'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Sunday, February 28, 2010

അവന്‍






പുറകിലുണ്ടവന്‍
ഏകന്‍, അനാദിയാം
വഴിയിലൂടെന്നും
പിന്നാലെയുണ്ടവന്‍.
അകമലിഞ്ഞു തൂ-
മഞ്ഞിന്റെ പ്രേമമാം
മഹിത സന്ദേശ-
മുള്ളാലെ കൊണ്ടവന്‍.
തിരയിളക്കങ്ങ-
ളേറും മനസ്സിലെ
കനലു കാന്തിയാം
കയ്യാലെടുത്തവന്‍.
നുരയെടുക്കുന്ന
മോഹം, മിഴിയിലെ
തെളിമ കൊണ്ടു
തുളുമ്പാതെ കാത്തവന്‍.
മൃദുലമാനസന്‍
കാറില്‍ കറുക്കാത്ത
പ്രണയമന്ത്രം
ഉരുക്കഴിക്കുന്നവന്‍
അരികിലുണ്ടവന്‍
ഏകന്‍,ദയാപരന്‍
മരണമില്ലാത്ത
സ്നേഹാന്ധ ഗായകന്‍.
അവനൊരുത്തന്‍
മഹാന്ധകാരങ്ങളില്‍
കരുണ തന്റെ
വെളിച്ചം വിതച്ചവന്‍.
അകമുണങ്ങാത്ത
നോവിന്നു തൂവലിന്‍
അരിമ കൊണ്ടു
ശമത്വം പകര്‍ന്നവന്‍
അവനൊരുത്തന്‍
നിനക്കുണ്ടു കാവലായ്
ഉലകു ചുറ്റുന്നു
വേവുന്ന നെഞ്ചുമായ്.
അരികിലുണ്ടവന്‍
നീയിന്നു ശാന്തമായ്
പ്രണയ മന്ത്രം
ജപിച്ചങ്ങുറങ്ങുക.

Thursday, February 25, 2010

തീപ്പെട്ടി





ഞാനിപ്പോള്‍
ഒരു തീപ്പെട്ടിക്കൂടിനുള്ളിലാണ്,
വല്ലാതെ ഒറ്റപ്പെട്ടപ്പോള്‍
ഒളിച്ചതായിരുന്നു.
ആദ്യമാദ്യം
മുറിയടച്ചിരുന്നു,
പിന്നെ
കണ്ണും,വായും,ചെവിയുമടച്ചിരുന്നു.
സമാധാനമില്ല.
കൂട് മാറ്റി,
വീണ്ടും വീണ്ടും മാറി,
ഇപ്പോള്‍
ഈ തീപ്പെട്ടിക്കൂട്ടില്‍.
എനിക്കു കൂട്ടിനു
കുറെ കൊള്ളികള്‍,
നെഞ്ചില്‍ തീയുമായി
കുറെ ഓര്‍മ്മകള്‍.
ഒരു ഉരയലിന്റെ വേദന,
തുളയുന്ന വാക്കിന്റെ കനല്‍
എല്ലാം ഭസ്മമാകും.
എങ്കിലും
ഈ തീപ്പെട്ടിക്കൂടില്‍
എനിക്കു…………………….

Wednesday, February 24, 2010

കറുപ്പ്


ചില നഷ്ടബോധങ്ങള്‍
കാലമെന്നാത്മാവില്‍
പലമട്ടില്‍ ചിത്രമാ-
യാവിഷ്കരിക്കുകില്‍
നിറമെന്തിനായതില്‍
കരിതന്നെ കാമ്യമായ്
ഉറയുന്ന നോവിന്നു
കാറല്ലൊ കല്പിതം.
കരി കൊണ്ടു ജീവിതം
വരയുമ്പോള്‍, കണ്‍കളില്‍
നിറയുന്ന പൂവിന്നു
നിറമെന്തു നല്‍കണം!
അറിയില്ല, ജീവിതം
ഉരുകുമ്പോള്‍ പൂക്കളും
നിറമുള്ള കാഴ്ചയും
കരിതന്നെ സാമ്പ്രതം.

Tuesday, February 16, 2010

നീ വരും കാലം


നീ വരും കാലം, ചില
തോന്നലായണഞ്ഞിടും
ചേലെഴും ദിവാസ്വപ്ന
ഭാവമായിരുന്നിടാം.
പേലവപ്രകാശത്തിന്‍
ചാരുത ചിതറിയാ
വീചികള്‍ വര്‍ണ്ണോജ്ജ്വല
മായ തീര്‍ത്തതുമാവാം.
ഈയിളങ്കാറ്റിന്‍ കുളിര്‍
തൂവലൊന്നിളക്കിയാ
മാമരക്കൊമ്പില്‍ കിളി
പാടിടുന്നതുമാവാം.
ബോധിവൃക്ഷത്തിന്‍ മുദാ
ശാഖിതന്നിളക്കങ്ങള്‍
നാദവിസ്മയം തീര്‍ത്ത
പ്രേമഗീതവുമാകാം.
പൂവിലും,പൂമ്പാറ്റകള്‍
പാറിടും പൂന്തോപ്പിലും
ചാലിടും മധുപന്റെ
കേളി നാദങ്ങളാവാം.
നീവരും, എനിക്കെന്തോ
തോന്നലായിരുന്നിടാം
ജീവനില്‍ പടരുന്ന
മോഹ വിസ്മയമാവാം!

Sunday, February 14, 2010

സ്നേഹസമ്മാനം

ഇന്നു പ്രണയത്തിന്റെ ദിനം
എന്നേ എന്റെ ഹൃദയം നിനക്കു തന്നു
എന്റെ കാഴ്ചകള്‍
നിന്റെ മൌനത്തിന്റെ
കരിങ്കല്‍ച്ചുമരുകളില്‍ തട്ടി
ചിതറിത്തെറിച്ചു
ഇനി, എന്റെ ശരീരം
അതു നിനക്കും എനിക്കും ആവശ്യമില്ല
നമുക്കത് കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കാം
അവരെന്റെ നെഞ്ചറ തുരന്നു പഠിക്കട്ടെ
എന്റെ കടല്‍
അവരതില്‍ ഊളയിട്ട് മുത്തുകള്‍ പെറുക്കട്ടെ,
എന്റെ ആകാശം
അവരവിടെ പറന്നുനടന്ന്
അമ്പിളിക്കല പിടിക്കട്ടെ.
എന്റെ ഭൂമി,
പുസ്തകത്താളിലൊരു മയില്‍ പീലി
തോട്ടുവക്കില്‍
എനിക്ക് കഥ പറഞ്ഞു തന്ന കുഞ്ഞുമീന്‍
ഒരുപിടി കൊന്നപ്പൂക്കള്‍
ആര്‍ക്കും പിടികൊടുക്കാതെ
കരഞ്ഞുതീര്‍ത്ത ഒളിമാടങ്ങള്‍
എല്ലാം ………………………
അവര്‍ക്ക് പഠിക്കാന്‍,
നിനക്കായ്
എന്തു തരാന്‍ !
ഞാന്‍ തന്ന കുഞ്ഞുഹൃദയം
ഒന്നു പൊടിതുടച്ചെടുക്കുക.