'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Friday, August 20, 2010

ഓണം


പാതിരാത്രിയായ് പാലപൂത്ത പൂമണം ചുറ്റും
പാല്‍നുരച്ചാര്‍ത്തില്‍ പാട്ട് മൂളിയെത്തിടും കാറ്റും
പാരു നിദ്രയിലേറെനേരമായ് മിഴി-
ക്കൂടു ചാരിയില്ലാരെയോര്‍ത്തിരുന്നു നീ.
ഏതു കാറ്റല മണിവീണ വാതിലില്‍ മീട്ടി
ഏതു കാഞ്ചനച്ചെപ്പു വാനിലും നീട്ടി
എതൊരുന്മാദ മോഹനിദ്രയില്‍ നിന്‍റെ
മാറിലാനന്ദ ദേവദുന്ദുഭി മുട്ടി.

പാതിയോര്‍മ്മയായെങ്കിലും പഴ-
മ്പാട്ടില്‍ പാതിരാക്കാറ്റു താളത്തില്‍
ആടി,യോര്‍മ്മമുറ്റത്തൊരു പൂക്കളം
തേടി പൂക്കാതെ പോയ ഭാഗ്യത്തില്‍.
ഏതു കണ്ണീര്‍പ്പുഴയ്ക്കുമൊരു കര
ഏതു തോരാമഴയ്ക്കുമിളവെയില്‍
ഏതു സായന്തനത്തിലാത്മാവിനും
ചൂടിവെക്കാനൊരു നറുവെണ്ണിലാ.

ആരു വന്നു വിളിച്ചിതു തോന്നലായ്‌
കാതിലാരോ സ്വകാര്യം പറഞ്ഞിതോ
ചാരെവന്നു കവിള്‍ത്തടം തൊട്ടുവോ
ആരിതിന്നു, വെറും ദിവാസ്വപ്നമോ
ആരു പുഞ്ചിരിക്കൊണ്ടു കാലത്തിന്‍റെ
നോവു തൊട്ടു തലോടുന്ന സാന്ത്വമോ
പൂവിളികളുയര്‍ന്നുവോ, പൂമുഖ-
ത്താരു പൂപൊലിച്ചീടുന്നു, സത്യമോ!

നീയുണരാനുണര്‍ത്തു പാട്ടായവന്‍
നീയൊരുങ്ങാനിളനിലാവായവന്‍
ഈ നിലയ്ക്കാത്ത ജീവിതസ്വപ്‌നങ്ങള്‍
പൂപൊലിച്ചു നിറയ്ക്കുവാനായവന്‍
പാതിരാത്രിയില്‍ പാലപൂത്ത പൂമണം ചുറ്റും
പാല്‍നുരച്ചാര്‍ത്തില്‍ പാട്ട് മൂളിയെത്തിടും കാറ്റും
ചാരെ വന്നു മുകര്‍ന്നു സ്നേഹത്തിന്‍
തുമ്പപ്പൂവുകൊണ്ടു നിനക്കു പൊന്നോണം.

Tuesday, August 17, 2010

പാച്ചല്‍

സ്വപ്നങ്ങള്‍ നീറ്റുവാനാവില്ലെനിക്കെന്റെ
ദുഃഖങ്ങളാര്‍ക്കും പകരാനുമില്ല
സത്യങ്ങള്‍ മുള്‍മുന കൊണ്ടുകുത്തിക്കീറി
രക്തത്തിലെന്‍ കഥ വില്‍ക്കാനുമില്ല.
വ്യര്‍ത്ഥം ചില ശപ്തമോഹങ്ങളാലെന്റെ-
യര്‍ത്ഥം കെടുത്താനുമില്ലയെന്‍ ജീവനില്‍
ഊര്‍ധ്വന്‍ വലിക്കുന്ന ചിന്തയാലുന്മാദ
വേഷം കളിക്കാനുമാവില്ല, ജീവിത
മാര്‍ഗ്ഗം മറന്നും മനുഷ്യജന്മത്തിനെയാളും
മനസ്സിന്‍ മയില്‍പ്പീലികള്‍ മായ്ച്ചും
സര്‍ഗ്ഗചൈതന്യം ചിതലെടുത്തും
സുധാസൂക്തങ്ങളുള്ളില്‍ കരിപിടിച്ചും
ആര്‍ക്കും കടന്നു വന്നീടാന്‍ തുറന്നിട്ട
കൂട്ടിന്‍ കെടാവിളക്കാഞ്ഞണച്ചും, മനം
നീറ്റും നിമിഷങ്ങളെണ്ണിയെണ്ണിക്കാല-
മേറ്റും മരുഭൂമിയായ് പതിച്ചും, ……മതി
ആര്‍ക്കും തരില്ല ഞാനെന്നെ, തമസ്സിന്റെ
കാട്ടില്‍ കരിയേകനായ് ചരിക്കും, വൃഥാ
കാറ്റും മഴയും കൊടുംവേനലും ഏറ്റു
പോറ്റും, കരിമ്പാറയായ് മരിക്കും.