'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Saturday, December 25, 2021

4. വിദ്യാരംഭം

വീണ്ടും രാവുണ്ണി കോളേജ്. ഇംഗ്ലീഷ് എന്ന ലോകഭാഷയെ കീഴടക്കാൻ പറമ്പിൽ നിൽക്കുന്ന രണ്ടിലയും കൊണ്ട് നിറഞ്ഞ ചിരിയുമായി പുഷ്പാർജ്ജിനി ടീച്ചര്‍ എന്ന സ്നേഹാധ്യാപിക. 

ഇതിനെ ഇംഗ്ളീഷിൽ എന്തു പറയും? 

ലീഫ്, ഇലകൾ പച്ച പൂക്കൾ മഞ്ഞ.. എന്ന് പാടി കളിച്ച ഞങ്ങൾക്ക് ഇംഗ്ലീഷ് പുല്ല്.

അക്കാലത്ത് സ്കൂളിൽ ഒരു പുതിയ കളി അവതരിച്ചു, കല്യാണം കഴിച്ച് കളി. കൊള്ളി ഇല കൊണ്ട് (കപ്പ) മാല ഉണ്ടാക്കി ക്ലാസ്സിലെ ഇഷ്ടമുള്ള കുട്ടിയെ കല്യാണം കഴിച്ച് കളിക്കുക. കളി തകൃതിയായി നടന്നു. ഞാനും ഒന്നുരണ്ട് കല്യാണമൊക്കെ അന്ന് കഴിച്ചിട്ടുണ്ട് എന്നാണ്‌ ഓര്‍മ്മ. ഒരു ദിവസം കല്യാണം കഴിച്ച് നിൽക്കുമ്പോൾ ടീച്ചര്‍ കണ്ടു വന്നു. വിവരം അമ്മയുടെ ചെവിട്ടിലെത്തി. അന്നത്തോടെ കല്യാണക്കളി അവസാനിച്ചു. 

ഒന്നാം ക്ലാസ്, ആദ്യ ദിവസം. ഞാന്‍ ഒന്നാം ബഞ്ചില്‍. എന്റെ അടുത്ത് ഇരുന്ന കുട്ടി മഹാ സാധു ആയിരുന്നു. അവൻ പേടിച്ച് കരഞ്ഞ് അവശനായിരുന്നു. അന്ന് ബഞ്ചിന്റെ അടിയിലാണ് സ്ലേറ്റും പുസ്തകവും ഒക്കെ വെക്കുക. പെട്ടെന്നൊരു ശബ്ദത്തോടെ ആ കുട്ടീടെ വയറ്റീന്നു പോയി. എവിടേ എന്റെ സ്ലേറ്റ്. എന്റെ സ്ലേറ്റ് കാണാനില്ല. സ്ലേറ്റ് അതിനിടയിൽ മറഞ്ഞു പോയി😔. ഞാന്‍ കരഞ്ഞു തകർത്തു. അവന്റെ ഉമ്മക്ക് ആളു പോയി. അവരു വന്ന് കഴുകി വൃത്തിയാക്കി പുതിയതു പോലെ തന്നു. ഞാന്‍ വഴങ്ങിയില്ല. പുതിയതു തന്നെ വേണം എന്ന് വാശി പിടിച്ചു. പാവം അമ്മ, അതും വാങ്ങി തന്നു. വിദ്യാരംഭം മനോഹരം അല്ലെ😀. 

എസ്. എൻ. ഡി. പി. എൽ. പി. സ്കൂള്‍ (രാവുണ്ണി കോളേജ്) ഇന്ന് ആകെ മാറി. കാണാന്‍ മൊഞ്ചായി, കുട്ടികൾക്ക് കളിക്കാൻ അധുനിക രീതിയിലായി, ചുറ്റും മതിലായി, രണ്ടു നില. എങ്കിലും ഉമ്മറത്തൂടെ പോവുമ്പോൾ പഴയ വേലിക്കെട്ട് ഓർമ്മ, പുറത്തേക്ക് തുള്ളി നിന്ന മഞ്ഞ കോളാമ്പി പൂക്കൾ മനസ്സിനെ മാടി വിളിക്കും. 

പിൽക്കാലത്ത് രാവുണ്ണി കോളേജിൽ നാലാം ക്ളാസ്സിലെ ഒരു പയ്യൻ രണ്ടാം ക്ളാസ്സിലെ കുട്ടിക്ക് കത്ത് കൊടുത്തു എന്നു കേട്ടപ്പോൾ ഞെട്ടിയില്ല, ഞങ്ങളന്ന് എത്ര കല്യാണം കഴിച്ചതാ, പിന്നെയാണൊരു കത്ത്! 😊

Tuesday, December 21, 2021

3. പണ്ട് പണ്ട് പണ്ട്...

എന്റെ കുട്ടിക്കാലത്ത് കണ്ടൻ എന്നും കാളി എന്നും പേരുള്ള ദമ്പതികള്‍ വീടിനടുത്ത് താമസിച്ചിരുന്നു. പണ്ടുപണ്ടേ അവരുണ്ടായിരുന്നു എന്നും ലോകം തുടങ്ങിയതു തന്നെ അവരിലൂടെ ആയിരിക്കുമെന്നും ഞാന്‍ കരുതി. കണ്ടന് വേഷം മുണ്ടും തോളിലൊരു തോർത്തുമുണ്ടും. കാളിക്ക് മുണ്ടും ചുവന്ന ജാക്കറ്റും. അലക്കി വെളുപ്പിച്ച് നല്ല വൃത്തിയിലേ നടക്കൂ രണ്ടാളും, മുഖത്തെപ്പോഴും അലക്കിവെളുപ്പിച്ച ചിരിയും. രണ്ടാളും നന്നായി മുറുക്കും, എപ്പോഴും വായിലുണ്ടാവും. രണ്ടാൾക്കും പഞ്ചായത്തുപണി (റോഡൊക്കെ അടിച്ചുവാരൽ മുതലായവ) ആയിരുന്നെന്ന് ഓർമ്മ.

എന്നും ഇണകളായി പാടവക്കിലൂടെ ചിരിച്ചും പറഞ്ഞും അവരിങ്ങനെ നടന്നു പോവും. വൈകുന്നേരം തിരിച്ചും. എന്റെ മനസ്സിലെ സ്നേഹഭാവന ഉരുത്തുരിയുന്നത് അവരിലൂടെ ആയിരുന്നു. ജീവിതമെന്ന എന്റെ ശുഷ്കഭാവനയിൽ ആദവും ഹവ്വയുമായി അവരിന്നും ജീവിക്കുന്നു.

എട്ടുകാലി മമ്മൂഞ്ഞും മണ്ടൻ മുത്തപയും ആനവാരിയും പൊൻകുരിശും.. ഒക്കെ മനസ്സിൽ കയറിക്കൂടുന്നതിനു മുന്നേ ചില കഥാപാത്രങ്ങൾ ഉള്ളില്‍ കയറിക്കൂടിയ കാലം. ഹലോ അച്ഛനും, വെരിബിസിയും, കംപ്രഷനും, അമ്പതും, കരിങ്കണ്ണനും, ഇടിയനും....... ഒക്കെ കളം നിറഞ്ഞാടിയ കുട്ടിക്കാലം. ഒരാൾക്കൊരു പേരുവരാൻ ഒരു നിമിഷം മതി, എത്രയെത്ര രസകരമായ കഥകൾ. ആദ്യമായി മദിരാശിയിൽ പോയി രണ്ടു ദിവസം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ വഴിയിൽ അച്ഛനെ കണ്ടു 'ഹലോ അച്ഛന്‍' എന്നു സംബോധന ചെയ്ത മകൻ. അന്നുമുതൽ ആ പാവം ഹലോ അച്ഛനായി അറിയപ്പെടുകയും ചെയ്തു. ഈ നാട്ടുമ്പുറത്തിന്റെ ഒരു കാര്യം. 😊

സകലമാന കാര്യങ്ങളിലും ഇടപെട്ട് വെരിബിസിയായി ഒട്ടും ബിസിയല്ലാത്ത വെരിബിസി. ഇവരെക്കുറിച്ചെല്ലാം എഴുതാൻ നമുക്കൊരു ബഷീറില്ലാതെ പോയല്ലോ എന്ന നിർഭാഗ്യം.

സമാനതകളില്ലാത്ത സ്നേഹത്തിന്റെ വിളക്കുമാടം ആയിരുന്നു ഗ്രാമം. പെങ്ങളോട് വൃത്തികേട് പറഞ്ഞ തെമ്മാടിയെ രക്ഷിക്കാന്‍ രാത്രിക്ക് രാത്രി ട്രെയിന്‍ കയറ്റി വിടുന്ന നാട്ടുമ്പുറത്തിന്റെ നിഷ്കളങ്കത, എന്നെങ്കിലും നന്നാവും എന്ന ശുഭാപ്തി വിശ്വാസം. നാട് വികസിക്കുമ്പോൾ നഷ്ടമായിപ്പോയ എത്രയെത്ര കഥകളും കഥാപാത്രങ്ങളും!

Sunday, December 19, 2021

2. പൂച്ചപ്പഴം

കുട്ടികൾ ഊമന്താടികൾ പോലെയാണ്. കാറ്റിന്റെ വഴിയേ പാറിയങ്ങനെ നടക്കും. കണ്ട മാവിലൊക്കെ കല്ലെറിയും കശുമാവണ്ടിയുടെ ചുണ തട്ടി ചുണ്ട് വീർക്കും, കണ്ട തോട്ടിലൊക്ക ചാടും, ഷർട്ടൂരി മീൻ പിടിക്കും, വെള്ളത്തിൽ പുല്ല് പറിച്ചിട്ട് അതിനിടയിൽ വരുന്ന കുറുമ്പാട് എന്ന മീനെ പിടിക്കലായിരുന്നു ഏറ്റവും രസം. പിന്നെ കീശ നിറയെ കശുവണ്ടി, പളുങ്ക്, എലിഞ്ഞിക്കായ, പമ്പരം... മുതൽ കടലമണിവരെ കുട്ടിയുടെ വേൾഡ് ബാങ്കായിരുന്നു ട്രൗസറിന്റെ കീശ. കുടുക്കില്ലാത്ത ട്രസറും. എന്തു ലോകം, അല്ല എന്തു നല്ല ലോകം!

എന്റെ മേശവലിപ്പു നിറയെ പളുങ്കുകൾ ഉണ്ടായിരുന്നു. ഫിക്സഡ് ഡെപ്പോസിറ്റ് രശീതി കാണുന്നൊരു സന്തോഷം ആയിരുന്നു അന്ന്. ഒരിക്കൽ അടുത്തുള്ള രണ്ടു കൂട്ടുകാർ വിരുന്നു വന്ന ഒരു ചെക്കനെ കൂട്ടി വന്ന് സ്നേഹത്തിൽ കളിക്കാൻ വിളിച്ചു. അവൻ ഒരു ഭീകരനായിരുന്നു. ഓരോ തവണ തോൽക്കുമ്പോഴും ഞാന്‍ വാശിക്ക് കളിച്ചു. അവർ മൂന്നാൾ, ഞാൻ ഒറ്റക്ക്. എന്റെ മേശവലിപ്പിൽ ഒന്നിന്റെയും രണ്ടിന്റെയും ചില്ലിക്കാശുകൾ മാത്രം ബാക്കി. അവസാനം അവർ സഞ്ചി കൊണ്ടുവന്ന് എന്റെ പളുങ്കുകൾ കൊണ്ടുപോയി. ആ തോൽവിയുടെ അഘാതം എന്നെ ചിലതൊക്കെ പഠിപ്പിച്ചു. എതിരാളിയുടെ ശക്തി അറിയാതെ ഒന്നിനും ഇറങ്ങി പുറപ്പെടരുത്, ഒന്നും ശാശ്വതമല്ല, നഷ്ടപ്പെട്ടതിനെ ഓർത്ത് ദുഃഖിക്കരുത്. 😀

അക്കാലത്ത് സ്കൂളില്‍ പോകുന്ന വഴിയിൽ വാഴക്കുളം അമ്പലത്തിന്റെ അടുത്ത് ഒരു വീടിന്റെ മുന്നിലെ കുറ്റിക്കാട്ടിൽ ഒരു വെളുത്ത കായ ഞങ്ങൾ കണ്ടെത്തി. അതായിരുന്നു പൂച്ചപ്പഴം. അന്ന് അമൃതിന്റെ രുചി. പിന്നീട് ആ വഴിയിലൂടെ പൂച്ചപ്പഴം ആശിച്ചുള്ള എത്രയെത്ര യാത്രകൾ. ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ട, രുചിച്ച പൂച്ചപ്പഴം ഒരു നൊസ്റ്റാൾജിയ ആയി ഇന്നും മനസ്സിൽ തുടരുന്നു.

Wednesday, December 15, 2021

1. ഓർമ്മകൾ ഓർമ്മകൾ ഓർമ്മകൾ...

രാവുണ്ണിക്കോളേജെന്ന സ്നഹവിദ്യാലയം. എല്ലാ ടീച്ചര്‍മാരും അമ്മമാരെപ്പോലെ, വിദ്യാർത്ഥികളായ ഞങ്ങൾ മക്കളെപ്പോലെ.

ചുറ്റും കുറുക്കനും പാമ്പും പഴുതാരയും ലോകം പങ്കിട്ടെടുക്കുന്ന കോങ്ങാട്ടിക്കാടിന്റെ വന്യത. വേനലിൽ വെള്ളരിയും കുമ്പളവും കക്കരിയും മത്സരിച്ച് പടർന്നു കയറിയ പുഞ്ചനിലങ്ങൾ. പാടത്തൂടെ നടക്കുമ്പോൾ എള്ളുമണം കൊതിപ്പിച്ച ഒറ്റയടിപ്പാതകൾ. നീർക്കോലിയും പൂച്ചൂട്ടിയും ബാല്യവിസ്മ- യങ്ങളായ  കലുങ്കുകൾ. അരയോളം നനഞ്ഞു കയറുന്ന സ്കൂൾ യാത്രകൾ. ജീവിതത്തിന്റെ ലാവണ്യം മുഴുവൻ നെഞ്ചേറ്റിയ ഇന്നലെയുടെ ബാക്കിപത്രങ്ങൾ.

സ്കൂളിൽ നിന്നു നോക്കിയാൽ കാണുന്ന അമ്മയുടെ ശാന്തി ഹോമിയോ ക്ലീനിക്ക്.

ഉച്ചക്ക് വിട്ടാൽ ഓടി അമ്മേടെ അടുത്തെത്താം. അന്ന് ഇല്ലായ്മയറിയിക്കാതെ അമ്മ വാരിത്തന്ന ചോറിന്റെ ഉച്ചമണം. 


ഹാ ജീവിതമേ... തോല്‍വിയുടെ നെടുമ്പാതകളിൽ നന്നാറി സർബത്തിന്റെ ആശ്വാസമായ തണൽപ്പന്തലുകൾ.

അമ്മ ആരെങ്കിലും പിച്ചക്കാർ വന്നു വിശക്കുന്നെന്ന് പറഞ്ഞാൽ അമ്മേടെ ചോറെടുത്തു കൊടുക്കും, എന്നിട്ട് വിശക്കുന്നില്ല എന്നു പറയും. ഉച്ചക്ക് വിട്ടു വന്നപ്പോൾ അമ്മക്ക് ചോറില്ല. ഞാന്‍ ഓടി, വീട്ടിലേക്ക്. ഇന്നത്തെ ലെമർ സ്കൂളിന്റെ അടുത്താണ് വീട്, ആ കഥ പിന്നെ. നല്ല മഴയാണ്. അമ്മാമേടെ കയ്യീന്ന് ചോറ് വാങ്ങി തിരിച്ചോട്ടം. അന്ന് തൃപ്രയാറിൽ കണ്ണു വൈദ്യശാല എന്നൊരു കട ഉണ്ടായിരുന്നു. ആ കെട്ടിടത്തിലെ ഒരു വാച്ചുകടയുടെ മുറ്റം സിമന്റിട്ടതായിരുന്നു. ഓട്ടം പിഴച്ചു. തറയിൽ വഴുക്കി വീണു. ചോറാകെ ചിതറി. മഴയിൽ ചെളിയിൽ നനഞ്ഞൊട്ടിയ ഞാന്‍. ലോകം മുഴുവൻ നഷ്ടമായ സങ്കടം. കണ്ണീരിന്റെ ഏങ്ങലുകൾക്കിടയിലെ ചില സാന്ത്വനങ്ങൾ. ഉള്ളിൽ അമ്മയുടെ മുഖം. സാരമില്ലെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു തന്ന ഉമ്മ. 


ആത്മാന്വോഷണത്തിന്റെ ഏകാന്തശൈലങ്ങൾ കയറുമ്പോൾ ചില പുൽക്കൊടികൾ പിടിച്ചുകയറാൻ ഉരുക്കുവടങ്ങളാവും, എങ്കിലും കഥയിൽ സ്വയം നഷ്ടമാവും!