കാനറിയാത്ത കയ്യുമ്മ പാടവരമ്പിലൂടെ ഗമയിലങ്ങനെ പോവും. ഞായറാഴ്ച രാവിലെ ഓത്തുപള്ളിയിൽ പോകുന്ന മാപ്പിളക്കുട്ടികൾ. കുഞ്ഞുമുണ്ട്, ഫുൾക്കൈ ഷർട്ട്, നിസ്കാരത്തൊപ്പി,എന്ത് രസമാണു കാണാൻ. കാറ്റിനോട് കഥ പറഞ്ഞ് അവർ പോകുന്ന വഴിയിലൊക്കെ മാവിലെറിഞ്ഞ വടിപോലെ തങ്ങിനിൽക്കും. അണും പെണ്ണും ഭേദങ്ങളില്ലാതെ നാട്ടുവഴികളുടെ ചെത്തവും ചൂരും ആസ്വദിച്ച് അവരിങ്ങനെ പോവുന്നതു കാണുമ്പോൾ അവരാവാൻ കൊതി. കുഞ്ഞുമുണ്ടുടുത്താലും അവരാവില്ല. നമുക്കു നാമാവാനേ തരമുള്ളു എന്നതാണ് പാഠം. 

പാടത്ത് വെള്ളം നിറയുമ്പോൾ നിറയെ കൊറ്റികൾ സ്ഥാനം പിടിക്കും. പാടം നിറയെ ചെറുമീനാണ്. കണ്ടത്തിന്റ വരമ്പിലിരുന്ന് കൊറ്റി മീനുകളോട് നാട്ടുവർത്തമാനം പറയും. അപ്പുറത്തെ കണ്ടത്തില്‍ വെള്ളം നല്ല മധുരമാണ്, അവിടെ പോയാല്‍ സ്വർഗ്ഗാണെന്നൊക്കെ. വേണേൽ ഞാന്‍ കൊണ്ടാക്കാം, കൊക്കു പറയും. പാവം മീനറിയുന്നുണ്ടോ സ്വർഗ്ഗം തേടിപ്പോയവർ എത്തിയതെവിടെയാണെന്ന്! 

ജീവിതത്തിലെ സ്വർഗ്ഗം തേടി ഞങ്ങളെല്ലാം പറിച്ചു നടപ്പെട്ടു. നഷ്ടങ്ങളുടെ കണക്കെടുപ്പ് ബുദ്ധിയല്ല. എങ്കിലും ചിലപ്പോഴെല്ലാം മനക്കണക്ക് കൂട്ടി ഓർമ്മകളിൽ മുങ്ങിത്താഴും.

ശങ്കരന്റെ മോൻ ബാലന് ബാലവാടിയിലെ സെക്രട്ടറി ചേച്ചിയോട് പ്രണയം. ബാലൻ പാടവരമ്പിൽ വെച്ചത് പറഞ്ഞു. പാവം ചേച്ചി കരഞ്ഞ് പിടിച്ച് അമ്മയോട് പറഞ്ഞു. സങ്കടം സഹിക്ക വയ്യ. അമ്മയാണ് പ്രസിഡന്റ്. അമ്മ ബാലനെ വിളിച്ചു പറഞ്ഞു, ബാലാ അതു വേണ്ട. അവള് ജീവിക്കാനുള്ള ഓട്ടത്തിലാണ്. ബാലന് സമ്മതം. അവള് സന്തോഷമായി ജീവിച്ചോട്ടെ. അത്രയേ ഉള്ളു കാര്യം. പ്രണയം ഒരു സാർവ്വലൗകീക വികാരമാണ്, അതിനന്നും ഇന്നും മാറ്റമില്ല. പക്ഷേ അന്ന് ഒരു ജീവിക്ക് മറ്റേ ജീവിയുടെ സന്തോഷമായിരുന്നു പ്രാധാനം. അതിനു തന്നെയായിരിക്കണം പ്രാധാന്യം.

Friday, January 14, 2022

ചിത്രം

ഒടുവിലെത്തുന്ന വണ്ടിയും മാഞ്ഞു 
കവല പൂട്ടുന്ന കടയും അടഞ്ഞു
ഇരുളിലൊറ്റക്കിരുന്നാൽ
കടത്തിണ്ണ 
കടവുപോലെ
പുഴ പോലെ രാത്രിയും.
ഇടവമാസത്തിലാദ്യത്തെ തേൻമഴ
കുളിരു ചാറിച്ചൊരിയുന്നു 
പിന്നെയും
വഴിവിളക്കിൻ നിഴൽച്ചില്ല 
തുണ്ടു പോൽ
ഇറവുവെള്ളത്തിലാടുന്ന 
ചന്ദ്രിക.

Monday, January 10, 2022

5. വാടാമലരുകൾ

ഞാൻ പറഞ്ഞ പല കഥകളുടെ പരിസരം വായനക്കാരായ എന്റെ സുഹൃത്തുക്കൾക്ക് സുപരിചിതമാണ് എന്നത് മനസ്സിലാക്കുന്നു. കഥാപാത്രങ്ങൾ പലരും സർവ്വവ്യാപികളായിരുന്നെന്ന് അത്ഭുതപ്പെടുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഇതൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. 

എല്ലാ ജീവജാതികൾക്കും അവരുടേതായ സൗന്ദര്യമുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ കുട്ടിക്കാലം. വയൽച്ചുള്ളിയും തൊട്ടാർവാടിയും മുതൽ ചെത്തിയും ചെമ്പരത്തിയും വരെ നിറങ്ങൾ ചാലിച്ച മനസ്സ്. ആമ്പൽപ്പൂവിന്റെ വേരുതേടി പ്പോവുമ്പോൾ വല്ലപ്പോഴും കിട്ടുന്ന അല്ലിക്കായ, അതിന്റെ ത്രസിപ്പിക്കുന്ന രുചി 😊

മീൻപിടിക്കാൻ എന്തെല്ലാം ഉപാധികളായിരുന്നു അന്ന്. ഊത്തുളിയിൽ വിദഗ്ധനായ ഒരാള്‍ അന്നുണ്ടായിരുന്നു, സുധാകരൻ. സുധാകരന് വേറൊരു ചെല്ലപ്പേരും ഉണ്ടായിരുന്നു. എന്തിനെയെങ്കിലും കണ്ണു വെച്ച് ഒന്ന് പറഞ്ഞാല്‍ അത് നശിച്ചു പോവും. വല്ല മത്തനോ കുമ്പളമോ ഒക്കെ ഉണ്ടായി നിൽക്കുമ്പോൾ സുധാകരൻ ആ വഴി പോയാൽ ആളുകൾ പറയും, ഒന്നും പറയല്ലെ സുധാകരാ എന്ന്. 

പക്ഷെ എന്നെ വിഷമിപ്പിച്ചത് അതൊന്നു മല്ലായിരുന്നു. മഴക്കാലത്ത്  ബ്രാല് (വരാൽ) പാറ്റും. ചണ്ടികൾക്കിടയിൾ അമ്മയും ചുവന്ന മക്കളും വന്നു നിൽക്കും. ഞങ്ങളോട് സ്നേഹഭാവനയുള്ളതുകൊണ്ടോ എന്തോ ഞങ്ങളെ കണ്ടാല്‍ അവ പൊന്തി വരും. തള്ളയെ ഉപദ്രവിക്കില്ല എന്ന വിശ്വാസമാവാം. പക്ഷേ സുധാകരന്റെ കണ്ണിൽ പെട്ടാൽ പോയി. സുധാകരൻ കൊണ്ടുപോയ ബ്രാലിന്റെ മക്കൾ ഞങ്ങളെയും പ്രാകിയിട്ടുണ്ടാവും. ഉള്ളിൽ മനുഷ്യനു വേണ്ടി മാത്രമല്ല മീനിനും കോഴിക്കും ആടിനും... ഒക്കെ കൂടിയുള്ള പ്രാർത്ഥനകൾ കൂടി ആയിരുന്നു കുട്ടിക്കാലം. 

കാവുംകുളം. ചേമ്പിലയിലെ വെള്ളം പോലെ ഹൃദയത്തിലെ പച്ചപ്പിൽ ഒരു മുത്തൻ കുളം. ആ കുളത്തിലാണ് ചായക്കട നടത്തുന്ന ഗോവിന്ദമ്മാൻ മുളയുടെ പുട്ടു കുറ്റി നനച്ചിടുക.  കുളികഴിഞ്ഞ് നീണ്ട കോണകം നീട്ടി കഴുകുമ്പോൾ ഞങ്ങൾ ഒളിച്ചിരുന്ന് ചിരിക്കും. ചിതറിച്ചിരിച്ചോടുന്ന ബാല്യത്തിന്റെ ചിതലരിക്കാത്ത ഓർമ്മകൾ. പൂത്തുമ്പിയും സ്വാമിത്തുമ്പിയും എവിടെപ്പോയൊളിച്ചോ ആവോ. കഥയിലെ കഥാപാത്രങ്ങള്‍ മാത്രമായി അവർ അരങ്ങൊഴിഞ്ഞെങ്ങോ പോയി. 

'ഒരു പീഢയെറുമ്പിനും വരു
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര നൽകുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും... '
                          (ശ്രീ നാരായണ ഗുരു) 


കണ്ണെത്താദൂരത്തോളം പരന്നു കിടന്ന പുഞ്ചവയൽ. അറുകൊലയും തേർവാഴ്ചയും നട്ടുച്ചയിലും പാതിരാത്രിയിലും പാടത്തൂടെ പേടികൂട്ടി നടന്നു പോയി. പേടി കൂടുമ്പോൾ അമ്മയെ കെട്ടിപ്പിടിച്ചു കിടക്കും. പേടിയുടെ ഇലയനക്കങ്ങൾ താരാട്ടുപാട്ടിന്റെ ഈണത്തിൽ അലിഞ്ഞില്ലാതാവും. ഇപ്പോൾ ഞാന്‍ വലുതായി. അമ്മ കുട്ടിയെപ്പോലായി. രാത്രി ഒറ്റക്ക് കിടക്കാൻ ഭയമാണെന്ന് അമ്മ പറയുമ്പോൾ എനിക്കത് മനസ്സിലാവും. ജീവിതത്തിന്റെ തേർവാഴ്ചകൾ അമ്മയെ ഭയപ്പെടുത്തുന്നു. ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ച് കിടക്കണം, കിടക്കും. ഹൃദയം കാർമേഘങ്ങളാൽ മൂടിപ്പോകുമ്പോൾ ഈ കഥ ഇവിടെ നിർത്തുന്നു.