'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Sunday, May 23, 2010

തീവെളിച്ചം

തിടുക്കത്തിലൊന്നായ് നിറഞ്ഞന്നു നമ്മള്‍
ഒടുക്കത്തെ രാവും കുടിച്ചങ്ങു തീര്‍ത്തു
നമുക്കിന്നുറങ്ങാന്‍ ഇരുട്ടില്ല, സര്‍വ്വം
വെളിച്ചപ്പെടുന്നീ തുളക്കും നെരുപ്പില്‍.
നിനക്കും എനിക്കും വിയര്‍ക്കുന്ന വാക്കില്‍
വിലപ്പെട്ടതൊന്നാകുമീ സ്നേഹ വായ്പില്‍
തനിച്ചൊന്നിരിക്കാന്‍ നമുക്കിന്നൊരല്പം
കയിപ്പെന്ന സത്യം നുണച്ചൊന്നിറക്കാന്‍.
മറയ്ക്കപ്പെടാനായ് ശ്രമിച്ചെങ്കിലും നാം
അടയ്ക്കപ്പെടുന്നീ മനഃക്കോട്ട തന്നില്‍
അടയ്ക്കാം വെളിച്ചം കടക്കാതെ ചുറ്റും
നമുക്കായി മാത്രം ഇരുള്‍ക്കോട്ട കെട്ടാം
പുളിപ്പും ചവര്‍പ്പും കടും നോവു ചേര്‍ത്തും
നമുക്കിന്നൊരീ തീ വെളിച്ചം കടക്കാം.

Monday, May 17, 2010

വേനല്‍

ഓര്‍മ്മയുണ്ടാം നിനക്കന്നു തമ്മിലായ്
ഏറെ മിണ്ടാന്‍ കൊതിച്ചിതെന്നാകിലും
ദൂരമുണ്ടാ വഴിക്കന്നു, വേനലിന്‍
കാതമെത്ര കടന്നു നാം മൂകരായ്.

ഓര്‍മ്മയുണ്ടാം ഇടയ്ക്കെങ്കിലും ചില
വേദനപ്പാടൊളിപ്പിച്ച കല്‍വഴി
കാരമുള്ളുകള്‍ കുത്തി നോവിച്ചൊരാ
നീറുമോര്‍മ്മ തിരുത്തുവതെങ്ങിനെ.

ഓര്‍മ്മയുണ്ടാം, വരണ്ട പാടം കട-
ന്നാല്‍ മരത്തണല്‍, മേലേ കിളി കള
കൂജനം പാടിയെന്തായിരുന്നു, നാം
നാളതെത്ര തിരഞ്ഞുവെന്നാകിലും.

ഓര്‍മ്മയുണ്ടാം ഒരിക്കല്‍ നാമന്യോന്യ-
മോതിയെന്തോ, കടത്തു വഞ്ചിക്കിനി
നേരമെത്ര കടക്കണം , ജീവിത-
പ്പാലമെത്താന്‍ തിടുക്കമാര്‍ന്നെങ്കിലും.

ഓര്‍മ്മയുണ്ടാം , വഴിയെവിടേ വെച്ചു
കീറി രണ്ടായ് മുറിഞ്ഞു , നിണമണി-
ഞ്ഞേറെ വേനല്‍ കടന്നു, വിജനമീ
വീഥിയെത്ര മുഖങ്ങള്‍ കവര്‍ന്നൂ.

ഓര്‍മ്മയുണ്ടാം ഇടയ്ക്കെങ്കിലും, ജനല്‍
പാളി നീക്കിക്കടന്നു വരാം വെയില്‍
കാളിടും കൊടും വേനലായെപ്പൊഴും
നാമിടയ്ക്കാ കനല്‍ വഴി താണ്ടുവാന്‍.

Thursday, May 13, 2010

കുളക്കോഴി

 പണ്ടൊരു കുളക്കോഴിയെന്നുടെ അയല്‍ക്കാരി അന്നൊരാ കുളക്കടവവള്‍ക്കു കളിസ്ഥലം. സന്ധ്യയിലവള്‍ പാടും സങ്കീര്‍ത്തനമെന്നാളുമെന്‍ സുന്ദരകാണ്ഡങ്ങളില്‍ നിര്‍വൃതി പകര്‍ച്ചകള്‍. പുഞ്ചകള്‍ വേനല്‍ക്കാറ്റിന്‍ കളിയിലാറാടുമ്പോള്‍ പന്തുകളിക്കാര്‍ ഞങ്ങള്‍ കന്നുകളായീടുമ്പോള്‍ മണ്ണുഴുതേറും പല കളിയാല്‍ കളിക്കൂട്ടം സങ്കലമാവും രവമെന്തൊരു പെരുങ്കൂട്ടം. വന്നവളിടയ്ക്കിടെ മൊഴിയും പരാതികള്‍ സങ്കടമത്രേ പാടം സുന്ദരിയവള്‍ക്കത്രേ. അന്നൊരു മഴക്കാലം നീരജ ലാവണ്യമാല്‍ പുഞ്ചകള്‍ കുളിര്‍കാറ്റിന്‍ തംബുരു മീട്ടീടുമ്പോള്‍ കുഞ്ഞു കുളക്കോഴികള്‍ ഒമ്പതു പേരായ് കൂട്ടം വന്നിതു പടിഞ്ഞാറ്റേ കൈത വരമ്പത്തൂടെ. ആരിതു കുഞ്ഞിക്കാളിയല്ലെയിതെന്നായ് കൂട്ടം കൂടെയിതാരേ കൊച്ചു കിണികള്‍ തുണക്കാരായ്. *************************** നാളുകള്‍ നെടും കാലമേറെ കടന്നീടുമ്പോള്‍ കാണുവതില്ലാ കുളക്കടവും കിളിപ്പാട്ടും പാടമിതെങ്ങോ പണ്ടു കാണുവതുണ്ടായ് ചില താളുകള്‍ പൊടിക്കാട്ടില്‍ മാറാലകള്‍ മൂടിക്കണ്ടായ്, പാടുവതിന്നായ് കുളക്കോഴിയിതെങ്ങോ ചില പോതിലിരുന്നാം സ്വയം വേദന തിന്നുന്നുണ്ടാം.