'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Thursday, November 24, 2022

ഗോൾ

 ഞങ്ങടെ കളിയിൽ സ്റ്റാര്‍ സ്റ്റ്രൈക്കർ അമ്മയായിരുന്നു. ഞങ്ങൾ തോൽക്കുന്നോടൊത്തൊക്കെ അമ്മ കേറിക്കളിച്ചു. എതിരാളികളുടെ ഫൗളുകളെ അതിജീവിക്കാൻ അമ്മ പാടു പെട്ടു. ഞങ്ങടെ പാസുകളുടെ കുഴപ്പമോ എന്തോ, ഒരു പന്തും അമ്മക്കങ്ങനെ ഗോളാക്കാൻ കഴിഞ്ഞില്ല. എങ്കിലും ജീവിതത്തോട് അമ്മ ഡ്രോ പിടിച്ചു. ഓരോ കളി കഴിയുമ്പോഴും അടുത്തത് ജയിക്കും എന്ന് ഞങ്ങളെ  പ്രതീക്ഷകളോടെ ജീവിക്കാൻ പഠിപ്പിച്ചു. ഇന്ന് ഞങ്ങൾ പിടിച്ചു നിൽക്കുന്നത് ആ ഒരു പവറിലാണ്. അമ്മ ക്യാപ്റ്റനായ ഒരു ടീമിൽ കളിക്കാൻ സാധിച്ചു എന്നതാണ് ഞങ്ങളുടെ ഭാഗ്യം. ഞങ്ങളുടെ ടീമിനൊപ്പം നിന്നു എന്നതാണ് നിങ്ങൾ കാണികളിൽ ഞങ്ങളറിഞ്ഞ സ്നേഹോദാരത. അത് അമ്മയോടുള്ള സ്നേഹമായി ഇന്നും അറിയുന്നു. ആരെയും തോല്പിക്കാതെയും ജയിക്കാനാകുമെന്ന് അമ്മ ഞങ്ങൾക്ക് കാണിച്ചു തന്നു. അതു തന്നെയാണ്  അറിഞ്ഞിരിക്കേണ്ട പാഠവും.

Wednesday, October 26, 2022

ഇരുട്ട്

ഇരുട്ടുകാണുവാൻ
ഒരിക്കൽ ഞാനുമെൻ
മരിച്ചൊരച്ഛനും
തിരക്കി യാത്രയായ്. 
കറുത്ത കമ്പളം
പുതച്ചു വന്നൊരാൾ
അവന്നു പേരുമായ്
ഇരുട്ടിതെന്നു ഞാന്‍.
കരഞ്ഞു കണ്ണുകൾ
കലങ്ങി നിന്നവൾ
ഒരുവൾ നെഞ്ചിലെ
ചിത എരിഞ്ഞവൾ.
പതിയെ ഞങ്ങളാ
അരികു പറ്റി കാർ
മുകിലുകൾ മൂടും
മുഖമുയർത്തിയാൾ 
വിശപ്പിതെന്നവൾ
കിതച്ചു, കീറിയോ
രുടുപ്പിൽ തൊങ്ങലായ് 
മുറിഞ്ഞ പാടുകൾ. 
ഇവൾക്കു പോകുവാ
നിടമിതേതു ഞാന്‍ 
അടച്ചു കണ്ണുകൾ 
നിമിഷമച്ഛനും.
ഇരുട്ടു കണ്ടുവോ
തൊടുത്തു ചോദ്യമായ്
എനിക്കൊരത്ഭുതം
ഇരുട്ടു കണ്ടതായ്. 
നടന്നു ഞങ്ങളാ 
പെരുവഴിയതിൽ
ഇരുട്ടിലന്യോന്യം
തിരക്കി ആരൊരാൾ
ഇവൾക്കു താങ്ങുമായ്
ഇരുട്ടുമാത്രമെ
ന്നുറക്കെയച്ഛനും
തരിച്ചു നിന്നു ഞാന്‍.

Tuesday, October 25, 2022

10

 സുപ്രഭാതം കാക്കപ്പെണ്ണേ..

നിന്റെ ചെക്കൻ എങ്ങടു പോയി.

അതാ ഇപ്പൊ കത. നിങ്ങളീ ലോകത്തൊന്നും അല്ലേ. ഇന്നു കറുത്ത വാവല്ലേ, ബലി ഇട്ക്കാൻ ഞങ്ങളല്ലാണ്ട് ആരാ. അവൻ അങ്ങടു പോയിരിക്യാ. 

അപ്പൊ നിന്ക്കും പോവായിരുന്നില്ലേ.

ഞാൻ പോവില്ല.

എന്തേ?

പോവില്ല, അത്രേന്നെ. പൊണ്ണുങ്ങളു ബലി ഇടുക്കണ്ടാത്രെ. കണ്ട കണ്ടീതും കുണ്ടീതും ഒക്കെ ഇടുക്കാൻ പെണ്ണുങ്ങളു വേണം. നാണല്ലാണ്ട് കൊറേറ്റെണ്ണം പോയിട്ട്ണ്ട്. 

ഇയ്ക്കതിന് നേരല്ല്യ. 

അതും ശരിന്നെ. നീ ആ വീടിന്റെ നടക്കല് വന്നിങ്ങനെ ഇര്ന്ന് കരേല്ലെ. എവടെക്കേങ്കെലും ഒന്നു പോവാനെറങ്ങ്യാ

നേരെ മുന്നീ വന്നു നിക്കും പെണ്ണുങ്ങള്. 

അതെന്ന്യാ പറഞ്ഞേ, നിങ്ങളാണുങ്ങള് ഈ ജമ്മത്ത് നന്നാവില്ല. 


Tuesday, October 18, 2022

09

 ഞങ്ങള് കാട് കണ്ടൂ ട്ടാ...

കാട് മാത്രല്ല, ഡാമും മയിലും കുരങ്ങും വരയാടും ആനേം ആനക്കുട്ട്യേളേം ഒക്കെ കണ്ടു.

കണ്ടതൊക്കെ സത്യാണ്, കാണാത്തതാ അതിലേറെ സത്യം.

അതെന്താപ്പാ കാണാത്തത്.

എന്റെ ഹൃദയം. അത് നെറച്ച് സ്നേഹാ, സന്തോഷോം. ടൂറ്ന്ന് പറഞ്ഞാ അതൊക്കെ തന്ന്യാണ്. സന്തുച്ചേച്ചി കൊണ്ടന്ന പരിപ്പുവട, വെളിച്ചെണ്ണപ്പം, ലതച്ചേച്ചിടെ കപ്പലണ്ടി, സുഷമച്ചേച്ചീടെ അരിയുണ്ട, പ്രതിഭച്ചേച്ചീടെ പഴം പുഴുങ്ങീത്, പിന്നെ അലുവേം ചിപ്സും ഒക്കെ ആയി ജഗപൊഗായിരുന്നൂ ട്ടാ.

ഇങ്ങള് കാഴ്ച കാണാനാ അല്ലെങ്കി തിന്നാനാ പോയേ.

ഞങ്ങള് പാട്ടു പാടാനും തിന്നാനും കുടിക്കാനും ഒക്കെക്കൂട്യാ പോയെ.

അതാ ഇപ്പൊ കത. ഇതിനൊക്ക്യാണെങ്കി ഇന്നോട് പറഞ്ഞാ മത്യായിരുന്നില്ലെ.

നിന്നോട് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല. ജീവിതം സ്നേഹിക്കാനുള്ളതാ. ഈ സ്നേഹോം തീറ്റീം കഴിച്ചാ പിന്നുന്തൂട്ടാ ബാക്കി!

ആകയാൽ ഞങ്ങളിനീം യാത്ര പോവും.

Monday, October 17, 2022

08

 ഹാ.. എന്താ ചെമ്പോത്തേ പട്ടുപാവാട ഒക്കെ ഉടുത്തു സുന്ദരി ആയിട്ടുണ്ടല്ലോ.

ചേട്ടൻ ദുബായീന്ന് കൊണ്ടോന്നതാ.

അപ്പൊ നിങ്ങക്കും ദുബായൊക്കിണ്ടാ

പിന്നില്ലാണ്ട്, ദുബായി ആർക്കാ ഇല്ലാത്തെ. ഞങ്ങക്കും ദുബായീം ഷാർജീം അബുദാബിക്കെണ്ട്.

എന്താ പുളൂസ്. കേക്കാൻ നല്ല രസോണ്ട് ട്ടാ. വെറുതല്ലാ നിന്നെ കാക്കതമ്പ്രാട്ടീന്ന് എല്ലാരും വിളിക്ക്ണ്. ഇങ്ങനെ പൗറ് പറേല്ലെ ന്റെ പൊന്നെ. 

നേര് പറഞ്ഞാ നൊണായി. ആല്ലാ നിങ്ങക്ക് കാടുണ്ടാ.

ഇയ്ക്ക് കാടൊന്നുല്ല്യ, മരണ്ട്.

മരണ്ടെങ്ങെ അവടെ വെച്ചോ. കാടില്ലാത്ത നിങ്ങളാ ദുബായിനെ കുറിച്ച് പറേണത്. ഇങ്ങനെ കാക്കേരേം പൂച്ചേരേം കണക്കിടുത്ത് ഇരിക്കണ നേരം വല്ല പണീം എടുത്തൂടെ.

അയ്യോ അത് പറഞ്ഞപ്ലാ, ഇയ്ക്ക് ഒരൂട്ടം പണീണ്ട്ന്ന് ഓർത്തേ. നീ പൊക്കോ ട്ടാ.

Saturday, October 15, 2022

07

 രാവിലെ മിറ്റത്തൊന്ന് എറങ്ങി നടക്കാന്നെച്ചാ ചെവിതല തരില്ല. മഞ്ഞ് കൊണ്ടാ പനി വരൂംത്രെ. നമ്മടെ കാക്കക്കും കുരുവിക്കും ഒക്കെ ഒരു പനീം ഇല്ല കുനീം ഇല്ല.

കുടുംബത്തീ രണ്ടു കുട്ട്യോള് ഉണ്ടായതാ, അതും ആദ്യമായിട്ട്. ചെമ്പത്തീമ്മലും ചെത്തീമ്മലൊക്കെ നെറച്ച് പൂവുണ്ട്, സന്തോഷാ എല്ലാവർക്കും.

അല്ല ചെമ്പോത്തേ, നിന്റെ തെരക്കൊഴിഞ്ഞാ ഇത്രത്തോളം ഒന്നു വരണേ. കൊറച്ചുണ്ട ഇണ്ടാക്കണം.

അതിന് അവറ്റോള് അത് തിന്നാറായാ..

ഇയ്ക്ക് തിന്നാനാ

അങ്ങനിപ്പം തിന്നണ്ട, തിന്ന് തുറു പോലായിരിക്കണ്. രാവിലെ ഏറ്റ് രണ്ടു റൗണ്ട് നടന്നൂടെ.

ഓ.. എന്താ മഞ്ഞ്.

ഇത്തിരി മഞ്ഞ് കൊള്ളാണ്ട് ഒരു കാര്യോം ഇണ്ടാവില്ല, അദ്ധ്വാനം സർവ്വ ധനാൽ പ്രധാനംന്നല്ലേ.

അപ്പൊ മഞ്ഞ്. 

ഓ മഞ്ഞ്.., കുഞ്ഞ്...

അപ്പൊ രാവിലെ എണീറ്റ് ച്ചിരി നടക്കുക.

Friday, October 14, 2022

06

 ഒരു കോഴീന്നെ വേണംന്ന് എത്രീസായി പറേണ്. കൊറേ കോഴീം ആട്ടുങ്കുട്ട്യോളും അമ്മിണീന്ന് വിളിക്കുമ്പോ ഓടി വര്ണ പശൂം ഒക്കെ എന്റെ ഒരു സ്വപ്നാണ് . സ്വപ്നത്തിൽ ആർക്കും എന്തും ആവാലോ. എന്നാ ഈ സ്വപ്നത്തിനും ഒരവസാനല്ല്യേ. ജീവിക്കാനുള്ള ആശ തീരുമ്പോ സ്വപ്നങ്ങളും അവസാനിക്കുംന്നാ തോന്നണേ, രണ്ടും പരസ്പരപൂരകങ്ങൾ. ഒന്നോർക്കുമ്പോൾ ജീവിതം ഒരു സംഭവാണ്. കണ്ണിന്റെ മണ്ടേമ്മല് ചാലു വെട്ടി എത്രെത്ര നദികള് ഒലിച്ചിറങ്ങിപ്പോയി. എന്നിട്ടും ജീവിതം മടുത്തോ! ഒരു ചെറിയ സന്തോഷത്തുമ്മെ നമ്മളൊക്കെ മറക്കും. ഒരു മഴക്ക് ഒരു വെയിലുണ്ടെന്ന് സമാശ്വസിക്കും. പുറത്ത് മഴ സങ്കടം പോലെ പെയ്യുകയാണ്, അകത്തും.

നാളെ നേരം വെളുത്തിട്ടു വേണം ഒരു ചെടിക്കമ്പ് കൊണ്ടുവന്നത് നടാൻ. അല്ലയോ സ്വപ്നങ്ങളേ ജീവിതമെന്ന മഹനീയ യാത്രയെ  പൂക്കളാലും പവിഴങ്ങളാലും നിറയ്ക്കൂ.

Wednesday, October 12, 2022

05

 രാവിലെ തണുപ്പിനെ ഒന്നു പിടിച്ചു കൂട്ടി കിടക്കുക, പിന്നെ എണീറ്റു മിറ്റത്തു വന്നാൽ വെളുവെളെ ഇളവെയിൽ. അതു മേത്തു തൊടുമ്പോൾ എന്താ അതിന്റെ ഒരു സുഖം. മഞ്ഞയും വെളുപ്പും ചാരനിറവുമുള്ള ഒരു ശലഭം ചാടിത്തുള്ളി നടക്കുന്നു. പൊട്ടെന്ന് മാജിക്കെന്നപോലെ അത് രണ്ടെണ്ണമാവുന്നു. പിന്നെ പല നിറത്തിൽ പല രൂപത്തിൽ ഒരു ശലഭ നൃത്തശില്പം തന്നെ. ഹിമകണങ്ങൾ ആസ്വദിച്ച് കുടിച്ച് മദോന്മത്തരായി അവർ തൊടിനിറയുന്നു. ചെമ്പരത്തിക്ക് ചെത്തിയോട് കുശലം,. 

ഇന്ന് നിന്റെ പൂക്കൾ നെറച്ചുണ്ടല്ലോ.

ഓ.. ഉമ്മക്കതിന്റെ ഗമെന്നും ഇല്ലേ. ചെത്തി പൗറ് പറഞ്ഞു.

ചവിട്ടുപടിയോളം വന്നു രണ്ട് കുരുവികൾ, എന്നെ കണ്ടപ്പം ഒന്നിനു നാണം.

ഞങ്ങളു ലൗവേഴ്സാ..

ആണോ. നീയാ മുരിങ്ങേമെ കേറി ഇരുന്ന് പ്രേമിച്ച് അതിന്റെ തണ്ടൊടിക്കരുത്.

ചന്തി ഇട്ടു കുലുക്കി.. എന്താ ഒരു പുച്ഛം.

എന്റെ പ്രിയരെ, ഒരോ ഇലയും പൂവും ശലഭങ്ങളും കിളികളും അവയുടെ കളകള നാദവും...... പ്രപഞ്ചം നിങ്ങളുടേതാണ്. 

Monday, October 3, 2022

04

 എന്താ അമ്മ്യേ ഇങ്ങനെ കെടക്കണെ. എണീറ്റ് രണ്ട് റൗണ്ട് അരച്ചൂടെ.

ഓ.. അതൊക്കെ ഒരു കാലം.

നിന്റച്ഛമ്മ എന്നെ കൊറേ അരച്ചു, പിന്നെ ഓമന കാർത്തു വേശു.. നിന്റമ്മീം കൊറരച്ചു. ഇയ്ക്ക് അതൊക്കെ മതി.

നിന്റെ ഓളോടൊന്നു പറഞ്ഞേ എന്നൊന്ന് അരക്കാൻ. അവ്ള് നിന്നെരയ്ക്കും. 

എന്താ അമ്മീം അമ്മിക്കുട്ടീം രണ്ടോടത്ത് കെടക്കണെ? 

ഓ ആര്ക്കും വേണ്ടാത്ത കാലത്ത് എവടെ കെടന്നാലെന്താ! അപ്രത്തെ ഒരലിനെ ഒന്ന് നോക്ക്യേ... ഒലക്ക എവിടിനിന്ന് ദൈവത്തിനും കൂടി അറീല. 

അല്ലാ നീയിപ്പെവിട്യാ കെടപ്പ്?. 

ഇന്റെ മുറീല്. 

അമ്മ്യോ? 

അമ്മേടെ മുറീല്. 

ആ... പിന്ന്യാ എന്റെ കാര്യം ചോയിക്കാൻ നടക്ക്ണ്. പോയി തരത്തിന് കളിക്ക് ചെക്കാ..

Sunday, October 2, 2022

03

 പാറൂന്റെ കപ്പ് അമ്മേടെ കപ്പിനോട് ലോഹ്യം പറഞ്ഞു.

ഓ.. നീയൊക്കേല്ലേ ഭാഗ്യവതീള്. ചായ കാപ്പി ഹോർളിക്സ് മിന്റ് ടീ ഹണീ ടീ മിൽക്ക് ഷേക്ക്.. ഭാഗ്യം വേണം ഇങ്ങനെ ഒക്കെ ജീവിക്കാന്‍. 

ഹൂം... ശർക്കര വെള്ളം കുടിച്ച് ചാവാനാ ഇന്റെ വിധി.

ഗൗരീടെ കപ്പ് ഇരുന്നൊറങ്ങാണ്. 

എണീറ്റിട്ടിപ്പെന്താ കാര്യം. ഒരു കല്യാണം കഴിഞ്ഞേപ്പിന്നെ ഉമ്മളെന്നും വേണ്ട. 

നെനക്കൊന്നും പറയാനില്ലേ, എന്റെ കപ്പിന്റെ ഗൗരവം കണ്ടിട്ട് പേട്യാവണിണ്ടല്ല. 

നേരം വെളുത്ത്ട്ട് ഏഴ് മണ്യായി. ഒരു ചായേന്റെ വെള്ളം ഇതുവരെ കിട്ട്യോ.

നെനക്ക് പറഞ്ഞൂടേ.

പറഞ്ഞിട്ട് എന്താ കാര്യം, ഇന്നെ തട്ടിട്ട് ഒടയ്ക്കും. അത്രേന്നെ. 

ന്നാ വേണ്ട, മിണ്ടാണ്ടിരുന്നോ.

Saturday, October 1, 2022

02

രാവിലെ കതകു തൊറന്നപ്പൊ തന്നെ ഒരു കുരുവി നനഞ്ഞൊട്ടി ചെടീമ്മിരിക്കുന്നു.

എന്താ കുരുവ്യേ നിനക്ക് വേണ്ടെ?

നല്ല തണുപ്പ്, പൊകക്കാനെന്തെങ്കിലും...

ഏയ്, അതൊന്നും ഇവിടിണ്ടാവില്ല.

എന്നാ ലേശം ചൂടാക്കാൻ..

അതും ഇവിടിണ്ടാവില്ല, വേണേൽ ഇത്തിരി സുലൈമാനി തരാം.

ആയ്ക്കോട്ടെ. ഇങ്ങടെ ടൂറൊക്കെ എന്തായി.

ഓ.., എന്താവാൻ. ഒരു ഗുഡ്മോണിങ്ങ് ഇട്ടിട്ട് മിണ്ടാത്ത വകേളാ കുടുംബക്കാര്‍.

എന്നാ അവറ്റേളെ കൊണ്ടോണ്ടാ.

ഏയ് അത് വേണ്ടാ. അവരേന്നു ഒണർത്ത്യാ മത്യാവും.

Friday, September 30, 2022

01

 എനിക്ക് കുറച്ച് മത്തക്കുരു കുമ്പളം കയ്പ മുതലായ കുരുക്കളും വേലിയിൽ പടരുന്നതും പടരാത്തതുമായ തിന്നാൻ പറ്റുന്ന ലോകത്തെ സകലമാന ഇലകളും വേണം. അത്യാവശ്യം പൂവങ്കോഴി പിടക്കോഴി അമ്മുവിന്റെ ആട്ടുങ്കുട്ടി മുതൽ മൊതല വരെ എന്തും ഞാന്‍ വളർത്തും.

വെള്ളിമൂങ്ങ ഇരുതലമൂരി ഇതൊന്നും തരാമെന്ന് പറഞ്ഞാൽ നോം ലജ്ജിക്കും. ഒരു പ്രാവ് ആവാം. അവന്റെ കുറുകൽ കേട്ട് കുറുകീം വെരുകീം ദിവസം കളയാലോ. അതിലിടയ്ക്കാണ് ഈ വിനോദ യാത്ര. മനസ്സ് കൊതിച്ച് വീർത്ത് ആനക്കുട്ട്യായീന്ന് പറഞ്ഞാ മതീലോ. അപ്പൊ എന്താന്നെച്ചാ അത് ത്വരിത ഗതീല് വേറൊരു ഗതീം ഇല്ലാതെ നടപ്പിലാക്കുക. സന്നദ്ധ സേവകർക്ക് അത്യാവശ്യം നമ്പിടി ടൂറിന്റന്ന് നമ്മടെ സീനിയർ സന്തോഷേട്ടൻ കൊടുക്കേം ചെയ്യും. വേഗം ആയിക്കോട്ടെ.

Wednesday, July 13, 2022

കടൽ

കരയിലെത്തുമ്പോൾ
കടലേ നിന്നെ ഞാന്‍
മറവിയെന്നൊരു
നനവിൽ മൂടുന്നു 
അലകളാൽ നിന്റെ
കരയെടുക്കുന്നു
നിലയെഴാത്തൊരു
നിനവിലാഴ്ത്തുന്നു. 

കരയിലെത്തുമ്പോൾ
നിറയുമുന്മാദ-
ച്ചിറകുകൾ വീശി
കിളി പറക്കുന്നു
ഇനിയുമെത്താത്ത
ഇരുളിനെ നോക്കി
അരുണരാജി തൻ
നിണമൊഴുക്കുന്നു.

കരയിലെത്തുമ്പോൾ
അകലെയാലസ്യ
ചലിത നൗകകൾ
കനവെടുക്കുന്നു
കടലേ നിന്നെ ഞാന്‍ 
കടമെടുക്കുന്നു
അലകളായ് തെന്നി 
സ്വയമൊഴുക്കുന്നു.

Monday, June 20, 2022

അബ്സ്ട്രാക്റ്റ്

മൗനിയായി
ധ്യാനനിമഗ്നനായി
നെരിപ്പോടിൽ ഊതി ഊതി
പരിവർത്തനം ചെയ്യാനുള്ള
ശ്രമത്തിലായിരുന്നു. 
ശ്വാസകോശത്തിൽ
ഒരു പ്രാവ് കുറുകുന്നുണ്ട്.
അശ്രദ്ധ അറിയാതെ വന്നുചേർന്ന
ശീലമായിരിക്കുന്നു,
കണ്ണട എവിടെ
വിശപ്പെവിടെ, രുചി എവിടെ
ഇസ്തിരിയിട്ടോ, അഴുക്കു പിടിച്ചുവോ
വസ്ത്രങ്ങൾ,
മുടി ചീകിയില്ലെന്നത്
ഉച്ചവെയിലിൽ വെന്തു നീറിയ
വിയർപ്പു തുടച്ചപ്പോഴാണ് അറിയുന്നത്.
എന്റെ സുഹൃത്തേ 
ജീവിതം ഒരു കലയാണ്, 
തികച്ചും അബ്സ്ട്രാക്റ്റ്. 
കലയറിയാത്ത നിങ്ങൾ
എങ്ങിനെ അത് ആസ്വദിക്കും.
എനിക്കും എനിക്കും ഇടയിലെ വിടവ് 
കൂടിക്കൂടി വരുന്നു. 
അഴിച്ചിട്ട വസ്ത്രം പോലെ 
തിളച്ചു വറ്റിയ പാത്രം പോലെ 
സ്വയം ശൂന്യമാവുന്നത് ഞാന്‍ അറിയുന്നു. 
ധ്യാനനിമഗ്നനായ ഞാന്‍ 
ഉടഞ്ഞുപോയൊരു പ്രതിമയെ 
സ്വപ്നം കാണുന്നു.
അല്പമൊന്നു ശാന്തമായിരിക്കാമോ എന്ന് ഞാൻ കേണപേക്ഷിക്കുന്നു,
എന്തൊരു ശബ്ദമാണ്,
സൈലന്‍സ്.... 
എന്റെ കഥ എന്റെ മാത്രമാണ്, 
ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയി 
യാതൊരു ബന്ധവുമില്ല.
കരിക്കട്ടയെ കനലിലേക്ക്

Thursday, March 31, 2022

ബോധിസത്വൻ

വലതുകാലിൽ അപ്പിടി നീരാണ്
തീരേ നടക്കാന്‍ വയ്യ
വല്ലാത്ത വേദന
നിൽക്കുന്തോറും നീരുകൂടി
ഷൂ ഇറുകി ഇറുകി
അതീക്കൂടെ എല്ലുകുത്തുന്ന വേദനയും,
വലതുകാലിലെ നീര് ഒന്ന്
ഇടതുകാലിലാക്കിത്തന്നാൽ നന്നായിരുന്നു
പ്രാർത്ഥന ഒരു പരാജയമാണ്,
പ്രാന്തില്ലല്ലോ! 
ഏന്തി വലിഞ്ഞു നടക്കുമ്പോൾ
മനസ്സിൽ നിറയെ മുഖങ്ങളാണ്, 
എല്ലാ ഇഷ്ടങ്ങളും വേദനയാണ്.
എങ്കിലും
ഇന്ന് നിശ്ശബ്ദനാവാനറിയാം
അമർത്തിപ്പിടിക്കാനറിയാം
കടിച്ചിറക്കാനറിയാം
ഇരുട്ടിന്റെ പാതാളങ്ങളിൽ
എക്സറേ മെഷീനിൽ എന്നപോലെ
നിവർന്നു കിടക്കാനറിയാം 
ഇതിനപ്പുറം ഒരു സ്കൂളിന് 
എന്തു തരാൻ സാധിക്കും!

Friday, February 4, 2022

7. ചില ശബ്ദങ്ങള്‍

"ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയെട്ടാല്‍ മതി"

ശ്രീ. പി.പി.രാമചന്ദ്രന്റെ ലളിതം എന്ന കവിതയിലെ വരികളാണ്. ലളിതമായ ജീവിതത്തിന്റെ ചില ഒച്ചയനക്കങ്ങൾ ഇന്ന് പങ്കുവെക്കാം. 

ജീവിതത്തിൽ എല്ലാവർക്കും പറയാന്‍ ഒരു കഥയൊക്കെ കാണും. ഒരു കഥയും ഇല്ലാത്തവൻ എന്ന് എന്നെ അച്ഛമ്മ പറയാറുണ്ടായിരുന്നു. അങ്ങിനെ ജീവിതത്തിന് ഒരു കഥയുമില്ലാത്ത എത്രയോ പേര്‍ നമ്മളിലൂടെ കടന്നു പോവുന്നു. 

"ആറിപ്പോ പണ്ടാറിപ്പോ നന്നായി വരട്ടെ" 

നാടിന്റെയും നാട്ടുകാരുടേയും (ശങ്കുണ്ണിയുടേയും) കാലക്കേട് തീർക്കാൻ ശങ്കുണ്ണി നായാടി തോളിലൊരു തുണി ഭാണ്ഡവും കയ്യില്‍ നെയ്തുകൊണ്ടിരുന്ന വട്ടക്കയറുമായി മലയിറങ്ങും. ശങ്കുണ്ണി എവിടത്തുകാരനാണ് എന്നറിയില്ല. ഏതോ മലയിലാണെന്ന് ഞാന്‍ വിശ്വസിച്ചു. വർഷത്തിൽ ഒരിക്കലേ വരൂ, ഓണത്തിന് മുമ്പാണെന്ന് ഓർമ്മ. അവസാന കാലത്ത് വയ്യാത്ത മോള് മാധവിയും കൂടെ ഉണ്ടാവും. അരിയും നാളികേരവും പഴയ ഉടുപ്പും കാശും ഒക്കെ കൊടുക്കും. എല്ലാം കഴിഞ്ഞ് പോകുമ്പോൾ "ആറിപ്പോ പണ്ടാറിപ്പോ നന്നായി വരട്ടെ" എന്ന് പ്രാകി അനുഗ്രഹിക്കും. അവസാനമായി ഒരിക്കൽ മകൾ ഒറ്റക്ക് വന്നു. ശങ്കുണ്ണി പ്രാകി ഉണർത്തിയ ലോകം ശങ്കുണ്ണിയെ ചെറുതായി കണ്ടു എന്ന് തോന്നിയിട്ടുണ്ട്. 

"എരി വെയില് പൊരിയണ നേരത്ത്
പൊന്നെ ഇരുകണ്ണും പൂട്ടിയുറങ്ങീക്കാ
കരകാണാ കടലിന്റെയുള്ളിൽ നീന്തണ
കരിവെള്ളി മീനെപ്പിടീച്ചീട്ട്
മനിസൻമാർ തിങ്ങുന്നോരങ്ങാടീത്തലെ
അതുവിറ്റ് കായുമായുപ്പേത്തും. 
ഉമ്മാന്റെ പുന്നാര മോനല്ലെ ആലി
ബാപ്പാന്റെ മാണിക്യ കട്ട്യല്ലേ. 
തലവടിച്ചസ്സല് തൊപ്പിയിട്ട് ആലി
ഒരു കൊമ്പന്‍ മീശയും ബെച്ചീട്ട്
ബാപ്പാന്റെ കാവുമെടുത്തേറ്റി ആലി
പറപറന്നങ്ങാടീലെത്ത്വോലാ
നാട്ടാരും ചോയിക്കും ഏതാണീ ബമ്പൻ
കുഞ്ഞിപ്പാത്തൂമ്മാന്റെ മോനല്ലേ ആലി
കുഞ്ഞിപ്പാത്തൂമ്മാന്റെ മോനല്ലേ. "

ആരെഴുതിയതെന്നറിയാത്ത ഈ നാടൻ കവിത അമ്മ ഇടക്കിടെ ഉറങ്ങാൻ കിടക്കുമ്പോൾ പാടിത്തരുമായിരുന്നു. പാത്തുമ്മയുടെ മോനേപ്പോലെ സുന്ദരമായ ഒരു ജീവിത പാത ഞാന്‍ വെട്ടി പടുക്കും എന്ന്  അമ്മ ആശിച്ചിരിക്കണം. 

ബാലവാടിയുടെ വാർഷികം. ഗ്രാമത്തിന്റെ സ്വന്തം ബാലവാടി. വൈലോപ്പിള്ളിയുടെ മാമ്പഴം ആയിരുന്നു കഥാപ്രസംഗം. ആദ്യമായി മാമ്പഴം വായിച്ചു കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയിരുന്നു. രാത്രി ഉറങ്ങാതെ കമിഴ്ന്നു കിടന്നു സങ്കടപ്പെട്ടു. ജീവിതവഴിയിൽ പൂത്തുനിന്ന ഓരോ മാവും കവിതയെ ഓർമ്മിപ്പിച്ചു, ഓർമ്മിപ്പിച്ചു കെണ്ടേയിരിക്കുന്നു.

ഒരിക്കല്‍ വിരുന്നു വന്ന ഒരു ചേട്ടന്റെ കൂടെ പൂരം കാണാന്‍  ഞങ്ങൾ ഒപ്പം കൂടി. ആ ചേട്ടന് അല്പസ്വല്പം മാജിക്ക് ഒക്കെ അറിയാമായിരുന്നു. ബലൂണ്‍ ഒക്കെ വിൽക്കുന്ന ഒരാളുടെ അടുത്ത് ചെന്ന് വിടർത്തുമ്പോൾ പൂവിരിയുന്ന കളിപ്പാട്ടത്തിന് വില ചോദിച്ചു. ഒരെണ്ണം വാങ്ങി ഇത്തിരി നടന്നപ്പോൾ ആ ചേട്ടന്റെ കയ്യിൽ രണ്ടെണ്ണം. വീട്ടിൽ ചെന്ന് ഈ വിവരം അത്ഭുതത്തോടെ പറഞ്ഞു. കേട്ടു നിന്ന ഒരച്ചാച്ചൻ അതു രണ്ടും വാങ്ങി. മാജിക്കുകാരൻ ചേട്ടനേയും ഞങ്ങളേയും കൊണ്ട് പൂരപ്പറമ്പിലേക്ക് നടന്നു. പോകുന്ന വഴിയിൽ ആ ചേട്ടന് രണ്ടെണ്ണം കിട്ടുകയും ചെയ്തു. ബലൂൺകാരന്റെ അടുത്ത് ചെന്ന് അത് തിരിച്ചു കൊടുത്തിട്ട് ആ ചേട്ടനോട് ക്ഷമ പറയാൻ പറഞ്ഞു. ജീവിതത്തിലെ സത്യസന്ധതയുടെ ആദ്യ പാഠവും വലിയ പാഠവും അതു തന്നെ ആയിരുന്നു.

ജീവിതവഴിയില്‍ നമ്മളെ സ്വാധീനിച്ച എത്രയെത്ര ശബ്ദങ്ങള്‍. ഇതൊക്കെ തന്നെയല്ലേ ജീവിതത്തിലെ സന്തോഷങ്ങൾ!

Tuesday, February 1, 2022

ചിരി

 ആ ചിരി കണ്ടില്ലേ 

ആ ചിരിയില്‍ ഒരാകാശമുണ്ട്.

അതിലെ ആകാശം നിങ്ങൾ കാണാതെ പോയാല്‍

കയറു പൊട്ടിയൊരു പട്ടം

പെയ്തു തീരാത്തൊരു മഴ

വെയിലു വാട്ടിയൊരു മുഖം

മുറിവിലും വിടാതെ പിന്തുടരുന്നൊരു ചന്ദ്രക്കല

ഒരു കീറു വെട്ടം 

സ്വപനത്തിലേക്ക് പറന്ന് കണാതായൊരു വിമാനം.... 

പിന്നെ ഒന്നുമില്ല. 

ചിരി മാഞ്ഞു പോവും. 

Friday, January 21, 2022

വീണപൂവ്

ഒറ്റ മാത്രയില്‍ 
ഞാൻ ഞെട്ടടർന്നു
ഒറ്റ വീർപ്പിൽ
നിലയറ്റിടുന്നു
എത്ര മാത്രം നിശ്ശബ്ദം
നിസ്സാരം
എത്ര ശാന്തം 
കിനാവസ്തമിച്ചു. 
ഇന്നലേയും പറയാന്‍ കൊതിച്ചു 
ഇന്നു പോലും തേൻ കൂടു വെച്ചു 
എങ്കിലും 
എത്ര ശാന്തമായെന്റെ
അന്തരംഗം പറയാതടച്ചു. 
ചില്ല തോറും പരാഗം പടർത്തും
കുഞ്ഞു കാറ്റിലാ പൂവൊന്നിളകി
ചിന്നി വീഴും ദളങ്ങളെമ്പാടും
ഇല്ല, ഞാൻ വീണപൂവായിടുന്നു. 

Wednesday, January 19, 2022

6. മീനിന്റെ കഥ, കൊറ്റിയുടേയും

ഗന്ധങ്ങളുടെ ഗ്രാമാന്തരീക്ഷം. തഴുകിപ്പോയ ഓരോ കാറ്റും ഓരോ ഗന്ധങ്ങളുടെ കഥ പറഞ്ഞു. എന്തൊക്കെ ഗന്ധങ്ങളായിരുന്നു. നല്ലതെന്നോ ചീത്തയെന്നോ വേർതിരിക്കാതെ അതെല്ലാം ഒന്നുപോലെ നമ്മൾ സ്വീകരിച്ചു. വേനലിന്റെ പൊലിയുടക്കുമ്പോൾ കിട്ടുന്ന ഇരകളെ തിന്നാന്‍ കോഴികളും കിളികളും മത്സരിച്ചു. മണ്ണിന്റെ മണം, പാട്ടേങ്കാവിലെ വെള്ളം ഉച്ചത്തില്‍ തല്ലിയൊഴിക്കുന്ന ശബ്ദം ഇങ്ങ് ഈ മരുഭൂയിൽ ഇരുന്നാലും കേൾക്കാം. ഓരോ അടിക്കും ഓല മടക്കി കണക്കു വെച്ച കാരണവന്മാർ. ലാഭക്കണക്കല്ലാതെ സംതൃപ്തിയുടെ മനക്കണക്കെഴുതി മൺ മറഞ്ഞു പോയവർ. 

ഓർമ്മകളുടെ വഴിയോരങ്ങളിൽ അമ്മാൻ മാരുടെ നീണ്ടനിര. കുഞ്ഞമ്മാൻ, ഉണ്യമ്മാൻ, വേലായമ്മാൻ, ഗോവിന്ദമ്മാൻ, കുമാരമ്മാൻ,... എത്രയെത്ര അമ്മാൻമാർ. കല്ലുരയുന്ന ശബ്ദമുള്ള ഒരമ്മാനെ പുലിയമ്മാനെന്നും വിളിച്ചിരുന്നു. 

അവരിലൊരു രസികൻ അമ്മാൻ ഉണ്ടായിരുന്നു. പാടത്ത് പണിക്ക് വരുന്ന പെണ്ണുങ്ങളുടെ തോളിൽ കയ്യിടും, കൈ പിടിച്ച് കക്ഷത്ത് വെച്ച് നടക്കും. മൂപ്പര് അടുത്തു വരുമ്പോൾ പണിക്കാരികൾ ഓടി മാറുമായിരുന്നു 😊. ഓട്ടം അതിലേറെ രസകരമായിരുന്നു. 

പാടവക്കിലെ കൈതക്കാട്ടിൽനിന്നും കൈതപ്പൂവിന്റെ മണം. പായ നെയ്യാൻ മൂർച്ച ഉള്ള അരിവാൾ തോട്ടി കൊണ്ട് കൈതോല അരിഞ്ഞിട്ട് അടുക്കുന്ന സ്ത്രീകള്‍. ഓലയും ചകിരിയും കുതിർത്ത പൊട്ടക്കുളങ്ങൾ. വൈകുന്നേരങ്ങളിൽ ആയിരുന്നു ഓലമെടയലൊക്കെ. പുത്തനും ചെതുക്കുമായി അകാശത്തേക്ക് പായുന്ന ഓലകൾ. ഓലമേയൽ ഒരുത്സവമായിരുന്നു. 

പേർഷ്യ ഒരു സ്വപ്നമായി ഉണർന്നു വരുന്നേ ഉണ്ടായിരുന്നുള്ളു. കാച്ചിയുടുത്ത് തട്ടമിട്ട് കാതിൽ നിറയെ തോടയും ചുറ്റും അണിഞ്ഞ് കയ്യുമ്മ അയലോക്കങ്ങളിൽ വരും. നീലക്കരവെച്ച് തുന്നിയ നീണ്ട കയ്യുള്ള റൗക്ക അണിഞ്ഞാൽ ഏതു പെണ്ണും സുന്ദരിയാവും. കയ്യിലെ സ്വർണ്ണവാച്ച് പത്രാസിലങ്ങനെ കാണിക്കും. സമയെത്രായി കയ്യുണ്ണിത്ത, പാടത്ത് കളിക്കുന്ന ആരെങ്കിലും ചോദിക്കും. ഓ.., സമയം നോക്കാനറിയാത്ത കയ്യുമ്മ പാടവരമ്പിലൂടെ ഗമയിലങ്ങനെ പോവും. ഞായറാഴ്ച രാവിലെ ഓത്തുപള്ളിയിൽ പോകുന്ന മാപ്പിളക്കുട്ടികൾ. കുഞ്ഞുമുണ്ട്, ഫുൾക്കൈ ഷർട്ട്, നിസ്കാരത്തൊപ്പി,എന്ത് രസമാണു കാണാൻ. കാറ്റിനോട് കഥ പറഞ്ഞ് അവർ പോകുന്ന വഴിയിലൊക്കെ മാവിലെറിഞ്ഞ വടിപോലെ തങ്ങിനിൽക്കും. അണും പെണ്ണും ഭേദങ്ങളില്ലാതെ നാട്ടുവഴികളുടെ ചെത്തവും ചൂരും ആസ്വദിച്ച് അവരിങ്ങനെ പോവുന്നതു കാണുമ്പോൾ അവരാവാൻ കൊതി. കുഞ്ഞുമുണ്ടുടുത്താലും അവരാവില്ല. നമുക്കു നാമാവാനേ തരമുള്ളു എന്നതാണ് പാഠം. 

പാടത്ത് വെള്ളം നിറയുമ്പോൾ നിറയെ കൊറ്റികൾ സ്ഥാനം പിടിക്കും. പാടം നിറയെ ചെറുമീനാണ്. കണ്ടത്തിന്റ വരമ്പിലിരുന്ന് കൊറ്റി മീനുകളോട് നാട്ടുവർത്തമാനം പറയും. അപ്പുറത്തെ കണ്ടത്തില്‍ വെള്ളം നല്ല മധുരമാണ്, അവിടെ പോയാല്‍ സ്വർഗ്ഗാണെന്നൊക്കെ. വേണേൽ ഞാന്‍ കൊണ്ടാക്കാം, കൊക്കു പറയും. പാവം മീനറിയുന്നുണ്ടോ സ്വർഗ്ഗം തേടിപ്പോയവർ എത്തിയതെവിടെയാണെന്ന്! 

ജീവിതത്തിലെ സ്വർഗ്ഗം തേടി ഞങ്ങളെല്ലാം പറിച്ചു നടപ്പെട്ടു. നഷ്ടങ്ങളുടെ കണക്കെടുപ്പ് ബുദ്ധിയല്ല. എങ്കിലും ചിലപ്പോഴെല്ലാം മനക്കണക്ക് കൂട്ടി ഓർമ്മകളിൽ മുങ്ങിത്താഴും.

ശങ്കരന്റെ മോൻ ബാലന് ബാലവാടിയിലെ സെക്രട്ടറി ചേച്ചിയോട് പ്രണയം. ബാലൻ പാടവരമ്പിൽ വെച്ചത് പറഞ്ഞു. പാവം ചേച്ചി കരഞ്ഞ് പിടിച്ച് അമ്മയോട് പറഞ്ഞു. സങ്കടം സഹിക്ക വയ്യ. അമ്മയാണ് പ്രസിഡന്റ്. അമ്മ ബാലനെ വിളിച്ചു പറഞ്ഞു, ബാലാ അതു വേണ്ട. അവള് ജീവിക്കാനുള്ള ഓട്ടത്തിലാണ്. ബാലന് സമ്മതം. അവള് സന്തോഷമായി ജീവിച്ചോട്ടെ. അത്രയേ ഉള്ളു കാര്യം. പ്രണയം ഒരു സാർവ്വലൗകീക വികാരമാണ്, അതിനന്നും ഇന്നും മാറ്റമില്ല. പക്ഷേ അന്ന് ഒരു ജീവിക്ക് മറ്റേ ജീവിയുടെ സന്തോഷമായിരുന്നു പ്രാധാനം. അതിനു തന്നെയായിരിക്കണം പ്രാധാന്യം.

Friday, January 14, 2022

ചിത്രം

ഒടുവിലെത്തുന്ന വണ്ടിയും മാഞ്ഞു 
കവല പൂട്ടുന്ന കടയും അടഞ്ഞു
ഇരുളിലൊറ്റക്കിരുന്നാൽ
കടത്തിണ്ണ 
കടവുപോലെ
പുഴ പോലെ രാത്രിയും.
ഇടവമാസത്തിലാദ്യത്തെ തേൻമഴ
കുളിരു ചാറിച്ചൊരിയുന്നു 
പിന്നെയും
വഴിവിളക്കിൻ നിഴൽച്ചില്ല 
തുണ്ടു പോൽ
ഇറവുവെള്ളത്തിലാടുന്ന 
ചന്ദ്രിക.

Monday, January 10, 2022

5. വാടാമലരുകൾ

ഞാൻ പറഞ്ഞ പല കഥകളുടെ പരിസരം വായനക്കാരായ എന്റെ സുഹൃത്തുക്കൾക്ക് സുപരിചിതമാണ് എന്നത് മനസ്സിലാക്കുന്നു. കഥാപാത്രങ്ങൾ പലരും സർവ്വവ്യാപികളായിരുന്നെന്ന് അത്ഭുതപ്പെടുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഇതൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. 

എല്ലാ ജീവജാതികൾക്കും അവരുടേതായ സൗന്ദര്യമുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ കുട്ടിക്കാലം. വയൽച്ചുള്ളിയും തൊട്ടാർവാടിയും മുതൽ ചെത്തിയും ചെമ്പരത്തിയും വരെ നിറങ്ങൾ ചാലിച്ച മനസ്സ്. ആമ്പൽപ്പൂവിന്റെ വേരുതേടി പ്പോവുമ്പോൾ വല്ലപ്പോഴും കിട്ടുന്ന അല്ലിക്കായ, അതിന്റെ ത്രസിപ്പിക്കുന്ന രുചി 😊

മീൻപിടിക്കാൻ എന്തെല്ലാം ഉപാധികളായിരുന്നു അന്ന്. ഊത്തുളിയിൽ വിദഗ്ധനായ ഒരാള്‍ അന്നുണ്ടായിരുന്നു, സുധാകരൻ. സുധാകരന് വേറൊരു ചെല്ലപ്പേരും ഉണ്ടായിരുന്നു. എന്തിനെയെങ്കിലും കണ്ണു വെച്ച് ഒന്ന് പറഞ്ഞാല്‍ അത് നശിച്ചു പോവും. വല്ല മത്തനോ കുമ്പളമോ ഒക്കെ ഉണ്ടായി നിൽക്കുമ്പോൾ സുധാകരൻ ആ വഴി പോയാൽ ആളുകൾ പറയും, ഒന്നും പറയല്ലെ സുധാകരാ എന്ന്. 

പക്ഷെ എന്നെ വിഷമിപ്പിച്ചത് അതൊന്നു മല്ലായിരുന്നു. മഴക്കാലത്ത്  ബ്രാല് (വരാൽ) പാറ്റും. ചണ്ടികൾക്കിടയിൾ അമ്മയും ചുവന്ന മക്കളും വന്നു നിൽക്കും. ഞങ്ങളോട് സ്നേഹഭാവനയുള്ളതുകൊണ്ടോ എന്തോ ഞങ്ങളെ കണ്ടാല്‍ അവ പൊന്തി വരും. തള്ളയെ ഉപദ്രവിക്കില്ല എന്ന വിശ്വാസമാവാം. പക്ഷേ സുധാകരന്റെ കണ്ണിൽ പെട്ടാൽ പോയി. സുധാകരൻ കൊണ്ടുപോയ ബ്രാലിന്റെ മക്കൾ ഞങ്ങളെയും പ്രാകിയിട്ടുണ്ടാവും. ഉള്ളിൽ മനുഷ്യനു വേണ്ടി മാത്രമല്ല മീനിനും കോഴിക്കും ആടിനും... ഒക്കെ കൂടിയുള്ള പ്രാർത്ഥനകൾ കൂടി ആയിരുന്നു കുട്ടിക്കാലം. 

കാവുംകുളം. ചേമ്പിലയിലെ വെള്ളം പോലെ ഹൃദയത്തിലെ പച്ചപ്പിൽ ഒരു മുത്തൻ കുളം. ആ കുളത്തിലാണ് ചായക്കട നടത്തുന്ന ഗോവിന്ദമ്മാൻ മുളയുടെ പുട്ടു കുറ്റി നനച്ചിടുക.  കുളികഴിഞ്ഞ് നീണ്ട കോണകം നീട്ടി കഴുകുമ്പോൾ ഞങ്ങൾ ഒളിച്ചിരുന്ന് ചിരിക്കും. ചിതറിച്ചിരിച്ചോടുന്ന ബാല്യത്തിന്റെ ചിതലരിക്കാത്ത ഓർമ്മകൾ. പൂത്തുമ്പിയും സ്വാമിത്തുമ്പിയും എവിടെപ്പോയൊളിച്ചോ ആവോ. കഥയിലെ കഥാപാത്രങ്ങള്‍ മാത്രമായി അവർ അരങ്ങൊഴിഞ്ഞെങ്ങോ പോയി. 

'ഒരു പീഢയെറുമ്പിനും വരു
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര നൽകുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും... '
                          (ശ്രീ നാരായണ ഗുരു) 


കണ്ണെത്താദൂരത്തോളം പരന്നു കിടന്ന പുഞ്ചവയൽ. അറുകൊലയും തേർവാഴ്ചയും നട്ടുച്ചയിലും പാതിരാത്രിയിലും പാടത്തൂടെ പേടികൂട്ടി നടന്നു പോയി. പേടി കൂടുമ്പോൾ അമ്മയെ കെട്ടിപ്പിടിച്ചു കിടക്കും. പേടിയുടെ ഇലയനക്കങ്ങൾ താരാട്ടുപാട്ടിന്റെ ഈണത്തിൽ അലിഞ്ഞില്ലാതാവും. ഇപ്പോൾ ഞാന്‍ വലുതായി. അമ്മ കുട്ടിയെപ്പോലായി. രാത്രി ഒറ്റക്ക് കിടക്കാൻ ഭയമാണെന്ന് അമ്മ പറയുമ്പോൾ എനിക്കത് മനസ്സിലാവും. ജീവിതത്തിന്റെ തേർവാഴ്ചകൾ അമ്മയെ ഭയപ്പെടുത്തുന്നു. ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ച് കിടക്കണം, കിടക്കും. ഹൃദയം കാർമേഘങ്ങളാൽ മൂടിപ്പോകുമ്പോൾ ഈ കഥ ഇവിടെ നിർത്തുന്നു.