പതിവുപോലെ സോപ്പുപെട്ടി,
തോർത്തുമുണ്ട്
സൂര്യൻ കുളിക്കാൻ ഇറങ്ങി.
മണ്ണാത്തി ലക്ഷ്മി ലേശം മാറി നിന്നു
അലക്കു തുടർന്നു.
സുതാര്യമായ ജലത്തിൽ
പൊടിമീനുകൾ,
അവൻ മീനിനെപ്പോലെ നീന്തി
അങ്ങിങ്ങു പടർന്നു കിടന്ന
താമര വള്ളികൾക്കിടയിലൂടെ
കെട്ടഴിഞ്ഞു അലസമായി തങ്ങിനിന്ന
കൊതുമ്പു വള്ളത്തിനടിയിലൂടെ
പരൽമീൻ പോലെ തുടിച്ചു
ഒരു താമരപ്പൂ വെറുതെ വിരിഞ്ഞു ചിരിച്ചു
എവിടെപ്പോയിവനെന്നു മണ്ണാത്തി
എറുകണ്ണിട്ടു നോക്കി,
കാണാതായ സൂര്യൻ
കായലിന്റെ മടിത്തട്ടിലൂടെ
ജലജീവിതം ആഘോഷിച്ചു.
മൂളി വന്നൊരു തെക്കൻ കാറ്റിൽ
തോർന്ന തുണികളുമായി
പെണ്ണു കേറിപ്പോയി,
താമരപ്പൂവിതളുകൾ പൂട്ടി,
കൊതുമ്പുവള്ളം ഓരം മുട്ടി,
കാത്തിരുന്നു ചിറി ഉണങ്ങിയ കടവ്
ഉറങ്ങിപ്പോയി,
കരക്കു കേറുവാൻ
തന്നെത്തേടി
സൂര്യൻ അലഞ്ഞു.