'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Monday, January 10, 2022

5. വാടാമലരുകൾ

ഞാൻ പറഞ്ഞ പല കഥകളുടെ പരിസരം വായനക്കാരായ എന്റെ സുഹൃത്തുക്കൾക്ക് സുപരിചിതമാണ് എന്നത് മനസ്സിലാക്കുന്നു. കഥാപാത്രങ്ങൾ പലരും സർവ്വവ്യാപികളായിരുന്നെന്ന് അത്ഭുതപ്പെടുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഇതൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. 

എല്ലാ ജീവജാതികൾക്കും അവരുടേതായ സൗന്ദര്യമുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ കുട്ടിക്കാലം. വയൽച്ചുള്ളിയും തൊട്ടാർവാടിയും മുതൽ ചെത്തിയും ചെമ്പരത്തിയും വരെ നിറങ്ങൾ ചാലിച്ച മനസ്സ്. ആമ്പൽപ്പൂവിന്റെ വേരുതേടി പ്പോവുമ്പോൾ വല്ലപ്പോഴും കിട്ടുന്ന അല്ലിക്കായ, അതിന്റെ ത്രസിപ്പിക്കുന്ന രുചി 😊

മീൻപിടിക്കാൻ എന്തെല്ലാം ഉപാധികളായിരുന്നു അന്ന്. ഊത്തുളിയിൽ വിദഗ്ധനായ ഒരാള്‍ അന്നുണ്ടായിരുന്നു, സുധാകരൻ. സുധാകരന് വേറൊരു ചെല്ലപ്പേരും ഉണ്ടായിരുന്നു. എന്തിനെയെങ്കിലും കണ്ണു വെച്ച് ഒന്ന് പറഞ്ഞാല്‍ അത് നശിച്ചു പോവും. വല്ല മത്തനോ കുമ്പളമോ ഒക്കെ ഉണ്ടായി നിൽക്കുമ്പോൾ സുധാകരൻ ആ വഴി പോയാൽ ആളുകൾ പറയും, ഒന്നും പറയല്ലെ സുധാകരാ എന്ന്. 

പക്ഷെ എന്നെ വിഷമിപ്പിച്ചത് അതൊന്നു മല്ലായിരുന്നു. മഴക്കാലത്ത്  ബ്രാല് (വരാൽ) പാറ്റും. ചണ്ടികൾക്കിടയിൾ അമ്മയും ചുവന്ന മക്കളും വന്നു നിൽക്കും. ഞങ്ങളോട് സ്നേഹഭാവനയുള്ളതുകൊണ്ടോ എന്തോ ഞങ്ങളെ കണ്ടാല്‍ അവ പൊന്തി വരും. തള്ളയെ ഉപദ്രവിക്കില്ല എന്ന വിശ്വാസമാവാം. പക്ഷേ സുധാകരന്റെ കണ്ണിൽ പെട്ടാൽ പോയി. സുധാകരൻ കൊണ്ടുപോയ ബ്രാലിന്റെ മക്കൾ ഞങ്ങളെയും പ്രാകിയിട്ടുണ്ടാവും. ഉള്ളിൽ മനുഷ്യനു വേണ്ടി മാത്രമല്ല മീനിനും കോഴിക്കും ആടിനും... ഒക്കെ കൂടിയുള്ള പ്രാർത്ഥനകൾ കൂടി ആയിരുന്നു കുട്ടിക്കാലം. 

കാവുംകുളം. ചേമ്പിലയിലെ വെള്ളം പോലെ ഹൃദയത്തിലെ പച്ചപ്പിൽ ഒരു മുത്തൻ കുളം. ആ കുളത്തിലാണ് ചായക്കട നടത്തുന്ന ഗോവിന്ദമ്മാൻ മുളയുടെ പുട്ടു കുറ്റി നനച്ചിടുക.  കുളികഴിഞ്ഞ് നീണ്ട കോണകം നീട്ടി കഴുകുമ്പോൾ ഞങ്ങൾ ഒളിച്ചിരുന്ന് ചിരിക്കും. ചിതറിച്ചിരിച്ചോടുന്ന ബാല്യത്തിന്റെ ചിതലരിക്കാത്ത ഓർമ്മകൾ. പൂത്തുമ്പിയും സ്വാമിത്തുമ്പിയും എവിടെപ്പോയൊളിച്ചോ ആവോ. കഥയിലെ കഥാപാത്രങ്ങള്‍ മാത്രമായി അവർ അരങ്ങൊഴിഞ്ഞെങ്ങോ പോയി. 

'ഒരു പീഢയെറുമ്പിനും വരു
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര നൽകുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും... '
                          (ശ്രീ നാരായണ ഗുരു) 


കണ്ണെത്താദൂരത്തോളം പരന്നു കിടന്ന പുഞ്ചവയൽ. അറുകൊലയും തേർവാഴ്ചയും നട്ടുച്ചയിലും പാതിരാത്രിയിലും പാടത്തൂടെ പേടികൂട്ടി നടന്നു പോയി. പേടി കൂടുമ്പോൾ അമ്മയെ കെട്ടിപ്പിടിച്ചു കിടക്കും. പേടിയുടെ ഇലയനക്കങ്ങൾ താരാട്ടുപാട്ടിന്റെ ഈണത്തിൽ അലിഞ്ഞില്ലാതാവും. ഇപ്പോൾ ഞാന്‍ വലുതായി. അമ്മ കുട്ടിയെപ്പോലായി. രാത്രി ഒറ്റക്ക് കിടക്കാൻ ഭയമാണെന്ന് അമ്മ പറയുമ്പോൾ എനിക്കത് മനസ്സിലാവും. ജീവിതത്തിന്റെ തേർവാഴ്ചകൾ അമ്മയെ ഭയപ്പെടുത്തുന്നു. ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ച് കിടക്കണം, കിടക്കും. ഹൃദയം കാർമേഘങ്ങളാൽ മൂടിപ്പോകുമ്പോൾ ഈ കഥ ഇവിടെ നിർത്തുന്നു.

No comments:

Post a Comment