'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Saturday, January 30, 2010

നിശ്ചലം

അഴലുറങ്ങുമീ
വഴിയില്‍, ജീവിത-
പ്പൊരുളു തേടുമെന്‍
മനസ്സു നിശ്ചലം.

പഴയൊരോര്‍മ്മയാം
പവിഴമാലത-
ന്നിഴയഴിഞ്ഞു വെണ്‍-
മതി തുടിയിടും
ഹൃദയവാരിധി
നടുവില്‍, ഏകമാം
തടവില്‍ ഞാനു,മീ
കടവു നിശ്ചലം.

കരിമുകിലുകല്‍
ജലനിധിയിലേ-
ക്കൊരു മഴയായി
ചിതറി വീഴുമ്പോള്‍
മനമുറങ്ങാത്തൊ-
രിരവില്‍, ഏകനായ്
കവിത മൂളുമെന്‍
കനവു നിശ്ചലം.

കടലു താണ്ടിയാ
കവിത ലോകമേ
നിറയുകില്ലേ നിന്‍
ഹൃദയധാരയില്‍
അറിയുകില്ല ഞാനകലെ
ശൂന്യമീ മരുവില്‍, വേദന
തിരയിടുന്നൊരെന്‍
കരളു നിശ്ചലം.

മുക്തി

 ഒരു ദീര്‍ഘയാത്ര കഴിഞ്ഞു നീയും ഇടവേള,യല്പമായ് വിശ്രമിക്കാന്‍ അറിയാതെ ചെന്നു കയറിയെന്നോ അഴകേറുമീ നാട്യശാലയിങ്കല്‍. നിരയായ് നിരന്നു മൃദ്വംഗിനിമാര്‍ നുരയായ് നിറയുന്നു പാനപാത്രം വരുനീയൊരീപുഷ്പ തല്പമൊന്നില്‍ നിറയൂ, നിശാവേള ധന്യമാക്കൂ. മധുഗാനമോലുന്ന ഗന്ധര്‍വ്വന്മാര്‍ ഹൃദയാമൃതം ചോരുമംഗനമാര്‍ ലയലാസ്യനൃത്തമിതെത്രമാത്രം മിഴിവാര്‍ന്നിതാനന്ദപൂരമെങ്ങും. ഒരുമാത്രയേതോ മുഖം തുടുത്തോ പ്രണയാര്‍ദ്രമായാ പദം ചലിച്ചോ ചിലസാമ്യമെങ്ങോ തിരഞ്ഞിടുമ്പോള്‍ ഇവളേതൊരോര്‍മ്മതന്‍ മോഹപാത്രം. അറിയാതെ ഹൃത്തടത്തിങ്കല്‍ നിന്നും ഒരു ഘോരസര്‍പ്പമിറങ്ങി വന്നു കൊടുകാളകൂടം കിനിഞ്ഞിറങ്ങും മധുപാത്രമൊന്നു നിറച്ചു വെക്കൂ. ഒരു മാത്രപോലും നിനച്ചിതെന്നാല്‍ വിറയാര്‍ന്നു പോകുമാ മോഹഭംഗം ഒരുമൂക നിശ്വാസമൊന്നതുള്ളില്‍ നിറയുന്നിതാ ഗസല്‍ ഗാനമൊന്നായ്. മതിയാക്കിടൂ മദിരോത്സവങ്ങള്‍ മറതീര്‍ക്കുകില്ലിവ നിന്റെയുള്ളില്‍ അതിവേഗമായായിരുട്ടു തന്റെ കനിവാം കയത്തിലെടുത്തു ചാടൂ. ഒരുവേള നിന്നെ തമസ്കരിക്കാം അതുമല്ലയെങ്കില്‍ ശുദ്ധീകരിക്കാം നിനയായ്ക നീയതു,നിന്റെ കയ്യില്‍ മൃതിമാത്രമൊന്നേയതാത്മമോക്ഷം.

Saturday, January 23, 2010

ജീര്‍ണ്ണം

 ഹൃദയഭാഷിയായ് അരികിലിന്നൊരാള്‍ ഒരൊറ്റ മൂളലാല്‍ അടക്കി നിര്‍ത്തുക മനസ്സില്‍ ദീപ്തമാം മണിച്ചിരാതുകള്‍ മനഃക്കരുത്തിനാല്‍ അണച്ചു വെക്കുക നനുത്ത സ്നേഹമെ പഴുത്ത കമ്പിയാല്‍ തിണര്‍ത്തിടുന്നൊരാ വടുക്കളാക്കുക മുഴുത്ത കാമമാ- ര്‍ത്തടുക്കും ഭ്രാന്തമീ വപുസ്സില്‍ ശാന്തിയെ തടുത്തു നിര്ത്തുക മിടിപ്പു നെഞ്ചിലായ് തുടിപ്പു വര്‍ണ്ണങ്ങള്‍ കടുത്ത ചായങ്ങള്‍ അഴിച്ചു വെക്കുക മനസ്സു ജീര്‍ണ്ണമാ- ണടക്കുവാന്‍ പണി കറുത്ത ചായത്തില്‍ ഒളിച്ചു വെക്കുക.

Tuesday, January 12, 2010

കേരള കഫേ

കട്ടനൊന്നെടുക്കാശാനെ, പാല്‍വെളു-
പ്പൊട്ടുമേ പിടിക്കാറില്ലയെന്നൊരാള്‍
പുട്ടൊരുപിടി വാരി നിറച്ച വായ്-
ക്കൊട്ടുമേയിനിയാവില്ലിറക്കുവാന്‍.
തുട്ടെടു പണി വേറെയുണ്ടെന്നൊരു
ചിട്ടയില്‍ പറഞ്ഞീടുമ്പോള്‍ കോന്തല-
ക്കെട്ടഴിച്ചു നുറുങ്ങും പിറുങ്ങുമായ്
തട്ടിയിട്ട വിയര്‍പ്പിന്‍റെ തുള്ളികള്‍.
എട്ടണ കുറവുണ്ടിതിതിലെന്നു ഞാന്‍
പെട്ടിയില്‍ വാരിയിട്ടിടാ ചിന്തകള്‍
പറ്റുകില്ലിനിയിക്കളി കാശു വെ-
ച്ചിട്ടേയുള്ളു ഇനിയുള്ള തീറ്റികള്‍.
ഒട്ടണഞ്ഞ വിശപ്പിന്‍ ചിറി കോട്ടി
കെട്ടുപോയ ചുവപ്പിന്‍റെ പല്ലുകള്‍,
പട്ടുപോലാം ചിരിപ്പിന്‍റെ മൂര്‍ച്ചയില്‍
പെട്ടുപോയെന്‍ മനസ്സിന്‍റെ നേരുകള്‍.
കെട്ടിടാനാരു,ജീവിതത്തിന്‍റെ ചാല്‍
പൊട്ടിയാല്‍ പിന്നെ ഞാനെന്തു മാനുഷന്‍
തട്ടിലെന്നെ തളയ്ക്കുവാനിന്നേതു
കട്ടി വെച്ചു പിടിക്കുന്നു കാണികള്‍.

Saturday, January 2, 2010

മറവി



മിണ്ടുവാന്‍ മറന്നൊരെന്‍ മോഹമേ
നെഞ്ചകം പിളര്‍ക്കുന്നതെന്തിനായ്
ഇന്നു നീ പറയാത്ത വാക്കിലെന്‍
ചിന്തകള്‍ പറക്കുന്നതെന്തിനായ്.

നമ്മളീയൊരു ശൂന്യസന്ധിയില്‍
ചൊല്ലിടാന്‍ മറന്നൊരാ വാക്കുമായ്
ഉള്ളിലെ മെരുങ്ങുവാന്‍ നിന്നിടാ
കൊള്ളിയാന്‍ കുതിക്കുന്നതെന്തിനായ്.

പൊള്ളവാക്കുരയ്ക്കുന്ന നാളുകള്‍
തമ്മിലാര്‍ത്തടിക്കുന്ന കാലമായ്
ഇന്നൊരീ പുതുവര്‍ഷ ഭംഗിയെ
പങ്കിടാതിരിക്കുന്നതെന്തിനായ്.

ഇന്നലെയുടഞ്ഞ സ്വപ്നങ്ങളില്‍
നിന്നു നീ പറയാത്ത വാക്കുമായ്
മുന്നിലീ മെഴുകൊരു തുള്ളിയായ്
കണ്ണുനീരൊഴുക്കുന്നതെന്തിനായ്.