'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Monday, December 7, 2009

വിട

ഓര്‍ക്കുക തോട്ടക്കാരാ
നമുക്കു മെനയുവാന്‍
കോട്ടകളില്ല,സര്‍വ്വം
മുടിച്ചു കളഞ്ഞിതേ.

അന്നൊരു നാളില്‍
കണ്ണന്‍ചിരട്ടയാല്‍
നമ്മളിങ്ങൊരുക്കിയ
സുന്ദരമൊരു ഗേഹം.

കേവല,മോലച്ചീന്തു
കൊണ്ടു നാം മെനഞ്ഞൊരാ
മോഹന സ്വപ്നങ്ങളേ
നിങ്ങള്‍ക്കുമിനി വിട.

ഇന്നു നാം മണല്‍ത്തരി
പെറുക്കി വിറ്റും, ചെളി-
ത്തണ്ണീരില്‍ തെളിഞ്ഞീടും
മുഖത്തിന്‍ വില കൊണ്ടും

കേവലവിജ്ഞാനത്തില്‍
ഭാവന കലര്‍ത്തിയും
ജീവനെ പണിയുവാ-
നാവതു ചെയ്തീടുന്നു.

നല്‍ചിലമ്പൊലിയല്ല
ചങ്ങല കിലുക്കങ്ങ-
ളിച്ചെറു ദൂരം വൃഥാ
മുടന്തി നട കൊണ്ടു.

എങ്ങിനെ പണിഞ്ഞീടും
നദികള്‍, കടലുകള്‍
പില്പാടു കാടും മേടും
പുതിയൊരാകാശങ്ങള്‍

ഇല്ലിനിയില്ലാ,നവ-
ജ്ജീവിതം, നമുക്കിനി
ഉള്ളതു മടങ്ങുവാന്‍
ആറടി മണ്ണു മാത്രം.

1 comment:

  1. ഭൂമി എന്ന തോട്ടത്തിന്റെ കാവല്ക്കാരനാണ് മനുഷ്യന് എന്ന അര്ത്ഥത്തിലാണ് തോട്ടക്കാരന് എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.

    ReplyDelete