'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Saturday, December 26, 2009

സ്വപ്നം

പ്രിയമാണെനിക്കിതു, സാന്ദ്രമാം സ്വപ്നത്തിന്റെ
വഴിയില്‍ ചിലങ്കകള്‍ പദമൂന്നിയോ വീണ്ടും!
പുലരാനിനിയെത്ര നേരമുണ്ടൊരു മാത്ര
കൂടിയെന്‍ മനസ്സിന്റെ തന്ത്രികള്‍ മീട്ടിക്കൊള്‍വിന്‍.

നിനയാതേവം, മോഹശാഖികള്‍ കുലുക്കി നീ
കളിയാ,യെന്നാല്‍ പാതി കാര്യമായ് മൊഴിഞ്ഞതില്‍
പ്രണയാതുരം കുറേ വാക്കുകള്‍, മയക്കത്തിന്‍
പടിവാതിലും ചാരി വന്നതാം ഖദ്യോതങ്ങള്‍.

സുഖമായണച്ചു ഞാനെങ്കിലും, മനസ്സിന്റെ
അഴലാ,യോളം തള്ളി വന്നിടും സന്ദേഹങ്ങള്‍
സഖി,യീ ജന്മത്തിനാലാവുകില്ലയെന്‍ പ്രേമ-
മധുരം നിനക്കു കൈക്കുമ്പിളില്‍ നിവേദിക്കാന്‍.

ഇനിയീ ജന്മത്തിന്റെ പാതിയില്‍, മോഹപ്പൂക്കള്‍
പുതുവര്‍ണ്ണങ്ങള്‍ തീര്‍ത്തു പൂക്കളമൊരുക്കുമ്പോള്‍
അറിയാമൊരു കുഞ്ഞു സ്വപ്നമെന്നാലും, മന-
മറിയാതുറക്കത്തെത്തൊട്ടുണര്‍ത്തുക വേഗം.

Friday, December 18, 2009

പാത

 വെയില്‍ മങ്ങുന്നു, ഭൂമിയിരുളിന്റെ മുഖം മൂടിയെടുത്തണിയുന്നു, പഥികരെല്ലാം ഇരുളിന്റെ മറവില്‍ അഭയകേന്ദ്രങ്ങളില്‍ ശയിക്കുന്നു. എവിടെ നിന്നോ തളര്‍ച്ചതന്‍- രാഗവും പാടിയിഴഞ്ഞെത്തുമൊരുവന്റെ അവസാന കാല്‍പ്പാടിനായി കറുത്ത കമ്പിളിയുടുപ്പുമണിഞ്ഞുകൊണ്ടപ്പാത മുഖവും പൊത്തിക്കിടക്കുന്നു. കൊഴിഞ്ഞൊരേറെ ദശാബ്ദങ്ങള്‍ തന്നോര്‍മ്മ കനത്ത കാല്‍പ്പാടു രൂപത്തില്‍ കടുത്ത കാലൊച്ച രൂപത്തില്‍ പീഢിപ്പിക്കുന്നുവെന്നാകിലും… വിറക്കുന്ന പ്രഭാതത്തിലും വിയര്‍ക്കുന്ന വെയിലിലും, ഭയക്കുന്ന നിശയിലും, അസ്തമയസൂര്യന്റെ പരിഹാസച്ചിരിയും സഹിച്ച്, കയറുമായ് പായുന്ന പോത്തിന്റെ കൂര്‍ത്ത കുളമ്പുണ്ടാക്കുന്ന ക്ഷതങ്ങളും സഹിച്ച്, സാത്താന്റെ നൃത്തത്തിലവന്റെ കരുത്തുറ്റ കാലുകള്‍ തന്‍ പ്രഹരവും സഹിച്ച്, പാതിരാക്കോഴിയുടെ ചെവി പൊട്ടിക്കുന്ന കരച്ചിലും സഹിച്ച്, ഋതു ഭേദങ്ങളെ പുണര്‍ന്ന്, രഥഗാഥകള്‍ മറന്ന്, പകലെന്നോ ഇരുളെന്നോ ഓര്‍ക്കാതെ, ഓരോ കാല്‍പ്പാടും തുടക്കമെന്നു നിനച്ച്, അവസാന കാല്‍പ്പാടിനായി കറുത്ത കമ്പിളിയുടുപ്പുമണിഞ്ഞുകൊണ്ടപ്പാത മുഖവും പൊത്തിക്കിടക്കുന്നു. 1986

Monday, December 7, 2009

കാമുകി

സുഖമെന്നതിനെന്തൊരര്‍ത്ഥ,മഴലിന്‍
കുറവെന്നു വരുന്നതെങ്കിലതുപോല്‍
വ്യഥയെന്നതിനെന്റെ ജീവഗതിയില്‍
ഒരു ശൂന്യതയെന്നുമര്‍ത്ഥമെഴുതാം.

പ്രിയമെന്റെ കിനാക്കള്‍ കൊണ്ടു ചുമലിന്‍
കുനിവേറിയതെങ്കിലെന്തു, സഫലം
ഇഹജീവിത,മൊന്നതിന്നു തെളിവായ്
മമ കാമിനി തന്റെ പ്രേമകഥനം.

മൊഴി കൊണ്ടു കവര്‍ന്നൊരെന്റെ മനസ്സിന്‍
പടിവാതിലടച്ചു പാതി വഴിയില്‍,
ക്ഷണമിങ്ങു വരുന്നതിന്നുമളവായ്
ഇമ കൊണ്ടു പറഞ്ഞതെന്തു സഖി നീ.

അറിയില്ല, പവിത്രമെന്നു പതിവായ്
ഉരുവിട്ടു പഠിച്ചു നമ്മള്‍ പലനാള്‍,
ഇനിയെന്തു പറഞിടേണ്ടു പ്രണയം
പല തുണ്ടുകളാര്‍ന്നൊരേടു സമമായ്.

പുതുസ്വപ്നമിയന്നു, നീയുമഴകില്‍
സുമതല്പമൊരുക്കി നൂനമവനായ്
അഭിശപ്തമിതെന്റെ സാധുഗതിയാല്‍
ശുഭമത്രെ നിനക്കു ഭാവി ഗതികള്‍.

സഖി, നിന്റെ മനസ്സിലേവമഴലിന്‍
വഴിയോര്‍ക്കുകിലീ സരിത്തു നിറയും
പ്രണയാര്‍ത്ഥികള്‍, ഞാനുമേകനവരില്‍
പഴിവാക്കുകളോതിടല്ലെ സദയം.

അനുവാസരമേറിടുന്ന നിനവില്‍
മിഴിവാര്‍ക്കുകിലും, മനസ്സിലുണരും
പ്രിയകാമിനി നീയെനിക്കു മിഴിവില്‍
വെളിവാക്കുക പ്രേമമെന്ന ഫലിതം.

മോഹം

ത്യാഗമെന്നാരേ ചൊന്നു, ഈദൂര തീരങ്ങളില്‍
ജീവിതമൊരു നിഴല്‍ നാടക,മാരേ ചൊന്നു
ചിന്തയാം കടന്നലിന്‍ കൂടിതിന്നാരേ തൊട്ടു,
ഛന്നമാം വിചാരങ്ങളെന്തിനായ് തുറന്നിട്ടു.

ഇച്ചുടുഭൂമിക്കുമങ്ങേറെ ദൂരത്തായെന്റെ
കല്പിതലോകം, കാട്ടു പൂവിന്റെ കളിമുറ്റം,
എന്തിനായ് മനോഹരീ നീയുമാ പൂങ്കാവനം-
തന്നിലേക്കൊരു സുധാസൂനമായണിഞ്ഞെത്തി.

അങ്ങിങ്ങായ്‌ ,ഇലച്ചാര്‍ത്തിന്നിടക്കിന്നാരേ,കൊച്ചു-
വണ്ണാത്തിക്കിളിയെന്തു ചൊല്ലുവാനണഞ്ഞിതു
പ്രേമമാണെന്നോ നിനക്കെന്നെയെന്നറിയുവാന്‍
ഈണങ്ങളൊളിപ്പിച്ച നാണങ്ങള്‍ തിരയുമ്പോള്‍

പൂമണം പതുങ്ങുന്നൊരാവഴിത്താരകളിള്‍
കോമരം തുള്ളിക്കൊണ്ടു വന്നിതാരണ്ണാര്‍ക്കണ്ണന്‍
ചാരെവന്നൊരു കളിവാക്കവന്‍ പറഞ്ഞപ്പോള്‍
തൂമരന്ദം കുളിര്‍ കോരിയെന്‍ മനതാരില്‍.

മോഹമാം വലയത്തിലാണു ഞാന്‍, മൌനത്തിന്റെ
പാഴുന്നൂല്‍ കൊണ്ടിന്നേതു ചിത്രങ്ങള്‍ മെനഞ്ഞിടും
ആമയം തീരുന്നതിനായെനിക്കൊരു സ്വച്ഛ-
ജീവിതം വരുംകാലമീവഴി വന്നേ പോരും.

മരണം

മരണം,ഇരുളിന്‍ കയങ്ങളില്‍
പുറകേ വന്നുണര്‍ത്തുന്ന ദു:ഖം
കരളില്‍ കനലായതെപ്പൊഴും
ഒരു ഞെട്ടലുണര്‍ത്തുന്ന സത്യം.

ഉരുള്‍ പൊട്ടിടുമെന്‍മനസ്സിലൊ-
രിടവപ്പാതി കണക്കെ കണ്ണുനീര്‍
മുറയിട്ടലറിക്കരഞ്ഞിടാം
നിലയില്ലാക്കയമാണു ജീവിതം.

ഇനിയിക്കഥയാര്‍ക്കു വേണ്ടി!
പലവട്ടമുരച്ച,തെങ്കിലും
പകല്‍ വെട്ടമണഞ്ഞു പോകില്‍ നാം
കരിവെട്ടമണച്ചിടും സ്വയം.

മൃതി ജീവനജാതികള്‍ക്കു തന്‍
സ്മൃതി കുത്തിമുറിക്കുമെങ്കിലും
നിഴല്‍ പറ്റി മറഞ്ഞു പോയിടും
തനിയേ പ്രേമ,മതെത്രയെങ്കിലും.

നവസ്വപ്നസുമങള്‍ പൂവിടും
മധുരത്തൂമധുമാരി പെയ്തിടും
പ്രണയത്തേന്‍ മധുരം നുകര്‍ന്നു തന്‍
മനമത്തലൊഴിഞ്ഞു പോയിടും.

അതുമല്ല ചിലര്‍ക്കു,ജീവിതം
വിധിയെന്നോര്‍ത്തു ശപിച്ചു തള്ളിയീ
അതിനൊമ്പരശീതരാശിയില്‍
മൃതിയും കാത്തു കഴിഞ്ഞു കൂടിടും.

ബഹുജീവിത ചിന്തകള്‍ക്കകം
പൊരുളാം ദൈവവിധിക്കു ചേരുമീ
മൃതിയെത്ര ഭയങ്കരം, തെ-
ല്ലലിവില്ലൊട്ടുമവന്നിതാരൊടും!

വിട

ഓര്‍ക്കുക തോട്ടക്കാരാ
നമുക്കു മെനയുവാന്‍
കോട്ടകളില്ല,സര്‍വ്വം
മുടിച്ചു കളഞ്ഞിതേ.

അന്നൊരു നാളില്‍
കണ്ണന്‍ചിരട്ടയാല്‍
നമ്മളിങ്ങൊരുക്കിയ
സുന്ദരമൊരു ഗേഹം.

കേവല,മോലച്ചീന്തു
കൊണ്ടു നാം മെനഞ്ഞൊരാ
മോഹന സ്വപ്നങ്ങളേ
നിങ്ങള്‍ക്കുമിനി വിട.

ഇന്നു നാം മണല്‍ത്തരി
പെറുക്കി വിറ്റും, ചെളി-
ത്തണ്ണീരില്‍ തെളിഞ്ഞീടും
മുഖത്തിന്‍ വില കൊണ്ടും

കേവലവിജ്ഞാനത്തില്‍
ഭാവന കലര്‍ത്തിയും
ജീവനെ പണിയുവാ-
നാവതു ചെയ്തീടുന്നു.

നല്‍ചിലമ്പൊലിയല്ല
ചങ്ങല കിലുക്കങ്ങ-
ളിച്ചെറു ദൂരം വൃഥാ
മുടന്തി നട കൊണ്ടു.

എങ്ങിനെ പണിഞ്ഞീടും
നദികള്‍, കടലുകള്‍
പില്പാടു കാടും മേടും
പുതിയൊരാകാശങ്ങള്‍

ഇല്ലിനിയില്ലാ,നവ-
ജ്ജീവിതം, നമുക്കിനി
ഉള്ളതു മടങ്ങുവാന്‍
ആറടി മണ്ണു മാത്രം.

അജ്ഞാതവാസം

അറിഞ്ഞുവോ നീ പരമാര്‍ത്ഥം
പറഞ്ഞിടാനാര്‍ക്കു നേരമേ
ഒരിക്കല്‍ പോലും നിനച്ചിടാ
തിരക്കിലാണു ഞാനിപ്പൊഴേ.

നിനച്ചിടാതാണു സര്‍വ്വവും
വരുത്തുക,കാറ്റു ചെമ്മെവ-
ന്നുലക്കവേ താഴെ വീണുപോം
കരുത്തിനുമേക സാക്ഷി നീ.

ഒരിക്കല്‍, നമ്മള്‍ വിജനമാം
തുരുത്തിലേക്കു കയറിയോര്‍
വിയര്‍പ്പു മണ്ണില്‍ കുഴച്ചൊരീ
പണക്കൊഴുപ്പിന്നു താളമായ്.

വിചിത്രമെന്നേ പറഞ്ഞിടാം
മനുഷ്യജീവന്റെ യാത്രകള്‍
വിശപ്പു കാളുന്നിതഗ്നിയായ്,
നടപ്പു തന്നെ സുദുഷ്കരം!

തലയ്ക്കു മീതേ കൊടുംകനല്‍
തിളക്കുമീ ജലദാഹമായ്
നമുക്കു നാമേ കൊളുത്തുമീ-
ചിതക്കകത്തോ മത്ജ്ജീവിതം!

ഒരിറ്റു കണ്ണുനീര്‍ത്തുള്ളിയാല്‍
പകുത്തു നോവിന്റെ നാളുകള്‍
അവര്‍ക്കു സ്വര്‍ഗ്ഗം പണിഞ്ഞിടാന്‍
കലപ്പയേന്തുന്ന പോത്തുകള്‍!

വിധിക്കു മീതേ നമുക്കു പായ്
വിരിച്ചു കെട്ടിയാ,വഞ്ചിയില്‍
മനസ്സൊരൂന്നായ് തുഴഞ്ഞിനി
മറുകരക്കു കടക്കുവാന്‍

നമുക്കു ജീവിതാശങ്കകള്‍
തുണച്ചിടില്ലാ കരുത്തിനായ്
മനസ്സു പായുന്ന മാത്രയില്‍
ചരിച്ചിടാ മര്‍ത്ത്യ ജീവിതം.

അണയ്ക്കുകീ ജന്മയാതന
മുളക്കു മുള്ളെന്ന പോലവേ
കടുത്തൊരീ ജീവയാത്രയില്‍
നമുക്കിതജ്ഞാത വാസമേ!

ഒരു പ്രണയം കൂടി

പാടിയോ രാവില്‍ പൂങ്കുയില്‍,അ-
ല്ലേതു വേണുവിന്‍ തേനൊലി
പാരിതില്‍ സ്നേഹസൌരഭം വിരി-
ച്ചേതു ദേവന്റെ വൈഖരി

പാരിജാത സുമങ്ങളാലീ-
പ്രേമ പൂജ നടത്തുവാന്‍
പാരമീവഴി വന്നു തന്‍
കരതാരുലച്ചു പവനേശ്വരന്‍

ചാരെ വന്നരിമുല്ലതന്‍,മണി-
ഹാര,മൊട്ടിഴ ചേര്‍ക്കയും,
മാരനിന്നു കരപല്ലവങ്ങളാല്‍
യാമിനിക്കതു ചാര്‍ത്തിയും

താര,മിന്നതു കണ്ടു മന്മഥ-
ബാണമൊന്നു തൊടുക്കയാല്‍
രാവിതിന്നു മുഖമാകെ കാന്തിയാല്‍
നാണമാര്‍ന്നു തുടുത്തതായ്.

ഏവമുണ്ടധികദൂര,മെന്നു-
ചില നേര,മൊന്നു നിനച്ച നിന്‍
പുകിലേറുമീ പടയാത്ര കണ്ടൊരു
പാവമൊന്നു വിറച്ചിവള്‍.

പ്രേമമുണ്ടധികമെങ്കിലും, ചില-
നേര,മാധി മുഴുത്തു തന്‍
തേനെഴും മുഖ കാന്തിയിന്നു
ഘനവേണി കൊണ്ടു മറച്ചിവള്‍.

ചേറുമൂടി,യടിഞൊരാ മന-
താരില്‍ ആമ്പല്‍ വിരിഞിടാം
നീയതിന്നു കൃപയാലെഴും
പ്രേമമെന്നുമുണര്‍ത്തുക.

Sunday, December 6, 2009

പ്രണയം

ഒരു പഴുതിലൂടൊച്ചയുണ്ടാക്കാതെ
പതിയെ വന്ന പകല്‍ വെളിച്ചമെ
അരിയ ചുംബനത്താലെന്‍ മുഖത്തു നീ
ധവളശോഭ പടര്‍ത്തിയതെന്തിനു.

ഇനിയുമീ പ്രേമലീലകള്‍ക്കൊപ്പമായ്
പഴുതെ ഞാന്‍ നീട്ടുമീ പ്രേമതല്ലജം
അരുതെ, നിന്‍ ചുടു നിശ്വാസജ്വാലയാല്‍
വെറുതെ വാടിക്കൊഴിഞ്ഞു പോയീടുവാന്‍.

ഇമ വിടര്‍ത്തി ഞാനീപ്രേമരൂപിതന്‍
വഴിയില്‍ വാനം മിഴി ചേര്‍ത്തു നില്‍ക്കിലും
പതിയെ തേരും തെളിച്ചുനീയുല്‍ക്കട-
പ്രണയി മറ്റാരെയോ തിരഞ്ഞീടിനാല്‍.

ഇനിയുണര്‍ത്തേണ്ടതില്ല നീയെന്നെയും
ഒടുവില്‍ ഞാനും കൊഴിഞ്ഞു പോയീടിലും
പഥിക, നീയോര്‍ക്കുകീ ഗ്രാമവല്ലരീ
പ്രണയമെത്ര മനോജ്ഞം, മനോഹരം.