'' ഒളിച്ചു വെക്കുന്നു നിന്നെയെന്നാത്മാവില്‍നി-

ന്നൊലിച്ചിറങ്ങും കാവ്യമിതിലെയാനന്ദമായ് "

Wednesday, July 28, 2010

ഒറ്റക്ക്…

ഒറ്റക്കു രാത്രിയിലെന്തേ! നിനച്ചില്ല-
യിത്രക്കിരുട്ടാണീ രാവിന്നിതെന്ന്
മുറ്റത്തെയമ്പിളി വെട്ടവുമില്ല ഞാ-
നുള്‍ത്തീയുരച്ചു തിരക്കുവതെന്തിന്

ഒറ്റക്കു രാമരക്കൊമ്പിലെയാതിര
വറ്റി വിറച്ചു മയങ്ങിയതെന്തിന്
ഞെട്ടു പഴുത്തു പതിച്ച കരിയില
ഞെട്ടിയുരഞ്ഞു പരുങ്ങിയതെന്തിന്

ഒറ്റക്കു ദൂരമിതെങ്ങനെ, വേഗമൊ-
ടെത്തിപ്പിടിക്കാനിറങ്ങിയതെന്തിന്
കുറ്റിരുട്ടിന്റെ കരിമ്പടമാരിതു
കെട്ടഴിച്ചിട്ടു, മറയ്ക്കുവതെന്തിന്

ഒറ്റക്കു താനേ ജനിച്ചതു, ജീവിത-
മൊറ്റക്കു നിന്നു കിതക്കുവതെന്തിന്
വറ്റാത്ത കണ്ണിലെ ദീപ്തികളായതി-
ലൊറ്റ വിളക്ക് തെളിക്കുവതെന്തിന്!

Wednesday, July 14, 2010

മണല്‍ച്ചിത്രം

എരിയും മരുഭൂവില്‍, പൊരിയും മണല്‍ത്തട്ടില്‍
എഴുതുന്നു കാലമിതേതൊരു കനല്‍ച്ചിത്രം,
കറുപ്പില്‍ കണ്ണീരും വിയര്‍പ്പും ചാലിച്ചതില്‍
പകര്‍ത്തും പ്രതീക്ഷതന്‍ ദാരുണമൊരു ചിത്രം.
വിചിത്രം തന്നേ പല്ലിളിക്കും സ്വയം നോക്കി
വിലക്കിന്‍ വിലങ്ങുകള്‍ വിധിയെന്നാഹ്ലാദിക്കും
മനസ്സിന്‍ മദം പൊട്ടിയൊലിക്കും നീരാഴിയില്‍
പിടക്കും, കൈകാലിട്ടടിക്കും, മുങ്ങിത്താഴും.
ഇടക്കൊന്നുയരുമാ തിളക്കും വെള്ളത്തിന്റെ
പുളിപ്പില്‍ യശസ്സിന്റെ ചരിത്രം നിവര്‍ത്തിടും
മടുക്കും പുരാണങ്ങള്‍, ഭൂതസഞ്ചാരാവേഗങ്ങള്‍
മലര്‍ക്കെ തുറന്നിട്ട ശൂന്യമാം മണ്‍തിട്ടകള്‍
പണിപ്പെട്ടുയര്‍ത്തിയ കോട്ടകള്‍, മിനാരങ്ങള്‍
പണത്തിന്‍ കൊഴുപ്പിലെ പൊന്‍മണിമഹലുകള്‍
ശവപ്പെട്ടികള്‍, ശതകോടികള്‍ കെട്ടിത്തീര്‍ത്ത
വലുപ്പച്ചെറുപ്പത്തിന്‍ നിസ്തുല സൌന്ദര്യങ്ങള്‍
മറക്കാന്‍ കഴിയാത്ത മോഹസൌലഭ്യങ്ങ-
ളിറക്കാന്‍ കഴിയാത്ത ചങ്കിലെ കുരുക്കുകള്‍
തിരക്കില്‍ മടുപ്പിന്റെ വണ്ടിയില്‍,വിയര്‍പ്പിന്റെ
മൂശയില്‍, നെടുംകാല യാത്രകള്‍, നിരാശകള്‍.
ഇടിത്തീ പാറും വാക്കില്‍ പുളയ്ക്കും കാരക്കോലില്‍
വിശപ്പിന്‍ വേതാളത്തെ ചുമക്കും പേക്കോലങ്ങള്‍
ഇറക്കാന്‍ കഴിയാത്ത ചുമടില്‍ മരുഭൂവിന്‍
ചരിത്രം ചായക്കൂട്ടിലൊളിക്കും വൈവശ്യങ്ങള്‍.
................................................................
................................................................

Monday, July 12, 2010

തേന്‍മാവ്

പകരാന്‍ വയ്യ, പാഞ്ഞു കയറും വാക്കാലെന്റെ
ഹൃദയം മുറിക്കാതെയനുജാ ,നീറ്റും ഈര്‍ച്ച-
പ്പൊടിയില്‍ പിടക്കേണ്ടതല്ലയീ ജന്മം, നമ്മ-
ളറിവാല്‍ മറക്കേണ്ടതല്ലയീ മഹാവൃക്ഷം.

ഹൃദയം പിടക്കുന്നു, നിന്റെ വാക്കിലെ സ്നേഹ-
മലിവും വറ്റിപ്പോയിതെന്നു തോന്നിടും, തെറ്റും
ശരിയും തമ്മില്‍ തമ്മിലിടയും മഹോന്നത
ഹൃദയം പേറും സഹജീവികളല്ലോ നമ്മള്‍.

മറവിക്കൂട്ടില്‍ നമ്മളൊരു തീക്കാലത്തിന്റെ
പുലരിച്ചെന്താമര വിരിയിച്ചെടുക്കുമ്പോള്‍
കഠിനം തന്നേ യാത്ര, തലയില്‍ തീനാമ്പുകള്‍
തണലായ് നമുക്കന്നീ കിഴവന്‍ മരം മാത്രം.

കിളികള്‍ വിരുന്നുകാരായില്ല
നമുക്കേതു
തണലിന്‍ തുരുത്തുകള്‍ ഓര്‍ക്കുവാനായിട്ടില്ല
വരളും ഹൃദയത്തിനോമനിക്കുവാനാദ്യ-
മധുരം കനിഞ്ഞതുമീ മധുഫലം തന്നെ.

കളികള്‍, കളിത്തൊട്ടിലാടുവാന്‍ നമുക്കന്നാ
തളരും കയ്യാലെത്ര വേദന സഹിച്ചില്ല!
പ്രണയം തന്നേയെനിക്കവനോടൊരേ വീര്‍പ്പില്‍
പറയാനരുതാത്ത ജീവിത ബന്ധം സത്യം.

ഉയരം കരേറുവാന്‍ ഭയമാണെനിക്കിന്നീ
ഉലകിന്നുദാത്തമാം സ്നേഹമാ
ഭികാമ്യം
പ്രിയമോടവന്റെയീ ശിഷ്ടകാലത്തെ നമ്മള്‍
പ്ര
ചുരസ്നേഹത്തിന്റെ ശാന്തിയാല്‍ നിറച്ചാലും.

Friday, July 9, 2010

പ്രതീക്ഷ

കടന്നു ഞാനും പുഴ, കടന്നു കണ്ണീര്‍ക്കയം
കടന്നു കാലം, കനലെരിഞ്ഞ കാരാഗൃഹം
മറഞ്ഞു ഞാനും, വാതിലടഞ്ഞു പാരിന്‍, പാതി
മുറിഞ്ഞ സ്വപ്നം കൂടെയുറഞ്ഞ വാക്കും മാത്രം.

ഒഴിഞ്ഞ പാത്രം ദൂരെയെറിഞ്ഞു കാലക്കേടിന്‍
നനഞ്ഞ കുപ്പായത്താല്‍ പൊതിഞ്ഞ മോഹച്ഛവം
എരിഞ്ഞു കാളും ഉള്ളൊന്നുണര്‍ന്നു പാടാമിനി
വരുന്ന കാലം എന്നില്‍ നിറഞ്ഞ കാവ്യം മാത്രം.

കുളിര്‍ന്നു മഞ്ഞിന്‍ ധൂളിയണിഞ്ഞു പുലര്‍കാലം
തെളിഞ്ഞ വാനം, തെന്നലുലഞ്ഞ പൂന്തോപ്പുകള്‍
നിറഞ്ഞു കാടും മേടും അലഞ്ഞു തേടാ,മുയിര്‍
മറഞ്ഞു പോയാലെന്തിന്നെനിക്കു സുഖം മാത്രം.

അറിഞ്ഞു ഞാനും പിന്നില്‍ മറഞ്ഞ കാലങ്ങളെ
മറന്നു മുന്നേറുവോന്‍ ഉയര്‍ന്നു വിണ്ണേറിടും
സ്വരങ്ങള്‍ വാക്കായ് വരി നിരന്നു കാവ്യാംഗന
നിറഞ്ഞിടട്ടേയിനിയെനിക്കു കാവ്യോത്സവം.