'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Friday, August 20, 2010

ഓണം


പാതിരാത്രിയായ് പാലപൂത്ത പൂമണം ചുറ്റും
പാല്‍നുരച്ചാര്‍ത്തില്‍ പാട്ട് മൂളിയെത്തിടും കാറ്റും
പാരു നിദ്രയിലേറെനേരമായ് മിഴി-
ക്കൂടു ചാരിയില്ലാരെയോര്‍ത്തിരുന്നു നീ.
ഏതു കാറ്റല മണിവീണ വാതിലില്‍ മീട്ടി
ഏതു കാഞ്ചനച്ചെപ്പു വാനിലും നീട്ടി
എതൊരുന്മാദ മോഹനിദ്രയില്‍ നിന്‍റെ
മാറിലാനന്ദ ദേവദുന്ദുഭി മുട്ടി.

പാതിയോര്‍മ്മയായെങ്കിലും പഴ-
മ്പാട്ടില്‍ പാതിരാക്കാറ്റു താളത്തില്‍
ആടി,യോര്‍മ്മമുറ്റത്തൊരു പൂക്കളം
തേടി പൂക്കാതെ പോയ ഭാഗ്യത്തില്‍.
ഏതു കണ്ണീര്‍പ്പുഴയ്ക്കുമൊരു കര
ഏതു തോരാമഴയ്ക്കുമിളവെയില്‍
ഏതു സായന്തനത്തിലാത്മാവിനും
ചൂടിവെക്കാനൊരു നറുവെണ്ണിലാ.

ആരു വന്നു വിളിച്ചിതു തോന്നലായ്‌
കാതിലാരോ സ്വകാര്യം പറഞ്ഞിതോ
ചാരെവന്നു കവിള്‍ത്തടം തൊട്ടുവോ
ആരിതിന്നു, വെറും ദിവാസ്വപ്നമോ
ആരു പുഞ്ചിരിക്കൊണ്ടു കാലത്തിന്‍റെ
നോവു തൊട്ടു തലോടുന്ന സാന്ത്വമോ
പൂവിളികളുയര്‍ന്നുവോ, പൂമുഖ-
ത്താരു പൂപൊലിച്ചീടുന്നു, സത്യമോ!

നീയുണരാനുണര്‍ത്തു പാട്ടായവന്‍
നീയൊരുങ്ങാനിളനിലാവായവന്‍
ഈ നിലയ്ക്കാത്ത ജീവിതസ്വപ്‌നങ്ങള്‍
പൂപൊലിച്ചു നിറയ്ക്കുവാനായവന്‍
പാതിരാത്രിയില്‍ പാലപൂത്ത പൂമണം ചുറ്റും
പാല്‍നുരച്ചാര്‍ത്തില്‍ പാട്ട് മൂളിയെത്തിടും കാറ്റും
ചാരെ വന്നു മുകര്‍ന്നു സ്നേഹത്തിന്‍
തുമ്പപ്പൂവുകൊണ്ടു നിനക്കു പൊന്നോണം.

Tuesday, August 17, 2010

പാച്ചല്‍

സ്വപ്നങ്ങള്‍ നീറ്റുവാനാവില്ലെനിക്കെന്റെ
ദുഃഖങ്ങളാര്‍ക്കും പകരാനുമില്ല
സത്യങ്ങള്‍ മുള്‍മുന കൊണ്ടുകുത്തിക്കീറി
രക്തത്തിലെന്‍ കഥ വില്‍ക്കാനുമില്ല.
വ്യര്‍ത്ഥം ചില ശപ്തമോഹങ്ങളാലെന്റെ-
യര്‍ത്ഥം കെടുത്താനുമില്ലയെന്‍ ജീവനില്‍
ഊര്‍ധ്വന്‍ വലിക്കുന്ന ചിന്തയാലുന്മാദ
വേഷം കളിക്കാനുമാവില്ല, ജീവിത
മാര്‍ഗ്ഗം മറന്നും മനുഷ്യജന്മത്തിനെയാളും
മനസ്സിന്‍ മയില്‍പ്പീലികള്‍ മായ്ച്ചും
സര്‍ഗ്ഗചൈതന്യം ചിതലെടുത്തും
സുധാസൂക്തങ്ങളുള്ളില്‍ കരിപിടിച്ചും
ആര്‍ക്കും കടന്നു വന്നീടാന്‍ തുറന്നിട്ട
കൂട്ടിന്‍ കെടാവിളക്കാഞ്ഞണച്ചും, മനം
നീറ്റും നിമിഷങ്ങളെണ്ണിയെണ്ണിക്കാല-
മേറ്റും മരുഭൂമിയായ് പതിച്ചും, ……മതി
ആര്‍ക്കും തരില്ല ഞാനെന്നെ, തമസ്സിന്റെ
കാട്ടില്‍ കരിയേകനായ് ചരിക്കും, വൃഥാ
കാറ്റും മഴയും കൊടുംവേനലും ഏറ്റു
പോറ്റും, കരിമ്പാറയായ് മരിക്കും.

Wednesday, July 28, 2010

ഒറ്റക്ക്…

ഒറ്റക്കു രാത്രിയിലെന്തേ! നിനച്ചില്ല-
യിത്രക്കിരുട്ടാണീ രാവിന്നിതെന്ന്
മുറ്റത്തെയമ്പിളി വെട്ടവുമില്ല ഞാ-
നുള്‍ത്തീയുരച്ചു തിരക്കുവതെന്തിന്

ഒറ്റക്കു രാമരക്കൊമ്പിലെയാതിര
വറ്റി വിറച്ചു മയങ്ങിയതെന്തിന്
ഞെട്ടു പഴുത്തു പതിച്ച കരിയില
ഞെട്ടിയുരഞ്ഞു പരുങ്ങിയതെന്തിന്

ഒറ്റക്കു ദൂരമിതെങ്ങനെ, വേഗമൊ-
ടെത്തിപ്പിടിക്കാനിറങ്ങിയതെന്തിന്
കുറ്റിരുട്ടിന്റെ കരിമ്പടമാരിതു
കെട്ടഴിച്ചിട്ടു, മറയ്ക്കുവതെന്തിന്

ഒറ്റക്കു താനേ ജനിച്ചതു, ജീവിത-
മൊറ്റക്കു നിന്നു കിതക്കുവതെന്തിന്
വറ്റാത്ത കണ്ണിലെ ദീപ്തികളായതി-
ലൊറ്റ വിളക്ക് തെളിക്കുവതെന്തിന്!

Wednesday, July 14, 2010

മണല്‍ച്ചിത്രം

എരിയും മരുഭൂവില്‍, പൊരിയും മണല്‍ത്തട്ടില്‍
എഴുതുന്നു കാലമിതേതൊരു കനല്‍ച്ചിത്രം,
കറുപ്പില്‍ കണ്ണീരും വിയര്‍പ്പും ചാലിച്ചതില്‍
പകര്‍ത്തും പ്രതീക്ഷതന്‍ ദാരുണമൊരു ചിത്രം.
വിചിത്രം തന്നേ പല്ലിളിക്കും സ്വയം നോക്കി
വിലക്കിന്‍ വിലങ്ങുകള്‍ വിധിയെന്നാഹ്ലാദിക്കും
മനസ്സിന്‍ മദം പൊട്ടിയൊലിക്കും നീരാഴിയില്‍
പിടക്കും, കൈകാലിട്ടടിക്കും, മുങ്ങിത്താഴും.
ഇടക്കൊന്നുയരുമാ തിളക്കും വെള്ളത്തിന്റെ
പുളിപ്പില്‍ യശസ്സിന്റെ ചരിത്രം നിവര്‍ത്തിടും
മടുക്കും പുരാണങ്ങള്‍, ഭൂതസഞ്ചാരാവേഗങ്ങള്‍
മലര്‍ക്കെ തുറന്നിട്ട ശൂന്യമാം മണ്‍തിട്ടകള്‍
പണിപ്പെട്ടുയര്‍ത്തിയ കോട്ടകള്‍, മിനാരങ്ങള്‍
പണത്തിന്‍ കൊഴുപ്പിലെ പൊന്‍മണിമഹലുകള്‍
ശവപ്പെട്ടികള്‍, ശതകോടികള്‍ കെട്ടിത്തീര്‍ത്ത
വലുപ്പച്ചെറുപ്പത്തിന്‍ നിസ്തുല സൌന്ദര്യങ്ങള്‍
മറക്കാന്‍ കഴിയാത്ത മോഹസൌലഭ്യങ്ങ-
ളിറക്കാന്‍ കഴിയാത്ത ചങ്കിലെ കുരുക്കുകള്‍
തിരക്കില്‍ മടുപ്പിന്റെ വണ്ടിയില്‍,വിയര്‍പ്പിന്റെ
മൂശയില്‍, നെടുംകാല യാത്രകള്‍, നിരാശകള്‍.
ഇടിത്തീ പാറും വാക്കില്‍ പുളയ്ക്കും കാരക്കോലില്‍
വിശപ്പിന്‍ വേതാളത്തെ ചുമക്കും പേക്കോലങ്ങള്‍
ഇറക്കാന്‍ കഴിയാത്ത ചുമടില്‍ മരുഭൂവിന്‍
ചരിത്രം ചായക്കൂട്ടിലൊളിക്കും വൈവശ്യങ്ങള്‍.
................................................................
................................................................

Monday, July 12, 2010

തേന്‍മാവ്

പകരാന്‍ വയ്യ, പാഞ്ഞു കയറും വാക്കാലെന്റെ
ഹൃദയം മുറിക്കാതെയനുജാ ,നീറ്റും ഈര്‍ച്ച-
പ്പൊടിയില്‍ പിടക്കേണ്ടതല്ലയീ ജന്മം, നമ്മ-
ളറിവാല്‍ മറക്കേണ്ടതല്ലയീ മഹാവൃക്ഷം.

ഹൃദയം പിടക്കുന്നു, നിന്റെ വാക്കിലെ സ്നേഹ-
മലിവും വറ്റിപ്പോയിതെന്നു തോന്നിടും, തെറ്റും
ശരിയും തമ്മില്‍ തമ്മിലിടയും മഹോന്നത
ഹൃദയം പേറും സഹജീവികളല്ലോ നമ്മള്‍.

മറവിക്കൂട്ടില്‍ നമ്മളൊരു തീക്കാലത്തിന്റെ
പുലരിച്ചെന്താമര വിരിയിച്ചെടുക്കുമ്പോള്‍
കഠിനം തന്നേ യാത്ര, തലയില്‍ തീനാമ്പുകള്‍
തണലായ് നമുക്കന്നീ കിഴവന്‍ മരം മാത്രം.

കിളികള്‍ വിരുന്നുകാരായില്ല
നമുക്കേതു
തണലിന്‍ തുരുത്തുകള്‍ ഓര്‍ക്കുവാനായിട്ടില്ല
വരളും ഹൃദയത്തിനോമനിക്കുവാനാദ്യ-
മധുരം കനിഞ്ഞതുമീ മധുഫലം തന്നെ.

കളികള്‍, കളിത്തൊട്ടിലാടുവാന്‍ നമുക്കന്നാ
തളരും കയ്യാലെത്ര വേദന സഹിച്ചില്ല!
പ്രണയം തന്നേയെനിക്കവനോടൊരേ വീര്‍പ്പില്‍
പറയാനരുതാത്ത ജീവിത ബന്ധം സത്യം.

ഉയരം കരേറുവാന്‍ ഭയമാണെനിക്കിന്നീ
ഉലകിന്നുദാത്തമാം സ്നേഹമാ
ഭികാമ്യം
പ്രിയമോടവന്റെയീ ശിഷ്ടകാലത്തെ നമ്മള്‍
പ്ര
ചുരസ്നേഹത്തിന്റെ ശാന്തിയാല്‍ നിറച്ചാലും.

Friday, July 9, 2010

പ്രതീക്ഷ

കടന്നു ഞാനും പുഴ, കടന്നു കണ്ണീര്‍ക്കയം
കടന്നു കാലം, കനലെരിഞ്ഞ കാരാഗൃഹം
മറഞ്ഞു ഞാനും, വാതിലടഞ്ഞു പാരിന്‍, പാതി
മുറിഞ്ഞ സ്വപ്നം കൂടെയുറഞ്ഞ വാക്കും മാത്രം.

ഒഴിഞ്ഞ പാത്രം ദൂരെയെറിഞ്ഞു കാലക്കേടിന്‍
നനഞ്ഞ കുപ്പായത്താല്‍ പൊതിഞ്ഞ മോഹച്ഛവം
എരിഞ്ഞു കാളും ഉള്ളൊന്നുണര്‍ന്നു പാടാമിനി
വരുന്ന കാലം എന്നില്‍ നിറഞ്ഞ കാവ്യം മാത്രം.

കുളിര്‍ന്നു മഞ്ഞിന്‍ ധൂളിയണിഞ്ഞു പുലര്‍കാലം
തെളിഞ്ഞ വാനം, തെന്നലുലഞ്ഞ പൂന്തോപ്പുകള്‍
നിറഞ്ഞു കാടും മേടും അലഞ്ഞു തേടാ,മുയിര്‍
മറഞ്ഞു പോയാലെന്തിന്നെനിക്കു സുഖം മാത്രം.

അറിഞ്ഞു ഞാനും പിന്നില്‍ മറഞ്ഞ കാലങ്ങളെ
മറന്നു മുന്നേറുവോന്‍ ഉയര്‍ന്നു വിണ്ണേറിടും
സ്വരങ്ങള്‍ വാക്കായ് വരി നിരന്നു കാവ്യാംഗന
നിറഞ്ഞിടട്ടേയിനിയെനിക്കു കാവ്യോത്സവം.

Tuesday, June 15, 2010

അറിവ്

മതി,യെനിക്കെന്റെ മോഹശതങ്ങള്‍ക്കു
മൃതി മണപ്പിച്ചുറക്കറ തീര്‍ത്തിടാം
ഹൃദയദാഹം കെടാതഗ്നി ജ്വാലയായ്
സ്വയമെരിഞ്ഞു നിരഞ്ജനമാര്‍ന്നിടാം.

ഇനിയെനിക്കെന്റെ ജീവിത സംജ്ഞയില്‍
മുറിവുണങ്ങാത്ത വേദന നൂറ്റിടാം
ഫണമുയര്‍ത്തി നാഗങ്ങളാടുന്നോരീ
സ്മൃതിയില്‍ ഖാണ്ഡവദാഹം തിരഞ്ഞിടാം.

പതിരൊളിപ്പിച്ചൊരീ സത്യവാദികള്‍
പറയുമാദര്‍ശ വീര്യത്തൊടേറ്റിടാം
ഉടലെരിപ്പിച്ചൊരെന്‍ ക്ഷോഭലാവയില്‍
മുഴുകിയാത്മ ദുഃഖങ്ങള്‍ മറന്നിടാം.

ഗണിതചക്രങ്ങളില്‍ സുഖ ജീവിതം
ഗുണിത ദുഃഖങ്ങളായിപ്പെരുത്തിടാം
മതി,യെനിക്കെന്റെയാത്മസത്യങ്ങളെ
കനലുടുപ്പിച്ചു സൌന്ദര്യമാക്കിടാം.

Sunday, May 23, 2010

തീവെളിച്ചം

തിടുക്കത്തിലൊന്നായ് നിറഞ്ഞന്നു നമ്മള്‍
ഒടുക്കത്തെ രാവും കുടിച്ചങ്ങു തീര്‍ത്തു
നമുക്കിന്നുറങ്ങാന്‍ ഇരുട്ടില്ല, സര്‍വ്വം
വെളിച്ചപ്പെടുന്നീ തുളക്കും നെരുപ്പില്‍.
നിനക്കും എനിക്കും വിയര്‍ക്കുന്ന വാക്കില്‍
വിലപ്പെട്ടതൊന്നാകുമീ സ്നേഹ വായ്പില്‍
തനിച്ചൊന്നിരിക്കാന്‍ നമുക്കിന്നൊരല്പം
കയിപ്പെന്ന സത്യം നുണച്ചൊന്നിറക്കാന്‍.
മറയ്ക്കപ്പെടാനായ് ശ്രമിച്ചെങ്കിലും നാം
അടയ്ക്കപ്പെടുന്നീ മനഃക്കോട്ട തന്നില്‍
അടയ്ക്കാം വെളിച്ചം കടക്കാതെ ചുറ്റും
നമുക്കായി മാത്രം ഇരുള്‍ക്കോട്ട കെട്ടാം
പുളിപ്പും ചവര്‍പ്പും കടും നോവു ചേര്‍ത്തും
നമുക്കിന്നൊരീ തീ വെളിച്ചം കടക്കാം.

Monday, May 17, 2010

വേനല്‍

ഓര്‍മ്മയുണ്ടാം നിനക്കന്നു തമ്മിലായ്
ഏറെ മിണ്ടാന്‍ കൊതിച്ചിതെന്നാകിലും
ദൂരമുണ്ടാ വഴിക്കന്നു, വേനലിന്‍
കാതമെത്ര കടന്നു നാം മൂകരായ്.

ഓര്‍മ്മയുണ്ടാം ഇടയ്ക്കെങ്കിലും ചില
വേദനപ്പാടൊളിപ്പിച്ച കല്‍വഴി
കാരമുള്ളുകള്‍ കുത്തി നോവിച്ചൊരാ
നീറുമോര്‍മ്മ തിരുത്തുവതെങ്ങിനെ.

ഓര്‍മ്മയുണ്ടാം, വരണ്ട പാടം കട-
ന്നാല്‍ മരത്തണല്‍, മേലേ കിളി കള
കൂജനം പാടിയെന്തായിരുന്നു, നാം
നാളതെത്ര തിരഞ്ഞുവെന്നാകിലും.

ഓര്‍മ്മയുണ്ടാം ഒരിക്കല്‍ നാമന്യോന്യ-
മോതിയെന്തോ, കടത്തു വഞ്ചിക്കിനി
നേരമെത്ര കടക്കണം , ജീവിത-
പ്പാലമെത്താന്‍ തിടുക്കമാര്‍ന്നെങ്കിലും.

ഓര്‍മ്മയുണ്ടാം , വഴിയെവിടേ വെച്ചു
കീറി രണ്ടായ് മുറിഞ്ഞു , നിണമണി-
ഞ്ഞേറെ വേനല്‍ കടന്നു, വിജനമീ
വീഥിയെത്ര മുഖങ്ങള്‍ കവര്‍ന്നൂ.

ഓര്‍മ്മയുണ്ടാം ഇടയ്ക്കെങ്കിലും, ജനല്‍
പാളി നീക്കിക്കടന്നു വരാം വെയില്‍
കാളിടും കൊടും വേനലായെപ്പൊഴും
നാമിടയ്ക്കാ കനല്‍ വഴി താണ്ടുവാന്‍.

Thursday, May 13, 2010

കുളക്കോഴി

 പണ്ടൊരു കുളക്കോഴിയെന്നുടെ അയല്‍ക്കാരി അന്നൊരാ കുളക്കടവവള്‍ക്കു കളിസ്ഥലം. സന്ധ്യയിലവള്‍ പാടും സങ്കീര്‍ത്തനമെന്നാളുമെന്‍ സുന്ദരകാണ്ഡങ്ങളില്‍ നിര്‍വൃതി പകര്‍ച്ചകള്‍. പുഞ്ചകള്‍ വേനല്‍ക്കാറ്റിന്‍ കളിയിലാറാടുമ്പോള്‍ പന്തുകളിക്കാര്‍ ഞങ്ങള്‍ കന്നുകളായീടുമ്പോള്‍ മണ്ണുഴുതേറും പല കളിയാല്‍ കളിക്കൂട്ടം സങ്കലമാവും രവമെന്തൊരു പെരുങ്കൂട്ടം. വന്നവളിടയ്ക്കിടെ മൊഴിയും പരാതികള്‍ സങ്കടമത്രേ പാടം സുന്ദരിയവള്‍ക്കത്രേ. അന്നൊരു മഴക്കാലം നീരജ ലാവണ്യമാല്‍ പുഞ്ചകള്‍ കുളിര്‍കാറ്റിന്‍ തംബുരു മീട്ടീടുമ്പോള്‍ കുഞ്ഞു കുളക്കോഴികള്‍ ഒമ്പതു പേരായ് കൂട്ടം വന്നിതു പടിഞ്ഞാറ്റേ കൈത വരമ്പത്തൂടെ. ആരിതു കുഞ്ഞിക്കാളിയല്ലെയിതെന്നായ് കൂട്ടം കൂടെയിതാരേ കൊച്ചു കിണികള്‍ തുണക്കാരായ്. *************************** നാളുകള്‍ നെടും കാലമേറെ കടന്നീടുമ്പോള്‍ കാണുവതില്ലാ കുളക്കടവും കിളിപ്പാട്ടും പാടമിതെങ്ങോ പണ്ടു കാണുവതുണ്ടായ് ചില താളുകള്‍ പൊടിക്കാട്ടില്‍ മാറാലകള്‍ മൂടിക്കണ്ടായ്, പാടുവതിന്നായ് കുളക്കോഴിയിതെങ്ങോ ചില പോതിലിരുന്നാം സ്വയം വേദന തിന്നുന്നുണ്ടാം.

Saturday, April 24, 2010

അച്ഛന്‍

മരണവണ്ടിയേറിയച്ഛനെന്നെയും
വഴിയിതൊന്നിലേകനാക്കിയെങ്കിലും
കനിവു കണ്ടിടാമെനിക്കു, കാറ്റു പോല്‍
വിരലുതന്‍ തലോടലാണു ജീവിതം.

നിഴലു രണ്ടു കണ്ടു ഞാനറിഞ്ഞിതു
പുറകിലുണ്ടു ഭീതി വേണ്ട തെല്ലുമേ,
ചിറകരിഞ്ഞു വാനമന്യമായൊരാ
പറവ തന്റെ ജീവനാണിതെങ്കിലും.

പകലു പാവമാണു പാരമോര്‍ക്കുകില്‍
ഇരവു,തന്‍ മനസ്സു കാര്‍ന്നു നോവിനാല്‍
പിടയുമോര്‍മ്മ തള്ളി വിട്ട കൂരിരുള്‍
ചകിത,മാശുകന്‍ പതിച്ച കൂടുപോല്‍.

ഇല പൊഴിഞ്ഞു, ചേലുകെട്ടു മാമരം
നില മറന്നു പൂ കൊതിച്ചു തേങ്ങിനാന്‍
വരുമൊരിക്കലീ വഴിക്കു സൌരഭം
അവനൊരുക്കിടുന്നെനിക്കു മാധവം.

ചിതയെരിഞ്ഞു കാലമേറെയാകിലും
ചിതലരിച്ചിടുന്നതില്ലയോര്‍മ്മകള്‍
ചില പഥങ്ങള്‍ പിന്നിടുമ്പൊഴാധിയായ്
വരു,മൊരിക്കല്‍ നീ പറഞ്ഞ വാക്കുകള്‍.

മല തിരഞ്ഞു പോക നാ,മൊരിക്കലും
മല തിരഞ്ഞു വന്നിടില്ല നമ്മെയും,
പല മരങ്ങള്‍ പൂക്കളാര്‍ന്നു നില്‍ക്കിലും
ചില മരങ്ങളുണ്ടു പൂത്തിടാതെയും.

Sunday, March 14, 2010

പുഴ




എത്രയോ ചോദ്യങ്ങള്‍, ഉത്തരങ്ങളും പിന്നെ
എത്രയോ പൂരണം ചെയ്യേണ്ടുന്നതാം സമസ്യകള്‍
ഇത്തിരി നേരം കൂടിത്തന്നിടാമെനിക്കെങ്കില്‍
മല്‍ച്ചെറു ലോകത്തിന്റെ കയ്പുനീര്‍ പകര്‍ന്നീടാം
സ്വച്ഛമായ് നമുക്കല്പമിരുന്നീ മണല്‍ത്തട്ടില്‍
തുച്ഛമാം ജീവല്‍ക്കാല ചിത്രമാലേഖ്യം ചെയ്യാം
സ്വര്‍ഗ്ഗ ചാരുത തന്റെ പെരുമ പകര്‍ന്നൊരീ
മണ്ണിലെ ഞരമ്പിലൂടല്ലിന്‍ നീരോട്ടം കാണാം
കണ്ണുനീരല്ല, കാലം തള്ളിടാന്‍ നമുക്കല്പമെങ്കിലും
ഗംഗാതീര്‍ത്ഥം ഓര്‍ത്തുവെച്ചില്ലെന്നാലും
ഇന്നൊരീ മണല്‍പ്പരപ്പെന്റെയും, നിന്റേതുമാം
നഷ്ടസ്വപ്നത്തിന്‍ ചിതാകുണ്ഡമായെരിഞ്ഞിടും.
ഒന്നു നീയോര്‍ത്തേ നോക്കു, ജീവിതം മറന്നിട്ടോ
നമ്മളില്‍ സംഗീതത്തിന്‍ ലാളനമണഞ്ഞിട്ടോ
ഈവിധം ജരാനര പടര്‍ന്നീ പുഴവക്കില്‍
ജീവിതം ഒഴുക്കുവാന്‍ നമ്മളിങ്ങണയുമ്പോള്‍
കാലമേ മറക്കുവാനാവുകില്ലെനിക്കെന്റെ
കാതിലെ കിലുക്കങ്ങളീപ്പുഴ തന്റേതല്ലേ!
കാലടിപ്പാടാല്‍ പുഴയലകള്‍ രചിക്കയോ
കാളിടും ചൂടാല്‍ കാറ്റു തീമഴ പൊഴിക്കയോ
വിണ്ടുകീറിയും വിരിമാറു കുത്തിക്കോരിയും
മണ്ണിലീ പുഴ പോലെ നമ്മളും മരിക്കയോ!
യാതനാഭരമല്ലൊ ജീവിതം, യവനിക
തെല്ലു ചാഞ്ഞിടുമ്പൊഴീ യാഗഭൂമിയില്‍ നമ്മള്‍
ഏകരായല്ലൊ, പുഴയേറെ മാറിയോ വഴി
നമ്മളിന്നറിയാതെ പുഴതന്നില്‍ നാമലിഞ്ഞുവോ!

Thursday, March 11, 2010

രാപ്പകല്‍


ഒരു രാത്രി കൂടി മറഞ്ഞു വീണ്ടും
പകലിന്റെ വെട്ടമുണര്‍ന്നു
തെളിഞ്ഞിടുമ്പോള്‍
രാപകലെന്നു രണ്ടായ്
മുറിഞ്ഞതിലെന്തു കാര്യം
ഇരുളിന്നുറക്കറയിന്നു ശൂന്യം.
പകലന്തിയോളമിരുന്നു ചിന്തി-
ച്ചൊരു പാഴ്ക്കിനാവു
മെനഞ്ഞതു തന്നെ കാര്യം;
മതിയിന്നി, നോവിന്നൊ-
രല്പ ശമത്വമേകാന്‍
ഇരുളിന്നഗാധനിശ്ശബ്ദത
കൊണ്ടസാദ്ധ്യം.
തിരിയൊന്നിതാളിയെരിഞ്ഞു
കഷ്ടം,തിരതല്ലി നിന്ന
മനോവിചാരമണഞ്ഞു സാര്‍ദ്ധം
പരമെന്തു പാ‍രിതി,ലൊന്നു മാത്രം
പെരുകുന്ന ഭ്രാന്തമനുഷ്യചിത്തം.
മൃതിചിന്ത കൊണ്ടു
ചിലര്‍ക്കു ചിലപ്പൊഴെല്ലാം
അഴലിന്നൊഴുക്കില്‍ ഇല-
മേലെയെറുമ്പു പോലായ്
കര കണ്ടുകൊണ്ടു, കയം കടക്കാന്‍
കഴിയുന്നിതത്ഭുതമത്രെ, സത്യം!
ഇനിയെന്തു!രാവു മുറിഞ്ഞു വീഴും
പകലെന്ന പാതിയിരുന്നു വേവും
ഇതു തന്നെ ജീവിതരാഗമോര്‍ക്കില്‍
ഗതികേടിലാണതിമോഹിത
മര്‍ത്ത്യവര്‍ഗ്ഗം.

Wednesday, March 3, 2010

യാത്ര

 ഒരു വാക്കു ചൊല്ലുവാനായി നാമിന്നെത്ര പറയാത്ത വാക്കിന്റെ ദൂരം കടക്കണം അതിനിന്നൊരായിരം ചിന്തകള്‍ കത്തിച്ചു കനലാക്കി നോവിന്റെ നീറ്റം കുടിക്കണം പലപാടു ചൊല്ലുവാനാശിച്ച സ്വപ്നങ്ങള്‍ മിഴിനീരു ചാലിച്ചു മൌനം ഭുജിക്കണം ഇനിയാര്‍ക്കു വേണ്ടിയാണീ ജന്മമെന്നോര്‍ത്തു കടുകായ്പിനാഴങ്ങള്‍ നീന്തി തുടിക്കണം അതിഗൂഢമാകും മനസ്സിന്റെ തന്ത്രിയില്‍ കനിയാത്ത രാഗത്തിനീണം തിരക്കണം കഠിനാനുരാഗം കറുപ്പിച്ച കാഴ്ചയില്‍ ചുടു ദീര്‍ഘശ്വാസങ്ങളാട്ടിത്തെളിക്കണം കരളിന്റെയുള്ളിലെ കാണാത്ത നോവുകള്‍ കവിതയ്ക്കു കാഴ്ചവെട്ടങ്ങളായ് തീര്‍ക്കണം ഒരു വാക്കു മിണ്ടാതെയൊരു ദീര്‍ഘയാത്രയ്ക്കു വഴിയോര്‍ത്തു കാറ്റിന്റെയീണം പിടിക്കണം ഇനിയെന്നു കാണുമെന്നറിയാതെ, നിന്നിലായ് നിറയുന്ന മൌനവാല്മീകങ്ങള്‍ പൂകണം ഒരു യാത്ര, നിന്നിലെ പ്രണയാര്‍ദ്ര ചിത്തത്തെ കനവാക്കി ജീവന്റെ കാലം കഴിക്കണം.

Sunday, February 28, 2010

അവന്‍






പുറകിലുണ്ടവന്‍
ഏകന്‍, അനാദിയാം
വഴിയിലൂടെന്നും
പിന്നാലെയുണ്ടവന്‍.
അകമലിഞ്ഞു തൂ-
മഞ്ഞിന്റെ പ്രേമമാം
മഹിത സന്ദേശ-
മുള്ളാലെ കൊണ്ടവന്‍.
തിരയിളക്കങ്ങ-
ളേറും മനസ്സിലെ
കനലു കാന്തിയാം
കയ്യാലെടുത്തവന്‍.
നുരയെടുക്കുന്ന
മോഹം, മിഴിയിലെ
തെളിമ കൊണ്ടു
തുളുമ്പാതെ കാത്തവന്‍.
മൃദുലമാനസന്‍
കാറില്‍ കറുക്കാത്ത
പ്രണയമന്ത്രം
ഉരുക്കഴിക്കുന്നവന്‍
അരികിലുണ്ടവന്‍
ഏകന്‍,ദയാപരന്‍
മരണമില്ലാത്ത
സ്നേഹാന്ധ ഗായകന്‍.
അവനൊരുത്തന്‍
മഹാന്ധകാരങ്ങളില്‍
കരുണ തന്റെ
വെളിച്ചം വിതച്ചവന്‍.
അകമുണങ്ങാത്ത
നോവിന്നു തൂവലിന്‍
അരിമ കൊണ്ടു
ശമത്വം പകര്‍ന്നവന്‍
അവനൊരുത്തന്‍
നിനക്കുണ്ടു കാവലായ്
ഉലകു ചുറ്റുന്നു
വേവുന്ന നെഞ്ചുമായ്.
അരികിലുണ്ടവന്‍
നീയിന്നു ശാന്തമായ്
പ്രണയ മന്ത്രം
ജപിച്ചങ്ങുറങ്ങുക.

Thursday, February 25, 2010

തീപ്പെട്ടി





ഞാനിപ്പോള്‍
ഒരു തീപ്പെട്ടിക്കൂടിനുള്ളിലാണ്,
വല്ലാതെ ഒറ്റപ്പെട്ടപ്പോള്‍
ഒളിച്ചതായിരുന്നു.
ആദ്യമാദ്യം
മുറിയടച്ചിരുന്നു,
പിന്നെ
കണ്ണും,വായും,ചെവിയുമടച്ചിരുന്നു.
സമാധാനമില്ല.
കൂട് മാറ്റി,
വീണ്ടും വീണ്ടും മാറി,
ഇപ്പോള്‍
ഈ തീപ്പെട്ടിക്കൂട്ടില്‍.
എനിക്കു കൂട്ടിനു
കുറെ കൊള്ളികള്‍,
നെഞ്ചില്‍ തീയുമായി
കുറെ ഓര്‍മ്മകള്‍.
ഒരു ഉരയലിന്റെ വേദന,
തുളയുന്ന വാക്കിന്റെ കനല്‍
എല്ലാം ഭസ്മമാകും.
എങ്കിലും
ഈ തീപ്പെട്ടിക്കൂടില്‍
എനിക്കു…………………….

Wednesday, February 24, 2010

കറുപ്പ്


ചില നഷ്ടബോധങ്ങള്‍
കാലമെന്നാത്മാവില്‍
പലമട്ടില്‍ ചിത്രമാ-
യാവിഷ്കരിക്കുകില്‍
നിറമെന്തിനായതില്‍
കരിതന്നെ കാമ്യമായ്
ഉറയുന്ന നോവിന്നു
കാറല്ലൊ കല്പിതം.
കരി കൊണ്ടു ജീവിതം
വരയുമ്പോള്‍, കണ്‍കളില്‍
നിറയുന്ന പൂവിന്നു
നിറമെന്തു നല്‍കണം!
അറിയില്ല, ജീവിതം
ഉരുകുമ്പോള്‍ പൂക്കളും
നിറമുള്ള കാഴ്ചയും
കരിതന്നെ സാമ്പ്രതം.

Tuesday, February 16, 2010

നീ വരും കാലം


നീ വരും കാലം, ചില
തോന്നലായണഞ്ഞിടും
ചേലെഴും ദിവാസ്വപ്ന
ഭാവമായിരുന്നിടാം.
പേലവപ്രകാശത്തിന്‍
ചാരുത ചിതറിയാ
വീചികള്‍ വര്‍ണ്ണോജ്ജ്വല
മായ തീര്‍ത്തതുമാവാം.
ഈയിളങ്കാറ്റിന്‍ കുളിര്‍
തൂവലൊന്നിളക്കിയാ
മാമരക്കൊമ്പില്‍ കിളി
പാടിടുന്നതുമാവാം.
ബോധിവൃക്ഷത്തിന്‍ മുദാ
ശാഖിതന്നിളക്കങ്ങള്‍
നാദവിസ്മയം തീര്‍ത്ത
പ്രേമഗീതവുമാകാം.
പൂവിലും,പൂമ്പാറ്റകള്‍
പാറിടും പൂന്തോപ്പിലും
ചാലിടും മധുപന്റെ
കേളി നാദങ്ങളാവാം.
നീവരും, എനിക്കെന്തോ
തോന്നലായിരുന്നിടാം
ജീവനില്‍ പടരുന്ന
മോഹ വിസ്മയമാവാം!

Sunday, February 14, 2010

സ്നേഹസമ്മാനം

ഇന്നു പ്രണയത്തിന്റെ ദിനം
എന്നേ എന്റെ ഹൃദയം നിനക്കു തന്നു
എന്റെ കാഴ്ചകള്‍
നിന്റെ മൌനത്തിന്റെ
കരിങ്കല്‍ച്ചുമരുകളില്‍ തട്ടി
ചിതറിത്തെറിച്ചു
ഇനി, എന്റെ ശരീരം
അതു നിനക്കും എനിക്കും ആവശ്യമില്ല
നമുക്കത് കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കാം
അവരെന്റെ നെഞ്ചറ തുരന്നു പഠിക്കട്ടെ
എന്റെ കടല്‍
അവരതില്‍ ഊളയിട്ട് മുത്തുകള്‍ പെറുക്കട്ടെ,
എന്റെ ആകാശം
അവരവിടെ പറന്നുനടന്ന്
അമ്പിളിക്കല പിടിക്കട്ടെ.
എന്റെ ഭൂമി,
പുസ്തകത്താളിലൊരു മയില്‍ പീലി
തോട്ടുവക്കില്‍
എനിക്ക് കഥ പറഞ്ഞു തന്ന കുഞ്ഞുമീന്‍
ഒരുപിടി കൊന്നപ്പൂക്കള്‍
ആര്‍ക്കും പിടികൊടുക്കാതെ
കരഞ്ഞുതീര്‍ത്ത ഒളിമാടങ്ങള്‍
എല്ലാം ………………………
അവര്‍ക്ക് പഠിക്കാന്‍,
നിനക്കായ്
എന്തു തരാന്‍ !
ഞാന്‍ തന്ന കുഞ്ഞുഹൃദയം
ഒന്നു പൊടിതുടച്ചെടുക്കുക.

Saturday, January 30, 2010

നിശ്ചലം

അഴലുറങ്ങുമീ
വഴിയില്‍, ജീവിത-
പ്പൊരുളു തേടുമെന്‍
മനസ്സു നിശ്ചലം.

പഴയൊരോര്‍മ്മയാം
പവിഴമാലത-
ന്നിഴയഴിഞ്ഞു വെണ്‍-
മതി തുടിയിടും
ഹൃദയവാരിധി
നടുവില്‍, ഏകമാം
തടവില്‍ ഞാനു,മീ
കടവു നിശ്ചലം.

കരിമുകിലുകല്‍
ജലനിധിയിലേ-
ക്കൊരു മഴയായി
ചിതറി വീഴുമ്പോള്‍
മനമുറങ്ങാത്തൊ-
രിരവില്‍, ഏകനായ്
കവിത മൂളുമെന്‍
കനവു നിശ്ചലം.

കടലു താണ്ടിയാ
കവിത ലോകമേ
നിറയുകില്ലേ നിന്‍
ഹൃദയധാരയില്‍
അറിയുകില്ല ഞാനകലെ
ശൂന്യമീ മരുവില്‍, വേദന
തിരയിടുന്നൊരെന്‍
കരളു നിശ്ചലം.

മുക്തി

 ഒരു ദീര്‍ഘയാത്ര കഴിഞ്ഞു നീയും ഇടവേള,യല്പമായ് വിശ്രമിക്കാന്‍ അറിയാതെ ചെന്നു കയറിയെന്നോ അഴകേറുമീ നാട്യശാലയിങ്കല്‍. നിരയായ് നിരന്നു മൃദ്വംഗിനിമാര്‍ നുരയായ് നിറയുന്നു പാനപാത്രം വരുനീയൊരീപുഷ്പ തല്പമൊന്നില്‍ നിറയൂ, നിശാവേള ധന്യമാക്കൂ. മധുഗാനമോലുന്ന ഗന്ധര്‍വ്വന്മാര്‍ ഹൃദയാമൃതം ചോരുമംഗനമാര്‍ ലയലാസ്യനൃത്തമിതെത്രമാത്രം മിഴിവാര്‍ന്നിതാനന്ദപൂരമെങ്ങും. ഒരുമാത്രയേതോ മുഖം തുടുത്തോ പ്രണയാര്‍ദ്രമായാ പദം ചലിച്ചോ ചിലസാമ്യമെങ്ങോ തിരഞ്ഞിടുമ്പോള്‍ ഇവളേതൊരോര്‍മ്മതന്‍ മോഹപാത്രം. അറിയാതെ ഹൃത്തടത്തിങ്കല്‍ നിന്നും ഒരു ഘോരസര്‍പ്പമിറങ്ങി വന്നു കൊടുകാളകൂടം കിനിഞ്ഞിറങ്ങും മധുപാത്രമൊന്നു നിറച്ചു വെക്കൂ. ഒരു മാത്രപോലും നിനച്ചിതെന്നാല്‍ വിറയാര്‍ന്നു പോകുമാ മോഹഭംഗം ഒരുമൂക നിശ്വാസമൊന്നതുള്ളില്‍ നിറയുന്നിതാ ഗസല്‍ ഗാനമൊന്നായ്. മതിയാക്കിടൂ മദിരോത്സവങ്ങള്‍ മറതീര്‍ക്കുകില്ലിവ നിന്റെയുള്ളില്‍ അതിവേഗമായായിരുട്ടു തന്റെ കനിവാം കയത്തിലെടുത്തു ചാടൂ. ഒരുവേള നിന്നെ തമസ്കരിക്കാം അതുമല്ലയെങ്കില്‍ ശുദ്ധീകരിക്കാം നിനയായ്ക നീയതു,നിന്റെ കയ്യില്‍ മൃതിമാത്രമൊന്നേയതാത്മമോക്ഷം.

Saturday, January 23, 2010

ജീര്‍ണ്ണം

 ഹൃദയഭാഷിയായ് അരികിലിന്നൊരാള്‍ ഒരൊറ്റ മൂളലാല്‍ അടക്കി നിര്‍ത്തുക മനസ്സില്‍ ദീപ്തമാം മണിച്ചിരാതുകള്‍ മനഃക്കരുത്തിനാല്‍ അണച്ചു വെക്കുക നനുത്ത സ്നേഹമെ പഴുത്ത കമ്പിയാല്‍ തിണര്‍ത്തിടുന്നൊരാ വടുക്കളാക്കുക മുഴുത്ത കാമമാ- ര്‍ത്തടുക്കും ഭ്രാന്തമീ വപുസ്സില്‍ ശാന്തിയെ തടുത്തു നിര്ത്തുക മിടിപ്പു നെഞ്ചിലായ് തുടിപ്പു വര്‍ണ്ണങ്ങള്‍ കടുത്ത ചായങ്ങള്‍ അഴിച്ചു വെക്കുക മനസ്സു ജീര്‍ണ്ണമാ- ണടക്കുവാന്‍ പണി കറുത്ത ചായത്തില്‍ ഒളിച്ചു വെക്കുക.

Tuesday, January 12, 2010

കേരള കഫേ

കട്ടനൊന്നെടുക്കാശാനെ, പാല്‍വെളു-
പ്പൊട്ടുമേ പിടിക്കാറില്ലയെന്നൊരാള്‍
പുട്ടൊരുപിടി വാരി നിറച്ച വായ്-
ക്കൊട്ടുമേയിനിയാവില്ലിറക്കുവാന്‍.
തുട്ടെടു പണി വേറെയുണ്ടെന്നൊരു
ചിട്ടയില്‍ പറഞ്ഞീടുമ്പോള്‍ കോന്തല-
ക്കെട്ടഴിച്ചു നുറുങ്ങും പിറുങ്ങുമായ്
തട്ടിയിട്ട വിയര്‍പ്പിന്‍റെ തുള്ളികള്‍.
എട്ടണ കുറവുണ്ടിതിതിലെന്നു ഞാന്‍
പെട്ടിയില്‍ വാരിയിട്ടിടാ ചിന്തകള്‍
പറ്റുകില്ലിനിയിക്കളി കാശു വെ-
ച്ചിട്ടേയുള്ളു ഇനിയുള്ള തീറ്റികള്‍.
ഒട്ടണഞ്ഞ വിശപ്പിന്‍ ചിറി കോട്ടി
കെട്ടുപോയ ചുവപ്പിന്‍റെ പല്ലുകള്‍,
പട്ടുപോലാം ചിരിപ്പിന്‍റെ മൂര്‍ച്ചയില്‍
പെട്ടുപോയെന്‍ മനസ്സിന്‍റെ നേരുകള്‍.
കെട്ടിടാനാരു,ജീവിതത്തിന്‍റെ ചാല്‍
പൊട്ടിയാല്‍ പിന്നെ ഞാനെന്തു മാനുഷന്‍
തട്ടിലെന്നെ തളയ്ക്കുവാനിന്നേതു
കട്ടി വെച്ചു പിടിക്കുന്നു കാണികള്‍.

Saturday, January 2, 2010

മറവി



മിണ്ടുവാന്‍ മറന്നൊരെന്‍ മോഹമേ
നെഞ്ചകം പിളര്‍ക്കുന്നതെന്തിനായ്
ഇന്നു നീ പറയാത്ത വാക്കിലെന്‍
ചിന്തകള്‍ പറക്കുന്നതെന്തിനായ്.

നമ്മളീയൊരു ശൂന്യസന്ധിയില്‍
ചൊല്ലിടാന്‍ മറന്നൊരാ വാക്കുമായ്
ഉള്ളിലെ മെരുങ്ങുവാന്‍ നിന്നിടാ
കൊള്ളിയാന്‍ കുതിക്കുന്നതെന്തിനായ്.

പൊള്ളവാക്കുരയ്ക്കുന്ന നാളുകള്‍
തമ്മിലാര്‍ത്തടിക്കുന്ന കാലമായ്
ഇന്നൊരീ പുതുവര്‍ഷ ഭംഗിയെ
പങ്കിടാതിരിക്കുന്നതെന്തിനായ്.

ഇന്നലെയുടഞ്ഞ സ്വപ്നങ്ങളില്‍
നിന്നു നീ പറയാത്ത വാക്കുമായ്
മുന്നിലീ മെഴുകൊരു തുള്ളിയായ്
കണ്ണുനീരൊഴുക്കുന്നതെന്തിനായ്.